Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിത ആശുപത്രിയിൽ എത്തിയിട്ട് ഒരാഴ്ച: ഈച്ചയ്ക്ക് പോലും പ്രവേശനമില്ലാത്ത പഴുതടച്ച ചികിൽസയിൽ അപ്പോളോ ആശുപത്രി; മരിച്ചെന്ന് വരെ ഊഹാപോഹങ്ങൾ; തമിഴ്‌നാട് മഹാരാജ്യത്ത് ഇങ്ങനെയാണ് കാര്യങ്ങൾ

ജയലളിത ആശുപത്രിയിൽ എത്തിയിട്ട് ഒരാഴ്ച: ഈച്ചയ്ക്ക് പോലും പ്രവേശനമില്ലാത്ത പഴുതടച്ച ചികിൽസയിൽ അപ്പോളോ ആശുപത്രി; മരിച്ചെന്ന് വരെ ഊഹാപോഹങ്ങൾ; തമിഴ്‌നാട് മഹാരാജ്യത്ത് ഇങ്ങനെയാണ് കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ചെറിയൊരു പനിയും ശ്വാസ തടസ്സവും മാത്രമാണ് തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയ്‌ക്കെന്നാണ് അപ്പോളോ ആശുപത്രി പറയുന്നത്. പക്ഷേ മുഖ്യമന്ത്രി ആശുപത്രിയിലായിട്ട് ആഴ്ച ഒന്നായി. വെറുമൊരു പനിക്ക് ഇത്രയും ദിവസത്തെ ചികിൽസയുടെ ആവശ്യം ഉണ്ടോയെന്ന് ചോദിച്ചാൽ മറുപടിയില്ല. തമിഴ്‌നാട്ടിലെ മാദ്ധ്യമങ്ങൾ ആരും ഈ ചോദ്യം ഉയർത്തുന്നുമില്ല. കാവേരി നദീ ജലതർക്കത്തിൽ കേന്ദ്ര സർക്കാർ വിളിച്ച യോഗത്തിലും ജയലളിത പങ്കെടുത്തില്ല. എന്നാൽ ജയലളിതയുടെ കർണ്ണാടകയെ വിമർശിക്കുന്ന കുറിപ്പ് വായിക്കുകയും ചെയ്തു. ഈ കുറിപ്പുയർത്തി ജയലളിതയ്ക്ക് അസുഖമില്ലെന്ന് വാദിക്കുകയാണ് എഐഎഡിഎംകെ. എന്നാൽ മന്ത്രിമാർക്ക് പോലും ജയലളിതയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് യഥാർത്ഥ ചിത്രം അറിയില്ലെന്നതാണ് വസ്തുത.

ജയലളിതയെ കാണാൻ ആർക്കും പ്രവേശനമില്ല. അപ്പോള ആശുപത്രിയിലെ തിരിഞ്ഞെടുത്ത ഡോക്ടർമാരും നേഴ്‌സുമാരുമാണ് മുഖ്യമന്ത്രിയെ പരിശോദിക്കുകയും പിരചരിക്കുകയും ചെയ്യുന്നത്. ഇവർക്ക് പോലും മറ്റുള്ളവരുമായി ആശയ വിനിമയം നടത്താൻ വിലക്കുണ്ട്. എല്ലാ അർത്ഥത്തിലും മുഖ്യമന്ത്രിയുടെ ആരോഗ്യ സ്ഥിതിയുടെ യഥാർത്ഥ ചിത്രം പുറത്തുവരാതിരിക്കാനാണ് ഈ നീക്കം. അതിനിടെ ജയലളിതയുടെ നില അതീവ ഗുരുതരമാണെന്ന് പ്രതിപക്ഷമായി ഡിഎംകെ ആരോപിക്കുന്നു. മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറാത്തത് ഭരണ പ്രതിസന്ധിയുണ്ടാക്കുന്നതായും ആക്ഷേപം ഉയരുന്നു. മുഖ്യമന്ത്രി പദം ആർക്കും നൽകാൻ താൽപ്പര്യമില്ലാത്തതു കൊണ്ടാണ് ജയലളിതയുടെ രഹസ്യ ചികിൽസയെന്നും അവർ ആരോപിക്കുന്നു. ഗുരുതരമായ കരൾ, ഹൃദയ രോഗങ്ങളെ തുടർന്ന് ജയലളിത മരിച്ചുവെന്ന് പോലും സോഷ്യൽ മീഡിയയിൽ പ്രചരണം ശക്തമായിരുന്നു. എന്നാൽ ഇതൊക്കെ വെറും ആശങ്ക പരത്തലായി എഐഎഡിഎംകെ പറയുന്നു. അതിനപ്പുറം ഒന്നും പറയുന്നുമില്ല.

അസുഖബാധിതയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ കഴിയുന്ന ജയലളിത ചികിത്സയോട് നന്നായി പ്രതികരിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതർ പറയുന്നു. ജയലളിതയുടെ അസുഖം സംബന്ധിച്ച അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നിരിക്കുന്നത്. ജയലളിത മരുന്നുകളോട് നന്നായി പ്രതികരിക്കുന്നുണ്ടെന്നും ടെസ്റ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. പൂർണ സുഖപ്രാപ്തിക്കായി ഏതാനും ദിവസം കൂടി ആശുപത്രിയിൽ തുടരാൻ ജയലളിതയോട് നിർദ്ദേശിച്ചതായും അപ്പോളോ ആശുപത്രി അധികൃതർ വ്യക്തമാക്കി. അസുഖത്തെ തുടർന്ന് ജയലളിതയെ സപ്തംബർ 22നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജയലളിതയുടെ നില ഗുരുതരമാണെന്നും ചികിത്സയ്ക്കായി വിദേശത്തേക്ക് കൊണ്ടുപോകുമെന്നതും ഉൾപ്പെടെയുള്ള അഭ്യൂഹങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകൾ വെറും അഭ്യൂഹം മാത്രമാണെന്നും രണ്ടു ദിവസങ്ങൾക്കുള്ളിൽ ജയലളിത ആശുപത്രിവിടാനുള്ള സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നുണ്ട്. പ്രമേഹം മൂർച്ഛിച്ചതാണ് മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെ ബാധിച്ചത്. എന്നാൽ, ഇപ്പോൾ കാര്യങ്ങൾ നിയന്ത്രണവിധേയമാണെന്ന് ഡോക്ടർ പറഞ്ഞു. കടുത്തപനിയും നിർജ്ജലീകരണവും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ജയലളിതയുടെ ആരോഗ്യ നില വഷളായത്. മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് എ.ഐ.എ.ഡി.എം.കെ. വക്താവ് സരസ്വതിയും പറഞ്ഞു. ഡി. ജയകുമാർ , സെന്തിൽ ബാലാജി എന്നിവരടക്കം ഏതാനും മന്ത്രിമാർ വ്യാഴാഴ്ച ആശുപത്രിയിലെത്തി മുഖ്യമന്ത്രിയെ കണ്ടതായും വിവരമുണ്ട്.

കാവേരി പ്രശ്‌നത്തിൽ മുഖ്യമന്ത്രി ആശുപത്രിയിൽ കഴിഞ്ഞദിവസം മുതിർന്ന മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും കണ്ടതായി ആശുപത്രി അധികൃതർ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. വാട്‌സാപ്പ് അടക്കമുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പ്രവഹിക്കുകയാണ്. മുഖ്യമന്ത്രി ഗുരുതരാവസ്ഥയിലാണെന്നും വെന്റിലേറ്ററിലാണെന്നുമൊക്കെയുള്ള കഥകളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ച് ആശുപത്രി അധികൃതരോ സർക്കാറോ കഴിഞ്ഞ രണ്ടു ദിവസമായി കൃത്യമായി പത്രക്കുറിപ്പുകൾ ഇറക്കാതിരുന്നത് അഭ്യൂഹങ്ങൾ ശക്തമാക്കി. ഇതോടെയാണ് ഔദ്യോഗിക പ്രതികരണങ്ങൾ എത്തുന്നത്.

കഴിഞ്ഞ രണ്ടു വർഷമായി ജയലളിതയുടെ ആരോഗ്യനിലയെക്കുറിച്ച് നിരവധി അഭ്യൂഹങ്ങളാണ് ഉയർന്നുകൊണ്ടിരിക്കുന്നത്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ റോഡ്മാർഗമുള്ള പ്രചാരണപരിപാടികളിൽ ജയലളിത പങ്കെടുത്തിരുന്നില്ല. തമിഴകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹെലിക്കോപ്റ്ററിലെത്തിയ ശേഷം പൊതുയോഗങ്ങൾ അഭിസംബോധന ചെയ്യുന്ന രീതിയാണ് ജയലളിത അവലംബിച്ചിരുന്നത്. ഈ യോഗങ്ങളിലെല്ലാംതന്നെ ഇരുന്നുകൊണ്ടാണ് ജയലളിത പ്രസംഗിച്ചിരുന്നതെന്നതും ശ്രദ്ധേയമായിരുന്നു. തുടർച്ചയായി രണ്ടാംവട്ടം അധികാരമേറ്റപ്പോൾ മന്ത്രിമാർ കൂട്ടത്തോടെ സത്യവാചകം ചൊല്ലിയത് വേദിയിൽ ജയലളിതയ്ക്ക് അധികസമയം ചെലവഴിക്കാനാവാത്തതുകൊണ്ടാണെന്ന് സൂചനയുണ്ടായിരുന്നു.

ജയലളിതയ്ക്ക് കരൾ രോഗമാണെന്നും കരൾ മാറ്റിവെക്കാൻ ജയലളിത അമേരിക്കയ്ക്ക് പോവാൻ തയ്യാറെടുക്കുകയാണെന്നും ബി. ജെ.പി. നേതാവ് സുബ്രഹ്മണ്യൻസ്വാമി കഴിഞ്ഞ വർഷം ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. ഇതിന്റെ പേരിൽ ജയലളിത സ്വാമിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുകയും ചെയ്തു. ആരോഗ്യം പ്രതിസന്ധിയിലാണെങ്കിൽ ജയലളിത വിശ്രമിക്കണെമെന്നും പ്രശ്‌നമെന്താണെന്ന് ജനങ്ങളോട് പറയണമെന്നും ഡി.എം.കെ. നേതാവ് എം. കരുണാനിധി അഭിപ്രായപ്പെട്ടിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP