Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജയലളിത മരിച്ചതായി അഭ്യൂഹങ്ങൾ സജീവം; തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തതോടെ തമിഴ്‌നാട്ടിലെങ്ങും അക്രമം പൊട്ടിപ്പുറപ്പെട്ടു; അക്രമാസക്തരായ ജനക്കൂട്ടം ബാരിക്കേഡുകൾ തല്ലിത്തകർത്ത് ആശുപത്രിയിലേക്കു പ്രവേശിക്കാൻ ശ്രമിച്ചു; അലറി നിലവിളിച്ചു തമിഴ് മക്കൾ; വാർത്ത നിഷേധിച്ച് ആശുപത്രി; സ്ഥിതി അതീവ ഗുരുതരമെന്ന് എഐഎഡിഎംകെ നേതാക്കൾ; പനീർസെൽവത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം

ജയലളിത മരിച്ചതായി അഭ്യൂഹങ്ങൾ സജീവം; തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തതോടെ തമിഴ്‌നാട്ടിലെങ്ങും അക്രമം പൊട്ടിപ്പുറപ്പെട്ടു; അക്രമാസക്തരായ ജനക്കൂട്ടം ബാരിക്കേഡുകൾ തല്ലിത്തകർത്ത് ആശുപത്രിയിലേക്കു പ്രവേശിക്കാൻ ശ്രമിച്ചു; അലറി നിലവിളിച്ചു തമിഴ് മക്കൾ; വാർത്ത നിഷേധിച്ച് ആശുപത്രി; സ്ഥിതി അതീവ ഗുരുതരമെന്ന് എഐഎഡിഎംകെ നേതാക്കൾ; പനീർസെൽവത്തിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: ആശങ്കകൾ നിലനിൽക്കുന്നതിനിടെ തമിഴ്‌നാടു മുഖ്യമന്ത്രി ജെ ജയലളിത മരിച്ചതായി അഭ്യൂഹങ്ങൾ സജീവം. ജയലളിത അന്തരിച്ചുവെന്നു തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തതോടെ തമിഴ്‌നാട്ടിലെങ്ങും അക്രമം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം ബാരിക്കേഡുകൾ തല്ലിത്തകർത്ത് ആശുപത്രിയിലേക്കു പ്രവേശിക്കാൻ ശ്രമംനടത്തി. ഇതിനു പിന്നാലെ വാർത്ത നിഷേധിച്ച് ജയലളിതയെ ചികിത്സിക്കുന്ന അപ്പോളോ ആശുപത്രി അധികൃതരും രംഗത്തെത്തി.

അതിനിടെ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ പാർട്ടി കേന്ദ്ര കമ്മിറ്റി ഓഫീസിൽ എഐഎഡിഎംകെ എംഎൽഎമാർ യോഗം ചേരുകയാണ്. നേരത്തെ അപ്പോളോ ആശുപത്രിയിൽ യോഗം ചേരുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും യോഗം മാറ്റിവച്ചലരുന്നു. ജയലളിതയുടെ ആരോഗ്യനില അതീവ ഗുരുതരമെന്നാണ് എഐഎഡിഎംകെ നേതാക്കൾ പറയുന്നത്. ആശുപത്രിയിലെത്തിയ മന്ത്രി പനീർ സെൽവം രാത്രി പതിനൊന്നോടെ അടിയന്തര യോഗത്തിനായി പാർട്ടി ഓഫീസിലെത്തി.

ജയലളിത ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് എഐഎഡിഎംകെ വക്താവിനെ ഉദ്ധരിച്ച് ദേശീയ വാർത്താ ഏജൻസിയായ പിടിഐയും നേരത്തെ റിപ്പോർട്ടു ചെയ്തു. ചെന്നൈ അപ്പോളോ ആശുപത്രിയിലെത്തി മടങ്ങിയ കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു ജയലളിതയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവരങ്ങൾ ധരിപ്പിച്ചതായാണ് വിവരം. ഒരു മണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച ശേഷമാണു നായിഡു മടങ്ങിയത്.

ആശുപത്രിക്കു പുറത്തുള്ള പൊലീസ് സംഘത്തിന്റെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്. ജയലളിത മരിച്ചു എന്ന തരത്തിൽ വാർത്തകൾ  പ്രചരിച്ചതോടെ അക്രമം നിയന്ത്രിക്കാവുന്നതിനും അപ്പുറത്തേക്കു പോകുന്ന അവസ്ഥയിലെത്തിയിരുന്നു. തമിഴ് ചാനലുകൾ വാർത്ത ബ്രേക്ക് ചെയ്തതും എഐഎഡിഎംകെ ആസ്ഥാനത്തു കൊടി താഴ്‌ത്തിക്കെട്ടിയതും ജയയുടെ മരണത്തിന്റെ സൂചനയായി വിലയിരുത്തപ്പെട്ടു. ഇതിനു പിന്നാലെ തമിഴ്‌നാടു മുഴുവൻ അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു. മാദ്ധ്യമപ്രവർത്തകർക്കു നേരെയും ആക്രമണമുണ്ടായി. അപ്പോളോ ആശുപത്രി ബാരിക്കേഡുകൾ തല്ലിത്തകർത്താണു ജനങ്ങൾ ആക്രമണം നടത്തിയത്. തമിഴ് ചാനലുകളിൽ ഒന്നാണ് ആദ്യം വാർത്ത ഫ്ളാഷ് ചെയ്തത്. തുടർന്നു മറ്റു ചാനലുകളും വാർത്ത സ്ഥിരീകരിക്കുന്ന വിധത്തിൽ റിപ്പോർട്ടു ചെയ്തു. തുടർന്നാണ് അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

ഇതോടെ , മരണവാർത്ത നിഷേധിച്ചു ജയ ടിവിയും ആശുപത്രി അധികൃതരും രംഗത്തെത്തി. വാർത്ത പിൻവലിക്കണമെന്നും അപ്പോളോ ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ തമിഴ് ചാനലുകളും വാർത്ത പിൻവലിച്ചു. ജീവൻ നിലനിർത്താനുള്ള ശ്രമം തുടരുകയാണു തങ്ങളെന്നു വാർത്താക്കുറിപ്പിൽ അപ്പോളോ ആശുപത്രി അറിയിച്ചു. അതിനിടെ, കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അപ്പോളോ ആശുപത്രിയിൽ എത്തി. പിന്നീട് അദ്ദേഹം മടങ്ങുകയും ചെയ്തു. നേരത്തെ താഴ്‌ത്തിക്കെട്ടിയ പതാക എഐഎഡിഎംകെ ഓഫീസിൽ പിന്നീട് ഉയർത്തിക്കെട്ടുകയും ചെയ്തു.

പുതിയ തലമുറ, സൺ, കലൈജ്ഞർ എന്നിവയാണ് ജയലളിത മരിച്ചതായി ആദ്യം വാർത്ത കൊടുത്തത്. തുടർന്നു കടകൾ അടയ്ക്കുകയും ജനങ്ങൾ നിരത്തിലിറങ്ങുകയും ചെയ്തു. ചാനലുകളിലെ വാർത്ത കണ്ടാണു ജനങ്ങൾ അക്രമാസക്തരായി രംഗത്തിറങ്ങിയത്. കഴിഞ്ഞ ദിവസം ജയലളിതയ്ക്ക് ഹൃദയാഘാതമുണ്ടായെന്ന വാർത്ത പുറത്തുവന്നതിനു പിന്നാലെ ജയലളിത മരിച്ചുവെന്ന് പ്രചാരണം ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിലും വ്യാജപ്രചാരണമുണ്ടായി. എന്നാൽ, ഔദ്യോഗികമായി വാർത്ത സ്ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഇതിനിടെയാണു തമിഴ്‌നാട്ടിലെ പ്രമുഖ ചാനലുകൾ മരണം സ്ഥിരീകരിച്ചതായി അറിയിച്ചു വാർത്ത നൽകിയത്. പാർട്ടി ഓഫീസിൽ പതാക താഴ്‌ത്തിക്കെട്ടുക കൂടി ചെയ്തതോടെ ജനങ്ങൾ വാർത്ത ഉറപ്പിക്കുകയായിരുന്നു. നിഷേധക്കുറിപ്പിൽ ചാനലുകൾ തെറ്റായ വാർത്ത നൽകിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുകയുംചെയ്തു. നിലഗുരുതരമായി തുടരുകയാണെന്നും മുഖ്യമന്ത്രിയുടെ ജീവൻ രക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുന്നുവെന്നുമാണ് പുതിയ കുറിപ്പിലും പറയുന്നത്. ചില ടെലിവിഷൻ ചാനലുകൾ ജയലളിതയുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങളാണ് പുറത്തു വിടുന്നതെന്നും അപ്പോളോ ആശുപത്രി പുറത്തിറക്കിയ വാർത്താബുള്ളറ്റിനിൽ പറയുന്നു.

ജയലളിത മരിച്ചുവെന്നു ചില ചാനലുകൾ വാർത്ത നൽകിയതോടെ പല സ്ഥലങ്ങളിലും കേബിൾ വിച്ഛേദിച്ചു. എഐഎഡിഎംകെ പ്രവർത്തകർ വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. പൊലീസും അണ്ണാ ഡിഎംകെ പ്രവർത്തകരും തമ്മിലാണ് ആശുപത്രിക്ക് സമീപം സംഘർഷമുണ്ടായത്. പ്രവർത്തകരിൽ ചിലർ ആശുപത്രിക്ക് നേരെ കല്ലെറിഞ്ഞു. നഗരത്തിന്റെ മറ്റുചില ഭാഗങ്ങളിലും ആക്രമണങ്ങൾ ഉണ്ടായി. പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ തകർക്കാൻ ശ്രമിച്ചു. പ്രവർത്തകർ തലകൊണ്ടിടിച്ച് ബാരിക്കേഡുകൾ തകർക്കുകയായിരുന്നു. കൂടാതെ കാറുകൾക്കും ആശുപത്രിക്കും നേരെ കല്ലേറുണ്ടായി.

ജയലളിത മരിച്ചുവെന്ന തെറ്റായ വാർത്ത പുറത്തുവന്നതിനു പിന്നാലെ ഹോട്ടലുകളിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരെ ഉൾപ്പെടെ നിർബന്ധിച്ച് ഇറക്കിവിട്ടു ഷട്ടറുകൾ അടയ്ക്കുകയാണു ചെയ്തത്. കടകളും പെട്രോൾ പമ്പുകളും അടച്ചു. ഓഫീസുകളിലും സ്‌കൂളുകളിലും നിന്നു മടങ്ങിയ ജനങ്ങൾ വളരെ പെട്ടെന്നു തിരികെ വീട്ടിലെത്താൻ ശ്രമിച്ചതു കോയമ്പത്തൂർ ഉൾപ്പെടെയുള്ള പ്രദേശത്തെ വൻ ഗതാഗതക്കുരുക്കിലേക്കും തള്ളിവിട്ടു. തമിഴ്‌നാട്ടിലുള്ള മലയാളികൾ നാടുവിടുന്ന അവസ്ഥയുമുണ്ട്. മോശമായി എന്തെങ്കിലും സംഭവിക്കുന്ന പക്ഷം നിയന്ത്രിക്കാനായി കേന്ദ്രസേന അടക്കമുള്ളവ സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്.

ജയലളിത അന്തരിച്ചിട്ടില്ല എന്ന് ആശുപത്രി അധികൃതർ അറിയിച്ചതോടെയാണ് അണ്ണാ ഡിഎംകെ ഓഫിസിൽ താഴ്‌ത്തിക്കെട്ടിയ പതാക വീണ്ടും ഉയർത്തിയത്. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ പൊലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടിയിൽ തുടരണമെന്ന് ചെന്നൈ പൊലീസ് കമ്മിഷണർ അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് ചെന്നൈയിൽനിന്നുള്ള റിപ്പോർട്ടുകൾ. അതിനിടെ ജയലളിതയ്ക്ക് എന്തും സംഭവിക്കാമെന്ന് ആവരുടെ ചികിത്സയ്ക്ക് മേൽനോട്ടം വഹിക്കുന്ന ബ്രിട്ടീഷ് ഡോക്ടർ റിച്ചാർഡ് ബെയ്ലി വെളിപ്പെടുത്തിയിരുന്നു. ജയയുടെ ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിരുന്നതാണ് എന്നാൽ ഹൃദയസ്തംഭനം തന്റെ കണക്കുകൂട്ടൽ തെറ്റിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് ഡോ. റിച്ചാർഡ് ബെയ്ലി പ്രതികരിച്ചത്.

പരമാവധി ശ്രമിച്ചിട്ടും ജയലളിതയുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണെന്ന് അപ്പോളോ ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ സംഗീത റെഡ്ഡി ടീറ്റ് ചെയ്തിരുന്നു. അപ്പോളോയിലെ ഡോക്ടർമാർ അവരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ജയയുടെ ആരോഗ്യത്തിനായി എല്ലാവരും പ്രാർത്ഥിക്കണമെന്നും സംഗീത ട്വീറ്റ് ചെയ്തു. സെപ്റ്റംബർ 22 മുതൽ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയലളിതയ്ക്ക് ഇന്നലെ വൈകിട്ട് ഹൃദയസ്തംഭനം ഉണ്ടാതോടെയാണ് ആരോഗ്യനില അതീവ ഗുരുതരമായത്.

തമിഴ്‌നാട് ബസുകൾ എറണാകുളത്തു നിന്നുള്ള സർവീസ് നിർത്തിവച്ചു

കൊച്ചി: തമിഴ്‌നാട് ട്രാൻസ്‌പോർട്ട് എക്സ്‌പ്രസ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (എസ്ഇടിസി) എറണാകുളത്തു നിന്നുള്ള രാത്രി സർവ്വീസുകൾ നിർത്തിവച്ചു. കോട്ടയം വഴിയും പാലക്കാട് വഴിയുമുള്ള മധുര സർവ്വീസുകളും രണ്ട് സേലം സർവീസും റദ്ദാക്കി. ഉച്ചയ്ക്ക് പുറപ്പെട്ട പോണ്ടിച്ചേരി, വേളാങ്കണ്ണി, ചെന്നൈ സർവ്വീസുകൾ പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിർത്തിയിരിക്കുകയാണ്. കോയമ്പത്തൂരിൽ നിന്നും അറിയിപ്പ് ലഭിച്ചാൽ മാത്രമേ സർവ്വീസ് തുടരുകയുള്ളുവെന്നാണു വിവരം. കേരളത്തിലേക്കുള്ള സർവ്വീസുകൾ തമിഴ്‌നാട്ടിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്നില്ല.

കെഎസ്ആർടിസിയുടെ മധുര സർവ്വീസുകളും കോയമ്പത്തൂർ ബസും കുമളിയിലും പാലക്കാടും നിർത്തണമെന്ന ധാരണയിലാണ് സർവ്വീസ് ഓപ്പറേറ്റ് ചെയ്യുന്നത്. പ്രശ്‌നമുണ്ടാകുകയാണെങ്കിൽ മാത്രമാകും സർവീസ് പാതിവഴിയിൽ നിർത്തുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP