Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജയലളിതയ്ക്ക് ഗുരുതര രോഗമെന്ന് വിശ്വസിക്കുന്നവർ അനേകം; അഴിമതി കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കവേ രക്ഷപെടാനുള്ള അടവെന്ന് വേറൊരു ഭാഗം; രണ്ടാഴ്‌ച്ചയായിട്ടും പുറംലോകം കാണാതായതോടെ സാധാരണരോഗം എന്നവാദം എല്ലാവരും ഒരു പോലെ തള്ളി; കിം ജോങിന്റെ ഉത്തര കൊറിയയേക്കാൾ രഹസ്യമാക്കി ഒരു മുഖ്യമന്ത്രിയുടെ ആശുപത്രി വാസം രണ്ടാഴ്‌ച്ച പിന്നിടുന്നു

ജയലളിതയ്ക്ക് ഗുരുതര രോഗമെന്ന് വിശ്വസിക്കുന്നവർ അനേകം; അഴിമതി കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കവേ രക്ഷപെടാനുള്ള അടവെന്ന് വേറൊരു ഭാഗം; രണ്ടാഴ്‌ച്ചയായിട്ടും പുറംലോകം കാണാതായതോടെ സാധാരണരോഗം എന്നവാദം എല്ലാവരും ഒരു പോലെ തള്ളി; കിം ജോങിന്റെ ഉത്തര കൊറിയയേക്കാൾ രഹസ്യമാക്കി ഒരു മുഖ്യമന്ത്രിയുടെ ആശുപത്രി വാസം രണ്ടാഴ്‌ച്ച പിന്നിടുന്നു

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: തമിഴ്‌നാട് എന്താ കിം ജോങിന്റെ വടക്കൻ കൊറിയയെ പോലെയാണ്? അവിടെ ഇപ്പോൾ നടക്കുന്ന കാര്യങ്ങല്ലാം അറിയുമ്പോൾ സോഷ്യൽ മീഡിയ അറിയാതെ തന്ന ഈ ചോദ്യം ഉന്നയിക്കുന്നുണ്ട്. കാരണം രണ്ടാഴ്‌ച്ചയായി തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽ കഴിയുകയാണ് എന്നതാണ്. ഇക്കഴിഞ്ഞ സെപ്റ്റംബർ 22 ആം തീയ്യതിയാണ് തമിഴകത്ത് പൊടുന്നനേ ജയലളിതയ്ക്ക് രോഗമാണെന്നും ആശുപത്രിയിലാണെന്നുമുള്ള വാർത്ത പരന്നത്. എന്നാൽ, പിന്നീടങ്ങോട്ട് കിംവന്ദികളുടെ പ്രളയമായിരുന്നു. മാദ്ധ്യമങ്ങൾ ആശുപത്രിക്ക് മുമ്പിൽ തടിച്ചു കൂടി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മാദ്ധ്യമപ്രവർത്തകർ ആശുപത്രിയിൽ തമ്പടിച്ചു. മിക്ക പത്ര-മാദ്ധ്യമ ഓഫീസുകളിലും ജയലളിത അന്തരിച്ചാൽ കൊടുക്കാനുള്ള പേജുകൾ വരെ തയ്യാറായിട്ടുണ്ട്.

ഇങ്ങനെയൊക്കെയാണ് സ്ഥിതിവിശേഷമെങ്കിലും തമിഴകത്തിലെ ഒരു വിഭാഗത്തിന് ജയലളിതയുടെ ആരോഗ്യത്തെക്കുറിച്ച് ഇപ്പോഴുള്ള ആശങ്ക മറ്റൊരു വിധത്തിലാണ്. സുപ്രീംകോടതിയുടെ പരിഗണനയിലാണ് ജയലളിതയുടെ അനധികൃത സ്വത്ത് സമ്പാദന കേസ്. കർണ്ണാടകം നൽകിയ അപ്പീൽ ഇക്കഴിഞ്ഞ ജൂൺ എട്ടിന് സുപ്രീംകോടതി അപ്പീലായി സ്വീകരിച്ചിട്ടുണ്ട്. കൂടാതെ ഇതിലെ വാദങ്ങളും ഏതാണ്ട് പൂർത്തിയായി ഇനി അവശേഷിക്കുന്നത് വിധിപറയുക എന്നത് മാത്രമാണ്. കർണ്ണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിക്കൊണ്ട് ഉത്തരവിട്ടെങ്കിലും സുപ്രീംകോടതിയിൽ നിന്നും തിരിച്ചടിയുണ്ടാകുമെന്ന് ഭയം ജയലളിതയിൽ ശക്തമാണ്. സുപ്രീംകോടതിയിൽ ജയലളിതയുടെ വക്കീലിന്റെ വാദമുഖങ്ങൾ അത്രയ്ക്ക് ശക്തമായിരുന്നില്ല താനും. ഇതൊക്കെ കൂടിയായപ്പോൾ സുപ്രീംകോടതി വിധിയുണ്ടായാലും ആരോഗ്യകാരണം പറഞ്ഞ് രക്ഷപെടാനുള്ള മാർഗ്ഗമാണ് അവരുടെ അസുഖമെന്ന് സംശയിക്കുന്നവർ കുറവല്ല.

തമിഴ്‌നാട്ടുകാരുടെ എല്ലാമെല്ലാമാണ് അമ്മ. അങ്ങനെയുള്ള അമ്മയ്‌ക്കെതിരായ ആശുപത്രിയിൽ കിടക്കുമ്പോൾ വിധി പ്രഖ്യാപിച്ചാൽ അതിന്റെ പ്രത്യാഖാതവും ഗുരുതരമാകും. അതുകൊണ്ട് തന്നെ ഒരു രാഷ്ട്രീയബുദ്ധി തന്നെയാണ് അവരുടെ അസുഖത്തിന് പിന്നിലെന്നാണ് ചിലകോണുകളിൽ നിന്നും ഉയർത്തുന്ന സന്ദേഹം. എന്നാൽ, അതിവൈകാരികതയിൽ നിൽക്കുന്ന തമിഴ് ജനതയ്ക്ക് മുമ്പിൽ ഇതൊന്നും വിലപ്പോകില്ലെന്ന കാര്യം ഉറപ്പാണ്. അതുകൊണ്ട് തന്നെ അവർ അമ്മയുടെ ആയുരാരോഗ്യങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥനകളിൽ മുഴുകിയിരിക്കയാണ്.

ആശുപ്തരിയിൽ പ്രവേശിപ്പിക്കുമ്പോൾ അധികൃതർ പറഞ്ഞിരുന്നത് ജയലളിതയ്ക്ക് പനിയും നിർജ്ജലീകരണവുമാണ് എന്നായിരുന്നു. എന്നാൽ പനിക്കും നിർജ്ജലീകരണത്തിനും ചികിത്സിക്കാനുള്ള സൗകര്യമെല്ലാം പയസ് ഗാർഡനിൽ ഉണ്ട്. അതുകൊണ്ട് ആശുപത്രിയിലേക്ക് മാറ്റിയത് എന്തിനെന്ന ചോദ്യം ശക്തമായി ഉയർന്നിരുന്നു. ആശുപത്രിക്ക് മുമ്പിൽ വൻ മാദ്ധ്യമപ്പടയും ജനങ്ങളും എത്തിയപ്പോഴും ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങൾ നല്കുന്നതിൽ വിമുഖത കാട്ടി. ഇതോടെ ഊഹാപോഹങ്ങളുടെ പെരുമഴ തന്നെ പ്രവഹിച്ചു. ജയലളിത മരിച്ചെന്ന് പോലും പ്രചരണമുണ്ടായി. ഇതിനു മുമ്പ് നിരവധി തവണ അമ്മ ചികിത്സ തേടിയിട്ടുണ്ട്, പക്ഷേ, അന്ന് അതൊന്നും സ്ഥിരീകരിക്കാതിരുന്ന ആശുപത്രി അധികൃതർ ഇത്തവണ സ്ഥിരീകരണം നല്കിയതോടെ തമിഴ്‌നാട് മുഴുവൻ ആശങ്കയിലായി എന്താണ് ശരി.



അതേസമയം, ജയലളിതയ്ക്ക് കുഴപ്പമില്ലെന്നും രാഷ്ട്രീയ എതിരാളികളാണ് മരണവാർത്തകളും ഗുരുതരാവസ്ഥയിലാണെന്ന വാർത്തകളും പടച്ചുവിടുന്നതെന്നാണ് എഡിഎംകെ പ്രവർത്തകരുടെ വാദിച്ചത്. എന്തായാലും ആശുപത്രിവാസം രണ്ട്ാഴ്‌ച്ച പിന്നിട്ടതോടെ ഒരുകാര്യം എല്ലാവർക്കും ബോധ്യമിട്ടുണ്ട്. അമ്മയ്ക്ക് രോഗമുണ്ടെങ്കിൽ അത് കേവലം ഒരസുഖമല്ല. ഇതിനിടെയാണ് രാഷ്ട്രീയ എതിരാളികൾ അനധികൃത സ്വത്തുക്കേസിൽ സുപ്രീംകോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ ജയലളിത ഉണ്ടാക്കിയ നാടകമാണെന്ന് വിശ്വസിക്കുന്ത്. വിധി പ്രതികൂലമാണെന്ന് ചില സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ടെന്നും സൂചനകൾ ഉണ്ട്. ഈ സാഹചര്യത്തിൽ ജയിലിൽ പോകുന്ന സാഹചര്യം ഒഴിവാക്കുകയാണ് ജയ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ശത്രുക്കൾ പറയുന്നു. കൂടാതെ, തമിഴ്‌നാട് തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ സഹതാപതരംഗം സൃഷ്ടിക്കാനുള്ള ശ്രമമാണെന്നും കാവേരി പ്രശ്‌നത്തിൽ വ്യക്തമായ മറുപടി നല്കാതെ അനുകൂലതീരുമാനം നേടാനുള്ള ശ്രമമാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.

അതീവ രഹസ്യമായാണ് കാര്യങ്ങളെല്ലാം നടക്കുന്നതെന്നതിനാൽ ജയയുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ആശുപത്രി അധികൃതർ നൽകുന്ന വിവരം മാത്രമേ എല്ലാവർക്കും ലഭിക്കുന്നുള്ളൂ. സംസ്ഥാന ധനമന്ത്രി ഒ. പനീർശെൽവം ഉൾപ്പെടെ വിരലിലെണ്ണാവുന്ന നേതാക്കൾക്കേ ആശുപത്രിക്കുള്ളിൽ ജയലളിത ചികിത്സയിൽക്കഴിയുന്ന ഭാഗത്തേക്ക് പ്രവേശനമുള്ളൂ. പനീർശെൽവത്തിനുതന്നെ ജയലളിതയെ നേരിട്ടുകാണാൻ കഴിയുന്നുണ്ടോയെന്ന കാര്യം പോലും ആർക്കും അറിയില്ല. തോഴി ശശികലയാണ് എല്ലാത്തിനും ഒപ്പമുള്ളത്.

ജയലളിത അസുഖ ബാധിതയായതിനെ തുടർന്ന് സംസ്ഥാനത്തിന്റെ ഭരണചക്രം തിരിക്കുന്നത് മലയാളിയായ ഷീല ബാലകൃഷ്ണനാണെന്നു വാർത്തകൾ. ജയലളിതയുടെ ഉപദേശകയും വിശ്വസ്തയുമായ ഷീല ബാലകൃഷ്ണനാണ് മുഖ്യമന്ത്രിക്കു പകരക്കാരിയായി ഭരണം നിയന്ത്രിക്കുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ ഒ. പനീർശെൽവമടക്കം മന്ത്രിമാർ റിട്ട. ഐഎഎസ് ഉദ്യോഗസ്ഥയായ ഷീലയിൽനിന്നാണ് നിർദേശങ്ങൾ സ്വീകരിക്കുന്നത്.

ഷീലയുടെ അനുമതിയില്ലാതെ യാതൊന്നും സംസ്ഥാനത്ത് ഇപ്പോൾ നടക്കില്ലെന്ന് പേരു വെളിപ്പെടുത്തെരുതെന്ന നിർദേശത്തോടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനെ തുടർന്നാണ് തിരുവനന്തപുരം സ്വദേശിയായ ഷീലയെ ജയലളിത 2014 ൽ ഉപദേശകയായി നിയമിച്ചത്. 1976 ബാച്ച് ഐഎഎസ് ഓഫീസറാണ് ഷീല. തമിഴ്‌നാട്ടിലെ തഞ്ചാവൂരിൽ അസിസ്റ്റന്റ് കളക്ടറായാണ് ഷീലയുടെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 2011 ൽ അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിതയായതോടെയാണ് ജയലളിതയുടെ വിശ്വസ്തയായി മാറിയത്.

അതേസമയം ജയയുടെ ആരോഗ്യനിലയിലെ ആശങ്ക തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയപാർട്ടികളും ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്. ജയലളിത മരിച്ചാൽ മാത്രമേ തങ്ങൾക്ക് രാഷ്ട്രീയമായി ഉയർത്തെഴുനേൽക്കാൻ കഴിയുകയുള്ളു എന്ന് വിശ്വസിക്കുന്നവരാണ് ഡിഎംകെ നേതാക്കൾ. താന്മാത്രം മതി എന്നബുദ്ധിയിൽ മറ്റ് നേതാക്കളെ ആരും വളർത്താൻ ജയലളിത തയ്യാറായിരുന്നില്ല. രണ്ട് തവണ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ടെങ്കിലും ഒ പനീർശെൽവം ഒരു രാഷ്ട്രീയപ്പാർട്ടി എന്നനിലയിൽ എ.ഐ.എ.ഡി.എം.കെ.യെ നയിക്കാൻ പ്രാപ്തനായ വ്യക്തിയല്ല. ഒരുകാലത്ത് അഹങ്കാരത്തിന്റെ മൂർത്തിഭാവമായിരുന്നു ജയലളിത എങ്കിൽ അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ഭരണത്തുടർന്ന നേടാൻ സാധിക്കുന്ന വിധത്തിൽ പാർട്ടിയെ ശക്തയാക്കിയ നേതാവായി ജയ മാറിയിരുന്നു.

ഇപ്പോഴത്തെ സ്ഥിതിയിൽ പാർട്ടിയുടെ തലപ്പത്ത് ജയലളിതയില്ലെങ്കിൽ അത് എഐഎഡിഎംകെ എന്ന പാർട്ടയുടെ അന്ത്യത്തിന്റെ തുടക്കമാകും. വേരുറപ്പിക്കാൻ കാത്തിരിക്കുന്ന ബിജെപി അടക്കമുള്ള പാർട്ടികൾക്ക് അത് വലിയ നേട്ടവും സമ്മാനിക്കുമെന്നതത് ഉറപ്പാണ്. അതേസമയം ജയലളിതയുടെ സ്ഥാനത്തേക്ക് ശശികല എത്തുമെന്ന സൂചനയും ശക്തമാണ്. ഭരണത്തിലും ജയയുടെ വ്യക്തിജീവിത്തതിലും വലിയ സ്ഥാനമാണ് അവർക്കുള്ളത്. നിലവിൽ ശശികല പാർട്ടിയുടെ ജനറൽ കൗൺസിലിലും നിർവാഹകസമിതിയിലും അംഗമാണ്. അതുകൊണ്ട് അവർ ജയക്ക് പകരക്കാരിയാകുമെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ, ജയപ്രഭാവത്തിന് അതൊന്നും പകരമാകില്ലെന്നാണ് കണക്കൂകൂട്ടൽ.

1987ൽ എം.ജി.ആർ. മരിച്ചതിനുശേഷം ജയലളിത എ.ഐ.എ.ഡി.എം.കെ.യുടെ തലപ്പത്തേക്കുവരുമ്പോൾ പല നേതാക്കളുടെയും പ്രതീക്ഷ ജയലളിത അവരുടെ കൈയിലെ കളിപ്പാവയാവുമെന്നായിരുന്നു. എന്നാൽ കണക്കുകൂട്ടലെല്ലാം തെറ്റിച്ച് ജയ കരുത്തുറ്റ നേതാവായി മാറി. ഇപ്പോൾ വീണ്ടും എഐഎഡിഎംകെയിൽ ഒരു സ്ഥാനമാറ്റത്തെ കുറിച്ചുള്ള ചർച്ചകൾ കൂടി നടക്കുമ്പോൾ ആരാകും എന്ന ചോദ്യത്തിന് ഇനിയും ഉത്തരമായിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP