Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഹൃദയത്തിന്റെ വാൽവിലെ തകരാറ് മാറ്റാൻ ബംഗളുരുവിലെത്തി; ബൈപാസ് കൂടി നടത്തിയാൽ 18 ലക്ഷം രൂപയെന്ന പാക്കേജിനും സമ്മതം മൂളി; കൈവീശി നടന്ന് പോയ ജിമ്മി തിരികെയെത്തിയത് വെള്ളത്തുണിയിൽ പൊതിഞ്ഞ്; ശരത് പവാറിന്റെ വിശ്വസ്തന്റെ മരണത്തിൽ പ്രതിക്കൂട്ടിലാകുന്നത് ബാംഗളുരു നാരായണ ഹൃദയാലയ ആശുപത്രി

ഹൃദയത്തിന്റെ വാൽവിലെ തകരാറ് മാറ്റാൻ ബംഗളുരുവിലെത്തി; ബൈപാസ് കൂടി നടത്തിയാൽ 18 ലക്ഷം രൂപയെന്ന പാക്കേജിനും സമ്മതം മൂളി; കൈവീശി നടന്ന് പോയ ജിമ്മി തിരികെയെത്തിയത് വെള്ളത്തുണിയിൽ പൊതിഞ്ഞ്; ശരത് പവാറിന്റെ വിശ്വസ്തന്റെ മരണത്തിൽ പ്രതിക്കൂട്ടിലാകുന്നത് ബാംഗളുരു നാരായണ ഹൃദയാലയ ആശുപത്രി

കോട്ടയം : എൻസിപി ദേശീയ സെക്രട്ടറിയും രാജ്യത്തെ പ്രമുഖ ബിൽഡറുമായിരുന്ന ജിമ്മി ജോർജിന്റെ അപ്രതീക്ഷിത വിയോഗം ദിനങ്ങൾ പിന്നിടുമ്പോഴും ദുരൂഹത മായുന്നില്ല. ബാംഗ്ളൂരിലെ പ്രശസ്ത ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ മുറിയിലേക്ക് കൈവീശി കടന്നുപോയ ജിമ്മിയുടെ വെളുത്ത തുണിയിൽ പൊതിഞ്ഞ ജഡമാണ് നാലാം നാൾ തിരിച്ചു കിട്ടുന്നത്. ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരവും പ്രിയപ്പെട്ടവരുടെയും ബന്ധുക്കളുടെയും മനസിൽ നൂറായിരം ആശങ്കയും സംശയവും ബാക്കിയാക്കിയാണ് ജിമ്മി കടന്നുപോയത്.

കോട്ടയം കൊല്ലാട്ടുള്ള സാധാരണ കുടുംബത്തിൽ നിന്നും ശരദ് പവാറും പ്രഫുൽ പട്ടേലും പിഎ സംഗ്മയും നയിച്ച ദേശീയ പ്രസ്ഥാനമായ എൻസിപിയുടെ നിർണായക സ്ഥാനത്തേക്കുള്ള ജിമ്മി ജോർജിന്റെ വളർച്ചയ്ക്കു പിന്നിൽ കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും സമർപ്പണവുമായിരുന്നു. ഇന്ദ്രപ്രസ്ഥത്തിലെ ഉന്നത രാഷ്ട്രീയ വഴികളെല്ലാം ജിമ്മിക്ക് പരിചയമായിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയായിരുന്നു ജിമ്മിക്കുണ്ടായിരുന്നത്. മേഘാലയത്തിലും അസമിലുമെല്ലാം സർക്കാരുകളെ വാഴിക്കുമ്പോഴും പ്രതിസന്ധി നേരിടുമ്പോഴും അവിടെ പറന്നെത്തി പ്രശ്നം പരിഹരിച്ചിരുന്നത് ജിമ്മി എന്ന കോട്ടയംകാരനായിരുന്നുവെന്നത് നാട്ടുകാർക്ക് അറിയപ്പെടാത്ത രഹസ്യം.

അതിനിടയിലാണ് ഗോകുലം ഗ്രൂപ്പുമായി ജിമ്മി പരിചയത്തിലാവുന്നത്. ഗോകുലത്തിന്റെ ഭവനനിർമ്മാണ പദ്ധതിയുടെ ചുമതല ഏറ്റെടുത്ത ജിമ്മി പ്രസ്ഥാനത്തെ വിസ്മയകരമായ വളർച്ചയിലേക്ക് നയിച്ചു. പിന്നെ ഗോകുലം മെഡിക്കൽ കോളജിന്റെ ഡയറക്ടറായി. ഗോകുലം ഗ്രൂപ്പിന്റെ ഏറ്റവും വിശ്വസ്തനായിരുന്ന രാഷ്ട്രീയ നേതാവായിരുന്നു ജിമ്മി. തിരിക്കുപിടിച്ച ജീവിതവും, വിശ്രമരഹിതമായ യാത്രകളും മെല്ലെ ജിമ്മിയുടെ ആരോഗ്യം കവർന്നു. സുഹൃത്തുകൾ എന്നും ജിമ്മിയുടെ ബലഹീനതയായിരുന്നു. അവർക്കായി എന്തു വിട്ടുവീഴ്‌ച്ചയ്ക്കും സദാ തയറായിരുന്നു. തന്റെ ഹൃദയത്തിന്റെ താളം തെറ്റിയത് ഒരു മാസം മുമ്പാണ് ജിമ്മി മനസിലാക്കിയത്. ഒരു ചടങ്ങിനിടെ മോഹാലസ്യപ്പെട്ടു വീണ ജിമ്മിയെ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കിയപ്പോഴാണ് രോഗാവസ്ഥയുടെ ഗൗരവം മനസിലായത്. ഹൃദയത്തിന്റെ വാൽവിലാണ് തകരാറ്. പരമാവധി രണ്ടു വർഷം വരെ മാത്രം ആയുസ്. ശസ്ത്രക്രിയ മാത്രം പോംവഴി.

കേരളത്തിന് പുറത്തുള്ള ചില സുഹൃത്തുക്കളാണ് ബാംഗ്ളൂരിൽ ശസ്ത്രക്രിയയ്ക്കു പറ്റിയ നാരായണ ഹൃദയാലയ എന്ന ആശുപത്രിയുടെ കാര്യം സൂചിപ്പിച്ചത്. നാട്ടിലെ സർക്കാർ മെഡിക്കൽ കോളജുകളിലും സ്വകാര്യ ആശുപത്രികളിലും വിജയകരമായി പൂർത്തിയാക്കുന്ന ഓപ്പറേഷൻ. നാട്ടിൽനിന്ന് അകന്നാകുമ്പോൾ ഒരു ചെയ്ഞ്ചും വിശ്രമവും ആകുമല്ലോ എന്ന് ജിമ്മി കരുതി. പിന്നെ വെയ്റ്റ് ചെയ്തില്ല. നേരേ ബാംഗ്ളൂരിലേക്ക്. കാറിലാണ് യാത്ര. ആശുപത്രിയിൽ ആദ്യഘട്ട പരിശോധന കഴിഞ്ഞു. 'ഒരു പേടിയും വേണ്ട. ഓപ്പറേഷന് എപ്പോൾ വേണമെങ്കിലും അഡ്‌മിറ്റു ചെയ്യാം'. ആശുപത്രി അധികൃതരുടെ വാക്കുകൾ ജിമ്മിക്ക് കരുത്തായി.

എന്നാൽ അധികം നീട്ടേണ്ടെന്ന് ജിമ്മി തീരുമാനിച്ചു. ഇതിനിടയിലാണ് സംസ്ഥാന സർക്കാർ പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ ചെയർമാൻ സ്ഥാനം ജിമ്മി ജോർജിന് ലഭിക്കുന്നത്. ചുമതലയേറ്റ് ഒരാഴ്‌ച്ചയ്ക്കുള്ളിൽ സ്ഥാപനത്തിന് രണ്ടു പ്രമുഖ ഓർഡറുകൾ ജിമ്മി നേടിയിരുന്നു. ചെയർമാൻ സ്ഥാനം ലഭിച്ചതോടെ സ്ഥാനമേറ്റശേഷമാകാം യാത്രയെന്നായി തീരുമാനം. പോകുന്നതിന് മുമ്പ് തലസ്ഥാനത്ത് വച്ച് മുഖ്യമന്ത്രിയെയും കണ്ടിരുന്നു.

ബാംഗ്ളൂരിലെ ആശുപത്രിയിൽ എത്തി പിറ്റേന്നു തന്നെ ഓപ്പറേഷനുള്ള നീക്കമായി. എട്ടുലക്ഷം രൂപയാണ് ഓപ്പറേഷൻ ഫീസായി ആശുപത്രിക്ക് ഒടുക്കേണ്ടിയിരുന്നത്. ഒരാഴ്‌ച്ച ആശുപത്രിയിൽ. പിന്നെ ആറുമാസം വിശ്രമം. ഇതായിരുന്നു ഡോക്ടർമാരുടെ നിർദ്ദേശം. ആശുപത്രിയിൽ ജനുവരി അവസാനവാരം എത്തിയ ജിമ്മിയോട് പണം അടയ്ക്കാൻ ആവശ്യപ്പെട്ടു. എട്ടുലക്ഷം രൂപ അടച്ചു. പിറ്റേന്ന് ഓപ്പറേഷനും തീരുമാനിച്ചു. എന്നാൽ അന്ന് ഉച്ചയോടെ ആശുപത്രിയിലെ കൗൺസിലർ എത്തി ഇതിനൊപ്പം ബൈപാസ് കൂടി നടത്തുന്നത് നന്നായിരിക്കുമെന്നും അതിനാൽ രണ്ടു കൂടി ചേർത്ത് പ്രത്യേക പാക്കേജായി 18 ലക്ഷം രൂപയ്ക്ക് ചെയ്യാമെന്നും അറിയിച്ചു. ഇതോടെ പത്തുലക്ഷം രൂപ കൂടി ഉടൻ കണ്ടെത്തേണ്ട അവസ്ഥയായി. നോട്ടു പിൻവലിക്കലിന്റെ സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത്രയും പണം കാഷായി അറേഞ്ച് ചെയ്യുക ശ്രമകരമായി മാറി. ആശുപത്രി അധികൃതർക്ക് പണം കാഷായി തന്നെ വേണമെന്നതാണ് പ്രയാസം വർധിപ്പച്ചത്.

ഇതറിഞ്ഞ ജിമ്മിയുടെ അടുത്ത സുഹൃത്തുക്കളും മറ്റും ചേർന്ന് പണം സംഘടിപ്പിച്ചടച്ചു. പണം അടച്ച് മണിക്കൂറുകൾക്കുള്ളിൽ ഓപ്പറേഷനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി. ജനുവരി 26ന് ശസത്രക്രിയ നടത്തി. ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ തീയറ്ററിലേക്ക് പോകാൻ വീൽ ചെയർ കൊണ്ടു വന്നപ്പോൾ അത് വേണ്ടെന്ന് ജിമ്മി വിലക്കി. നടന്നാണ് പോയതെന്ന് അടുത്ത സുഹൃത്തുക്കൾ ഓർക്കുന്നു. അന്ന് കൈവീശി പുഞ്ചിരിയോടെ പോയ ജിമ്മി ജോർജ് പിന്നെ മടങ്ങിവന്നില്ല. ജിമ്മിയുടെ മരണം എങ്ങനെ സംഭവിച്ചു എന്നത് ഇപ്പോഴും പ്രഹേളികയാണ്. ഓപ്പറേഷനിടയിലായിരുന്നോ അതോ അതിനുശേഷമായിരുന്നോ മരണം. ആശുപത്രി അധികൃതരിൽ നിന്നും സുഹൃത്തുകൾക്ക് ലഭിച്ച വിവരം അനുസരിച്ച് കാർഡിയാക്ക് അറസറ്റായിരുന്നു മരണകാരണം. ഓപ്പറേഷനിടെ തലച്ചോറിലേക്കുള്ള രക്ത പ്രവാഹം നിലച്ചു. അങ്ങനെ ബ്രെയിൻ ഡെത്തായി. പിന്നീട് രണ്ടു ദിവസം വെന്റിലേറ്ററിൽ ഇട്ടു നിരീക്ഷിച്ചു.

മൂന്നാം ദിവസം രാത്രി പതിനൊന്നരയോടെ മരണം സ്ഥിരീകരിച്ചു. അനസ്തീഷ്യയിലുള്ള പാകപ്പിഴയാണെന്നാണ് മറ്റൊരു ആരോപണം. ശരീരത്തിന്റെ അളവിന് യോജ്യമായതിലും കൂടുതൽ അനസ്ത്യേഷ്യ നൽകിയതാണ്് പ്രശ്നമായതെന്ന് പറയുന്നു. തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ഉത്തമവിശ്വാസത്തിലായിരുന്നു ജിമ്മി. ചില സുഹൃത്തുക്കൾ ആശുപത്രിയെക്കുറിച്ച് നൽകിയ വിവരമാണ് ഈ വിശ്വാസത്തിന് ആധാരമായത്. ശരീരഭാരമായിരുന്നു ജിമ്മിക്ക് വില്ലനായതെന്ന് ഒരു പക്ഷം പറയുന്നു. സാധാരണ ഇത്തരം സങ്കീർണമായ ശസ്ത്രക്രിയകൾക്കു മുന്നോടിയായുള്ള ടെസ്റ്റുകളും ശാരീരിക ക്ഷമതാ പരിശോധനയും ഇവിടെ നടത്തിയില്ലെന്നാണ് പറയുന്നത്. ശസ്ത്രക്രിയ സംബന്ധിച്ച് കാര്യമായ നിർദ്ദേശവും രോഗിക്ക് നൽകിയില്ല. ആശുപത്രിയിലെത്തി വൈകാതെ തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ നടത്താനുള്ള വെമ്പലിലായിരുന്നുവത്രെ അധികൃതർ. അർധരാത്രി മരണം സ്ഥിരീകരിച്ചതോടെ ജിമ്മിയുടെ ബന്ധുക്കളും കുടുംബവും ആകെ പരിഭ്രാന്തരായി. ഒരിക്കലും ഇത്തരത്തിലുള്ള ഒന്ന് അവർ പ്രതീക്ഷിച്ചില്ല. കേരളത്തിലെ ആശുപത്രികളിൽ പോലും ഹൃദയശസ്ത്രക്രിയ പൂർണവിജയമായിരിക്കെ ഇവിടെ മറിച്ചൊന്ന് ആരും സ്വപ്നത്തിൽ പോലും കരുതിയില്ല.

മൃതദേഹം എത്രയും വേഗം ആശുപത്രിയിൽ നിന്നും നീക്കാൻ കാണിച്ച തിടുക്കത്തിലും സംശയം സുഹൃത്തുക്കൾ കാണുന്നു. എ സി ആംബുലൻസ് രാത്രി ലഭിക്കാത്തിനാൽ ബാംഗ്ളൂരിലെ സമാജത്തിന്റെ ആംബുലൻസിലാണ് മൃതദേഹം പുലർച്ചെ നാലോടെ നാട്ടിലേക്ക് കൊണ്ടുപോന്നത്. മൃതദേഹം വെള്ളത്തുണിയിൽ പൊതിഞ്ഞാണ് പുറത്തേക്ക് നൽകിയത്. പത്തുമണിക്കൂറിന് ശേഷം കോട്ടയത്ത് എത്തുമ്പോൾ മൃതദേഹം വീർത്തു. മുഖം തിരിച്ചറിയാനാവാത്ത വിധം ചീർത്തു. ജിമ്മി ജോർജിന്റെ പല സുഹൃത്തുക്കളും മൃതദേഹത്തിന്റെ രൂപമാറ്റം കണ്ട് വാവിട്ടു കരഞ്ഞുപോയി. ആശുപത്രി അധികൃതരുടെ ചികിത്സാ പിഴവാണ് ജിമ്മിയുടെ മരണകാരണമെന്നാണ് ജിമ്മിയുടെ രാഷ്ട്രീയ സുഹൃത്തുക്കൾ കരുതുന്നത്. ആശുപത്രിക്കെതിരെ പരാതി നൽകണമെന്ന് ഇവർ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP