Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

മുഖ്യമന്ത്രി പിണറായിയും പാർട്ടി സെക്രട്ടറി കോടിയേരിയും വാക്കു പാലിച്ചില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ; വരേണ്ടവരെല്ലാം വീട്ടിലെത്തിയിട്ടും മുഖ്യമന്ത്രിക്കു മാത്രം സമയമില്ല; ഒത്തുതീർപ്പു കരാർ മാത്രമല്ല, മുഖ്യമന്ത്രി നേരിട്ടു വിളിച്ചു നൽകിയ ഉറപ്പുകളും പാഴ്‌വാക്കായി; പുതിയ ഡിജിപി സെൻകുമാറിനെ കണ്ട് പരാതി പറയാൻ ഒരുങ്ങി കുടുംബം

മുഖ്യമന്ത്രി പിണറായിയും പാർട്ടി സെക്രട്ടറി കോടിയേരിയും വാക്കു പാലിച്ചില്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ; വരേണ്ടവരെല്ലാം വീട്ടിലെത്തിയിട്ടും മുഖ്യമന്ത്രിക്കു മാത്രം സമയമില്ല; ഒത്തുതീർപ്പു കരാർ മാത്രമല്ല, മുഖ്യമന്ത്രി നേരിട്ടു വിളിച്ചു നൽകിയ ഉറപ്പുകളും പാഴ്‌വാക്കായി; പുതിയ ഡിജിപി സെൻകുമാറിനെ കണ്ട് പരാതി പറയാൻ ഒരുങ്ങി കുടുംബം

കെ സി റിയാസ്

കോഴിക്കോട്: മുഖ്യമന്ത്രിയിലും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനിലും കടുത്ത അവിശ്വാസം രേഖപ്പെടുത്തി പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിൽനിന്നും ദുരൂഹ സാഹചര്യത്തിൽ മരിച്ച ജിഷ്ണു പ്രണോയി എന്ന വിദ്യാർത്ഥിയുടെ അമ്മ മഹിജ സർക്കാറിനെതിരെ വീണ്ടും രംഗത്ത്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പുകൾ ഒന്നും പാലിച്ചില്ലെന്നും സർക്കാരിലുള്ള വിശ്വാസം തനിക്ക് നഷ്ടപ്പെട്ടതായും ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.

പൊലീസ് കേസ് അട്ടിമറിക്കുകയാണെന്നും ഇതിനാൽ അടുത്ത ദിവസം തന്നെ പുതിയ ഡി ജി പി സെൻകുമാറിനെ കാണുമെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തിന് മുന്നിൽ വച്ച് തന്നെ മർദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെയും ജിഷ്ണുവിന്റെ
പോസ്റ്റ്മോർട്ടം റിപ്പോർട്ട് അട്ടിമറിച്ച ഡോ. ജെറി ജോസഫിനെതിരെയും, ത ന്റെ മകന്റെ പേരിൽ വ്യാജ ആത്മഹത്യാ കുറിപ്പ് നിർമ്മിച്ചവർക്കെതിരെയും എഫ് ഐ ആറിൽ കൃത്രിമം കാണിച്ച എസ് ഐക്കെതിരെയും നടപടി എടുക്കുമെന്ന് എന്നെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയിരുന്നു. സമരം അവസാനിപ്പിക്കുമ്പോൾ സർക്കാർ തന്റെ കുടുംബവുമായുണ്ടാക്കിയ പത്ത് കരാറുകൾ പൂർണ്ണമായും ലംഘിച്ചു. നെഹ്റു കോളെജിലെ ഇടിമുറിയിൽ നിന്നുലഭിച്ച രക്തം ജിഷ്ണുവിന്റേതാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു.

പിന്നീട് നാദാപുരം താലൂക്ക് ആശുപത്രിയിൽ വച്ച് അച്ഛൻ അശോകന്റെയും അമ്മ മഹിജയുടെയും രക്ത സാമ്പിൾ എടുത്തിരുന്നു. അന്ന് കണ്ടെത്തിയത് ഒ പോസിറ്റിവ് രക്തമാണെന്നും ജിഷ്ണുവിന്റെ രക്തവും ഒ പോസിറ്റിവ് ആയിരുന്നുവെന്നും ഇത് ജിഷ്ണുവിന്റേതാണെന്നും പൊലീസ് പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഫോറൻസിക്ക് വിഭാഗം അന്വേഷണ സംഘത്തിന് നൽകിയ റിപ്പോട്ടിൽ ജിഷ്ണുവിന്റെ ഡി എൻ എ സാമ്പിൾ വേർതിരിച്ചെടുക്കാൻ കഴിഞ്ഞിട്ടില്ലന്ന വിവരമാണുള്ളത്. ഇതോടെ കേസിൽ അന്വേഷണ സംഘത്തിന്റെ ശക്തമായ ഒരു തെളിവാണ് നശിപ്പിക്കുന്നത്. ഈ തെളിവ് കൂടി നഷ്ടപ്പെട്ടാൽ ജിഷ്ണുവിന് കോളെജിലെ രഹസ്യമുറിയിൽ വച്ചുണ്ടായ മർദ്ദനമാണ്
മരണകാരണമെന്നുള്ള ബന്ധുക്കളുടെ ആരോപണത്തിൽ കഴമ്പില്ലാതാകും.

കഴിഞ്ഞ മാസം മഹിജയെ സന്ദർശിച്ച സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികളെ ജയിലിൽ അടക്കുമെന്ന് ഉറപ്പു നൽകിയിരുന്നു. ഇതും പാലിക്കപ്പെട്ടില്ല. രണ്ടു തവണ കോടിയേരി ബാലകൃഷ്ണനും നാലു തവണ കെ പി സി സി പ്രസിഡന്റും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, ഉമ്മൻ ചാണ്ടിയും, വി എസും പലപ്പോഴായി വീട്ടിലെത്തിയിട്ടും വടകരയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ വരാതിരുന്നതിലെ ദുരൂഹത തന്നെ ഏറെ ദുഃഖിപ്പിച്ചതായും അവർ വ്യക്തമാക്കി.

കേസിലെ നിർണായക തെളിവായി കണ്ടെത്തിയ രക്തക്കറയിൽ നിന്ന് ഡി എൻ എ വേർതിരിച്ചെടുക്കാനാവാത്തതിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ജിഷ്ണു പഠിച്ച നെഹ്റു എൻജിനീയറിങ് കോളജിലെ ഇടിമുറിയിൽ നിന്നും ലഭിച്ച രക്തക്കറയാണ് ഡി എൻ എ പരിശോധനക്ക് അയച്ചത്. ഈ സാമ്പിളിൽ പരിശോധന സാധ്യമല്ലെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബിൽനിന്നുള്ള ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട്. ഇത്് പൊലീസിന് കൈമാറിയിട്ടുണ്ട്.

പഴക്കവും ആവശ്യത്തിനുള്ള അളവിലും രക്തസാമ്പിൾ ലഭിക്കാതിരുന്നതാണ് ഡി എൻ എ വേർതിരിക്കാൻ പ്രയാസമുണ്ടാക്കിയതെന്നാണ് തിരുവനന്തപുരം ഫോറൻസിക് ലാബ് അധികൃതരുടെ വിശദീകരണം. എന്നാൽ, നേരത്തെ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ രക്തക്കറ ജിഷ്ണവിന്റെ രക്ത ഗ്രൂപ്പായ ഒ പോസിറ്റീവാണെന്ന് തെളിഞ്ഞിരുന്നു. തുടർന്ന് അന്വേഷണസംഘം നാദാപുരത്തെത്തി ജിഷ്ണവിന്റെ മാതാപിതാക്കളുടെ ഡി എൻ എ ശേഖരിക്കുകയും സ്ഥിരീകരിക്കുകയും ചെയ്തതിന് വിരുദ്ധമായ റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് കുടുംബം വീണ്ടും ഉത്കണ്ഠയുമായി രംഗത്തെത്തുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP