Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മനസ്സിന്റെ താളപ്പിഴകളിൽ ഓർമ്മ നഷ്ടമായി; ആരോഗ്യം വീണ്ടെടുത്തെന്ന് അറിഞ്ഞിട്ടും മക്കൾക്കും ബന്ധുക്കൾക്കും വേണ്ട; പ്രായം തളർത്തിയ അടൂരുകാരന് താങ്ങും തണലുമായി മലയാളി മെയിൽ നഴ്സ്; 35 വർഷത്തിന് ശേഷം ജോബിനെ ജന്മനാട്ടിലെത്തിക്കുന്നത് അജേഷിന്റെ കാരുണ്യം; ലക്നൗ അനുഭവിച്ചറിഞ്ഞ മനുഷ്യസ്‌നേഹത്തിന്റെ മലയാളി മുഖമായി മെയിൽ നഴ്സ്

മനസ്സിന്റെ താളപ്പിഴകളിൽ ഓർമ്മ നഷ്ടമായി; ആരോഗ്യം വീണ്ടെടുത്തെന്ന് അറിഞ്ഞിട്ടും മക്കൾക്കും ബന്ധുക്കൾക്കും വേണ്ട; പ്രായം തളർത്തിയ അടൂരുകാരന് താങ്ങും തണലുമായി മലയാളി മെയിൽ നഴ്സ്; 35 വർഷത്തിന് ശേഷം ജോബിനെ ജന്മനാട്ടിലെത്തിക്കുന്നത് അജേഷിന്റെ കാരുണ്യം; ലക്നൗ അനുഭവിച്ചറിഞ്ഞ മനുഷ്യസ്‌നേഹത്തിന്റെ മലയാളി മുഖമായി മെയിൽ നഴ്സ്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടൂർ പന്നിവിഴക്കാരൻ ജോബ് എന്ന വയോധികൻ ലക്നൗവിൽ ജോലി ചെയ്യുന്ന അജേഷ് എന്ന മലയാളി മെയിൽ നഴ്സിന്റെ ആരുമായിരുന്നില്ല. അപകടത്തിൽ പരുക്കേറ്റ്, മാനസിക നില തെറ്റി, ഓർമകൾ നഷ്ടമായ നിലയിലാണ് ജോബ് അജീഷിന്റെ മുന്നിൽ എത്തിയത്. നാടും വീടും അറിയാതിരുന്ന ജോബിനെ കുറിച്ച് അജേഷ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

നാടും വീടും മകനെയും തിരിച്ചറിഞ്ഞു. പക്ഷേ, അവർക്ക് ജോബിനെ വേണ്ടായിരുന്നു. അജേഷ് പിന്മാറിയില്ല. മനസിന്റെ സമനില തെറ്റിയ ജോബിനെ അവിടെ ഉപേക്ഷിച്ച് പോരാൻ മനസില്ലാതിരുന്ന ഈ നല്ല മലയാളി ജോബുമായി നാട്ടിലേക്ക് വരികയാണ്. കോട്ടയം നവജീവൻ ജോബിന് തുണയാകും. ജോബ് ലക്നൗവിൽ നിന്ന് ഇന്നലെ കേരളത്തിലേക്ക് ട്രെയിൻ കയറി. 35 വർഷത്തിന് ശേഷം ജനിച്ചു വളർന്ന നാട്ടിലേക്കുള്ള ആദ്യ മടക്കയാത്രയാണിത്.

അപകടത്തിൽപ്പെട്ട് ലക്നൗ കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ ചികിൽസയിലായിരുന്നു ജോബ്. ഇദ്ദേഹം മലയാളി ആണെന്ന് മനസിലാക്കിയ അജേഷ്, ജോബിന്റെ കുടുംബത്തെ അന്വേഷിച്ചു കണ്ടെത്താൻ തന്നെ തീരുമാനിച്ചു. ഓർമകൾ വീണ്ടെടുക്കാവുന്ന മാനസികാവസ്ഥയിലായിരുന്നില്ല ജോബ്. പത്തനംതിട്ട മീഡിയ എന്ന ഫേസ്‌ബുക്ക് പേജിന്റെ സഹായം അജേഷ് തേടി. അടൂർ പന്നിവിഴയിൽ ആയിരുന്നു വീടെന്നും ഫെലിക്സ് എന്നൊരു മകനുണ്ടെന്നും പത്തനംതിട്ട മീഡിയ അന്വേഷിച്ച് കണ്ടെത്തി. പക്ഷെ പന്നിവിഴയിൽ നിന്ന് ആ കുടുംബം സ്ഥലം ഒക്കെ വിറ്റു മറ്റെവിടെയൊക്കെയോ പോയിരുന്നു.

ബന്ധുക്കൾക്കും മകനും ജോബുമായി ഒരു പുനസമാഗമത്തിന് താൽപര്യമില്ലെന്നും അജേഷ് മനസിലാക്കി. എന്തായാലും പ്രായം തളർത്തിയ ജോബിനെ കണ്ടില്ലെന്ന് കരുതി തള്ളാനും തഴയാനും അജേഷിനും, കൂടെ ചെയ്യുന്ന മലയാളികളായ നഴ്സുമാർക്കും കഴിഞ്ഞില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കാലം മുതൽ ഈ നഴ്സുമാരുടെ സ്നേഹത്തോടെയുള്ള പരിചരണം ആണ് ജോബിനെ ആരോഗ്യവാനാക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത്.

അസുഖം ഭേദമായി വീണ്ടും ജോബിനെ തെരുവിലേക്ക് തന്നെ ഇറക്കി വിടാൻ അജേഷിന് മനസ് വന്നില്ല. അങ്ങനെയാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. മാനസിക നില തൃപ്തികരമല്ലാത്തതിനാലും യാതൊരു രേഖകളും ജോബിന്റെ കൈവശം ഇല്ലാത്തതിനാലും നിയമപരമായ അനുവാദങ്ങൾ ആവശ്യമായിരുന്നു. കിങ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റി ന്യൂറോ സർജറി വിഭാഗം മേധാവി ഡോ: ബി.കെ.ഓജയുടെ സഹായം കൂടിയായതോടെ നിയമത്തിന്റെ നൂലാമാലകൾ ലഘൂകരിക്കപ്പെട്ടു.

ഇന്നലെ ലക്നൗവിൽ നിന്ന് അജേഷിന്റെ കൈപിടിച്ചു ജോബ് കേരളത്തിലേക്ക് ട്രെയിൻ കയറി. ആശുപത്രിയിലെ വാർഡ് ബോയ് വിശാലും സഹായത്തിന് കൂടെയുണ്ട്. കോട്ടയം നവജീവൻ ട്രസ്റ്റ് ജോബിന് അഭയം കൊടുക്കാം എന്ന് സമ്മതിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP