Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നാലായിരം ജീവനക്കാർ സിഐടിയു യൂണിയനിൽ ചേർന്നു; സമരങ്ങൾ പേടിച്ച് മുത്തൂറ്റ് ഫിനാൻസ് തൊഴിലാളി നേതാക്കളെ നാടുകടത്തി; ധർണയുമായി എംഎം ലോറൻസും നേതാക്കളും ഓഫീസിനു മുന്നിൽ കുത്തിയിരുന്നു; പത്രസമ്മേളനം നടത്തി വാർത്ത കാത്തിരുന്നവർ ഒരുവരിപോലും കാണാതെ ഇളിഭ്യരായി; തൊഴിൽ പ്രശ്‌നം ഉണ്ടാക്കുന്നത് ഇങ്ങനെ

നാലായിരം ജീവനക്കാർ സിഐടിയു യൂണിയനിൽ ചേർന്നു; സമരങ്ങൾ പേടിച്ച് മുത്തൂറ്റ് ഫിനാൻസ് തൊഴിലാളി നേതാക്കളെ നാടുകടത്തി; ധർണയുമായി എംഎം ലോറൻസും നേതാക്കളും ഓഫീസിനു മുന്നിൽ കുത്തിയിരുന്നു; പത്രസമ്മേളനം നടത്തി വാർത്ത കാത്തിരുന്നവർ ഒരുവരിപോലും കാണാതെ ഇളിഭ്യരായി; തൊഴിൽ പ്രശ്‌നം ഉണ്ടാക്കുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സിഐടിയു പിടിമുറുക്കുന്നതിന് തടയിടാൻ യുണിയനിൽ ചേരുന്നവരെയും നേതാക്കളെന്ന് തോന്നുന്നവരെയുമെല്ലാം കൂട്ടത്തോടെ സ്ഥലംമാറ്റി കർശന നടപടികളുമായി മുത്തൂറ്റ് ഫിനാൻസ്. രാജ്യത്തെമ്പാടും ശാഖകളുള്ള മുത്തൂറ്റ് ഫിനാൻസ് മറ്റു സംസ്ഥാനങ്ങളിലെ ശാഖകളിലേക്കാണ് യൂണിയൻ അംഗത്വമെടുത്തതിന്റെ പേരിൽ ജീവനക്കാരെ തെറിപ്പിച്ചതെന്ന് സിഐടിയു ആരോപിക്കുന്നു. സിഐടിയുവിന് മേൽക്കൈ ലഭിച്ചാൽ ഭാവിയിൽ സമരപരിപാടികൾ ഉൾപ്പെടെ നേരിടേണ്ടിവരുമെന്നും ശമ്പളം പിന്നെ യൂണിയൻ നിശ്ചയിക്കുന്ന നിലയിൽ നൽകേണ്ടിവരുമെന്നുമെല്ലാം ഭയന്നാണ് യൂണിയൻ പ്രവർത്തനം മുളയിലേ നുള്ളാൻ മുത്തൂറ്റ് അധികൃതർ നടപടികൾ സ്വീകരിക്കുന്നതെന്നാണ് തൊഴിലാളികൾ പറയുന്നത്.

എന്നാൽ ഇതിനെ ശക്തമായി ചെറുക്കാനാണ് സിഐടിയു തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ചിട്ട് ആൻഡ് ഫിനാൻസ് എംപ്‌ളോയീസ് യൂണിയന്റെ (സിഐടിയു) നേതൃത്വത്തിൽ എറണാകുളത്തെ മുത്തൂറ്റ് ഫിനാൻസ് ഹെഡ് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ തുടങ്ങി. സിഐടിയു സംസ്്ഥാന വൈസ് പ്രസിഡന്റ് എംഎം ലോറൻസിന്റെ നേതൃത്വത്തിലാണ് സമരം. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും സമരത്തിൽ സംബന്ധിക്കുന്നുണ്ട്.

അതേസമയം, കമ്പനി തൊഴിലാളികൾക്കെതിരെ സമരം പ്രഖ്യാപിക്കുകയും മാനേജ്‌മെന്റിന്റെ പീഡനങ്ങൾ ഇന്നലെ പത്രസമ്മേളനം നടത്തി വ്യക്തമാക്കുകയും ചെയ്തിരുന്നെങ്കിലും മുഖ്യധാരാ മാദ്ധ്യമങ്ങൾ അത് നൽകിയില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. സിപിഐ(എം) മുഖപത്രമായ ദേശാഭിമാനിപോലും തലക്കെട്ടിൽ മൂത്തൂറ്റ് എന്ന് നൽകാതെ ധനസ്ഥാപന ജീവനക്കാർ പ്രക്ഷോഭത്തിലേക്ക് എന്നാണ് വാർത്ത നൽകിയത്. മുത്തൂറ്റിന്റെ പരസ്യം സ്ഥിരമായി ലഭിക്കുന്നതിനാൽ മാദ്ധ്യമങ്ങൾ സ്ഥാപനത്തിനെതിരെയുള്ള വാർത്തകൾ നൽകുന്നില്ലെന്നാണ് തൊഴിലാളികളുടെ ആക്ഷേപം.

അഗത്വം ഉറപ്പിക്കിയ ജീവനക്കാരെ യാതൊരു കാരണവുമില്ലാതെ തമിഴ്‌നാട്, കണർണാടക ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ ശാഖകളിലെക്കു സ്ഥലം മാറ്റുകയായിരുന്നുവെന്ന് ഇന്ന് സമരത്തിനെത്തിയവർ ആരോപിച്ചു. രണ്ടാഴ്ച മുൻപാണ് യൂണിയനിൽ ജീവനക്കാർക്ക് അഗത്വം കൊടുത്തത്. ഓഗസ്റ്റ് 21ന് യൂണിയന്റെ ഓദ്യോഗികമായ ഉത്ഘാടനം നടത്താൻ ആയിരുന്നു ഉദ്ദേശ്യം. എന്നാൽ ഇത് മണത്തറിഞ്ഞ കമ്പനി മാനേജ്‌മെന്റ് കഴിഞ്ഞയാഴ്ച യാതൊരു കാരണവും വ്യക്തമാക്കാതെ സ്ത്രീകൾ അടക്കം 25 പേരെ കേരളത്തിന്റെ പുറത്തുള്ള മുത്തൂറ്റ് ഫിനാൻസിലെ ശാഖകളിലേക്ക് മാറ്റുകയായിരുന്നു.

 ഒരാളെ പുറത്താക്കിയെന്നും ജീവനക്കാർ ആരോപിക്കുന്നു. പിന്നീട് ട്രാൻസ്ഫർ കിട്ടിയവരുടെ എണ്ണം 75 ആയി എന്നും സിഐറ്റി യു ആരോപിക്കുന്നു. 130 വർഷത്തെ സേവന പാരമ്പര്യമുള്ള മുത്തൂറ്റിൽ ആദ്യമായി ആണ് ഇത്രയും അധികം ആളുകളെ സ്ഥലം മാറ്റുന്നതെന്നു സിഐടിയു എറണാകുളം ജില്ലാ സെക്രട്ടറി കെ എൻ ഗോപിനാഥ് മറുനാടൻ മലയാളിയോട് പറഞ്ഞു.

യൂണിയൻ ഉണ്ടാക്കിയതിന്റെ പ്രതികാര നടപടിയാണ് മാനേജ്‌മെന്റ് കൂട്ടത്തോടെ ജീവക്കാരെ സ്ഥലം മാറ്റിയതെന്നു സിഐറ്റിയുവും, ജീവനക്കാരും ആരോപിക്കുന്നു. ഇതിൽ പ്രതിഷേധിച്ചു ജീവനക്കാർ അടക്കം മാർച്ച് സഘടിപ്പിച്ചു ഈ മാസം എട്ടിന് മൂന്നു മണിവരെ സൂചനാ പണിമുടക്ക് നടത്തുമെന്നും സിഐറ്റിയു വ്യക്തമാക്കി. സ്ത്രീകൾ അടക്കമുള്ള ജീവനക്കാർക്കു നേരെ നടപടിയുണ്ടായതോടെ ഇത് നിർത്തിവയ്ക്കണമെന്ന് മാനേജ്‌മെന്റിനോട് ആവശ്യപെട്ടെങ്കിലും അവർ യൂണിയൻ പ്രവർത്തനം സ്ഥാപനത്തിൽ അംഗീകരിക്കാൻ ആവില്ല എന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ഗോപിനാഥൻ വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ചാണ് 700 പേർ പങ്കെടുത്ത മാർച്ച് സരിത തീയേറ്ററിന് സമീപത്തുള്ള മുത്തൂറ്റ് ഫിനാൻസ് ഹെഡ്ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തിയത്. തുടർന്ന് എംഎം ലോറൻസ് അടക്കമുള്ള നേതാക്കൾ പ്രസംഗിച്ചു.

മാസങ്ങൾക്കുമുമ്പ് കണ്ണൂരിൽ മുത്തൂറ്റ് ഫിൻകോർപ്പിൽ ഇത്തരത്തിൽ സ്ഥലംമാറ്റത്തിനെതിരെ സിഐടിയു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അംഗത്വമെടുത്തവരെ മാനേജ്‌മെന്റ് 2015 ഡിസംബറിൽ വിദൂരസ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിരുന്നു. സ്ഥലംമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പണിമുടക്ക് ആരംഭിച്ചു. സമരത്തിൽ പങ്കെടുത്ത ആറ് പേരെ സസ്‌പെൻഡ് ചെയ്തും മൂന്നുപേരെ പിരിച്ചുവിട്ടുമാണ് മാനേജ്‌മെന്റ് പ്രതികാരനടപടിക്ക് തുടക്കമിട്ടത്. ഇതോടെ ജീവനക്കാർ കണ്ണൂർ തെക്കീബസാർ ശാഖക്ക് മുന്നിൽ 30 നാൾ നീണ്ട സത്യഗ്രഹ സമരം നടത്തി. ലേബർ ഓഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നടപടിക്കിരയായവരെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് സമ്മതിച്ചു. ഇതേത്തുടർന്ന് സമരം ഒത്തുതീർന്നു. സസ്‌പെൻഡ് ചെയ്തവരെ തിരിച്ചെടുത്തെങ്കിലും പിരിച്ചുവിട്ടവരെ തിരിച്ചെടുത്തില്ല.

ഇതേതുടർന്ന് ജൂൺ 21ന് സമരം പുനഃരാരംഭിച്ചു. തൊഴിൽമന്ത്രിയടക്കം ഇടപെടുമെന്ന ഘട്ടത്തിൽ പിരിച്ചുവിട്ടയാളെ തിരിച്ചെടുക്കാമെന്ന് യൂണിയനുമായി കരാറുണ്ടാക്കി. സമരത്തിൽ പങ്കെടുത്തവർക്കെതിരെ പ്രതികാര നടപടി ഉണ്ടാവില്ലെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകി. ഇതിനുശേഷം ഇരിട്ടി, പേരാവൂർ, പയ്യാവൂർ, ഉളിക്കൽ, കേളകം, ശ്രീകണ്ഠപുരം, പിലാത്തറ, ചക്കരക്കൽ, മേലേചൊവ്വ, കൂത്തുപറമ്പ് ശാഖകൾ നഷ്ടത്തിലാണെന്ന കാരണം പറഞ്ഞ് പൂട്ടി. ജീവനക്കാരെ സമീപ ശാഖകളിലേക്ക് പുനർവിന്യസിക്കുമെന്ന് ഉറപ്പും ലംഘിച്ചു. സമരത്തിൽ പങ്കെടുത്തവരെയും യൂണിയൻ അംഗങ്ങളെയും തെരഞ്ഞുപിടിച്ച് കോഴിക്കോട് ജില്ലയിലെ കല്ലാച്ചി, നാദാപുരം, തിരുവങ്ങാട് ശാഖകളിലേക്ക് മാറ്റി. അടച്ചുപൂട്ടാനിരുന്ന കണ്ണൂർ ഫോർട്ട്‌ലൈറ്റ് കോംപ്‌ളക്‌സ് ശാഖ യൂണിയന്റെ ഇടപെടിലൂടെ തുറന്നപ്പോഴും ഉന്നത ഉദ്യോഗസ്ഥരുടെ ഇഷ്ടക്കാർക്കായിരുന്നു നിയമനം. സമരത്തിൽ പങ്കെടുത്ത് പിന്നീട് മാപ്പെഴുതി നൽകി ജോലിയിൽ പ്രവേശിച്ചയാളെ താൽപര്യമുള്ള തസ്തികയിൽ നിയമിച്ചു - യൂണിയൻ ചൂണ്ടിക്കാട്ടുന്നു.

സമാനമായ രീതിയിലാണ് ഇപ്പോൾ മുത്തൂറ്റ് ഫിനാൻസിലും നടപടികൾ ഉണ്ടായിട്ടുള്ളതെന്നാണ് ആക്ഷേപം. തൊഴിൽ മര്യാദകളും നിയമവും ലംഘിച്ച് ജീവനക്കാർക്കെതിരെ മാനേജ്‌മെന്റ് പ്രതികാര നടപടികൾ തുടരുകയാണെന്ന് സിഐടിയു ആരോപിക്കുന്നു. നൂറുകണക്കിന് ശാഖകളുള്ള സ്ഥാപനം ജീവനക്കാരെ അടിമകളെപ്പോലെയാണ് പരിഗണിക്കുന്നത്. ട്രേഡ് യൂണിയനുകളിൽ അംഗത്വമെടുത്തവരെ തെരഞ്ഞുപിടിച്ച്് സ്ഥലം മാറ്റുകയും പീഡിപ്പിക്കുകയുമാണ്. ജീവനക്കാർ സംഘടനയിൽ ചേരരുതെന്നും സംഘടനാപ്രവർത്തനം അനുവദിക്കില്ലെന്നുമുള്ള നിലപാട് മാനേജ്‌മെന്റ് മാറ്റിയില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂണിയൻ നേതാക്കൾ പറയുന്നു. ജീവനക്കാർ സംഘടനയിൽ ചേർന്നുകൂടെന്ന സമീപനമാണ് മാനേജ്‌മെന്റ് സ്വീകരിക്കുന്നത്. കേരളത്തിൽ ജോലിചെയ്യുന്ന ആറായിരത്തിലധികം മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിൽ നാലായിരത്തോളം പേർ ഇതിനകം സംഘടനയിൽ അംഗമായിക്കഴിഞ്ഞു. ആറുമാസമായി അംഗങ്ങളുടെ മേഖലാ കൺവെൻഷനുകൾ നടക്കുകയാണ്. ഓഗസ്റ്റ് 21ന് സംസ്ഥാന കൺവെൻഷൻ നടക്കാനിരിക്കെയാണ് മാനേജ്‌മെന്റ് പ്രതികാര നടപടി സ്വീകരിക്കുന്നത്.

സംഘടനയിൽ അംഗത്വമെടുത്തു എന്നല്ലാതെ എന്തെങ്കിലും ആവശ്യം മുന്നോട്ടുവയ്ക്കുകയോ മാനേജ്‌മെന്റുമായി തർക്കങ്ങൾ ഉണ്ടാകുകയോ ചെയ്തിട്ടില്ല. ജീവനക്കാരുടെ ഭാഗത്ത് എന്തെങ്കിലും പിഴവു ചൂണ്ടിക്കാട്ടുകയോ നോട്ടീസ് നൽകുകയോ ചെയ്യാതെയാണ് വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റിയിട്ടുള്ളത്. ഇത്തരം പ്രതികാര നടപടികൾ പിൻവലിച്ച് മാനേജ്‌മെന്റ് നിലപാട് തിരുത്തിയില്ലെങ്കിൽ പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭങ്ങളിലേക്ക് തൊഴിലാളികൾ നീങ്ങും - യൂണിയൻ മുന്നറിയിപ്പു നൽകുന്നു. അതേസമയം, യൂണിയന് കീഴ്‌പെട്ടാൽ ഭാവിയിൽ സേവന-വേതന വ്യവസ്ഥകൾ അവർ പറയുംപടി നടത്തേണ്ടിവരുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റ് നടപടികൾ സ്വീകരിക്കുന്നതെന്നാണ് സൂചനകൾ. പ്രശ്‌നങ്ങൾ തുടർന്നുപോയാൽ സ്ഥാപനംതന്നെ ഇല്ലാതാകുമോ എന്ന ആശങ്ക യൂണിയനിൽ ചേർന്നിട്ടില്ലാത്ത തൊഴിലാളികളും പങ്കുവയ്ക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP