Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശൂലവുമായി അവരാരും റോഡിൽ ഉണ്ടായിരുന്നില്ല; എന്നിട്ടും എന്തേ കേരളം കണ്ണടച്ചു കിടന്നു; ഹർത്താൽ ദിനത്തിൽ നാല് ജില്ലകളിലൂടെ യാത്ര ചെയ്തപ്പോൾ

ശൂലവുമായി അവരാരും റോഡിൽ ഉണ്ടായിരുന്നില്ല; എന്നിട്ടും എന്തേ കേരളം കണ്ണടച്ചു കിടന്നു; ഹർത്താൽ ദിനത്തിൽ നാല് ജില്ലകളിലൂടെ യാത്ര ചെയ്തപ്പോൾ

ഷാജൻ സ്‌കറിയ

ബരിമലക്കു സമീപത്തുള്ള ഇടകടത്തി ഗ്രാമത്തിൽ നിന്നും തലസ്ഥാനത്തേക്ക് ഒരു ഡ്രൈവിങ്. അതായിരുന്നു ഇന്നത്തെ ഹർത്താൽ ദിനത്തിൽ നടത്തിയ പരീക്ഷണങ്ങളിൽ ഒന്ന്. സുഹൃത്തുക്കളും വീട്ടുകാരും ഒരുപോലെ നിരുത്സാഹപ്പെടുത്തിയ യാത്രയായിരുന്നു ഇത്. പക്ഷേ കോടതി പോലും നിരോധിച്ച ഈ ഹർത്താലിനെ എന്തിന് ഭയപ്പെടണം എന്ന് സ്വയം ചോദിച്ചുകൊണ്ട് യാത്രപുറപ്പെട്ടു.

രാവിലെ ഒൻപതരയ്ക്ക് കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ റോഡ് വിജനം ആയിരുന്നു. ആദ്യത്തെ 15 കിലോമീറ്റർ യാത്ര ചെയ്തത് കോട്ടയം ജില്ലയിലൂടെ ആയിരുന്നു. ആദ്യം എത്തി ചേർന്നത് മുക്കൂട്ടുതറ എന്ന മലയോര ഗ്രാമത്തിൽ. മുസ്ലിം-ക്രിസ്ത്യൻ-ഹിന്ദു സമുദായങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള നാട്. ധാരാളം ബിജെപിക്കാർ ഉള്ള ടൗൺ. എന്നാൽ ഒരൊറ്റ മനുഷ്യരെ പോലും അവിടെയെങ്ങും കണ്ടില്ല. എപ്പോഴും തിരക്കുള്ള ഈ ചെറിയ ഗ്രാമത്തിൽ ഒരു മാടക്കടയോ ഓട്ടോ റിക്ഷയോ പോലും ഉണ്ടായിരുന്നില്ല. ഒരു കടയുടെ തിണ്ണയിൽ മൂന്ന് പൊലീസുകാർ അലക്ഷ്യമായി കുത്തിയിരുപ്പുണ്ടായിരുന്നു.

മുക്കൂട്ടുതറയിൽ പേരിന് പോലും ഒരു കാവിക്കാരനെ കാണാത്ത വിഷമത്തോടെയാണ് അവിടം വിട്ടത്. ഒന്നോ രണ്ടോ ബൈക്കുകളെ ഒഴികെ ഒരു വണ്ടിയും കാണാതെ എരുമേലി, വഴി കോട്ടയം ജില്ല വിട്ട് റാന്നിയിലെത്തി. റാന്നി നഗരത്തിൽ അങ്ങുമിങ്ങും കുറച്ച് ബൈക്കുകൾ കാണാം. കാവി ഉടുത്ത ചില വഴി യാത്രക്കാരെയും. ആരും എന്റെ വാഹനം കണ്ട് നോക്കുന്നുപോലുമില്ല. കാവി ഉടുത്തവരുടെ കണ്ണിലേക്ക് സൂക്ഷിച്ച് നോക്കിയിട്ടും അവർക്കൊരു വ്യത്യാസമില്ല.

റാന്നി പാലം കടന്ന് ബ്ലോക്ക് പടിയിൽ എത്തിയപ്പോൾ മൂന്ന് പേർ വഴിയിൽ ഇറങ്ങിനിന്നു. മൂന്ന് പേരും കാവി ഉടുത്തവരായിരുന്നില്ല. സാവകാശം വണ്ടി നിർത്തി എന്താ പ്രശ്‌നം എന്ന് ചോദിച്ചു. ആ ചോദ്യം കേട്ട് വണ്ടി തടഞ്ഞവർ ഈ ലേഖകന്റെ മുഖത്തേക്ക് നോക്കി ഒന്ന് പരുങ്ങി. ആരെയും പ്രകോപിപ്പക്കരുതെന്ന് തീരുമാനിച്ച് ഉറപ്പിച്ചതിനാൽ പുഞ്ചിരിയോടെ എന്താ പൊയ്‌ക്കോട്ടെ എന്ന് ചോദിച്ചപ്പോൾ ഒരാൾ ദേഷ്യത്തോടെ മുണ്ട് മടക്കി ഓടി വന്നു. എന്താടാ നിനക്ക് പ്രശ്‌നം- എന്നായിരുന്നു ചോദ്യം. ഒരു പ്രശ്‌നവുമില്ല, എന്തെങ്കിലും പ്രശ്‌നം ഉണ്ടോ - വഴി തടഞ്ഞവരോട് ചോദിച്ചു - അവരും പറഞ്ഞു ഇല്ലെന്ന്.

എന്നാലും ഓടിവന്ന ആൾക്ക് ദേഷ്യം തീർന്നില്ല. ഒരു കേസ് പിടിക്കാൻ രാവിലെ മുതൽ കാത്തിരുന്ന് കിട്ടിയ ഇരയാണ് ഈ ലേഖകൻ എന്ന് ഉറപ്പായി. എന്റെ പൊന്ന് ചേട്ടാ, ഞങ്ങൾ പത്രപ്രവർത്തകർക്ക് വെളിയിൽ ഇറങ്ങാൻ പറ്റിയില്ലെങ്കിൽ പിന്നെ നിങ്ങൾ തടയുന്ന വാർത്ത ഒക്കെ എങ്ങനെ നാട്ടുകാർ അറിയും? ഇങ്ങനെ ഒരു ചോദ്യം എറിഞ്ഞതോടെ അയാളുടെ ദേഷ്യവും കുറഞ്ഞു. എങ്കിൽ ഇത് ആദ്യമേ പറയേണ്ടേ, പൊക്കോ എന്ന് പറഞ്ഞ് കക്ഷി സ്ഥലം കാലിയാക്കി.

പത്തനംതിട്ടയിൽ നിന്നും അടൂരേയ്ക്കുള്ള വഴിയിൽ കയറിയപ്പോൾ ഒരു ബൈബിൾ പ്രസംഗം നടക്കുന്നുണ്ടായിരുന്നു. നിറയെ കാറുകളും ആളുകളും. ആ പരിസരത്തേക്ക് ധാരാളം കാറുകൾ വരുന്നുണ്ട്. എന്നാൽ തടയനോ ചോദ്യം ചെയ്യനോ അവിടെ ആരെയും കണ്ടില്ല. അടൂർ റോഡിലൂടെ മുമ്പോട്ട് പോയതോടെ വീണ്ടും വിജനത. ബിജെപിക്കാർ ധാരാളമുള്ള ഓമല്ലൂരിലൂടെ വളരെ സാവകാശമാണ് ഡ്രൈവ് ചെയ്തത്. എന്നാൽ ഒരാളെപോലും അവിടെ കണ്ടില്ല. വന്ന വഴിയിൽ ഓട്ടോ റിക്ഷ സ്റ്റാൻഡിൽ കിട്ടക്കുന്നത് കണ്ടത് ഓമല്ലൂരിൽ മാത്രമാണ്. എന്നാൽ അവിടെയും ഒരു കടയും തുറന്നുകണ്ടില്ല.

ഒരു മണിക്കൂർ പോലും തികയുന്നതിന് മുമ്പ് അടൂർ എംസി റോഡിലെത്തി. എംസി റോഡും വിജനമായിരുന്നു. വളരെ കുറച്ച് ബൈക്കുകളും കാൽനടക്കാരും മാത്രം. ഇടയ്ക്ക് എയർ പോർട്ട് എന്ന് പേരെഴുതിയും മരണം എന്ന് പേരെഴുതിയും രണ്ടോ മൂന്നോ കാറുകൾ കടന്നു പോയി. വിവാഹം എന്ന പേരിൽ രണ്ട് കോൺവേകൾ കണ്ടു. എല്ലാവരും സാവകാശം സ്വസ്ഥമായാണ് യാത്രാവാഹനങ്ങൾ ഓടിച്ചിരുന്നത്.

ഏനാത്ത് പാലം കടന്നപ്പോൾ ഒരു സംഘം ബിജെപി പ്രവർത്തകരെ കണ്ടു. കാവിയുടുത്തും കയ്യിൽ ചരട് കെട്ടുയും എട്ടുപത്തുപേർ. അവരെ നോക്കി ഒന്ന് അഭിവാദ്യം ചെയ്തു വണ്ടി മുമ്പോട്ടു പോയി. കൊട്ടാരക്കര എത്തുന്നതിന് മുമ്പ് ഒരു സംഘം ഒരു വശത്തുനിന്നും ചാടിയിറങ്ങി റോഡിൽ നിന്ന് കല്ലുപെറുക്കി എറിയുന്നതുപോലെ കാണിച്ചു. സഡൻ ബ്രേക്ക് ചവിട്ടി അവരുടെ മുമ്പിൽ തന്നെ കാർ നിർത്തിയപ്പോൾ വികാരാവേശത്തോടെ ഒരു സംഘം ഓടിയെത്തി. ഗ്ലാസുകൾ താഴ്‌ത്തി കേട്ടുകൊണ്ടിരുന്ന 'ഒരുപിടി അവിലുമായ് ജന്മങ്ങൾ താണ്ടി ഞാൻ' എന്ന പാട്ടും നിർത്തി സീറ്റിൽ ഇരുന്നുകൊണ്ട് തന്നെ വിവരം തിരക്കി. പത്രക്കാർ കാറോടിച്ചില്ലെങ്കിൽ നിങ്ങളുടെ കാര്യം എങ്ങനെ നാട്ടുകാർ അറിയും എന്ന ചോദ്യം അവരും അംഗീകരിച്ചു. ഹർത്താൽ ദിനത്തിൽ ഇങ്ങനെ സ്പീഡായി ഓടിക്കരുത് എന്ന അവരുടെ ഉപദേശം അംഗീകരിച്ച് വീണ്ടും യാത്ര തുടർന്നു.

പിന്നെ തലസ്ഥാനം വരെ ഒന്നും സംഭവിച്ചില്ല. ഈ യാത്രയിൽ ആകെ കണ്ടത് മൂന്നോ നാലോ കാറുകളും പത്തോ ഇരുപതോ ബൈക്കുകളും. തുറന്ന ഒരു കടപോലും ശ്രദ്ധയിൽ പെട്ടില്ല. അതേസമയം റോഡുകളിൽ കണ്ടത് പത്തിൽ താഴെ ബിജെപി പ്രവർത്തകരെ മാത്രവും. ഇതിനിടയിൽ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന പൊലീസുകാരെ കണ്ടു. രഹസ്യമായി സ്പീഡ് ക്യാമറ ഘടിപ്പിച്ച വണ്ടിയുമായി ഇരയെ കാത്ത് നിൽക്കുന്ന പോലെ ഒരു പൊലീസ് ജീപ്പ്.

ചുരുക്കിപ്പറഞ്ഞാൽ ഹർത്താൽ പൂർണ്ണ വിജയം ആയിരുന്നു എന്നർത്ഥം. നാല് ജില്ലകളിലൂടെ പോയിട്ട് വിരലിലെണ്ണാൻ പറ്റുന്ന കാറുകളെ പോലും കാണാതെ വന്നാൽ പിന്നെ വിജയമോ പരാജയമോ എന്ന ചോദ്യത്തിന് എന്ത് പ്രസക്തി. അതെ സമയം പത്ത് പേർ വിചാരിച്ചാൽ കേരളം സ്തംഭിപ്പിക്കാം എന്നതിന് മറ്റൊരു ഉദാഹരണമായി മാറി ഈ യാത്ര. അതിനവർക്ക് ആൾ ബലം പോലും വേണ്ട. അല്ലെങ്കിൽ എന്തുകൊണ്ട് ഒരു മനുഷ്യരുപോലും വഴിയിൽ ഇറങ്ങിയില്ല? പാർട്ടി പ്രവർത്തകർ റോഡിൽ ഇല്ലാതിരുന്നിട്ടുകൂടി റോഡുകൾ നിശ്ചലമായതെങ്ങെനെ?

മൂന്നര മണിക്കൂർ കൊണ്ട് യാത്ര ചെയ്യുന്ന 156 കിലോമീറ്റർ താണ്ടാൻ വേണ്ടിവന്നത് വെറും രണ്ട് മണിക്കൂർ. 80 കിലോമീറ്റർ സ്പീഡിലായിരുന്നു യാത്ര. ഒരിടത്തും നിർത്തേണ്ടി വരാത്തതുകൊണ്ടാണ് ഇത്ര വേഗം എത്താൻ കഴിഞ്ഞത്. നമ്മുടെ കേരളത്തിൽ മികച്ച റോഡുകൾ വേണ്ട എന്ന് പറയുന്നവർ കണ്ണ് തുറന്ന് കാണേണ്ട കാഴ്ചയാണ്. കേരളത്തിൽ ഇത്തരം നോൺ സ്‌റ്റോപ്പ് റോഡുകൾ വന്നാൽ എത്രയോ മണിക്കൂറുകൾ നമുക്ക് ലാഭിക്കാൻ പറ്റും? ഒരു വശത്തേക്ക് മാത്രം ഒഴുകുന്ന വലിയ റോഡുകൾ ഉണ്ടെങ്കിൽ നമുക്ക് നഷ്ടമാകുന്ന എത്രയോ മണിക്കൂറുകൾ ലാഭിക്കാം? ഇത് മനസ്സിലാക്കാൻ തലയിൽ മൂളയുള്ള ഏതെങ്കിലും രാഷ്ട്രീയക്കാർ നാട്ടിലുണ്ടാവുമോ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP