Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കള്ളുമന്ത്രിയെ കലിപിടിപ്പിക്കുന്ന സുധീരൻ! മദ്യനയത്തിൽ കെപിസിസി പ്രിസിഡന്റ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി കെ ബാബു

കള്ളുമന്ത്രിയെ കലിപിടിപ്പിക്കുന്ന സുധീരൻ! മദ്യനയത്തിൽ കെപിസിസി പ്രിസിഡന്റ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ പൂർണ്ണമായും തെറ്റാണെന്ന് നിയമസഭയിൽ രേഖാമൂലം മറുപടി നൽകി കെ ബാബു

തിരുവനന്തപുരം: മദ്യനയവുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വി എം സുധീരൻ ഉന്നയിക്കുന്ന ആക്ഷേപങ്ങൾക്ക് ഒരു അടിസ്ഥാനവുമില്ലെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഈ വിഷയത്തിൽ അഡ്വക്കേറ്റ് ജനറലിനൊപ്പമാണ് സർക്കാർ. മുഖ്യമന്ത്രി ഉമൻചാണ്ടിയുടെ നേതൃത്വത്തിലുള്ളത് കോൺഗ്രസ് സർക്കാരാണ്. ഈ ഭരണകൂടം തന്നെ സ്വന്തം പാർട്ടിയുടെ അധ്യക്ഷനെ തള്ളിപ്പറയുന്നു. മദ്യ വർജ്ജനും നിരോധനവുമെല്ലാം പ്രസംഗിച്ച് ജനപക്ഷയാത്രയുമായി തിരുവനന്തപുരത്ത് വി എം സൂധീരനെത്തുമ്പോൾ എന്താകും സംഭവിക്കുക എന്ന് കൂടി വ്യക്തമാക്കുന്നതാണ് ഈ നിലപാട് വിശദീകരണം.

മദ്യനയത്തിൽ കോടതി തീരുമാനങ്ങൾ അനുകൂലമാക്കി മദ്യ ലോബിക്ക് ഗുണകരമാകുന്ന വിധിയുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സുധീരന്റെ നിലപാട്. അഡ്വക്കേറ്റ് ജനറലാണ് ഇതിന് പിന്നിലെന്നും പറഞ്ഞു. എന്നാൽ സർക്കാരിനെ പ്രത്യക്ഷത്തിൽ സുധീരൻ കുറ്റപ്പെടുത്തിയുമില്ല. ഈ പ്രസ്താവനയുടെ തുടർച്ചയാണ് കേരളത്തിൽ പിന്നീടുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളെല്ലാം. ഈ വിഷയത്തിലാണ് നിയമസഭയിൽ ഔദ്യോഗികമായി തന്നെ എക്‌സൈസ് വകുപ്പ് നിലപാട് വിശദീകരിക്കുന്നത്.

നിയമസഭയിൽ നക്ഷത്ര ചിഹ്നമിടാത്ത ചോദ്യമായി പ്രതിപക്ഷത്തെ കെവി അബ്ദുൾ ഖാദറാണ് ചോദ്യം ഉന്നയിച്ചത്. ബാർ ലൈസൻസുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ്, സംസ്ഥാന അഡ്വക്കേറ്റ് ജനറലിനെതിരെ പരസ്യപ്രസ്താവന നടത്തിയതായി പറയപ്പെടുന്ന വാർത്ത ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ എന്നാണ് ആദ്യ ചോദ്യം. പ്രസ്താവനയിലൂടെ ഉന്നയിച്ച ആക്ഷേപം സംബന്ധിച്ച് അന്വേഷിക്കുകയുണ്ടായോ; അഡ്വക്കേറ്റ് ജനറൽ ഇക്കാര്യത്തിൽ സർക്കാരിന്റെ വിശദീകരണം നൽകിയിട്ടുണ്ടോ എന്നത് രണ്ടാമത്തേതും. ഇതിന് രേഖാമൂലം എക്‌സൈസ് മന്ത്രി കെ ബാബു സഭയിൽ ഉത്തരം നൽകി.

സുധീരന്റെ ആരോപണം ശ്രദ്ധയിൽപ്പെട്ടെന്നും എന്നാൽ യാതൊരു ആക്ഷേപത്തിനും അടിസ്ഥാനമില്ലെന്നും മറുപടി. അതായത് അഡ്വക്കേറ്റ് ജനറലിനെതിരെ സുധീരൻ ഉന്നയിച്ച ആക്ഷേപം സർക്കാർ തള്ളിക്കളയുന്നു. ഒരു അടിസ്ഥാനമില്ലെന്ന് കൂടി എക്‌സൈസ് മന്ത്രി പറയുമ്പോഴാണ് സുധീരനുമായുള്ള ഇക്കാര്യത്തിലെ ഭിന്നത നിഴലിക്കുന്നത്. സർക്കാരുകളെ കുഴയ്ക്കാൻ എല്ലാ കാലത്തും ഇത്തരം ചോദ്യങ്ങൾ പ്രതിപക്ഷം ഉന്നയിക്കാറുണ്ട്. അതിനെല്ലാം തന്ത്രപരമായ മറുപടിയാകും സർക്കാരുകളും നൽകുക. പ്രത്യേകിച്ച് ഭരണത്തിലിരിക്കുന്ന പാർട്ടിയുടെ അധ്യക്ഷനുമായി ബന്ധപ്പെട്ടാകുമ്പോൾ. എന്നാൽ ഇവിടെ കെപിസിസി അധ്യക്ഷനെ പൂർണ്ണമായും തള്ളിക്കളയുകയാണ് കെ ബാബുവെന്ന എക്‌സൈസ് മന്ത്രി.

മദ്യനയത്തിൽ കെപിസിസി അധ്യക്ഷനുമായി പലവട്ടം കെ ബാബു വാക് പയറ്റിലേർപ്പെട്ടിട്ടുണ്ട്. കെപിസിസി അധ്യക്ഷന്റെ വാദങ്ങളെ തകർക്കാൻ പുതിയ വാദങ്ങൾ അവതരിപ്പിച്ചു. അതിനെയെല്ലാം സമർത്ഥമായി പ്രതിരോധിക്കുകയും ചെയ്തു. ജനപക്ഷ യാത്രയിൽ മദ്യനയം ഉയർത്തിയുള്ള സുധീരന്റെ പ്രസംഗങ്ങളും കോൺഗ്രസിലെ എ-ഐ വിഭാഗങ്ങൾക്ക് തീരെ പിടിച്ചിട്ടില്ല. ഇതിന്റെയെല്ലാം പ്രതിഫലനം നിയമസഭയിൽ കെ ബാബു നൽകി മറുപടിയിൽ ഉണ്ട്. സർക്കാരിനെ പ്രതിസന്ധിയിലാക്കാൻ കെപിസിസി പ്രസിഡന്റ് നടത്തിയ പ്രസ്താവനയാണ് അഡ്വക്കേറ്റ് ജനറലിനെതിരായ ആരോപണമെന്ന് പറയാതെ പറയുകയാണ് കെ ബാബു.

പുതിയ മദ്യനയത്തിൽ മാറ്റങ്ങൾ വേണ്ടെന്ന കെപിസിസി അധ്യക്ഷന്റെ വാദത്തെ മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞിട്ടുണ്ട്. പ്രായോഗികതയിൽ ഊന്നിയ സമീപനം ഇക്കാര്യത്തിൽ ഉണ്ടാകുമെന്ന് ഉമ്മൻ ചാണ്ടി വ്യക്തമാക്കുന്നു. കെപിസിസിയിൽ സുധീരന് പഴയ പ്രതാപമില്ല. സംഘടനാ തെരഞ്ഞെടുപ്പോടെ സമവായത്തിലൂടെ വീണ്ടും സുധീരന് പ്രസിഡന്റാകാൻ കഴിയില്ലെന്നും ഇവർ ഉറപ്പാക്കി. ഡിസംബർ 10ന് രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലെ വിശാല എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ മദ്യനയത്തിൽ ചർച്ചകൾക്ക് തുടക്കമിടും.

കോൺഗ്രസിലെ പൊതുവികാരമല്ല സുധീരൻ പ്രതിഫലിപ്പിക്കുന്നതെന്ന് രാഹുൽഗാന്ധിയെ ബാധിപ്പിക്കും. ഇതിലൂടെ മദ്യനയത്തിൽ പൊളിച്ചെഴുത്തും സുധീരന്റെ പുറത്തുപോക്കും ലക്ഷ്യമിടുകയാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും. ഇതിന് രമേശ് ചെന്നിത്തലയുടെ ഐ ഗ്രൂപ്പിന്റെ പിന്തുണയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP