Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിപിഎമ്മുകാർ കൊല്ലാൻ ശ്രമിച്ചത് അഞ്ചു തവണ; കൊല്ലാനെത്തിയ രണ്ടുപേരെ നേരിട്ടറിയാം; 'വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം' കവിത രചിച്ചത് സ്വന്തം തല വെട്ടിയാലുള്ള അനുഭവം മുന്നിൽ കണ്ട്: സിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സി ഉമേഷ് ബാബു

സിപിഎമ്മുകാർ കൊല്ലാൻ ശ്രമിച്ചത് അഞ്ചു തവണ; കൊല്ലാനെത്തിയ രണ്ടുപേരെ നേരിട്ടറിയാം; 'വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം' കവിത രചിച്ചത് സ്വന്തം തല വെട്ടിയാലുള്ള അനുഭവം മുന്നിൽ കണ്ട്: സിപിഎമ്മിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കെ സി ഉമേഷ് ബാബു

കണ്ണൂർ: തിരുവായ്ക്ക് എതിർവാ മൊഴിഞ്ഞാൽ വെട്ടിയരിഞ്ഞു ദൂരേക്ക് കളയുന്ന സിപിഎമ്മുകാർ തന്റെ രക്തത്തിനും വില പറഞ്ഞെന്ന് ഒടുവിൽ കവി കെ സി ഉമേഷ് ബാബു തുറന്നു സമ്മതിച്ചു. കവിയെ കൊന്നുതള്ളാൻ ശ്രമം നടന്നെന്ന് നിരവധി തവണ വാർത്തകൾ വന്നിട്ടും അതിനോടു പ്രതികരിക്കാതിരുന്ന ഉമേഷ് ബാബു ആദ്യമായാണ് പൊതുജനസമക്ഷം കൊലപാതകശ്രമം തുറന്നു പറഞ്ഞത്. നിരവധി തവണ തന്നെ കൊലപ്പെടുത്തുവാൻ ശ്രമം നടന്നുവെന്നും കൊല്ലാൻ വന്നവരിൽ രണ്ടുപേരെ നേരിട്ടറിയാമെന്നും കവിയും ഇടതുപക്ഷ പ്രവർത്തകനുമായ കെ സി ഉമേഷ് ബാബു പൊതുവേദിയിൽ തുറന്നടിച്ചു. 'സ്വന്തം തലയുടെ വെട്ടിവച്ച ചിത്രം' എന്ന പേരിൽ ഉമേഷ് ബാബു എഴുതിയ കവിതാ സമാഹാരത്തിന്റെ പ്രകാശന ചടങ്ങിലാണ് ഉമേഷ് ബാബു തനിക്കെതിരെ നടന്ന കൊലപാതക ശ്രമം ആദ്യമായി തുറന്നു സമ്മതിച്ചത്.

2012 മാർച്ചിനും ഏപ്രിലിനുമിടയിലാണ് ആദ്യമായി വധശ്രമം ഉണ്ടായതെന്ന് രഹസ്യാന്വേഷണ വിഭാഗത്തിലെ പൊലീസുകാർ വിവരം കൈമാറിയപ്പോഴാണ് കൊലപാതകശ്രമം ആദ്യമായറിയുന്നത്. മറ്റു കൊലപാതക കേസുകളിൽ പിടിക്കപ്പെട്ട പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് തന്നെയും വധിക്കാൻ ശ്രമിച്ചെന്ന കാര്യം പുറത്തായത്. തുടർന്ന്
വീട്ടിലും ഓഫീസിലും നിങ്ങൾക്ക് സംരക്ഷണം നൽകേണ്ടത് അത്യാവശ്യമാണെന്ന് പൊലീസ് പല തവണ അറിയിച്ചുവെങ്കിലും ഞാൻ അംഗീകരിച്ചില്ല. പൊലീസ് മൊഴി രേഖപ്പെടുത്തണമെന്ന നിർബന്ധം പിടിച്ചപ്പോൾ തന്നെ കൊല്ലുമെന്ന് പറഞ്ഞുള്ള മൊഴി വായിക്കാൻ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കോപ്പി നൽകാൻ കഴിയില്ലെന്നും വേണമെങ്കിൽ വായിക്കാൻ നൽകാമെന്നും അറിയിച്ചപ്പോഴാണ് ക്വട്ടേഷൻ സംഘത്തിന്റെ ഇംഗിതം ഞാൻ അറിഞ്ഞത്. വിശദാംശങ്ങൾ എല്ലാ വായിച്ചശേഷമാണ് മൊഴി നൽകിയത്. എല്ലാം കെട്ടടങ്ങിയെന്ന് കരുതിയിരിക്കുമ്പോഴാണ് 2014ൽ കേരള ആഭ്യന്തര മന്ത്രി തന്നെ വിളിച്ച് കാര്യത്തിന്റെ ഗൗരവം അറിയിക്കുന്നത്. ഇതിനിടെ താൻ ജോലിചെയ്യുന്ന കണ്ണൂരിലെ ഓഫീസിൽ സുരക്ഷയ്ക്കായി പൊലിീസിനെ നിയോഗിക്കാനുള്ള നിർദ്ദേശത്തെ തുടർന്ന് ഡ്യൂട്ടി വാറന്റുമായി വന്ന പൊലിസുകാരെ മടക്കിയയക്കുകയായിരുന്നുവെന്നും ഉമേഷ് ബാബു ഇരുപതു മിനുട്ട് നീണ്ട പ്രസംഗത്തിൽ പറഞ്ഞു.

പൊലീസ് അഭിപ്രായപ്രകാരം തനിക്കെതിരെ അഞ്ച് കൊലപാതക ശ്രമങ്ങളാണ് നടന്നത്. കൊല്ലാനെത്തിയ രണ്ടുപേരെ തനിക്ക് നേരിട്ടറിയാം. ഈയാഴ്ചയും ഇതേ വിവരം സംസാരിക്കാൻ കേന്ദ്ര ഇന്റലിജൻസിലെ ഒരു ഉദ്യോഗസ്ഥൻ തന്നെ വീട്ടിലെത്തി കണ്ടിരുന്നുവെന്നും 'വെട്ടിവച്ച സ്വന്തം തലയുടെ ചിത്രം' എന്ന കവിതയെഴുതാനുണ്ടായ സാഹചര്യം തനിക്ക് നേരെ നടന്ന കൊലപാതക ശ്രമമാണെന്നും ഉമേഷ് ബാബു വിവരിച്ചു. കൊലപാതക ശ്രമം സംബന്ധിച്ച് പലരും പരിഹാസരൂപത്തിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് കവിത മാദ്ധ്യമമാക്കി ഇതിനെതിരെ പ്രതികരിക്കാൻ തോന്നിയത്. അത്യപൂർവ രോഗം ബാധിച്ച് അടിമുടി ചോരയിൽ കുളിച്ച് ആശുപത്രിയിൽ കിടന്നിട്ടുണ്ടെന്നും എന്റെ മരണം എന്നെ 'ഭയപ്പെടുത്തുന്നില്ലെന്നും സദസ്സിനെ സാക്ഷിയാക്കി പറഞ്ഞ കവി, കൊല്ലാൻ വന്നവർ ഒന്നുകിൽ അവരുടെ രാഷ്ട്രീയബോധം അതല്ലെങ്കിൽ അവർക്ക് കിട്ടികൊണ്ടിരിക്കുന്ന സാമ്പത്തിക നേട്ടം എന്നിവ കണ്ടായിരിക്കാം 'ദൗത്യം' ഏറ്റെടുത്തിരിക്കുന്നതെന്നും പരിഹസിച്ചു. നിസ്സാരന്മാരെ കൊലപ്പെടുത്തിയതുകൊണ്ടു ലോകത്തിന്റെ ഗതി നിലയ്ക്കില്ലെന്ന് മാത്രം ഉറപ്പ് പറയാൻ പറ്റുമെന്ന് പറഞ്ഞാണ് ഉമേഷ് ബാബു പ്രസംഗം അവസാനിപ്പിച്ചത്.

പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ മുൻ സെക്രട്ടറിയും സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗവുമായിരുന്ന ഉമേഷ് ബാബുവിനെ സംഘടനയിൽ നിന്ന് പുറത്താക്കിയത് സാംസ്‌കാരിക കേരളം ഏറെ ചർച്ച ചെയ്തിരുന്നു. പുറത്താക്കിയ നടപടിയെ കവിതയിലൂടെ പരിഹസിച്ചതും ചർച്ചയായി. ടി പി ചന്ദ്രശേഖരൻ വധത്തോടെ സിപിഎമ്മിനെതിരെ കണ്ണൂരിൽ ഒറ്റയാൻ പ്രതിരോധം തീർത്താണ് കെ സി ഉമേഷ് ബാബു നേതൃത്വത്തെ വെല്ലുവിളിക്കുന്നത്. പൊതുമരാമത്ത് വകുപ്പിൽ എൻജിനിയറായിരുന്ന കെ സി ഉമേഷ് ബാബു ഇക്കഴിഞ്ഞ മാർച്ചിൽ വിരമിച്ചതോടെ സിപിഎമ്മിനെതിരെ ആഞ്ഞടിക്കാൻ ഇടതു ബദൽ രാഷ്ട്രീയത്തിൽ സജീവമാകുന്നതിനുള്ള ആദ്യചുവടായാണ് കണ്ണൂരിലെ പ്രസംഗത്തെ വിലയിരുത്തപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP