Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അദ്ധ്യാപകനെ കുടുക്കാൻ സ്‌കൂളുകാർ നടത്തിയതു സിനിമാക്കഥയെ വെല്ലുന്ന കുതന്ത്രങ്ങൾ; ഡോ. കോയയുടെ വ്യാജരേഖയിൽ തലയിൽ നൂലു വച്ചെടുത്ത എക്‌സ്‌റേയും; നിരപരാധിയായ അനീഷിനെ മരണത്തിലേക്കു തള്ളിയിട്ട കള്ളക്കഥകൾ പുറത്താകുന്നു

അദ്ധ്യാപകനെ കുടുക്കാൻ സ്‌കൂളുകാർ നടത്തിയതു സിനിമാക്കഥയെ വെല്ലുന്ന കുതന്ത്രങ്ങൾ; ഡോ. കോയയുടെ വ്യാജരേഖയിൽ തലയിൽ നൂലു വച്ചെടുത്ത എക്‌സ്‌റേയും; നിരപരാധിയായ അനീഷിനെ മരണത്തിലേക്കു തള്ളിയിട്ട കള്ളക്കഥകൾ പുറത്താകുന്നു

എം പി റാഫി

മലപ്പുറം: കോയാസ് ആശുപത്രി എം.ഡി ഡോ. കോയയുടെ അറസ്റ്റോടെ മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂൾ അദ്ധ്യാപകൻ കെ.കെ അനീഷിന്റെ മരണത്തിനു പിന്നിലെ കള്ളക്കഥകൾ പുറത്താകുന്നു. സ്‌കൂൾ മാനേജ്‌മെന്റിന്റെയും അധികൃതരുടെയും അറിവോടെ അദ്ധ്യാപകനെതിരേ ചമച്ച വ്യാജരേഖയുടെ പേരിലായിരുന്നു കോഴിക്കോട് ചെറുവണ്ണൂർ കോയാസ് ആശുപത്രി ഉടമയായ ഡോ. കോയയെ കഴിഞ്ഞ ദിവസം നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച മൂന്നിയൂർ സ്‌കൂൾ അദ്ധ്യാപകന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം വിഴിത്തിരിവിലെത്തിയിരിക്കുകയാണ്.

പ്രദേശത്തെ മുസ്ലിംലീഗ് നേതാവും മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ വി.പി സെയ്തലവി എന്ന കുഞ്ഞാപ്പുവാണ് മൂന്നിയൂർ ഹയർസെക്കണ്ടറി സ്‌കൂളിന്റെ മാനേജർ. എട്ടുവർഷം മുമ്പായിരുന്നു നാദാപുരം എടച്ചേരി സ്വദേശി കെ.കെ അനീഷിന് അദ്ധ്യാപകനായി മൂന്നിയൂർ സ്‌കൂളിൽ പ്രവേശനം ലഭിക്കുന്നത്. സജീവ ഇടതുപക്ഷ പ്രവർത്തകനായ അനീഷ് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ വിവിധ പൊതുവിഷയങ്ങളിൽ ഇടപെട്ട് സ്‌കൂളിൽ ശ്രദ്ധ നേടിയിരുന്നു. ലീഗ് അധീനതയിലുള്ള സ്‌കൂൾ മാനേജ്‌മെന്റിനെതിരേ അദ്ധ്യാപകരോ ജീവനക്കാരോ ആരുംതന്നെ യാതൊരുവിധ പ്രതികരണമോ പ്രതിഷേധമോ നടത്തിയിരുന്നില്ല. ഇടതുപക്ഷ അദ്ധ്യാപക സംഘടനയായ കെ.എസ്.ടി.എ യുടെ യൂണിറ്റ് സെക്രട്ടറിയും പരപ്പനങ്ങാടി ഉപജില്ലാ കമ്മിറ്റി അംഗവുമായിരുന്നു അനീഷ്. ഇതിനാൽ സംഘടനാപ്രവർത്തനങ്ങളിൽ സജീവമായിരുന്നതിന്റെ പേരിൽ അദ്ധ്യാപനജോലിയിൽ പ്രവേശിച്ചതുമുതൽക്കേ അനീഷ് മാനേജ്‌മെന്റിന്റെ കണ്ണിലെ കരടായി മാറിക്കഴിഞ്ഞിരുന്നു.

അനീഷിന്റെ നേതൃത്വത്തിൽ പങ്കാളിത്ത പെൻഷനുമായി ബന്ധപ്പെട്ട് മുപ്പതോളം അദ്ധ്യാപകരെ പങ്കെടുപ്പിച്ച് സ്‌കൂളിൽ വലിയൊരു സമരം സംഘടിപ്പിച്ചിരുന്നു. ഇതോടെ അനീഷിന്റെ നേർക്കുള്ള മാനേജ്‌മെന്റിന്റെ രാഷ്ട്രീയപ്പക ഇരട്ടിയായി. പിന്നീട് അനിഷിന്റെ ഡ്യൂട്ടിയിൽ എന്തെങ്കിലും വീഴ്‌ച്ചയുണ്ടെങ്കിൽ കുടുക്കാൻ അധികൃതരും മാനേജ്‌മെന്റും തക്കം പാർത്തിരുന്നു. ഒടുവിൽ മാനേജ്‌മെന്റിന്റെ തലയിലുദിച്ച ദുഷ്ടബുദ്ധിയായിരുന്നു ആസൂത്രിതമായി നടത്തിയ കള്ളക്കേസ്. അറ്റൻഡർ മുഹമ്മദ് അഷ്‌റഫിനെ ബെഞ്ചിന്റെ കാലു കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു എന്നായിരുന്നു കെ.കെ അനീഷിനെതിരേ ആരോപിച്ച കുറ്റം. ആരോപണം സ്ഥിരീകരിക്കാൻ മാനേജ്‌മെന്റും ഉന്നതരും ഇടപെട്ട് കോയാസ് ആശുപത്രിയിൽനിന്നും വ്യാജ ഡിസ്ചാർജ് ഡയറിയും ആക്‌സിഡന്റ് കം വൂണ്ട് സർട്ടിഫിക്കറ്റും ഉണ്ടാക്കി അദ്ധ്യാപകനെതിരേ നൽകിയ പരാതിന്മേൽ പൊലീസിനു സമർപ്പിക്കുകയായിരുന്നു. ഇതിനെ തുടർന്ന് 2013 ഫെബ്രുവരി എട്ടിന് തിരൂരങ്ങാടി പൊലീസ് അനീഷിനെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് അനീഷിനെ ജോലിയിൽനിന്നും അധികൃതർ പിരിച്ചുവിടുകയായിരുന്നു. ഈ സംഭവത്തോടെ അനീഷ് മാനസികമായി വളരെയധികം തളർന്നിരുന്നതായി സഹാധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. വീട്ടിലെ ഏക വരുമാനമാർഗമടഞ്ഞ ദുഃഖത്തിലായിരുന്നു അനീഷ്. നിരപരാധിത്വം ബോധ്യപ്പെടുത്തി സ്‌കൂളിൽ തിരികെക്കയറാൻ ശ്രമിക്കുമ്പോൾ വീണ്ടും സ്‌കൂൾ അധികൃതരിൽനിന്നു പീഡനങ്ങൾ തുടർന്നുകൊണ്ടിരുന്നു. അവസാനം 2014 സെപ്റ്റംബർ മാസം രണ്ടിന് മലമ്പുഴയിലെ ലോഡ്ജ് മുറിയിൽ അനീഷിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

അനീഷിനെ പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായി മാനേജ്‌മെന്റിനുവേണ്ടി കോയാസ് ആശുപത്രി എം.ഡി നിർമ്മിച്ചുകൊടുത്ത വ്യാജരേഖയായിരുന്നു നിരപരാധിയായ അദ്ധ്യാപകന്റെ ജീവൻ നഷ്ടമാകുന്നതിലേക്ക് എത്തിച്ചത്. അനീഷ് മർദിച്ചതിനെ തുടർന്ന് അറ്റൻഡർ മുഹമ്മദ് അഷ്‌റഫിന്റെ തലയിൽ മൂന്നു സെന്റീ മീറ്റർ നീളവും രണ്ടു സെന്റീ മീറ്റർ വീതിയും ഒരു സെന്റീ മീറ്റർ ആഴവുമുള്ള മുറിവുണ്ടെന്നും ഇതിനുപുറമെ തലയോട്ടിയിൽ മാരകമായി മുറിവേറ്റിട്ടുണ്ടെന്നുമായിരുന്നു ഡോ.കോയ നൽകിയ വൂണ്ട് സർട്ടിഫിക്കറ്റിൽ കുറിച്ചിരുന്നത്. എന്നാൽ അനീഷ് മർദിച്ചെന്നു പറയപ്പെടുന്ന ദിവസം അഷ്‌റഫിന് മർദനമേൽക്കുന്നത് ഉച്ചക്ക് 12 നാണ്. മഞ്ചേരി സ്വദേശിയായ അഷ്‌റഫ് ഈ ദിവസം സ്‌കൂൾവിട്ടു വീട്ടിലെത്തിയ ശേഷം രാത്രിയിലാണ് കോഴിക്കോട്ടുള്ള കോയാസ് ആശുപത്രിയിൽ ചികിത്സ തേടുന്നത്. ഡോക്ടർ കോയയടെ റിപ്പോർട്ട് പ്രകാരം ഇത്തരത്തിൽ പരിക്ക് പറ്റിയ ആളുടെ ശരീരത്തിൽ ഇത്രയും മണിക്കൂർ ജീവൻ നിലനിൽക്കില്ലെന്നു പൊലീസ് നടത്തിയ അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മാത്രമല്ല സ്‌കൂളിനു തൊട്ടടുത്തുള്ള തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കാതെ അടുത്ത ജില്ലയിലുള്ള കോയാസ് ആശുപത്രിയിൽ മർദനമേറ്റയാളെ എന്തിനെത്തിച്ചു എന്നതിനു പിന്നിലും മാനേജ്‌മെന്റും ആശുപത്രി ഉടമയും തമ്മിലുള്ള തിരക്കഥയാണ് വ്യക്തമാക്കുന്നത്.

അനീഷിന്റെ പിതാവ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിച്ച പരാതിയും മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലുമായിരുന്നു ഡോ. കോയയുടെ അറസ്റ്റിൽ കലാശിച്ചത്. മനുഷ്യാവകാശ കമ്മീഷന്റെ മെഡിക്കൽ ബോർഡ് നടത്തിയ സി.ടി സ്‌കാൻ പരിശോധനയിൽ അഷ്‌റഫിനു പരിക്കേറ്റിട്ടില്ലെന്നും മെഡിക്കൽ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേസിൽ പുനരന്വേഷണം നടത്താൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടതോടെ ഇതിനായി പൊലീസ് പരപ്പനങ്ങാടി കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ നല്ലളം പൊലീസ് അഷ്‌റഫിനെ കോഴിക്കോട് ബീച്ച് ആശുപത്രിയൽ പരിശോധിപ്പിച്ചത്. തുടർന്ന് ഇയാളുടെ ദേഹത്ത് മുറിവുകളില്ലെന്ന് വ്യക്തമായതോടെ വ്യജ സർട്ടിഫിക്കറ്റ് നൽകിയ ഡോക്ടർ കോയയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അഷ്‌റഫിന്റെ തലയിൽ മുറിവേറ്റിട്ടുണ്ടെന്നുവരുത്താൻ മുറിവ് തുന്നിക്കെട്ടാനുപയോഗിക്കുന്ന നൂല് നീളത്തിൽ പലയിടത്തു കെട്ടിട്ടു തലയിൽ വച്ച ശേഷമായിരുന്നുവേ്രത ഡോ.കോയ ഇയാളെ എക്‌സറേക്ക് വിധേയനാക്കിയിരുന്നത്. ഈ എക്‌സറേ റിപ്പോർട്ട് സമർപ്പിച്ചായിരുന്നു അനീഷിനെതിരേ കേസെടുപ്പിച്ച് സ്‌കൂളിൽനിന്നു പുറത്താക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP