Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202411Saturday

വിമാനത്തിൽ ഉറങ്ങിയ എയർഹോസ്റ്റസിന്റെ വീഡിയോ ഫേസ്‌ബുക്കിലിട്ട് സോഷ്യൽ മീഡിയയുടെ പൊങ്കാല ഇരന്നു വാങ്ങിയത് പൊതുപ്രവർത്തകൻ കെ എം ബഷീർ; വർക്കല സ്വദേശിയായ എയർഹോസ്റ്റസ് പരാതി നൽകിയതും പൊലീസ് കേസ് എടുത്തതും കാരന്തൂർ സ്വദേശിയായ സലീമിനെതിരെ..! ആകാശത്തിലെ ഫോട്ടോയെടുപ്പ് വിവാദം വഴിത്തിരിവിൽ

വിമാനത്തിൽ ഉറങ്ങിയ എയർഹോസ്റ്റസിന്റെ വീഡിയോ ഫേസ്‌ബുക്കിലിട്ട് സോഷ്യൽ മീഡിയയുടെ പൊങ്കാല ഇരന്നു വാങ്ങിയത് പൊതുപ്രവർത്തകൻ കെ എം ബഷീർ; വർക്കല സ്വദേശിയായ എയർഹോസ്റ്റസ് പരാതി നൽകിയതും പൊലീസ് കേസ് എടുത്തതും കാരന്തൂർ സ്വദേശിയായ സലീമിനെതിരെ..! ആകാശത്തിലെ ഫോട്ടോയെടുപ്പ് വിവാദം വഴിത്തിരിവിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിമാനത്തിൽ ഉറങ്ങിയ എയർഹോസ്റ്റസിന്റെ വീഡിയോ ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ സോഷ്യൽ മീഡിയയുടെ പൊങ്കാല ഏറ്റുവാങ്ങുകയാണ് പ്രവാസികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യപ്രവർത്തകൻ കെ എം ബഷീർ. താൻ വീഡിയോ പോസ്റ്റ് ചെയ്തതിൽ യാതൊരു തെറ്റുമില്ലെന്ന് ആവർത്തിച്ച് സ്വന്തം നായീകരിച്ച് രംഗത്തെത്തിയ ബഷീർ കടുത്ത വിമർശനമാണ് ഏറ്റുവാങ്ങുന്നത്. എന്നാൽ, അതിനിടെ വിവാദമായ സംഭവത്തിൽ ഒരു വിഴിത്തിരിവും സംഭവിച്ചു. എയർഹോസ്റ്റസിന്റെ പരാതിയിൽ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ, വീഡിയോ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത കെ എം ബഷീറിനെതിരെയല്ല വർക്കല സ്വദേശിനിയായ എയർഹോസ്റ്റസ് പരാതി നൽകിയിരിക്കുന്നത്. വിഷയത്തിലേക്ക് മൂന്നാമൊരു കക്ഷിയാണ് പങ്കാളിയായത്.

കാരന്തൂർ സ്വദേശിയായ സലീമിനെതിരെയാണ് എയർഹോസ്റ്റസ് പരാതി നൽകിയത്. പൊതുസ്ഥലത്ത് സ്ത്രീകളെ അവഹേളിക്കുന്ന രീതിയിൽ പെരുമാറിയതിന് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കേരള പൊലീസ് ആക്ട് 119ാം വകുപ്പ് പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. വിഷയത്തൽ നടക്കാവ് പൊലീസ് കേസെടുത്ത ശേഷം അന്വേഷണം നടത്താനായി കരിപ്പൂർ പൊലീസിന് കൈമാറുകയായിരുന്നു. അതേസമയം, സംഭവം മൊബൈലിൽ പകർത്തിയതും ഡ്യൂട്ടിക്കിടെ ഉറങ്ങുന്നതിനെ വിമർശിച്ച് പോസ്റ്റിട്ടതും മലബാർ ഡെവലപ്‌മെന്റ് ഫോറം ചെയർമാനും ഗൾഫ് മലയാളിയുമായ കെ.എം. ബഷീറാണെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ സമ്മതിച്ചിരിക്കുന്നത്. ഇതോടെ ഈ സംഭവത്തിന് പിന്നിൽ മറ്റുചില ദുരൂഹതകളു ഉയരുന്നുണ്ട്.

കെ എം ബഷീർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സലീമും ഷെയർ ചെയ്തിരുന്നു. ഈ വ്യക്തിക്കെതിരെയാണ് യുവതി ഷെയർ ചെയ്തത്. മാർച്ച് 27ന് രാത്രി 9.20ന് ദുബൈയിൽനിന്ന് കരിപ്പൂരിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്. പിന്നിലെ വാതിലിനും ബാത്‌റൂമിനുമടുത്ത ഭാഗത്ത് സീറ്റിൽ ബ്‌ളാങ്കറ്റു പുതച്ചാണ് എയർഹോസ്റ്റസ് ഉറങ്ങിയത്. ഈ വീഡിയോ താൻ പകർത്തിയെന്ന വിധത്തിലാണ് കെ എം ബഷർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ വീഡിയോ സഹിതം ബഷീർ എയർ ഇന്ത്യക്ക് പരാതി നൽകിയിരുന്നു. പിന്നീട് യുവതിയുടെ സമ്മതമില്ലാതെ അവഹേളിക്കുന്ന കുറിപ്പോടുകൂടി വിഡിയോ ദൃശ്യം അദ്ദേഹം പുറത്തുവിടുകയും ചെയ്തു. ഫേസ്‌ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ബഷീറിന്റെ വീഡിയോ പുറത്തായതോടെ സോഷ്യൽ മീഡിയയിൽ കടുത്ത എതിർപ്പുമുണ്ടായി.

തിരുവനന്തപുരം ജില്ലയിലെ വർക്കല സ്വദേശിനിയാണ് ബഷീറിന്റെ അധിക്ഷേപത്തിന് ഇരയായ എയർഹോസ്റ്റസ്. കോഴിക്കോട്ടെ കോട്ടുളിയിലാണ് ഇവരുടെ താമസം. ഇക്കഴിഞ്ഞ ഓഗസ്റ്റ് 16നാണ് നടക്കാവ് പൊലീസിൽ പരാതിപ്പെട്ടത്. സംഭവം നടന്നത് കരിപ്പൂർ പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ കേസ് അവിടേക്ക് കൈമാറിയതായി നടക്കാവ് എസ്.ഐ ജി. ഗോപകുമാർ അറിയിച്ചു. കേസ് ഫയൽ ലഭിച്ചാൽ തുടർനടപടി സ്വീകരിക്കുമെന്ന് കരിപ്പൂർ എസ്.ഐ പി. സദാനന്ദൻ പറഞ്ഞു.

അനുമതിയില്ലാതെ സ്ത്രീയുടെ വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തതിന് എതിരെ കെ എം ബഷീറിനെതിരെ കടുത്ത വിമർശനം മുറുകുമ്പോൾ താൻ തെറ്റുകാരനല്ലെന്നാണ് ബഷീർ വാദിക്കുന്നത്. 50,000 അടി ഉയരത്തിൽ നടന്ന സംഭവമായതിനാൽ പൊലീസിന് കേസെടുക്കാൻ അധികാരമില്ലെന്നാണ് തനിക്ക് നിയമോപദേശം കിട്ടിയത്. ഡി.ജി.സി.എക്ക് മാത്രമേ ഇതിൽ നിയമനടപടികൾ സ്വീകരിക്കാനാവൂ. ഇവിടെ പൊലീസും എയർഹോസ്റ്റസും പുലിവാൽ പിടിച്ചേക്കുമെന്നാണ് പോസ്റ്റ്. അതിനുള്ള കാരണങ്ങളും വിശദീകരിക്കുന്നുണ്ട്. മലബാർ ഡവലപ്‌മെന്റ് ഫോറം ചെയർമാനാണ് ബഷീർ.

വായുവിൽ സഞ്ചരിക്കവെ നിയമങ്ങൾ ബാധകമല്ലെന്ന് പറയുന്നത് ശുദ്ധമണ്ടത്തരമാണെന്ന വാദമുയർത്തിയാണ് ബഷീറിനെതിരെ പുതിയ വിമർശനങ്ങൾ ഉയരുന്നത്. സ്ത്രീയുടെ അനുമതിയില്ലാതെ വീഡിയോ എടുത്തതിന്റെ പേരിലുള്ള കേസിൽ ഇപ്പോൾ ബഷീർ താൻതന്നെ വീഡിയോ എടുത്തുവെന്ന് സമ്മതിച്ച സാഹചര്യത്തിൽ ഇനി എയർഹോസ്റ്റസിന് ശിക്ഷ ലഭിച്ചാൽപോലും ബഷീറിനെതിരെ നിയമനടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്.

വിമാനയാത്രയ്ക്കിടെ ഉണ്ടാകുന്ന ഒരു സംഭവത്തിൽ ഇന്ത്യൻ നിയമം ബാധകമാകുന്നത് ഇങ്ങനെയാണ്. ഇന്ത്യൻ പീനൽകോഡ് മൂന്നും നാലും സെക്ഷനുകളിൽ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഇന്ത്യൻ പൗരനായ ഒരാൾ ഇന്ത്യയുടെ പരിധിക്കു പുറത്തുവച്ചോ വിമാനത്തിലോ കപ്പലിലോ വച്ചോ ചെയ്യുന്ന ഏതൊരു കുറ്റകൃത്യത്തിനും ഇന്ത്യൻ നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരും.

രാജ്യത്തിന് പുറത്തുവച്ചോ കപ്പൽ, വിമാനം എന്നിവയിലെ യാത്രയ്ക്കിടയിലോ ഇത്തരത്തിൽ കുറ്റകൃത്യം നടത്തിയാൽ അയാൾ ഇന്ത്യൻ പൗരനാണെങ്കിൽ ഇന്ത്യൻ നിയമപ്രകാരമുള്ള കുറ്റം ചുമത്തപ്പെടുമെന്നും ഇന്ത്യൻ നിയമത്തിൽ വ്യവസ്ഥചെയ്തിട്ടുണ്ട്. അതിനാൽത്തന്നെ സ്ത്രീയുടെ അനുവാദമില്ലാതെ ഷാർജകോഴിക്കോട് വിമാനത്തിൽ വച്ച് എയർഹോസ്റ്റസിന്റെ ചിത്രമെടുത്തതിനും അത് സോഷ്യൽ മീഡിയയിൽ പങ്കുവച്ചതിനുമെല്ലാം സ്ത്രീപീഡനത്തിന്റെ പരിധിയിൽവരുന്ന കുറ്റങ്ങൾക്ക് പരാതിപ്രകാരം കേസെടുക്കാനാകുമെന്നും ഇതാണ് നടക്കാവ് പൊലീസ് ചെയ്തതെന്നും ബന്ധപ്പെട്ടവർ പറയുന്നു.

ഇന്ത്യൻ ശിക്ഷാനിയമത്തിൽ 188ാം വകുപ്പനുസരിച്ച് ഇക്കാര്യം കുറച്ചുകൂടി വ്യക്തമാണ്. ഒരു ഇന്ത്യൻ പൗരൻ ഇന്ത്യക്ക് പുറത്തുവച്ചോ ഇന്ത്യയിൽ രജിസ്റ്റർചെയ്ത കപ്പൽ, എയർക്രാഫ്റ്റ് എന്നിവയിൽവച്ചോ എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയോ ചെയ്യാൻ ശ്രമിക്കുകയോ ചെയ്താൽ ഇന്ത്യയ്ക്ക് അകത്തുവച്ച് ആ കുറ്റം ചെയ്തതുപോലെ തന്നെ പരിഗണിക്കണമെന്ന് പ്രത്യേകം ഇതിൽ നിഷ്‌കർഷിച്ചിട്ടുണ്ട്. എയർക്രാഫ്റ്റുകളിൽ വച്ചുണ്ടാകുന്ന കുറ്റകൃത്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ടോക്കിയോ കൺവെൻഷനിലും അന്താരാഷ്ട്ര തലത്തിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വിമാനമോ കപ്പലോ ഏതു രാജ്യത്താണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് അവിടെയുള്ള നിയമപ്രകാരം കേസെടുക്കാമെന്നാണ് ചട്ടത്തിൽ പറയുന്നത്.

വിമാനത്തിലെ ഒരു യാത്രക്കാരൻ മാത്രമായിരുന്ന ബഷീറിന് എയർഹോസ്റ്റസിന്റെ വ്യക്തിപരമായ കാര്യത്തിൽ തലയിടാൻ എന്തവകാശമെന്ന ചോദ്യമാണ് ഉയരുന്നത്. അതിനാൽത്തന്നെ ഡ്യൂട്ടിക്കിടെ എയർഹോസ്റ്റസ് ഉറങ്ങിയോ എന്ന പ്രശ്‌നത്തിലുപരി അവരുടെ വീഡിയോ അനുവാദമില്ലാതെ ഷൂട്ട് ചെയ്യുകയും അത് പരാതിനൽകാൻ ഉപയോഗിക്കുകയും സോഷ്യൽ മീഡിയയിൽ നൽകുകയും ചെയ്തതിന്റെ പേരിൽ ബഷീറിനെതിരെ നടപടി ഉറപ്പാകുകയാണ്. അതേസമയം തന്നെ വീഡിയോയുമായി ബന്ധപ്പെട്ട ചില വിവാദങ്ങളും ഉടലെടുത്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP