Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജിവയ്ക്കാൻ ഇടയായ സാഹചര്യം ഇല്ലാതായാൽ കെ എം മാണി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉമ്മൻ ചാണ്ടിക്കു പ്രത്യാശ; വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിക്കാതെ അധികാരത്തിൽ തിരികെ വരാൻ മാണിക്കു കഴിയില്ല

രാജിവയ്ക്കാൻ ഇടയായ സാഹചര്യം ഇല്ലാതായാൽ കെ എം മാണി അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉമ്മൻ ചാണ്ടിക്കു പ്രത്യാശ; വിജിലൻസ് റിപ്പോർട്ട് കോടതി അംഗീകരിക്കാതെ അധികാരത്തിൽ തിരികെ വരാൻ മാണിക്കു കഴിയില്ല

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബാർകോഴക്കേസിൽ വിജിലൻസ് ക്ലീൻ ചിറ്റു നൽകിയ റിപ്പോർട്ടു പുറത്തുവന്നതോടെ അടുത്ത ബജറ്റ് അവതരിപ്പിക്കാൻ കെ എം മാണി തന്നെ ധനമന്ത്രിസ്ഥാനത്ത് ഉണ്ടാകുമെന്നാണു രാഷ്ട്രീയ നേതാക്കളുടെ വിലയിരുത്തൽ. എന്നാൽ, കോടതി നടപടികൾ പൂർത്തിയാകാതെ വരാനിരിക്കുന്ന നിയമസഭാസമ്മേളനത്തിൽ ബജറ്റ് അവതരണത്തിനു കെ എം മാണിക്കു കഴിയില്ലെന്നാണു നിയമവിദഗ്ദ്ധർ വിലയിരുത്തുന്നത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കേരള കോൺഗ്രസ് നേതാക്കളും കെ എം മാണി ഉടൻ തന്നെ തിരികെ മന്ത്രിയായേക്കുമെന്ന തരത്തിലാണു പ്രസ്താവന നടത്തിയിട്ടുള്ളത്. ബാർ കോഴക്കേസിൽ കേരള കോൺഗ്രസ് നേതാവിനു ക്ലീൻ ചിറ്റ് നൽകി വിജിലൻസ് രംഗത്തെത്തിയതോടെയാണ് വീണ്ടും അധികാരത്തിലേറുമെന്ന സൂചന രാഷ്ട്രീയനേതാക്കൾ നൽകിയത്.

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇന്നു നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം സൂചിപ്പിക്കുകയും ചെയ്തു. രാജിവയ്ക്കാനിടയായ സാഹചര്യം ഇല്ലാതായാൽ മാണി തിരിച്ചെത്തുമെന്നു ഉമ്മൻ ചാണ്ടി വ്യക്തമാക്കി. മാണി തിരിച്ചുവരുമെന്നു തന്നെയല്ലേ മുൻപ് താൻ പറഞ്ഞതെന്നും മുഖ്യമന്ത്രി ചോദിച്ചു.

എന്നാൽ, 'സീസറിന്റെ ഭാര്യ' കുടുക്കിയതോടെ അധികാരം വിട്ടൊഴിയേണ്ടി വന്ന കെ എം മാണിക്കു ബജറ്റിനു മുമ്പു തന്നെ ധനമന്ത്രിസ്ഥാനത്തേക്കു തിരിച്ചെത്താനുള്ള കടമ്പകൾ അത്ര എളുപ്പമാകില്ല. വിജിലൻസിന്റെ റിപ്പോർട്ടു കോടതിയുടെ അംഗീകാരത്തിനായി സമർപ്പിക്കുകയും അതിനു കോടതി അംഗീകാരം നൽകുകയും ചെയ്താലേ നിലവിലെ സാഹചര്യത്തിനു മാറ്റമുണ്ടാകൂ. കോടതി ഈ റിപ്പോർട്ടു തള്ളിക്കളയുകയാണെങ്കിൽ രാജിവയ്ക്കാനിടയായ സാഹചര്യം തന്നെ വീണ്ടും ഉരുത്തിരിയും. അങ്ങനെയെങ്കിൽ ഇപ്പോൾ അധികാരത്തിലേറിയാൽ വീണ്ടും ധാർമികതയുടെ പേരിൽ വീണ്ടും രാജിവയ്‌ക്കേണ്ട അവസ്ഥയാകും ഉണ്ടാകുക. നിയമവശങ്ങൾ മുഴുവൻ പരിശോധിച്ചശേഷമാകും ഇക്കാര്യത്തിൽ തുടർനടപടികൾ കൈക്കൊള്ളുക.

ഹൈക്കോടതി ജഡ്ജി നടത്തിയ പരാമർശത്തെ തുടർന്നാണു മന്ത്രിയായിരുന്ന കെ എം മാണി രാജിവച്ചത്. 'സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായിരിക്കണം' എന്നതാണ് അതിൽ പ്രധാനം. കേരള ചരിത്രത്തിൽതന്നെ ആദ്യമായിട്ടാകും ഒരു ഹൈക്കോടതി ജഡ്ജി ഇത്തരം ഒരു പരാമർശം നടത്തിയിട്ടുണ്ടാകുക.

കെ എം മാണി മന്ത്രിയായി തുടരുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുമെന്നാണ് ജസ്റ്റിസ് കമാൽ പാഷ പറഞ്ഞത്. അതിലും രസകരമായിരുന്നു കോടതിയുടെ മറ്റ് ചില പരാമർശങ്ങൾ. കെ എം മാണി മന്ത്രിയായി തുടരുന്നതിലെ അസ്വാഭാവികത തന്നെയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. കെ എം മാണി രാജിവയ്ക്കണോ എന്നത് അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് തീരുമാനിക്കാം എന്ന് കൂടി കോടതി പറഞ്ഞതോടെയാണു രാജിയിലേക്കു കാര്യങ്ങൾ എത്തിച്ചത്.

ബാർ കോഴക്കേസിൽ ഹൈക്കോടതി ഭാഗത്തു നിന്നുണ്ടായ 'സീസറിന്റെ ഭാര്യ' പരാമർശം സോഷ്യൽ മീഡിയയും ഏറ്റുപിടിച്ചിരുന്നു. സീസറിന്റെ ഭാര്യ ഇതിന് മുമ്പും കേരള രാഷ്ട്രീയത്തിൽ ചർച്ചയായിട്ടുണ്ട്. അതിന് കാരണക്കാരൻ മാണിയായിരുന്നു. അതേ വ്യക്തി സീസറിന്റെ ഭാര്യ വിഷയത്തിൽ തന്നെ രാജിവച്ചു എന്ന പ്രത്യേകതയും ബാർ കോഴക്കേസിലുണ്ടായി.

ഹൈക്കോടതി ജഡ്ജി കമാൽ പാഷ ബാർകോഴക്കേസിന്റെ വിധിന്യായത്തിൽ മാണിയുടെ റോളിനെപ്പറ്റി പറയുമ്പോഴാണ് ഷേക്‌സ്പിയറുടെ പ്രസിദ്ധമായ സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണമെന്ന പ്രയോഗം ഉദ്ധരിച്ചത്. ഇതേ പ്രയോഗമാണ് കെ.എം.മാണി 34 വർഷംമുമ്പ് സി അച്യുതമേനോനെതിരെ ഉപയോഗിച്ചത്. അതേ പ്രയോഗം മാണിയുടെ രാഷ്ട്രീയ ജീവിതത്തിനു തന്നെ അന്ത്യം കുറിക്കും വിധത്തിിലായിരുന്നു വിധിന്യായത്തിൽ ചേർക്കപ്പെട്ടിരുന്നത്.

ബോണാ ദേയാ എന്ന പെരുന്നാളിനോടനുബന്ധിച്ച് സ്ത്രീകൾക്ക് മാത്രമായി പോമ്പീ ഒരു വിരുന്നു സൽക്കാരം നടത്തി. ഈ വിരുന്നിൽ ഒരു യുവാവ് സ്ത്രീയുടെ വേഷം കെട്ടി പങ്കെടുത്തു. ഇത് നാട്ടിൽ പാട്ടാകുകയും, ആ യുവാവ് പോമ്പീയുടെ ജാരനാണെന്ന് ജനസംസാരം ഉണ്ടാവുകയും ചെയ്തു. ഇതിനെതുടർന്നാണ് സീസർ പോമ്പീയുമായുള്ള വിവാഹബന്ധം വേർപെടുത്തിയത്. വെറും ഒരു സംശയത്തിന്റെ പേരിൽ വിവാഹബന്ധം വിഛേദിക്കുന്നതു ശരിയാണോ എന്ന ചോദ്യത്തിന് സീസർ ഏറെ പ്രസിദ്ധമായ ഒരു മറുപടി കൊടുത്തു: 'സീസറിന്റെ ഭാര്യ സംശയങ്ങൾക്ക് അതീതയായിരിക്കണം. ഷെയ്ക്‌സ്പീയറിന്റെ നാടകത്തിലെ ഈ വാചകങ്ങൾ സൂപ്പർ ഹിറ്റായി. അതൊരു പ്രയോഗവുമായി.

ഉന്നതസ്ഥാനത്തിരിക്കുന്നവർ സംശയാതീതരായി പ്രവർത്തിക്കണമെന്ന അർഥത്തിലാണ് ഈ പ്രയോഗം. സ്‌പെക്ട്രം അഴിമതിക്കേസിൽ സംയുക്ത പാർലിമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഹാജരാകണമെന്ന ആവശ്യം വന്ന സമയത്ത് മന്മോഹൻ സിംഗിനെതിരെയും ഈ പ്രയോഗം ഉയർന്നിരുന്നു.

ഇപ്പോൾ വിജിലൻസ് തുടരന്വേഷണത്തിനായി തെളിവില്ലയെന്നു പറഞ്ഞതോടെ കെ എം മാണി തിരികെ അധികാരത്തിലെത്തുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. വിജിലൻസിന്റേത് ആശ്വാസകരമായ റിപ്പോർട്ടാണെന്നു കേരള കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ട്.

കേരളത്തിന്റെ ധനമന്ത്രിയായി അടുത്ത സംസ്ഥാന ബജറ്റ് കെ.എം.മാണി അവതരിപ്പിക്കുമെന്ന്‌ ആന്റണി രാജു പറഞ്ഞു. പാർട്ടിക്ക് ഏറെ ആശ്വാസകരമായ റിപ്പോർട്ടാണിത്. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിജിലൻസ് പറഞ്ഞത് തെളിവ് കണ്ടെത്താൻ സാധിച്ചില്ലെന്നാണെന്നു വി എസ് സുനിൽ കുമാർ എംഎൽഎ പ്രതികരിച്ചു. അതിനർഥം തെളിവില്ല എന്നല്ല. കേസ് സിബിഐ അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വിജിലൻസിന്റെ റിപ്പോർട്ടിൽ വിശ്വാസമില്ലെന്നും എംഎൽഎ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP