Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പഞ്ചിങ് നിർബന്ധമാക്കുന്ന വിഷയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിച്ച് വനം മന്ത്രി കെ.രാജു; കൂട്ടായി ആലോചിച്ചു നിലപാടെടുക്കാമെന്ന കാനത്തിന്റെ നിർദ്ദേശം വനംമന്ത്രി ലംഘിച്ചു; മന്ത്രിയുടെ നിലപാടുകൾ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവോ മറ്റ് പാർട്ടി മന്ത്രിമാരോടോ ആലോചിക്കാതെ; ഇസ്മയിൽ പക്ഷക്കാരനായ കെ രാജുവിന്റെ ഒറ്റയാൻ നീക്കത്തിന് പിന്നിൽ ഇ ചന്ദ്രശേഖരനോടുള്ള എതിർപ്പെന്ന് സൂചന

മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്ക് പഞ്ചിങ് നിർബന്ധമാക്കുന്ന വിഷയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിച്ച് വനം മന്ത്രി കെ.രാജു; കൂട്ടായി ആലോചിച്ചു നിലപാടെടുക്കാമെന്ന കാനത്തിന്റെ നിർദ്ദേശം വനംമന്ത്രി ലംഘിച്ചു; മന്ത്രിയുടെ നിലപാടുകൾ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവോ മറ്റ് പാർട്ടി മന്ത്രിമാരോടോ ആലോചിക്കാതെ; ഇസ്മയിൽ പക്ഷക്കാരനായ കെ രാജുവിന്റെ ഒറ്റയാൻ നീക്കത്തിന് പിന്നിൽ ഇ ചന്ദ്രശേഖരനോടുള്ള എതിർപ്പെന്ന് സൂചന

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫുകൾക്കും പഞ്ചിങ് നിർബന്ധമാക്കുന്ന വിഷയത്തിലും സ്വതന്ത്ര നിലപാട് സ്വീകരിച്ച് വനം മന്ത്രി കെ.രാജു.

പേഴ്‌സണൽ സ്റ്റാഫിനെയും പഞ്ചിങ്ങിൽ ഉൾപ്പെടുത്തണം എന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശത്തിൽ കൂട്ടായി ആലോചിച്ചു നിലപാടെടുക്കാമെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിർദ്ദേശം. ഈ ധാരണയും കെ രാജു ലംഘിച്ചു. പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് റവന്യു മന്ത്രി ഇ ചന്ദ്രശേഖരനുമായോ മറ്റ് പാർട്ടി മന്ത്രിമാരുമായോ ആലോചിക്കാതെ പഞ്ചിങ് വിഷയത്തിൽ നിലപാട് അറിയിച്ചുകൊണ്ട് മന്ത്രി രാജു മുഖ്യമന്ത്രിക്ക് കത്ത് നൽകി.

ഒപ്പം യാത്ര ചെയ്യുന്ന അഡിഷണൽ പി.എ, മണ്ഡലത്തിലെ കാര്യങ്ങൾ നോക്കുന്ന പി.എ, ഡ്രൈവർ, കുക്ക് എന്നിവരെ പഞ്ചിങ്ങിൽ നിന്ന് ഒഴിവാക്കണം എന്നാണ് വനം മന്ത്രി രാജുവിന്റെ ആവശ്യം. പഞ്ചിങ് വിഷയത്തിലെ സിപിഐ സമീപനത്തിന്വിരുദ്ധമാണ് രാജുവിന്റെ നിലപാട്. സമയം നോക്കാതെ ജോലി ചെയ്യേണ്ടി വരുന്ന പെഴ്‌സണൽ സ്റ്റാഫിന് പഞ്ചിങ് നിർബന്ധം ആക്കരുതെന്നാണ് മറ്റ് സിപിഐ മന്ത്രിമാരുടെ അഭിപ്രായം. സിപിഎം മന്ത്രിമാരിൽ ഭൂരിപക്ഷത്തിനും ഇതിനോട് യോജിപ്പുമാണ്. ഇതിനിടെയാണ് രാജു സ്വന്തം നിലക്ക് തീരുമാനം എടുത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്കിയത് .

പാർട്ടി തീരുമാനം ലംഘിച്ച് ഒറ്റയ്ക്ക് തീരുമാനം എടുക്കുന്ന വനംമന്ത്രിയുടെ നടപടി ഇത് ആദ്യമല്ലെന്നാണ് സിപിഐ നേതാക്കൾ പറയുന്നത്. നീലകുറിഞ്ഞി ഉദ്യാന മേഖല സന്ദർശിക്കാൻ പോയ മന്ത്രിതല സമിതിയിൽ അംഗമായിരുന്ന മന്ത്രി രാജു അക്കാര്യത്തിലും പൊതു ധാരണക്ക് വിരുദ്ധമായി പ്രവർത്തിച്ചു എന്ന് പരാതിയുണ്ട്. വനം വകുപ്പ് മന്ത്രി എന്ന നിലയിലുള്ള അഭിപ്രായവും നിർദ്ദേശങ്ങളും സമിതിയെ നയിച്ച റവന്യൂ മന്ത്രിയെ ഏല്പിക്കണം എന്നായിരുന്നു ധാരണ.

വൈദ്യുതി മന്ത്രി എം.എം മണിയുടെ റിപ്പോർട്ട് കൂടി ലഭിച്ച ശേഷം എല്ലാം കൂടി റവന്യൂ മന്ത്രിക്ക് കൈമാറാനിരിക്കെ മന്ത്രി കെ.രാജു നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. അതും ഉദ്യാനവുമായി ബന്ധപ്പെട്ട് സിപിഐ സ്വീകരിച്ചിരിക്കുന്ന നിലപാടിനോട് പൂർണമായി യോജിക്കുന്നതായിരുന്നില്ല. ഇപ്പോൾ പഞ്ചിങ് വിഷയത്തിലും പൊതുധാരണക്ക് വിരുദ്ധമായി പ്രവർത്തിച്ച മന്ത്രി രാജുവിനെതിരെ സിപിഐ നേതൃത്വത്തിലും പാർട്ടി മന്ത്രിമാർക്കിടയിലും കടുത്ത വിമർശനമുണ്ട് .

സിപിഐയിലെ ചേരിതിരിവിൽ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ ഇസ്മയിലിന് ഒപ്പം നിൽക്കുന്ന ആളാണ് പുനലൂർ എംഎൽഎ ആയ കെ.രാജു. കാനംരാജേന്ദ്രനോട് അടുപ്പം പുലർത്തുന്ന നിയമസഭ കക്ഷി നേതാവ് ഇ ചന്ദ്രശേഖരനോടുള്ള എതിർപ്പാണോ രാജുവിന്റെ ഒറ്റയാൻ നീക്കത്തിന് പിന്നിലെന്ന് സംശയം ഉയർന്നിട്ടുണ്ട് .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP