Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വെടിയുണ്ട പോയിട്ട് അതിന്റെ ഒരു താരോ തരിമ്പോ ഇ പി ജയരാജന്റെ കഴുത്തിലുണ്ടെന്ന് മെഡിക്കൽ ബോർഡ് മുമ്പാകെ തെളിയിച്ചാൽ ഞാൻ പൊതുജീവിതം അവസാനിപ്പിച്ച് ജയരാജന്റെ സേവകനായി കഴിയാം; വെടിയുണ്ടയുമായി ജീവിക്കുന്ന സിപിഐ(എം) നേതാവെന്ന വാദം തള്ളി പഴയ വെല്ലുവിളി ആവർത്തിച്ചു കെ സുധാകരൻ

വെടിയുണ്ട പോയിട്ട് അതിന്റെ ഒരു താരോ തരിമ്പോ ഇ പി ജയരാജന്റെ കഴുത്തിലുണ്ടെന്ന് മെഡിക്കൽ ബോർഡ് മുമ്പാകെ തെളിയിച്ചാൽ  ഞാൻ പൊതുജീവിതം അവസാനിപ്പിച്ച് ജയരാജന്റെ സേവകനായി കഴിയാം; വെടിയുണ്ടയുമായി ജീവിക്കുന്ന സിപിഐ(എം) നേതാവെന്ന വാദം തള്ളി പഴയ വെല്ലുവിളി ആവർത്തിച്ചു കെ സുധാകരൻ

രഞ്ജിത്ത് ബാബു

കണ്ണൂർ: ഒരു വെടിയും കൊള്ളാതെ വെടിയുണ്ട തലയിൽ വച്ച് നടക്കുന്ന ഇ.പി. ജയരാജൻ സിപിഐ.(എം.) അണികളെ വിഡ്ഢികളാക്കുകയാണെന്ന് കോൺഗ്രസ്സ് നേതാവ് കെ. സുധാകരൻ. സിപിഐ.(എം.) യും ജയരാജനും കുറേക്കാലമായി ഒരു നുണ പല തവണ ആവർത്തിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ്. വെടിയുണ്ട പോയിട്ട് അതിന്റെ ഒരു താരോ തരിമ്പോ ജയരാജന്റെ തലയിലുണ്ടെന്ന് ഒരു മെഡിക്കൽ ബോർഡ് മുമ്പാകെ തെളിയിക്കുകയാണെങ്കിൽ ഞാൻ എന്റെ പൊതുജീവിതവും രാഷ്ട്രീയജീവിതവും അവസാനിപ്പിച്ച് ജയരാജന്റെ സേവകനായി ശിഷ്ടകാലം കഴിയാമെന്ന് സുധാകരൻ മറുനാടൻ മലയാളിയോടു പറഞ്ഞു.

ജയരാജനോ സിപിഐ.(എം.) നേതാക്കൾക്കോ ആണത്തവും സത്യസന്ധതയും നട്ടെല്ലുമുണ്ടെങ്കിൽ ഒരു മെഡിക്കൽ ബോർഡ് മുമ്പാകെ പരിശോധന നടത്തി ഇക്കാര്യത്തിലുള്ള ദുരൂഹത നീക്കണമെന്നും സുധാകരൻ പറഞ്ഞു. 1995 ലായിരുന്നു വെടിയുണ്ട വിവാദത്തിന് ആസ്പദമായ സംഭവം നടന്നത്. ജലന്തറിൽ നടന്ന പാർട്ടി കോൺഗ്രസ്സിൽ പങ്കെടുത്ത് നാട്ടിലേക്ക് വരുന്ന വഴി ട്രെയിനിൽ വച്ചാണ് ജയരാജന് വെടിയേറ്റത്. പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന ജയരാജൻ കുടുംബസമേതം രാജധാനി എക്സ്പ്രസ്സിലായിരുന്നു നാട്ടിലേക്ക് തിരിച്ചത്. എ.സി. കോച്ചിൽ വാഷ്ബേസിനു സമീപം നിൽക്കുമ്പോഴാണ് ജയരാജന് വെടിയേറ്റത്. ട്രെയിനിൽ കൊള്ളക്കാരെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ കേരളീയരായിരുന്ന വിക്രം ചാലിൽ ശശി, പേട്ട ദിനേശൻ എന്നിവരാണ് പൊലീസ് പിടിയിലായത്.

അന്ന് കണ്ണൂർ രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന കോൺഗ്രസ്സ് നേതാവായിരുന്ന കെ.സുധാകരനും സിപിഐ.(എം.) ജില്ലാ സെക്രട്ടറിയായിരുന്ന ഇ.പി.ജയരാജനും തമ്മിൽ വാക്‌പോര് നടക്കുന്ന കാലമായിരുന്നു. അണികൾ തമ്മിൽ കയ്യാങ്കളിയും പതിവായിരുന്നു. സംഭവം ആന്ധ്രയിലാണ് നടന്നതെന്നതിനാൽ ആന്ധ്രയിലെ കോൺഗ്രസ്സ് നേതൃത്വവും വിവാദങ്ങളിൽ വലിച്ചിഴക്കപ്പെട്ടു. പ്രതിപ്പട്ടികയിൽ കെ. സുധാകരനും പരേതനായ എം. വി രാഘവനും ഉൾപ്പെട്ടിരുന്നു. ഇവർ ഗൂഢാലോചന നടത്തിയാണ് ജയരാജനു നേരെ അക്രമമുണ്ടായതെന്നാണ് സിപിഐ.(എം.) ആരോപണം. തുടർന്ന് കേസിൽ നിന്നും സുധാകരനും എം.വി രാഘവനും ഒഴിവാക്കപ്പെട്ടു. പ്രതിയായ ദിനേശൻ ശിക്ഷിക്കപ്പെടുകയും ചെയ്തു.

ആന്ധ്രയിലെ കോൺഗ്രസ്സ് നേതൃത്വത്തിന്റെ ഇടപെടലിലാണ് സുധാകരനും രാഘവനും രക്ഷപ്പെട്ടതെന്നാണ് സിപിഐ.(എം.) ഇപ്പോഴും വിശ്വസിക്കുന്നത്. അക്കാലത്ത് കെ.സുധാകരനേയും എം.വി രാഘവനേയും ജില്ലയിലെങ്ങും ആരോപണത്തിന്റെ മുൾമുനയിൽ നിർത്തി സിപിഐ.(എം.) പ്രചാരണം അഴിച്ചുവിട്ടിരുന്നു. വെടിയേറ്റ സംഭവത്തെ തുടർന്ന് ഇ.പി. ജയരാജൻ മാസങ്ങളോളം വീട്ടിൽ വിശ്രമജീവിതം നയിക്കേണ്ടി വന്നു. പാർട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും അവധി നൽകി പകരം എം.വി ഗോവിന്ദൻ മാസ്റ്ററെ നിയമിക്കുകയും ചെയ്തിരുന്നു.

ഏതായലും ഈ വെടിവെപ്പു സംഭവം ഉത്തരകേരളത്തിലെങ്ങും ഏറെക്കാലം വിവാദങ്ങൾ തൊടുത്തു വിട്ടു. ഇ.പി.ജയരാജൻ എന്ന വ്യക്തി അടുത്ത കാലം വരേയും ജനപ്രിയ നേതാവായി ഉയർന്നതിന് പിന്നിലും ഈ വെടിവെപ്പ് സംഭവം കാരണമായിട്ടുണ്ട്. എന്നാൽ തലയിൽ വെടിയുണ്ടയുമായി ജീവിക്കുകയാണ് ഇ.പി. ജയരാജനെന്ന സിപിഐ.(എം )യുടെ വാദത്തെ നഖശിഖാന്തം എതിർത്ത് രംഗത്തുവന്നിരിക്കയാണ് കോൺഗ്രസ്സ് നേതാവായ കെ. സുധാകരൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP