Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചിലങ്ക കെട്ടാതെ രാമകൃഷ്ണൻ സ്‌റ്റേജിൽ എത്തി; ഇനിയെന്നീ കോവിൽ നടയിലെത്താൻ എന്ന മണിനടനം പാടി ആടി തിമിർത്തു; മണിക്ക് ആദരാഞ്ജലിയർപ്പിച്ച് കണ്ണീരോടെ ക്ഷേത്ര നടയിൽ അനുജന്റെ നൃത്താഞ്ജലി

ചിലങ്ക കെട്ടാതെ രാമകൃഷ്ണൻ സ്‌റ്റേജിൽ എത്തി; ഇനിയെന്നീ കോവിൽ നടയിലെത്താൻ എന്ന മണിനടനം പാടി ആടി തിമിർത്തു; മണിക്ക് ആദരാഞ്ജലിയർപ്പിച്ച് കണ്ണീരോടെ ക്ഷേത്ര നടയിൽ അനുജന്റെ നൃത്താഞ്ജലി

ചാലക്കുടി: ചേട്ടൻ മിമിക്രയിലൂടെ വളർന്ന് വെള്ളിത്തിരയിലെ താരമായപ്പോൾ അനുജന് നൃത്തത്തോടായിരുന്നു താൽപ്പര്യം. ഓട്ടോ ഓടിച്ച് കുടുംബ പുലർത്തിയ ചേട്ടൻ കലാഭവൻ മണിയായി. പിന്നീട് തെന്നിന്ത്യയിലെ മുൻനിര താരവും. ഇവിടെ അനുജന്റെ ആഗ്രഹവും ഈ ചേട്ടൻ സാധിച്ചു കൊടുത്തു. ഡാൻസിനെ നെഞ്ചിലേറ്റിയ രാമകൃഷ്ണന് മികച്ച പഠനം തന്നെ മണിയൊരുക്കി. അങ്ങനെ മണിയുടെ അനുജൻ അറിയപ്പെടുന്ന ഡാൻസറും നൃത്താദ്യാപകനുമായി. ആർഎൽവി രാമകൃഷ്ണനേയും അങ്ങനെ കലാകാരനായി സമൂഹം ഏറ്റെടുത്തു. എല്ലാം ചേട്ടന്റെ സ്‌നേഹത്തിന്റെ സമ്മാനമാണെന്ന് രാമകൃഷ്ണൻ തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ട് കൂടിയാണ് ഇന്നലെ ഈ കലാകാരന്റെ പ്രടകനം ഹൃദയസ്പർശിയായത്.

ചേട്ടന്റെ വിയോഗംരാമകൃഷ്ണന് ഇനിയും ഉൾക്കൊള്ളാനായിരുന്നില്ല. അതുകൊണ്ട് തന്നെ മുഖത്ത് ചായം തേയ്ക്കുമ്പോൾ കണ്ണീർ വാർന്ന് മുഖത്ത് പടരാതിരിക്കാനായി കരച്ചിലൊതുക്കാൻ രാമകൃഷ്ണനു നന്നേ പാടു പെടേണ്ടി വന്നു. എന്നിട്ടും രാമകൃഷ്ണൻ ചേട്ടന് മുന്നിൽ പ്രണാമം അർപ്പിച്ച് ആടിത്തിമിർത്തു. കലാഭവൻ മണിയുടെ മരണത്തിനു ശേഷം ആദ്യമായി അരങ്ങിലെത്തിയതായിരുന്നു ഇളയ സഹോദരനും നർത്തകനുമായ രാമകൃഷ്ണൻ വേദനകൾ ഉള്ളിലൊതുക്കിയായിരുന്നു നൃത്തമാടിയത്.

ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ ഉൽസവത്തിനാണ് രാമകൃഷ്ണന്റെ നൃത്തപരിപാടി അരങ്ങേറിയത്. 'നാട്യരഞ്ജിനി' എന്നു പേരിട്ട പരിപാടിയിൽ മണിയുടെ പാട്ടിന്റെ നൃത്താവിഷ്‌കാരവുമായാണ് രാമകൃഷ്ണൻ അരങ്ങിലെത്തിയത്. മണിയുടെ മരണം തകർത്ത മനസ്സുമായി വേദിയിലെത്താൻ കഴിയില്ലെന്ന് രാമകൃഷ്ണൻ നേരത്തെ സംഘാടകരെ അറിയിച്ചിരുന്നുവെങ്കിലും നൃത്തം അവതരിപ്പിക്കുന്നത് ജ്യേഷ്ഠനുള്ള ആദരമാകുമെന്നും കലാകാരനായ ജ്യേഷ്ഠന്റെ ആത്മാവ് അതു കണ്ട് ആനന്ദിക്കുമെന്നും സംഘാടകർ സ്‌നേഹത്തോടെ നിർബന്ധിച്ചപ്പോൾ സ്റ്റേജിലെത്തുകയായിരുന്നു. ചിലങ്ക കെട്ടാതെ് ജ്യേഷ്ഠനുള്ള കലാർപ്പണമായി നൃത്തവും.

സാധാരണ ഗണപതി സ്തുതികളോടെയാണ് നൃത്തം ആരംഭിക്കാറുള്ളത്. പക്ഷേ ഇത്തവണ കലാഭവൻ മണി പാടിയ 'ഇനിയെന്നീ കോവിൽ നടയിലെത്താൻ....' എന്നു തുടങ്ങുന്ന മണിയുടെ പാട്ടിനൊപ്പമാണ് രാമകൃഷ്ണൻ വേദിയിൽ ചുവടു വച്ചത്. അത് കാണികളും ഹൃദയത്തോട് ചേർത്തുവച്ചു. ആർഎൽവി രാമകൃഷ്ണനിലെ ഡാൻസറെ കണ്ടെത്തിയതും പ്രോത്സാഹിപ്പിത്തതും മണിയാണ്. ഏറെ ഓർമകളുമായാണ് രാമകൃഷ്ണൻ നൃത്തവേദിയിലെത്തിയത്. ഒരിക്കൽ കലാഭവൻ മണി നൽകിയ യാത്രക്കൂലിയുമായി കോട്ടയത്ത് എംജി സർവകലാശാല കലോൽസവത്തിൽ പങ്കെടുക്കാനെത്തിയ രാമകൃഷ്ണനെ അമ്പരപ്പിച്ച് കലാഭവൻ മണി കലോൽസവത്തിലെ മുഖ്യാതിഥിയായി പങ്കെടുക്കാനെത്തി. അന്നു രാമകൃഷ്ണൻ തിരിച്ചു മണിയെയും അമ്പരപ്പിച്ചു. നൃത്ത മൽസരത്തിൽ അന്ന് ഒന്നാം സ്ഥാനം നേടിക്കൊണ്ട്.

സമ്മാനം നൽകാനെത്തിയപ്പോൾ വേദിയിൽ വച്ച് രാമകൃഷ്ണനെ കെട്ടിപ്പുണർന്നു കൊണ്ട് മണി പറഞ്ഞു. ''ഇതെന്റെ അനിയനാണ്. എന്റെ സഹായമില്ലാതെയാണ് ഇല്ലായ്മകൾക്കിടയിൽ നിന്ന് കലാരംഗത്ത് രാമകൃഷ്ണൻ ഇത്ര ഉയരത്തിലെത്തിയത്. ഇനിയും ഇവൻ കൂടുതൽ ഉയരങ്ങളിലെത്തും.''. പന്നീട് രാമകൃഷ്ണന്റെ കലായാത്രയ്ക്ക് മണി എല്ലാം ചെയ്തു. നർത്തകനെന്ന നിലയിൽ രാമകൃഷ്ണൻ അറിയപ്പെടുന്നയാളായി വളർന്നു. മോഹിനിയാട്ടത്തിലെ പുരുഷസാന്നിധ്യമായി കലാലോകത്തിന്റെ ശ്രദ്ധ നേടി വളരുമ്പോളും രാമകൃഷ്ണൻ മണിക്ക് പ്രിയപ്പെട്ട 'കണ്ണൻ' ആയിരുന്നു.

മണിയുടെ മരണത്തിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ആശങ്കയും അവ്യക്തതകളും സമൂഹത്തോടെ രാമകൃഷ്ണൻ പങ്കുവച്ചു. ഉള്ളിലെ തേങ്ങൽ ഇനിയും മാറുന്നില്ല. ചേട്ടന്റെ മരണത്തിലെ അസ്വാഭാവികതകൾ പുറത്തുകൊണ്ടു വരാനുള്ള ശ്രമങ്ങൾക്കിടെയായിരുന്നു ചേട്ടന്റെ ഓർമ്മകളുമായുള്ള നൃത്താവതരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP