Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തൃശൂർ കല്യാൺ സാരീസിലെ സ്ത്രീത്തൊഴിലാളികളുടെ സമരം 89-ാം ദിവസത്തിലേക്ക്; എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കല്യാൺ സാരീസ് പിക്കറ്റ് ചെയ്തു; മാനേജ്‌മെന്റിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സ്ത്രീത്തൊഴിലാളികൾ; പിക്കറ്റിംഗും സമരവും റിപ്പോർട്ട് ചെയ്യാതെ മുഖ്യധാരാ മാധ്യമങ്ങൾ

തൃശൂർ കല്യാൺ സാരീസിലെ സ്ത്രീത്തൊഴിലാളികളുടെ സമരം 89-ാം ദിവസത്തിലേക്ക്; എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ കല്യാൺ സാരീസ് പിക്കറ്റ് ചെയ്തു; മാനേജ്‌മെന്റിന് മുന്നിൽ മുട്ടുമടക്കില്ലെന്ന് സ്ത്രീത്തൊഴിലാളികൾ; പിക്കറ്റിംഗും സമരവും റിപ്പോർട്ട് ചെയ്യാതെ മുഖ്യധാരാ മാധ്യമങ്ങൾ

തൃശൂർ: തൃശൂർ കോലോത്തുംപാടത്തെ റോഡരികിൽ കല്യാൺ സാരീസിലെ ആറു സ്ത്രീത്തൊഴിലാളികൾ മാനേജ്‌മെന്റിന്റെ തൊഴിലാളിദ്രോഹ നടപടികൾക്കെതിരെ നടത്തി വരുന്ന സമരം 89-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ഏപ്രിൽ പത്ത് മുതലാണ് ജോലിയിൽനിന്ന് പിരിച്ചുവിട്ടതിന്റെ പേരിൽ ആറു സ്ത്രീത്തൊഴിലാളികൾ സമരം തുടങ്ങിയത്.

സമരത്തിന്റെ ഭാഗമായി ഇന്നലെ ( 2017 ജൂലായ് 13) ഷോപ്പ്‌സ് ആൻഡ് എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ടി.യു.സി ജില്ലാ കൗൺസിൽ) നേതൃത്വത്തിൽ തൃശൂരിലെ കല്യാൺ സാരീസ് പിക്കറ്റ് ചെയ്തു. തൃശൂർ ജില്ലയിലെ 13 മണ്ഡലങ്ങളിൽ നിന്നായി നൂറുകണക്കിന് പേർ പ്രകടനത്തിലും പിക്കറ്റിംഗിലും പങ്കെടുത്തു. സമരത്തിൽ സർക്കാർ ഇടപെടണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി എ.എൻ.രാജൻ ഉദ്ഘാടന പ്രസംഗത്തിൽ ആവശ്യപ്പെട്ടു.

പിക്കറ്റിങ് നടത്തിയ സ്ത്രീകൾ അടക്കമുള്ള നൂറുകണക്കിന് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. മാനേജ്‌മെന്റ് തൊഴിൽ നിയമങ്ങൾ കാറ്റിൽ പറത്തി പിരിച്ചുവിട്ട ആറ് സ്ത്രീത്തൊഴിലാളികളെയും തിരിച്ചെടുക്കണമെന്നും അല്ലാത്തപക്ഷം സമരം കല്യാൺ സാരീസിന്റെ മറ്റ് ജില്ലകളിലെ ഷോറൂമുകളിലേക്കും വ്യാപിപ്പിക്കുമെന്നും എ.ഐ.ടി.യു.സി വ്യക്തമാക്കി.

പല തവണ ലേബർ ഓഫീസറും അഡീഷണൽ ലേബർ കമ്മീഷണറും നിർദ്ദേശം നൽകിയിട്ടും, അവകാശങ്ങൾ ചോദിച്ചതിന്റെ പേരിൽ പിരിച്ചുവിട്ട സ്ത്രീത്തൊഴിലാളികളെ തിരിച്ചെടുക്കാൻ കല്യാൺ സാരീസ് മാനേജ്‌മെന്റ് തയ്യാറായില്ല. ലേബർ ഓഫീസർ അടക്കം വിളിച്ചുകൂട്ടിയ അനുരഞ്ജന യോഗങ്ങളിൽ മാനേജ്‌മെന്റ് പ്രതിനിധികൾ പങ്കെടുക്കുന്നില്ല.

വ്യാപാരസ്ഥാപനം നഷ്ടത്തിലാണെന്നും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും കാണിച്ച് കല്യാൺ സാരീസ് ഉടമ നേരത്തെ തന്നെ ഹൈക്കോടതിയിൽ നിന്ന് അനുകൂല വിധി വാങ്ങിയിരുന്നു. കമ്പനി ഉടൻ അടച്ചുപൂട്ടുമെന്ന് കോടതിയെ ബോധിപ്പിച്ചാണ് ഉടമ അനുകൂല വിധി സമ്പാദിച്ചതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

വസ്ത്രവ്യാപാരസ്ഥാപനങ്ങളിൽ ഇരിക്കാനുള്ള അവകാശം വേണമെന്ന് ആവശ്യപ്പെട്ട് രണ്ടു വർഷം മുൻപ് ഐതിഹാസികമായ ഇരിപ്പുസമരം തുടങ്ങിയത് തൃശൂരിലെ കല്യാൺ സാരീസിൽ നിന്നായിരുന്നു. ഇവിടെയുള്ള സ്ത്രീത്തൊഴിലാളികളാണ് ഇരിപ്പുസമരത്തിന് മുന്നിട്ടിറങ്ങിയത്. ഇരിപ്പുസമരം സംസ്ഥാനത്തുടനീളം കോളിളക്കം സൃഷ്ടിച്ചു. മനുഷ്യാവകാശ കമ്മീഷൻ അടക്കം വിഷയത്തിൽ ഇടപെട്ടു. ഇതിന്റെ പേരിൽ ഇവിടെയുള്ള സ്ത്രീത്തൊഴിലാളികളെ പലരെയും തിരുവനന്തപുരത്തേക്ക് അടക്കം സ്ഥലംമാറ്റിയിരുന്നു. ഇതെ തുടർന്ന് പല സ്ത്രീകളും ജോലിയെടുക്കാൻ കഴിയാതെ ജോലി ഉപേക്ഷിച്ചു.

ഇരിപ്പു സമരം വൻ വിജയമായിരുന്നു. സർക്കാർ ഇടപെട്ട് വസ്ത്രവ്യാപാരസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് ഇരിക്കാൻ സൗകര്യം ഒരുക്കാൻ കർശന നിർദ്ദേശം നൽകി. രാത്രി ഡ്യൂട്ടി സ്ത്രീകൾക്ക് അരമണിക്കൂർ കുറയ്ക്കുകയും ചെയ്തു. ഇതും നേട്ടമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP