Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരിപ്പിച്ച് വെള്ളം കുടിപ്പിച്ച് എസ് എഫ് ഐയും കെ എസ് യുവും; വാങ്ങിക്കൂട്ടിയ കുപ്പിവെള്ളം നോക്കി കുട്ടി നേതാക്കൾക്കെതിരെ അറഞ്ഞു തുള്ളി കച്ചവടക്കാരും; ചോദ്യോത്തരങ്ങളും സമ്മാനങ്ങളുമായി പരസ്പരം മത്സരിച്ച് പത്രങ്ങളും ചാനലുകളും; കലോൽസവ വേദിയിലെ വേറിട്ട കാഴ്ചകൾ ഇങ്ങനെ

മത്സരിപ്പിച്ച് വെള്ളം കുടിപ്പിച്ച് എസ് എഫ് ഐയും കെ എസ് യുവും; വാങ്ങിക്കൂട്ടിയ കുപ്പിവെള്ളം നോക്കി കുട്ടി നേതാക്കൾക്കെതിരെ അറഞ്ഞു തുള്ളി കച്ചവടക്കാരും; ചോദ്യോത്തരങ്ങളും സമ്മാനങ്ങളുമായി പരസ്പരം മത്സരിച്ച് പത്രങ്ങളും ചാനലുകളും; കലോൽസവ വേദിയിലെ വേറിട്ട കാഴ്ചകൾ ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: എസ്.എഫ്.ഐ. പാനിയും കെ.എസ്.യു പാനിയും കുടിച്ചു കുടിച്ചു മടുത്തു. കണ്ണൂരിൽ നടക്കുന്ന സംസ്ഥാന സ്‌ക്കൂൾ കലോത്സവത്തിലെ മുഖ്യ വേദിയായ നിളക്കു മുന്നിൽ മത്സരിച്ച് വെള്ളം കുടിപ്പിക്കുകയാണ് ഈ രണ്ട് വിദ്യാർത്ഥി സംഘടനകളും. മറ്റ് വിദ്യാർത്ഥി സംഘടനകളൊന്നും വെള്ളക്കാര്യത്തിൽ രംഗത്തിറങ്ങിക്കാണുന്നുമില്ല. പ്രധാന വേദിയുടെ രണ്ടിടങ്ങളിലായി വാഹനം ഒരുക്കി വച്ച് ടാങ്കറിൽ സൂക്ഷിച്ച തിളപ്പിച്ചാറ്റിയ വെള്ളമാണ് ഇവർ മത്സരാർത്ഥികൾക്കും കാണികൾക്കുമായി നൽകുന്നത്.

വേദിയിലേക്ക് പോകുമ്പോഴൂം തിരിച്ചു വരുമ്പോഴും മാടി വിളിച്ച് വെള്ളം വിതരണം ചെയ്യുകയാണ് ഈ രണ്ട് സംഘടനകളിലേയും പ്രവർത്തകർ. കണ്ണൂർ ഭാഷയിൽ പറഞ്ഞാൽ ആയിരമോ പതിനായിരമോ അല്ല ആറാം നാളിലേക്ക് പ്രവേശിക്കുന്ന കലോത്സവത്തിന് ലക്ഷങ്ങൾക്കാണ് ഇവർ കുടിവെള്ളം നൽകിയത്. വെള്ളത്തിന് രാഷ്ട്രീയമോ മതമോ ജാതിയോ ഇല്ലല്ലോ. സമീപത്ത് കൂടെ നടന്ന് പോകുമ്പോൾ മാടി വിളിച്ച് ശ്രദ്ധ തിരിച്ചാണ് ഇവർ കണ്ണൂരുകാരുടെ ആതിഥ്യ സ്നേഹത്തിന് മുതൽ കൂട്ടാവുന്നത്. ഇരു കൂട്ടരും അവരവരുടെ കൊടിയും ചിഹ്നവും ഈ തണ്ണീർ വണ്ടിക്ക് മുന്നിലും പിന്നിലുമായി വച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇവരുടെ രാഷ്ട്രീയവും വ്യക്തമാവുന്നു.

എന്നാൽ രാഷ്ടീയം നോക്കിയല്ല ആളുകൾ ദാഹമകറ്റുന്നത്. ഇവരെ പഴിക്കുന്ന ഒരു വിഭാഗം കച്ചവടക്കാർ വേദിക്ക് പുറത്തുണ്ട്. കലോത്സവം പ്രമാണിച്ച് അവർ ഒരുക്കിവച്ച കുപ്പിവെള്ളം ചെലവാകാതെ കിടക്കുകയാണ്. കലോത്സവത്തിന്റെ ഒന്നുമുതൽ നാല് വരെയുള്ള വേദിക്ക് പുറത്തുള്ള കച്ചവടക്കാർക്കാണ് ഈ സൗജന്യ വെള്ളക്കാരുടെ സേവനം മൂലം ലാഭ സ്വപ്നം തകർന്നത്. ഈ കെ.എസ്.യു ക്കാർക്കും എസ്.എഫ്.ഐ. ക്കാർക്കും വേറെ പണിയൊന്നുമില്ലേ? ടൗൺഹാളിന് മുന്നിലുള്ള ഒരു കച്ചവടക്കാരൻ താനൊരുക്കിവച്ച കുപ്പിവെള്ള പെട്ടി കാണിച്ച് അമർഷത്തോടെ പറഞ്ഞു.

സ്‌ക്കൂൾ കലോത്സവേദിയിൽ അലോസരങ്ങൾ ഉണ്ടാക്കുന്നതിൽ മത്സരിക്കുകയാണ് ചില മാദ്ധ്യമങ്ങൾ. ചോദ്യോത്തരങ്ങളും സമ്മാന പ്രഖ്യാപനങ്ങളുമായി കലോത്സവത്തിനെത്തുന്നവരെ മോഹിപ്പിക്കുകയാണ് ഇവർ. അന്യ ജില്ലകളിൽ നിന്നും എത്തിയ അദ്ധ്യാപക- രക്ഷകർത്താക്കളേയാണ് ഇവർ മുഖ്യമായും പിടികൂടുന്നത്. തങ്ങളുടെ മത്സരാർത്ഥികളുടെ ഊഹം കഴിഞ്ഞാൽ അവർ വേദി വിട്ട് സമ്മാന മത്സരത്തിന് വേണ്ടി ഈ മാദ്ധ്യമങ്ങളുടെ പവലിയനുകളിലേക്ക് എത്തുകയാണ്. സംഘാടകർ പലതവണ കണ്ണുരുട്ടിയിട്ടും പവലിയനുകൾക്കകത്ത് വച്ച് മൈക്ക് വച്ച് ആളുകളെ ആകർഷിക്കുകയാണ്.

സുപ്രഭാതം പത്രം ചോദ്യങ്ങൾക്ക് ഉത്തരം നൽകിയാൽ ഒരു മണിക്കൂറിനകം സമ്മാനം പ്രഖ്യാപിക്കുന്നു. അതിനു തടയിടാൻ ചന്ദ്രികക്കുമുണ്ട് ഭാഗ്യ പരീക്ഷണം. പാട്ട് പാടിയാൽ സമ്മാനം പ്രഖ്യാപിക്കുകയാണ് തേജസ്സ്. എന്നാൽ മലയാള പദം മാത്രം ഉപയോഗിച്ച് ഉത്തരം നൽകുന്നവർക്ക് മാദ്ധ്യമത്തിന്റെ വകയുമുണ്ട് സമ്മാനം. വേദിക്ക് പുറത്തുള്ള ഈ മാദ്ധ്യമ മത്സരങ്ങൾ കൊണ്ട് പൊറുതി മുട്ടുകയാണ് കലാ സ്നേഹികൾ. നിർത്താതെയുള്ള മൈക്കിലൂടെയുള്ള പ്രചാരണ യുദ്ധം കലോത്സവം അവസാന ദിനത്തിലേക്ക് കടക്കുമ്പോൾ അരോചകമാവുകയാണ്. വ്യാപാര സ്ഥാപനങ്ങൾ സ്പോൺസർ ചെയ്യുന്ന നിസ്സാര വസ്തുക്കൾ സമ്മാനം നൽകിയാണ് ഇവർ തമ്മിലുള്ള പോരാട്ടം. വീക്ഷണവും ജനയുഗവും ജന്മ ഭൂമിയും സമ്മാനപ്പെട്ടി വച്ച് കൂപ്പൺ പൂരിപ്പിച്ച് നൽകുന്നവർക്ക് സമ്മാനം നൽകി തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നു.

കലോത്സവം സമാപിക്കാൻ ഒരു ദിവസം മാത്രമം അവശേഷിച്ചിരിക്കേ നിയന്ത്രണത്തിന് വിധേയരായ ചാനലുകളും തല പൊക്കി തുടങ്ങി. വേദിയെ അലങ്കോലപ്പെടുത്തുന്ന സമാന്തര പരിപാടികളിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയതിനാൽ പ്രധാന ചാനലുകളായ ഏഷ്യാനെറ്റും മാതൃഭൂമിയും പയ്യാമ്പലത്തും കോട്ടയിലുമൊക്കെ പോയാണ് വിജയികളെ പ്രത്യേക പരിപാടിയിൽ ചിത്രീകരിക്കുന്നത്. എന്നാൽ നഗരിക്കടുത്ത പവലിയനിൽ ജേതാക്കളെ കൊണ്ടു വന്ന് ലൈവ് പരിപാടി അവതരിപ്പിക്കാൻ ശ്രമിച്ച ജയ്ഹിന്ദിനും ജീവനും സംഘാടകരുടെ കനത്ത താക്കീത്. അതോടെ അവർ സമാന്തര പരിപാടിയിൽ നിന്നും പിൻതിരിഞ്ഞു. വേദിക്ക് മുന്നിൽ ക്യാമറകളിൽ എല്ലാം ദൃശ്യവൽക്കരിക്കുന്നുണ്ടെങ്കിലും ചാനലുകൾക്ക് ജേതാക്കളെ അവർ തീരുമാനിക്കുന്ന പ്രത്യേക പരിപാടി കൊണ്ടേ തൃപ്തി വരാറുള്ളൂ.

വിലക്ക് ലംഘിച്ച് പ്രാദേശിക ചാനലുകൾ 'ഒപ്പനക്കാരെ ' ചുട്ടു പൊള്ളുന്ന വെയിലിൽ നിർത്തിച്ച് വീണ്ടും ഒപ്പന അവതരിപ്പിച്ചു. ഒപ്പനയിൽ വിജയിച്ച ഒന്നും രണ്ടും ടീമുകളെ സംഘാടകരുടെ കണ്ണൂ വെട്ടിച്ച് തട്ടിക്കൊണ്ടു പോയാണ് വേദിക്ക് പടിഞ്ഞാറ് വശം സ്റ്റേജിൽ നടത്തിയ പരിപാടി പുനരവതരിപ്പിച്ചത്. പ്രാദേശിക ചാനലിന്റെ ഒരു പട തന്നെ കാവൽ നിന്നാണ് ഇത്തരമൊരു പരിപാടി നടത്തിയത്. ഫല പ്രഖ്യാപനം വന്നപ്പോൾ തന്നെ വിജയികളെ പിടികൂടി അവർ തങ്ങളുടെ തട്ടകത്തിലെത്തിച്ചിരുന്നു. മുഖ്യ പരിപാടി കഴിഞ്ഞ് കിതപ്പ് ഒഴിയും മുമ്പ് വെയിലിൽ നിർത്തിയാണ് ഇവരുടെ ചിത്രീകരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP