Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒടുവിൽ ഇരിക്കാൻ കസേരകിട്ടി; പക്ഷേ ക്ലറിക്കൽ നിയമനം കള്ളക്കളി; ഇരിക്കൽ സമരം തുടരും; കല്ല്യാൺ മാനേജ്‌മെന്റിന്റെ ഒത്തുതീർപ്പിൽ വ്യക്തതയില്ല; സമരക്കാർക്ക് നിയമനം നൽകിയത് ഇല്ലാത്ത ഷോറൂമിൽ!

ഒടുവിൽ ഇരിക്കാൻ കസേരകിട്ടി; പക്ഷേ ക്ലറിക്കൽ നിയമനം കള്ളക്കളി; ഇരിക്കൽ സമരം തുടരും; കല്ല്യാൺ മാനേജ്‌മെന്റിന്റെ ഒത്തുതീർപ്പിൽ വ്യക്തതയില്ല; സമരക്കാർക്ക് നിയമനം നൽകിയത് ഇല്ലാത്ത ഷോറൂമിൽ!

തൃശൂർ: ഒത്തുതീർപ്പ് ഫോർമുലയിലെ അവ്യക്തതയെ തുടർന്ന് കല്യാൺ സാരീസിലെ തൊഴിലാളി സമരം തുടർന്ന് പോകാൻ സമരസഹായ സമിതിയുടെ തീരുമാനം. അതേസമയം സമരത്തിന് വിവിധകോണുകളിൽ നിന്ന് പിന്തുണയേറിയതോടെ കല്യാൺ ഷോറൂമുകളിൽ ജോലി ചെയ്യുന്ന സെയിൽസ് വിഭാഗം ജീവനക്കാർക്ക് ഇരിക്കാൻ മാനേജ്‌മെന്റ് സീറ്റ് അനുവദിച്ചു.

ഇരിക്കാൻ പോലും അനുവദിക്കാതെ ക്രൂരമായ പീഡനത്തിന് തങ്ങൾ വിധേയരാകുന്നുവെന്നാണ് സമരം ചെയ്യുന്ന തൊഴിലാളികളുടെ പ്രധാന ആക്ഷേപം. എന്നാൽ കല്യാൺ സാരീസിന്റെ അതേ ഷോറൂമിലേക്ക് തന്നെ ക്ലറിക്കൽ വിഭാഗത്തിൽ നിയമനം നൽകാമെന്ന ഉറപ്പിൽ നിന്ന് മാനേജ്‌മെന്റ് പിന്മാറിയതാണ് സമരം കൂടുതൽ ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചതെന്ന് എ.എം ടി.യു നേതാക്കൾ മറുനാടൻ മലയാളിയോട് പറഞ്ഞു.

കല്യാൺ സാരീസിന്റെ തുടങ്ങാനിരിക്കുന്ന ഗോഡൗൺ ഷോറൂമിലേക്ക് ക്ലറിക്കൽ വിഭാഗത്തിൽ നിയമനം എന്നായിരുന്നു മാനേജ്‌മെന്റ് തൊഴിലാളികൾക്ക് നൽകിയ കത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഷോറൂം എപ്പോൾ തുടങ്ങുമെന്നോ, ജോലിയുടെ സ്വഭാവമോ കത്തിൽ പറഞ്ഞിരുന്നില്ല. തൊഴിലാളികളെ പതുക്കെ ഒഴിവാക്കാനുള്ള നീക്കമായും മാനേജ്‌മെന്റിന്റെ നടപടി വിലയിരുത്തപ്പെട്ടു. യാതൊരു ശിക്ഷാ നടപടിയും തൊഴിലാളികളോട് സ്വീകരിക്കില്ലെന്ന് കത്തിൽ കല്യാൺ സാരീസ് പറഞ്ഞിരുന്നു.

നിലവിലുള്ള ഷോറൂമിൽ നിന്ന് സ്ഥലം മാറ്റാനുള്ള നടപടി തന്നെയാണ് ഇതെന്നും തൊഴിലാളി സംഘടനകൾ ആരോപിക്കുന്നു. മൂന്ന് ഫോർമുലയായിരുന്നു കല്യാൺ സാരീസ് തൊഴിലാളികൾക്ക് മുന്നിൽ വച്ചിരുന്നത്. നഷ്ടപരിഹാരത്തുക വാങ്ങി പിരിഞ്ഞുപോവുക, തൃശൂരിൽ തന്നെയുള്ള മറ്റേതെങ്കിലും ഷോറൂമിലേക്ക് സ്ഥലം മാറുക, അതേ ഷോറൂമിലേക്ക് ക്ലറിക്കൽ വിഭാഗത്തിലേക്ക് മാറി നിയമനം എന്നിവയായിരുന്നു ഫോർമുലകൾ.

ആദ്യ രണ്ട് വ്യവസ്ഥയ്ക്കും സമരസമിതി വഴങ്ങിയിരുന്നില്ല. പിരിഞ്ഞ് പോകാനും, മറ്റൊരു ഷോറൂമിലേക്ക് മാറാനും തയ്യാറാകാതിരുന്ന തൊഴിലാളികൾ പക്ഷെ മൂന്നാമത്തെ നിർദ്ദേശത്തിന് വഴങ്ങി. പക്ഷെ അതേ ഷോറൂമിലേക്കല്ലാതെ മറ്റൊരിടത്ത് തങ്ങൾ ജോലി ചെയ്യാനില്ലെന്ന് തൊഴിലാളികൾ വ്യക്തമാക്കുന്നു. എപ്പോൾ വേണമെങ്കിലും പൂട്ടാൻ സാധ്യതയുള്ള തൃശൂരിലെ ഏതെങ്കിലും ഷോറൂമിലേക്ക് നിയമനം നൽകുക വഴി ജോലി സുരക്ഷിതത്വം ഇല്ലാതായി മാറുമെന്നും ഇവർ കരുതുന്നു.

എന്നാൽ ആദ്യഘട്ട സമരത്തിന്റെ വിജയമായാണ് ഇരിക്കാൻ ചെയർ അനുവദിച്ച മാനേജ്‌മെന്റ് നടപടിയെന്നും സമരസമിതി കണക്കാക്കുന്നു. തൊഴിലാളികളുടെ ഇരിക്കൽ സമരം ശക്തമായി തുടരുമ്പോഴും മുഖ്യധാര മാദ്ധ്യമങ്ങൾ വിഷയത്തിൽ മൗനം തുടരുകയാണ്. അതേ സമയമ ഓൺലൈനിൽ മറുനാടൻ ഉയർത്തിവിട്ട പ്രതിഷേധം നവമാദ്ധ്യമ ഗ്രൂപ്പുകളിലൂടെ പടർന്നുകൊണ്ടിരിക്കുകയാണ്.

തൊഴിലാളികൾക്കായി സംഘടന രൂപീകരിക്കാൻ നീക്കം നടത്തുന്നു എന്ന സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ 6 സ്ത്രീ തൊഴിലാളികളെയാണ് കല്ല്യാൺ സ്ഥലം മാറ്റിയത്. തൃശൂരുള്ള ഇവരോട് തിരുവനന്തപുരം, കണ്ണൂർ ഓഫീസിലേക്കാണ് ഇവരെ അടിയന്തിരമായി സ്ഥലം മാറ്റി ഉത്തരവായത്. സംഘടനാ പ്രവർത്തനത്തിന് നേതൃത്വം നൽകിയ തൃശൂർ സ്വദേശികളായ പത്മിനി, മായ, ദേവി, രജനി, ബീന, അൽഫോൻസ എന്നിവരോടാണ് മാനേജ്‌മെന്റ് പ്രതികാര നടപടിയെടുത്തത്. തുടർന്നായിരുന്നു ഇവർ സമരരംഗത്തേക്ക് നീങ്ങിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP