Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കയറു കൊണ്ട് കെട്ടിവച്ച യന്ത്രഭാഗങ്ങൾ; യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള രക്ഷാസാമഗ്രികളുമില്ല; കൊച്ചിയിലെ ജലയാത്ര അപകടം നിറഞ്ഞതു തന്നെ; കമാലക്കടവിലെ ദുരന്തം മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ബാക്കിപത്രം

കയറു കൊണ്ട് കെട്ടിവച്ച യന്ത്രഭാഗങ്ങൾ; യാത്രക്കാരുടെ എണ്ണത്തിന് അനുസരിച്ചുള്ള രക്ഷാസാമഗ്രികളുമില്ല; കൊച്ചിയിലെ ജലയാത്ര അപകടം നിറഞ്ഞതു തന്നെ; കമാലക്കടവിലെ ദുരന്തം മുന്നറിയിപ്പുകൾ അവഗണിച്ചതിന്റെ ബാക്കിപത്രം

കൊച്ചി: ഫോർട്ട് കൊച്ചി, ഇവിടെ ബോട്ട് യാത്ര ചെയ്യാൻ ആഗ്രിക്കുന്നവർ ഓർക്കുക. ജീവൻ പണയം വച്ചു കൊണ്ടുള്ള യാത്രയ്ക്കാണ് നിങ്ങൾ ഒരുങ്ങുന്നത്. 60 ഓളം ബോട്ടുകളാണ് പോർട്ട് ട്രസ്റ്റിന്റെ അനുമതിയില്ലാതെ കൊച്ചിയിൽ നിന്നും പശ്ചിമ കൊച്ചിയിലേക്കും അഴിമുഖത്തേക്കും കപ്പൽ ചാലിലൂടെ സർവീസ് നടത്തുന്നത്. ഇതിൽ മൂന്നെണ്ണം സംസ്ഥാന ജലഗതാഗത വകുപ്പിന്റെയും ബാക്കിയുള്ളത് സ്വകാര്യ വിനോദസഞ്ചാര ബോട്ടുകളുമാണ്. വൈപ്പിനിലേക്കുള്ള യാത്രാ ബോട്ടുകളും അങ്ങനെ തന്നെ. സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണ് ഈ ബോട്ടുകൾ കപ്പൽചാലിലൂടെ സർവീസ് നടത്തുന്നത്.

ഇതു തന്നെയാണ് കൊച്ചിയിലെ ഇന്നത്തെ ദുരന്തത്തിന്റേയും കാരണം. റോഡിൽ വാഹനാപകടം സ്വാഭാവികമാണ്. എന്നാൽ കായലിൽ ബോട്ടുകൾ കൂട്ടിയിടിക്കുയെന്ന് പറയുന്നത് തന്നെ അസ്വാഭാവികമാണ്. ഒരു സുരുക്ഷിതത്വവുമില്ലാതെയാണ് കാര്യങ്ങൾ നടക്കുന്നതെന്ന വ്യക്തമായ സൂചനയാണ് ഇത് നൽകുന്നത്. എത്ര അപകടമുണ്ടായാലും മലയാളി ഒന്നും പഠിക്കുന്നില്ലെന്നതിന്റെ ഉത്തമോദാഹരണമാണ് ഓണത്തെ വരവേൽക്കാൻ മലയാളി കാത്തു നിൽക്കുമ്പോൾ എത്തിയ ഞെട്ടിക്കുന്ന ദുരന്തം. ഇന്ന് മുങ്ങിയ ബോട്ടിന് മുപ്പത്തിയഞ്ച് വർഷത്തെ പഴക്കമുണ്ട്. ഒരു വള്ളം അതിവേഗം പാഞ്ചുവന്ന് യാത്രാ ബോട്ടിൽ ഇടിക്കുന്നു. ഇത് രണ്ടായി പിളരുന്നു. അത്രയ്ക്ക് സുരക്ഷിതത്വം ഇല്ലാത്ത ബോട്ടായിരുന്നു ഇത്. രക്ഷാ സംവിധാനങ്ങളും ഇതിലുണ്ടായിരുന്നില്ല. ഈ ബോട്ടിലാണ് 35ലേറെ പേരുടെ യാത്ര.

എറണാകുളം ജെട്ടിയിൽ ജലഗതാഗത വകുപ്പിന്റെ എട്ട് ബോട്ടുകളാണ് ഉള്ളത്. ഇതിൽ മൂന്നെണ്ണത്തിനാണ് പോർട്ട് ട്രസ്റ്റ് അനുമതി നിഷേധിച്ചിരുന്നു്. പോർട്ട് ട്രസ്റ്റ് നിർദ്ദേശിക്കുന്ന സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് പല തവണ സംസ്ഥാന ജലഗതാഗത വകുപ്പിനോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. അതിനു പകരം പോർട്ട് ട്രസ്റ്റിന്റെ നടപടിക്കെതിരെ സംസ്ഥാന സർക്കാരും സ്വകാര്യ ബോട്ടുടമകളും കോടതിയെ സമീപിക്കുകയാണ് ചെയ്തത്. ഇത്തരത്തിൽ നടത്തുന്ന ബോട്ട് സർവീസുകൾ അപകടത്തിൽ പെട്ടാൽ വൻദുരന്തമായിരിക്കും ഉണ്ടാവുകയെന്ന് പോർട്ട് ട്രസ്റ്റ് അധികൃതർ സാക്ഷ്യപ്പെടുത്തിയിരുന്നു. ഇത് അവഗണിച്ചതാണ് ഇപ്പോഴത്തെ ദുരന്തത്തിന് കാരണമെന്നും വിദഗ്ദ്ധർ പറയുന്നു.

ജലഗതാഗത വകുപ്പിന്റെ ബോട്ടുകളിലെ പല യന്ത്രഭാഗങ്ങളും കയറു കൊണ്ട് കെട്ടിവച്ച നിലയിലാണ്. കൂടാതെ മിക്ക ബോട്ടുകളും 15 വർഷത്തിനു മേൽ പഴക്കമുള്ളവയാണ്. അതേസമയം, മൂന്ന് വർഷം മുമ്പ് ഗതാഗത വകുപ്പ് വാങ്ങിയ എസ് 35 എന്ന സ്റ്റീൽ നിർമ്മിത ബോട്ടിൽ തുള വീണതു കാരണം സർവീസ് നടത്താൻ കഴിയാത്ത സ്ഥിതിയാണ്. അശാസ്ത്രീയമായ നിർമ്മാണരീതിയാണ് ഇതിന്റെ കാരണമെന്ന് ബോട്ട് ജീവനക്കാർ തന്നെ സമ്മതിക്കുന്നു. എറണാകുളം ജെട്ടിയിൽനിന്ന് ജലഗതാഗതവകുപ്പിന്റെ 60 ബോട്ട് സർവീസുകളിലൂടെ എണ്ണായിരത്തിലധികം യാത്രക്കാരാണ് ഫോർട്ട് കൊച്ചിയിലേക്കും വൈപ്പിനിലേക്കും യാത്ര ചെയ്യുന്നത്.

ഇതിന്റെ ഇരട്ടിയോളം വിനോദസഞ്ചാരികളും സ്വകാര്യ ബോട്ടുകളിൽ അഴിമുഖത്തേക്ക് യാത്ര ചെയ്യുന്നുണ്ട്. തുറുമുഖ വകുപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ പാലിക്കാതെയും അറ്റകുറ്റപണികൾ നടത്താതെയുമുള്ള ബോട്ടുകൾ സർവീസ് നടത്തുന്നത് വൻ ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇന്നത്തെ അപകടം നൽകുന്ന പാഠം ഉൾക്കൊണ്ടാൽ ഈ ദുരന്തം അവഗണിക്കാൻ കഴിയും. അതിന് അടിയന്തര ഇടപെടലുകൾ ആവശ്യമാണ്. മുമ്പുണ്ടായതൊന്നും ഉൾക്കൊള്ളാൻ ആരും തയ്യാറാകാത്തതിന്റെ ബാക്കി പത്രമാണ് ഫോർട്ട്‌കൊച്ചി കമാലക്കടവിനടുത്ത് അന്താരാഷ്ട്ര കപ്പൽച്ചാലിലെ ഇന്നത്തെ ദുരന്തം.

2009ലെ തട്ടേക്കാട് ദുരന്തത്തെ തുടർന്ന് ചില നിയന്ത്രണങ്ങൾ ജലഗതാഗത വകുപ്പ് ഏർപ്പെടുത്തിയെങ്കിലും കൊച്ചിയിൽ അത് ബാധകമല്ല എന്ന നിലപാടാണ് അധികൃതർക്ക്. അതേസമയം, കൂടുതൽ യാത്രക്കാരെ കയറ്റാൻ ഉദ്യോഗസ്ഥർ ജീവനക്കാരെ നിർബന്ധിക്കുന്നതായും പരാതി ഉയർന്നിട്ടുണ്ട്. മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ഐലന്റ്, വൈപ്പിൻ എന്നീ സ്ഥലങ്ങളിലേക്കുള്ള ബോട്ടുകളിലേറെയും കാലപ്പഴക്കം ചെന്നവയാണ്. ബോട്ട് കായലിൽ ഒഴുകിനടന്നതും വലിച്ചുകെട്ടി കരയ്ക്കടുപ്പിച്ചതും ഇവിടുത്തെ നാട്ടുകാർക്ക് പുതുമയുള്ള കാര്യമില്ല. കഴിഞ്ഞ ഒരു മാസത്തിനകം നിരവധി അപാകതകൾ മൂലം മൂന്നിലേറെ തവണയാണ് ബോട്ടുകൾ കായലിൽ ഒഴുകിനടന്നത്. ഇതിലേറെയും രാത്രിസമയങ്ങളിലാണ് എന്നത് യാത്രക്കാരുടെ ഭീതി വർധിപ്പിക്കുന്നു.

മാസങ്ങൾക്ക് മുമ്പ് ബോട്ടിൽനിന്ന് വിനോദസഞ്ചാരി കായലിൽ വീണ് മരിച്ചതിനെ തുടർന്ന് കർക്കശമാക്കിയ പരിശോധനകൾ കടലാസിൽ ഒതുങ്ങി. അഴിമുഖം വഴി പുറംകടലിലേക്ക് യാത്ര നടത്തുന്ന ടൂറിസ്റ്റ് ബോട്ടുകൾ യാത്രക്കാരുടെ എണ്ണമനുസരിച്ചുള്ള അനുപാതത്തിൽ സുരക്ഷാ ഉപകരണങ്ങൾ കരുതണമെന്നാണ് ചട്ടം. എന്നാൽ, പേരിനു വേണ്ടി മാത്രം ലൈഫ് ജാക്കറ്റുകൾ കരുതിയാണ് ഇത്തരം ബോട്ടുകളുടെ യാത്ര. ആഴമുള്ള കപ്പൽ ചാലിലൂടെ കാലം പഴക്കംചെന്ന ബോട്ടുകൾ സർവീസ് നടത്തുന്നതിനെതിരെ യാത്രക്കാർക്കൊപ്പം ജനകീയ സംഘടനകളും രാഷ്ട്രീയ കക്ഷികളും ഇതിനകം ഒട്ടേറെതവണ നിവേദനവും പരാതികളുമുന്നയിച്ചെങ്കിലും ജലഗതാഗത വകുപ്പ് അധികൃതർ ഇത് മുഖവിലയ്‌ക്കെടുത്തില്ലെന്ന് യാത്രക്കാർ പറയുന്നു.

സമയവും സാമ്പത്തികവുമായ ലാഭവും ഗതാഗതക്കുരുക്കിന്റെ ദുരിതം ഒഴിവാക്കാനുമാണ് സാധാരണ ജനങ്ങൾ ബോട്ട് സർവീസിനെ ആശ്രയിക്കുന്നത്. എന്നാൽ സാധാരണക്കാർ സുരക്ഷിത ജലപാതയൊരുക്കാൻ അധികൃതർ മാത്രം തയ്യാറാകുന്നില്ല. അതുകൊണ്ട് തന്നെ ദുരന്തം എവിടേയും എപ്പോഴും മലയാളിയെ കാത്തിരിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP