Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ടിപി വധക്കേസിൽ കോടതി ശിക്ഷിച്ചാലും ഏരിയാ കമ്മറ്റിയിൽ നിലനിർത്തി സഹായം; തടവിൽ കഴിയുന്ന പാർട്ടി നേതാക്കളെ സെക്രട്ടറിമാർ തന്നെ സന്ദർശിക്കും; പാർട്ടി തടവുകാർക്ക് ജയിലിൽ പ്രത്യേക നിയമവും ആവശ്യത്തിന് പരോളും; കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടാലും നഗരസഭ ചെയർമാനും ജില്ലാ പഞ്ചായത്തംഗവുമായി സഹായം; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ഊട്ടിയുറപ്പിക്കുന്നതിൽ സിപിഎമ്മിന്റെ പങ്ക് ചെറുതല്ല

ടിപി വധക്കേസിൽ കോടതി ശിക്ഷിച്ചാലും ഏരിയാ കമ്മറ്റിയിൽ നിലനിർത്തി സഹായം; തടവിൽ കഴിയുന്ന പാർട്ടി നേതാക്കളെ സെക്രട്ടറിമാർ തന്നെ സന്ദർശിക്കും; പാർട്ടി തടവുകാർക്ക് ജയിലിൽ പ്രത്യേക നിയമവും ആവശ്യത്തിന് പരോളും; കൊലക്കേസിൽ പ്രതിചേർക്കപ്പെട്ടാലും നഗരസഭ ചെയർമാനും ജില്ലാ പഞ്ചായത്തംഗവുമായി സഹായം; കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ഊട്ടിയുറപ്പിക്കുന്നതിൽ സിപിഎമ്മിന്റെ പങ്ക് ചെറുതല്ല

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കണ്ണൂരിലെ അക്രമ രാഷ്ട്രീയമാണ് കേരളം ഇപ്പോൾ ചർച്ച ചെയ്യുന്നത്. ഇതിൽ സിപിഎമ്മിന് ഒരു പങ്കുമില്ലെന്ന് നേതൃത്വം പറയുന്നു. പക്ഷേ ഷുഹൈബ് കൊലയിൽ പിടിക്കപ്പെട്ടവരെല്ലാം സിപിഎമ്മുകാർ. ആകാശ് തില്ലങ്കേരി പാർട്ടി അംഗവും. ഇതോടെ പ്രതിസന്ധിയിലായത് സിപിഎമ്മാണ്. രാഷ്ട്രീ. കൊലപാതകത്തിലെ പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നിലപാടാണ് എല്ലാ പ്രശ്‌നത്തിനും കാരണമെന്നാണ് പൊതുവേയുള്ള രീതി. കണ്ണൂരിലെ ജില്ലാ നേതൃത്വം ഇതിന് പ്രത്യേക താൽപ്പര്യം എടുക്കുന്നു. പാർട്ടിയിലെ ക്രിമിനലുകളെ ഒരിക്കലും സിപിഎം കൈവിടില്ല.

ആർഎംപി നേതാവ് ടി.പി.ചന്ദ്രശേഖരനെ വധിച്ച കേസിൽ ഗൂഢാലോചനക്കുറ്റത്തിനു ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പി.കെ.കുഞ്ഞനന്തനെ തുടർച്ചയായി രണ്ടാംതവണയും പാനൂർ ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. കുഞ്ഞനന്തനൊപ്പം ആദ്യം ഏരിയ കമ്മിറ്റിയിലുണ്ടായിരുന്ന രണ്ടുപേരെ പ്രായാധിക്യം മൂലം ഒഴിവാക്കിയപ്പോഴും കുഞ്ഞനന്തന്റെ സ്ഥാനത്തിന് ഇളക്കം തട്ടിയില്ല. പരോളിലാണു കുഞ്ഞനന്തൻ കഴിഞ്ഞ ഏരിയ കമ്മിറ്റി യോഗത്തിൽ പങ്കെടുത്തത്. ഇതിനുള്ള സംവിധാനം ഒരുക്കിയത് പാർട്ടിയും. അങ്ങനെ കേസിൽ പെടുന്നവരെ സ്ഥാനമാനങ്ങൾ നൽകി സംരക്ഷിക്കുകയും ചെയ്യുന്നു. ടിപി വധത്തിൽ സിപിഎമ്മിനുള്ള കടപ്പാടാണ് കുഞ്ഞനന്തന്റെ ഏര്യാ കമ്മറ്റിയിലെ സ്ഥാനം.

എൻഡിഎഫുകാരനായ ഫസലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ കാരായി രാജനെ സിപിഎം കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ വിജയിപ്പിച്ചു കണ്ണൂർ ജില്ലാ പഞ്ചായത്തു പ്രസിഡന്റാക്കി. എറണാകുളം വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയിൽ സിബിഐ കോടതി ഇളവ് അനുവദിക്കാത്തതുകൊണ്ട് മാത്രം രാജിവയ്‌ക്കേണ്ടിയും വന്നു. ഇതേ കേസിലെ എട്ടാംപ്രതി കാരായി ചന്ദ്രശേഖരനും കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിൽ പാർട്ടി ടിക്കറ്റ് നൽകി. ജയിച്ചു തലശ്ശേരി നഗരസഭാ ചെയർമാനായി. സിബിഐ കോടതിയുടെ ജാമ്യവ്യവസ്ഥ കർശനമായതോടെ ചെയർമാൻ സ്ഥാനം ഒഴിയേണ്ടിവന്നു.

നിലവിൽ തലശേരി നഗരസഭാംഗം, സിപിഎം തലശേരി ഏരിയ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ കാരായി ചന്ദ്രശേഖരനും ഉണ്ട്. കാരായിമാരെ സംരക്ഷിക്കുന്നത് ഏറെ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴി വയ്ക്കുകയും ചെയ്തു. ഇവരൊന്നും കുറ്റക്കാരല്ലെന്ന സന്ദേശമാണ് അണികൾക്ക് സിപിഎം നൽകുന്നത്. പാർട്ടിയുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളാണ് കുഞ്ഞനന്തനും കാരായിമാരുമെന്ന് പോലും പ്രചരണം സജീവമാക്കി. ഇതിൽ കുഞ്ഞനന്ദൻ കോടതി ശിക്ഷിച്ച കുറ്റവാളിയുമാണ്.

പാലക്കാട് കഞ്ചിക്കോട്ട് ബിജെപി പ്രവർത്തകരായ വിമലാദേവി, രാധാകൃഷ്ണൻ എന്നിവർ തീവയ്പിനെ തുടർന്നു പൊള്ളലേറ്റു മരിച്ച കേസിലെ ഒന്നാം പ്രതി, അക്രമം നടന്ന സ്ഥലത്തെ സിപിഎം ബ്രാഞ്ചിന്റെ സെക്രട്ടറിയായി. ജയകുമാറാണു ചടയൻകാലായ് ബ്രാഞ്ച് സെക്രട്ടറിയായത്. എറണാകുളം ജില്ലയിൽ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയെന്ന കേസിൽ രണ്ടാഴ്ച പൊലീസ് റിമാൻഡ് ചെയ്ത ആളാണു സിപിഎം കളമശേരി ഏരിയ സെക്രട്ടറി വി.എ.സാക്കിർ ഹുസൈൻ. ജില്ലാ കമ്മിറ്റി അംഗം കൂടിയാണ്. ഇടത് സർക്കാരിന്റെ കാലത്താണ് ഈ കേസും നൂലാമാലകളും ഉണ്ടാകുന്നത്. ഈ കേസെല്ലാം ഇപ്പോൾ ആവിയാകുന്ന അവസ്ഥയിലുമാണ്.

കേസിനെ തുടർന്നു സാക്കിറിനെ സ്ഥാനത്തുനിന്നു നീക്കി പാർട്ടി അന്വേഷണം നടത്തിയിരുന്നു. പാർട്ടി അന്വേഷണത്തിൽ കുറ്റക്കാരനല്ലെന്നു കണ്ടെത്തി. തുടർന്ന് ഏരിയ സെക്രട്ടറി സ്ഥാനത്തു തിരിച്ചെത്തി. കഴിഞ്ഞ ഏരിയ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയാക്കി; ജില്ലാ കമ്മിറ്റിയിലും ഉൾപ്പെടുത്തി. എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കൂടിയാണു സാക്കിർ ഹുസൈൻ. കൊല്ലത്തു കോൺഗ്രസ് ഏരൂർ മണ്ഡലം പ്രസിഡന്റ് നെട്ടയം രാമഭദ്രൻ വധക്കേസിന്റെ ഗൂഢാലോചനയിൽ സിബിഐ പ്രതിചേർത്ത ആളാണ് ഇപ്പോഴത്തെ കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്.ജയമോഹൻ. ഇതേ കേസിൽ റിമാൻഡിൽ കഴിഞ്ഞ ആളാണു സിപിഎം ജില്ലാ കമ്മിറ്റിയംഗം ബാബു പണിക്കർ. ഡിവൈഎഫ്‌ഐ അഞ്ചൽ ബ്ലോക്ക് സെക്രട്ടറി അഫ്‌സലും റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്.

മത്സ്യത്തൊഴിലാളി യൂണിയൻ കൊല്ലം ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ പി.മനോഹരൻ ചവറയിൽ ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച കേസിൽ അഞ്ചുവർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ കേരളത്തിലുടനീളം അക്രമക്കേസുകളിൽ പെട്ട പലരും സിപിഎമ്മിന്റെ ഇഷ്ടക്കാരായി പദവികളിൽ തുടരുന്നു. പാർട്ടിയിലെ ഉയർച്ചയ്ക്ക് ക്രിമിനൽ കേസുകൾ സഹായകമാകുമെന്ന സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. കാശിറക്കി കേസിൽ നിന്നും പാർട്ടി തന്നെ രക്ഷിക്കാൻ എത്തുമെന്ന വിശ്വാസവും അണികൾക്ക് പകർന്ന് നൽകുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP