Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'പ്രഭാത ഭക്ഷണത്തിനു മീനോ? ഈ കണ്ണൂരുകാരെ സമ്മതിക്കണം'; കണ്ണൂർ ഭക്ഷണത്തിന് അൽപ്പം ചുവപ്പും എരിവും പുളിയും കൂടുതൽ തന്നെ: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെ ഭക്ഷണവിശേഷങ്ങൾ ഇങ്ങനെ

'പ്രഭാത ഭക്ഷണത്തിനു മീനോ? ഈ കണ്ണൂരുകാരെ സമ്മതിക്കണം'; കണ്ണൂർ ഭക്ഷണത്തിന് അൽപ്പം ചുവപ്പും എരിവും പുളിയും കൂടുതൽ തന്നെ: സംസ്ഥാന സ്‌കൂൾ കലോത്സവ വേദിയിലെ ഭക്ഷണവിശേഷങ്ങൾ ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: പ്രഭാത ഭക്ഷണത്തിന് മീനോ? ഈ കണ്ണൂരുകാരെ സമ്മതിക്കണം. സ്‌കൂൾ കലോത്സവത്തിൽ കണ്ണൂരിലെത്തിയ കുട്ടികൾ ഹോട്ടലുകളിൽ കയറിയപ്പോഴുള്ള അവസ്ഥ കണ്ട് ഞെട്ടി. ഇഡ്ഡലിയും ദോശയും സാമ്പാറും കൂട്ടി പ്രഭാത ഭക്ഷണത്തിന് പുറപ്പെട്ടതായിരുന്നു തെക്കൻ കേരളത്തിലെ ഒരു കൂട്ടം കുട്ടികൾ. താമസിക്കുന്ന സ്ഥലത്തിന് പരിസരത്തെ ഹോട്ടലുകളിൽ കയറിയപ്പോഴാണ് അവർക്ക് ഈ വിചിത്രാനുഭവം.

ഇഡ്ഡലിയും ദോശയും തേടിയിറങ്ങിയ കുട്ടികൾ കണ്ടത് പത്തിരിയും പൊറോട്ടയും ചപ്പാത്തിയും അതിനൊപ്പം ആവി പറക്കുന്ന മീൻ വിഭവങ്ങളും. അയല മുതൽ അയക്കൂറ വരെയുള്ള മീനുകൾ വിവിധ തരത്തിൽ പാകം ചെയ്ത് കഴിക്കുകയാണ് കണ്ണൂരുകാർ. തങ്ങളുടെ ഇഷ്ട വിഭവങ്ങൾ തേടിയിറങ്ങിയ കുട്ടികൾ ഒടുവിൽ പത്തിരിയും ചപ്പാത്തിയും ഓഡർ ചെയ്തു. ഒപ്പം മീൻ വിഭവങ്ങളും.

പലരും മനസ്സില്ലാ മനസ്സോടെ രുചിച്ചു തുടങ്ങി. തരക്കേടില്ലെന്ന് പരസ്പരം തലയാട്ടി സമ്മതിച്ചു. ഒടുവിൽ പതിവ് ഭക്ഷണരീതി തന്നെ മറന്നു. എന്നാൽ കണ്ണൂരിലെ കറികൾക്ക് ചുവപ്പും എരിവും അല്പം കൂടുതലാണെന്നാണ് അവരുടെ അഭിപ്രായം. മറ്റൊരു കൂട്ടർ സ്വാമി മഠം റോഡിലെ റസ്റ്റോറന്റുകൾക്കടുത്താണ് രാവിലത്തെ ഭക്ഷണത്തിന് ഇറങ്ങിയത്. ഹോട്ടലുകളിൽ കയറിയപ്പോഴുള്ള അവരുടെ അനുഭവം ഇങ്ങിനെ. 8 മണിക്ക് തന്നെ ചിക്കൻ ബിരിയാണി റെഡി. ബിരിയാണി കഴിക്കുന്ന തദ്ദേശീയരെ നോക്കി അവർ ആശ്ചര്യപ്പെട്ടു. ഇത്രയും രാവിലെ ബിരിയാണി കഴിക്കാമോ?

കണ്ണൂർ ബിരിയാണിയുടെ രുചികരമായ ഗന്ധം അരിച്ചു കയറിയപ്പോൾ സസ്യ ഭക്ഷണം പ്രതീക്ഷിച്ച് ഇറങ്ങിയവരുടെ നാക്കിൽ വെള്ളമൂറി. അല്പസ്വല്പം സംശയിച്ചെങ്കിലും കൂട്ടായെത്തിയ അഞ്ചു പേരും ഒടുവിൽ തീരുമാനത്തിലെത്തി. ബിരിയാണി കഴിക്കാം. ഓഡർ നൽകുമ്പോൾ ചിക്കൻ മട്ടൻ വിഭവങ്ങളുടെ നീണ്ട നിര തന്നെയുണ്ടായിരുന്നു. അറിയാവുന്ന ഭക്ഷണം ബിരിയാണിയായതിനാൽ പിന്നെ കാത്തു നിന്നില്ല. അതിനു തന്നെ ഓഡർ ചെയ്തു. കഴിച്ച് കഴിഞ്ഞപ്പോൾ അന്യ ദേശക്കാരായ വിദ്യാർത്ഥികളോട് വെയ്റ്റർ ചോദിച്ചു. ബിരിയാണി എങ്ങിനെയെന്ന്. മറുപടി ഇങ്ങിനെ.കണ്ണൂർ വിടുന്നതു വരെ ഒരു നേരമെങ്കിലും ഞങ്ങൾ ബിരിയാണി കഴിക്കാൻ ഇവിടെയെത്തും.

കാൽടെക്സിലെ തട്ടുകടകളാണ് സാധാരണക്കാരായ കുട്ടികളുടെ ആശാകേന്ദ്രം. അവിടെ പൊരിച്ചു വച്ച കല്ലുമ്മക്കായ കണ്ട് അവർക്ക് കൗതുകം. സമൂസയോട് സാമ്യം. എന്നാൽ പുറന്തോടില്ല. ഇതെന്താ ചേട്ടാ? എന്നു ചോദിച്ച് ഒരു കൂട്ടം കുട്ടികൾ. കല്ലുമ്മക്കായ എന്നു തട്ടുകടക്കാരന്റെ മറുപടി. ഒരെണ്ണം വില കൊടുത്തവർ വാങ്ങിച്ചു. കൂട്ടുകരെല്ലാം നുള്ളി തിന്നുകയായിരുന്നു. അരി നിറച്ച് പാകം ചെയ്തതിനാൽ അരിക്കടുക്ക എന്ന് പേര്. രുചിച്ചു നോക്കിയവരെല്ലാം പിന്നെ പോക്കറ്റിൽ തപ്പി. 10 രൂപ വീതം
നൽകി ഓരോന്ന് വാങ്ങിച്ചു. അല്പം കഴിഞ്ഞ് തിരുവനന്തപുരം , കൊല്ലം ഭാഗങ്ങളിലെ കുട്ടികൾ കൂട്ടമായി അവിടെയെത്തി. നൂറിൽ കൂടുതൽ പൊരിച്ചു വച്ച അരിക്കടുക്ക തീരാൻ നിമിഷങ്ങളെ വേണ്ടി വന്നുള്ളൂ.

ഇന്നലെ കഴിച്ചവർ ഇന്ന് രാവിലെ തന്നെ അരിക്കടുക്കയും തേടിയെത്തി. എന്നാൽ ഇത്തരം തട്ടുകടകൾ ഉച്ച തിരിഞ്ഞേ പ്രവർത്തിക്കൂ എന്നറിഞ്ഞതിനാൽ വൈകീട്ടാവുന്നതുവരെ ഉമിനീരിറക്കി കാത്തു നിൽപ്പാണ് കല്ലുമ്മക്കായ പ്രിയന്മാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP