Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സിപിഎമ്മുകാർ മാത്രമല്ല, എം വി രാഘവൻ, സുധാകരൻ, രാമകൃഷ്ണൻ...തുടങ്ങിയവരൊക്കെ വെല്ലുവിളി രാഷ്ട്രീയം കളിച്ചവർ; പുലിയെ മടയിൽചെന്നു നേരിടുമെന്നു വെല്ലുവിളിച്ച ശേഷം കൊലപ്പെടുത്തിയ ചരിത്രം ബിജെപിക്ക്

സിപിഎമ്മുകാർ മാത്രമല്ല, എം വി രാഘവൻ, സുധാകരൻ, രാമകൃഷ്ണൻ...തുടങ്ങിയവരൊക്കെ വെല്ലുവിളി രാഷ്ട്രീയം കളിച്ചവർ; പുലിയെ മടയിൽചെന്നു നേരിടുമെന്നു വെല്ലുവിളിച്ച ശേഷം കൊലപ്പെടുത്തിയ ചരിത്രം ബിജെപിക്ക്

രഞ്ജിത് ബാബു

കണ്ണൂർ: അക്രമിക്കാൻ വന്നാൽ വന്നതുപോലെ അവർ തിരിച്ചു പോകില്ലെന്ന സിപിഐ.(എം). സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പ്രസംഗം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവചർച്ചയായി. എവിടെ അക്രമമുണ്ടായാലും അവിടെ തിരിച്ചടിച്ച് എതിരാളികളെ കൊല്ലുമെന്നാണ് കോടിയേരി പറഞ്ഞതെന്ന് കോൺഗ്രസ്സ് നേതാവ് കെ.സുധാകരനും തിരിച്ചടിച്ചു. മാദ്ധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ കോടിയേരിയുടെ പ്രസ്താവന ഏറ്റെടുത്തതോടെ വിവാദങ്ങളും കൊഴുക്കുകയാണ്.

കണ്ണൂർ രാഷ്ട്രീയത്തിൽ വെല്ലുവിളി ഒരു പുത്തൻ സംഭവമൊന്നുമല്ല. കോടിയേരിക്കെതിരെ വാളോങ്ങുന്നവരും അടുത്തകാലങ്ങളിലായി ഇത്തരം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. പ്രസംഗവേദികളിൽ കെ.സുധാകരൻ കോൺഗ്രസ്സുകാരെ തൊട്ടാൽ കനത്ത തിരിച്ചടി നൽകുമെന്ന് പ്രഖ്യാപിക്കാറു പതിവായിരുന്നു. വർഷങ്ങൾക്കു മുമ്പ് സിപിഐ.(എം). നേതാവായിരുന്ന എം വി രാഘവനും കോൺഗ്രസ്സ് നേതാവായിരുന്ന എൻ.രാമകൃഷ്ണനും ഇരുപാർട്ടികളേയും നയിക്കുന്ന കാലത്ത് പരസ്പരം എന്നും പോർവിളിയായിരുന്നു. 'ഞങ്ങളിലൊന്നിനെ തൊട്ടു കളിച്ചാൽ അക്കളി തീക്കളി സൂക്ഷിച്ചോ? ' ഇരു പാർട്ടികളും പരസ്പരം നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളിൽ ഈ മുദ്രാവാക്യം പതിവായിരുന്നു. അതനുസരിച്ചു തന്നെ ഇരു പാർട്ടിക്കാരുടേയും തലകൾ അറ്റു വീഴുകയും ചെയ്തിരുന്നു.

കോൺഗ്രസ്സിനും സിപി.ഐ.(എം) നും മാത്രമല്ല ഇത്തരം വെല്ലുവിളികൾ. ഏതാനും വർഷം മുമ്പ് ഒരു ബിജെപിക്കാരൻ കൊലചെയ്യപ്പെട്ടപ്പോൾ സംഘപരിവാർ നേതാക്കൾ കണ്ണൂരിലൊരു വാർത്താസമ്മേളനം നടത്തി. ആദ്യമൊക്കെ സിപിഐ.(എം). അക്രമത്തെ അപലപിച്ച അവർ സമാധാനമാണ് തങ്ങളാഗ്രഹിക്കുന്നതെന്നു പറഞ്ഞു. ഒടുവിൽ പുലിയെ പുലിമടയിൽ ചെന്ന് നേരിടുമെന്ന് ഒരു നേതാവ് വെല്ലുവിളിച്ചു. അടുത്ത ദിവസം തന്നെ ഒരെതിരാളി കൊല്ലപ്പെടുകയും ചെയ്തു. അപ്പോഴാണ് അതിന്റെ പൊരുൾ മാദ്ധ്യമ പ്രവർത്തകർക്ക് പോലും മനസ്സിലായത്.

കണ്ണൂരിലെ പ്രതികാരരാഷ്ട്രീയത്തിന് നേതാക്കളുടെ പ്രസംഗം പലപ്പോഴും കാരണമായിട്ടുണ്ട്. അതിൽ ഈ മൂന്ന് പ്രസ്ഥാനങ്ങൾക്കും പങ്കുമുണ്ട്. അതുകൊണ്ട് ഇപ്പോൾ കോടിയേരിയെ വിമർശിക്കുന്നവർ അവരുടെ മുൻകാല പ്രസംഗങ്ങൾ ഓർമ്മിക്കുന്നത് നന്ന്. ആക്രമിക്കാൻ വന്നവരോട് കണക്ക് തീർക്കണം, 'വയലിൽ പണി ചെയ്താൽ വരമ്പത്ത് കൂലി കിട്ടും'. പയ്യന്നൂരിലെ ബഹുജന കൂട്ടായ്മ ഉത്ഘാടനം ചെയ്ത് കോടിയേരി സംസാരിച്ച വാക്കുകളാണിത്. മുൻ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി അണികളെ ഉടൻ കത്തിയുമായി ഇറങ്ങാൻ ആഹ്വാനം ചെയ്തതല്ല ഈ പ്രസംഗം. ആവേശഭരിതരാക്കാൻ വേണ്ടി മാത്രം പറഞ്ഞതാണ്. പ്രത്യേകിച്ചു പിണറായി മുഖ്യമന്ത്രിയായതോടെ പാർട്ടിയുടെയും പൊതുസമൂഹത്തിന്റെയും ശ്രദ്ധ തന്നിൽനിന്നു മാറിപ്പോയ സാഹചര്യത്തിൽ. എന്നാൽ ജില്ലാ സെക്രട്ടറിയായ പി.ജയരാജൻ ഈ പ്രസംഗത്തിന്റെ ആശയം ഉൾക്കൊണ്ട് വിവിധ പാർട്ടിയോഗങ്ങളിൽ പ്രസംഗം തുടരുന്നുണ്ട്. അക്രമത്തിന് വന്നവർ അതുപോലെ തിരിച്ചുപോകില്ലെന്നും ജനങ്ങൾ പ്രതികരിക്കുമെന്നും ജയരാജൻ ആവർത്തിക്കുന്നു.

കണ്ണൂരിലെ ടെറിട്ടോറിയൽ ആർമി ആസ്ഥാനത്ത് ഒരു മുദ്രാവാക്യം എഴുതി വച്ചിട്ടുണ്ട്- 'വീരദ്രാവിഢാ, കുത്തടാ കൊല്ലടാ'. അതിനൊപ്പം ഒരു അങ്കച്ചേകവരുടെ ആയുധം ധരിച്ച രൂപവുമുണ്ട്. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ചേകവരുടെ യുദ്ധക്കൊതി വ്യക്തമാക്കുന്നതാണിത്. ഇതൊരു ചരിത്രമായി നിലകൊള്ളുകയാണ്. എന്നാൽ എം വി രാഘവനും എൻ രാമകൃഷ്ണനും പിന്നീട് പിണറായി വിജയനും കെ.സുധാകരനും പി.ജയരാജനും ഒക്കെ ഇത്തരം വെല്ലുവിളിരാഷ്ട്രീയം കൊണ്ടു നടക്കുന്നവരാണ്. ദിവസങ്ങൾക്കു മുമ്പാണ് പയ്യന്നൂരിൽ രാഷ്ട്രീയ അങ്കത്തിൽ രണ്ടു വിധവകളെ സൃഷ്ടിച്ചത്. കണ്ണൂർ രാഷ്ട്രീയത്തിലെ പ്രതികാരത്തിന്റെ ബാക്കിപത്രമാണിത്. കണ്ണൂരെന്ന് കേൾക്കുമ്പോൾ മറ്റു ജില്ലക്കാർ പോലും അന്ധാളിക്കുന്നു. ഈ അവസ്ഥ മാറ്റാൻ കണ്ണൂർക്കാർക്കേ കഴിയൂ.

ഭരണകക്ഷിയുടെ സംസ്ഥാന സെക്രട്ടറിയായ കോടിയേരിയെ അക്രമത്തിന് പ്രേരണ നൽകുന്ന പ്രസംഗത്തിനു പ്രേരിപ്പിച്ചത് ചിലർ ചൂണ്ടിക്കാട്ടുന്നതു പോലെ അവഗണിക്കപ്പെട്ടതുകൊണ്ടാണോ? കണ്ണൂരുകാരനായ പിണറായി വിജയൻ മുഖ്യമന്ത്രിയും ഇ.പി. ജയരാജനും എ.കെ. ശൈലജയും മന്ത്രിമാരുമായപ്പോൾ അദ്ദേഹം പിൻ തള്ളപ്പെട്ടു പോകുന്നുവെന്ന ചിന്തയിലാണോ അതുക്കും മേലേ നിലകൊള്ളാൻ ഇത്തരം അറ്റ കൈ പ്രസംഗം നടത്തിയതെന്നും സംശയിക്കുന്നവരുണ്ട്. പ്രസംഗത്തിന്റെ പേരിൽ കോടിയേരിക്കെതിരെ കേസെടുക്കണമെന്നാണ് ആവശ്യമുയരുന്നത്. എന്നാൽ അത്തരം കേസുകൾ നിലനിൽക്കില്ലെന്നും ഈ പ്രസംഗത്തിന്റെ പേരിൽ ശിക്ഷിക്കാൻ ആവില്ലെന്നും നിയമജ്ഞർ പറയുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP