Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കാൽനൂറ്റാണ്ടിനിടെ 106 രക്തസാക്ഷികൾ; പിണറായി മുഖ്യമന്ത്രിയായ ശേഷം 4 കൊല, 325 കേസുകളിലായി 850 പ്രതികളും; കാവുകൾ ഉണരുന്നതോടെ രാഷ്ട്രീയ രുദ്രമൂർത്തികൾ ഉറഞ്ഞാടുമെന്ന ഭീതിയിൽ ജനങ്ങൾ; കണ്ണൂർ അശാന്തിയിൽ തന്നെ

കാൽനൂറ്റാണ്ടിനിടെ 106 രക്തസാക്ഷികൾ; പിണറായി മുഖ്യമന്ത്രിയായ ശേഷം 4 കൊല, 325 കേസുകളിലായി 850 പ്രതികളും; കാവുകൾ ഉണരുന്നതോടെ രാഷ്ട്രീയ രുദ്രമൂർത്തികൾ ഉറഞ്ഞാടുമെന്ന ഭീതിയിൽ ജനങ്ങൾ; കണ്ണൂർ അശാന്തിയിൽ തന്നെ

രഞ്ജിത് ബാബു

കണ്ണൂർ: കേരളത്തിലെ മറ്റൊരു ജില്ലക്കുമില്ലാത്ത 'ബഹുമതി'യാണ് ഇപ്പോൾ കണ്ണൂരിനുള്ളത്. കഴിഞ്ഞ കാൽ നൂറ്റാണ്ടിൽ നൂറ്റിയാറ് രക്തസാക്ഷികളെ സംഭാവന ചെയ്ത ജില്ല. ഓരോ കൊലപാതകം കഴിയുമ്പോഴും സമാധാനയോഗങ്ങൾ ചേരുന്നു. എന്നാൽ അക്രമങ്ങളൊഴിഞ്ഞുള്ള ഇടവേളകൾ ഇപ്പോൾ ചുരുങ്ങുകയാണ്. പുതിയ സർക്കാർ അധികാരത്തിൽ വന്നശേഷം ഇതുവരെയായി 325 കേസുകളിലായി 850 ഓളം പ്രതികളാണ് അക്രമസംഭവങ്ങളിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഇതിൽ കൂത്തുപറമ്പ്, മുഴക്കുന്ന്, പയ്യന്നൂർ സ്റ്റേഷൻ പരിധികൾക്കുള്ളിലായി നാല് കൊലപാതകങ്ങൾ നടന്നു. ഒരാൾ ബോംബ് പൊട്ടിയും മരിച്ചു. ബോംബേറിലും മറ്റായുധങ്ങൾ കൊണ്ടും കുറേ പേർക്ക് പരിക്കേറ്റു. ഒട്ടേറെ വീടുകൾ തകർക്കപ്പെട്ടു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം പൊലീസ് നടത്തിയ റെയ്ഡിൽ മാത്രം ബോംബും തോക്കും മഴുവും വാളുകളുമായി 230 ഓളം ആയുധങ്ങളാണ് കണ്ടെത്തിയത്.

ഇന്ന് പത്താം ഉദയമാണ്. ഇന്നു മതൽ കാവുകൾ ഉണരുന്നു. രൗദ്രമൂർത്തികൾ കാവിൻ മുറ്റങ്ങളിൽ ഉറഞ്ഞാടും. ഇടവപ്പാതി വരെ നൂറുക്കണക്കിന് കാവുകളിൽ തെയ്യങ്ങൾ ആചാരങ്ങളും അനുഷ്ഠാനവുമനുസരിച്ച് കെട്ടിയാടുന്നു. കണ്ണൂരിന്റെ മനസ്സിൽ ഭീതി ഉളവാക്കുന്നതാണ് ഈ തെയ്യാട്ടക്കാലം. രാഷ്ട്രീയ കക്ഷികൾ കുടിപ്പക തീർക്കുന്ന കാലവുമിതാണ്. കളിയാട്ടം ആരംഭിക്കുന്നതു മുതൽ തലശ്ശേരി, കൂത്തുപറമ്പ്, പാനൂര് എന്നിവിടങ്ങളിൽ രാഷട്രീയ വൈര്യവും പുകയും. സിപിഐ.(എം.) നും ബിജെപി-ആർ.എസ്. എസ് കക്ഷികൾക്കും കണക്കു തീർക്കാവുന്ന വേദിയായി കാവുകൾ മാറുമോ എന്ന ഭയത്തിലാണ് ജനങ്ങൾ. ഇരുഭാഗത്തും അക്രമിക്കാനുദ്ദേശിക്കുന്നവരുടെ ഹിറ്റ്‌ലിസ്റ്റ് ഇക്കാലത്ത് പുറത്തെടുക്കും. ഇരുകക്ഷികളും കൂട്ടമായാണ് കാവുകളിലേക്കെത്തുക. യുദ്ധമുഖത്തേക്കെന്ന പോലെ രണ്ടു പക്ഷത്തായി നിൽക്കും. ഇതിനിടെ ഒറ്റപ്പെട്ടു പോയവനെ പലപ്പോഴും അക്രമിക്കപ്പെടും.

ചന്തലേലം വിളി മുതൽ ഈ കക്ഷികളുടെ ഭിന്നത പുറത്തുവരും. കാവുകളിലെ വഴികളിൽ രക്തസാക്ഷികളുടെ ബോർഡുകൾ പ്രദർശിപ്പിച്ചാണ് ഇത്തവണ സിപിഐ.(എം). ഇടപെടുന്നത്. ഇതു പ്രശ്നങ്ങളുണ്ടാക്കും. പാനൂർ മേഖലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്തിലെ കുറൂളിക്കാവിൽ രക്തസാക്ഷിയുടെ ബോർഡ് പ്രദർശിപ്പിച്ചത് സംഘർഷത്തിനിടയാകാൻ കാരണമായേക്കാം. കാവുകളെ പാർട്ടി പ്രചരണ കേന്ദ്രങ്ങളാക്കി മാറ്റാണ് സിപിഐ.(എം.) ശ്രമിക്കുന്നതെന്ന് ബിജെപി. ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം ഒരു ചെറിയ പ്രശ്നം മതി ഈ മേഖലയിൽ സംഘർഷം പൊട്ടിപുറപ്പെടാൻ. കണ്ണൂരിലെ അക്രമങ്ങൾ പരിശോധിക്കുമ്പോൾ വിട്ടുവീഴ്ചയോ അനുരഞ്ജനമോ അല്ല ഈ രണ്ടു കക്ഷികളുടേയും നിലപാട്. എതിരാളികളെ കൊല്ലുകയോ മാരകമായി പരിക്കേൽപ്പിക്കുകയോ ചെയ്യുന്നതാണ് ഇരുകക്ഷികൾക്കും താത്പര്യം.

കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്തിനു ശേഷം നടന്ന അക്രമങ്ങളിൽ പ്രതി ചേർത്തവരുടെ എണ്ണം മാത്രം പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാകും. സിപിഐ.(എം.) പ്രവർത്തകരുടെ പരാതിയിൽ നൂറ് കേസുകളും ബിജെപി.ക്കാരുടെ പരാതിയിൽ 143 കേസുകളും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്. നൂറ്റി ഇരുപതോളം കേസുകൾ പൊലീസ് സ്വമേധയാ എടുത്തതാണ്. അറസ്റ്റിലായവരുടെ കണക്ക്; 200 ഓളം ബിജെപിക്കാർ, 470 ഓളം സിപിഐ.(എം )പ്രവർത്തകർ. ഈ മാസം രണ്ടു കൊലപാതകങ്ങളാണ് നടന്നത്. സിപിഐ.(എം.) ലെ കുഴിച്ചാലിൽ മോഹനനും ബിജെപി.യിലെ കെ.പി. രമിത്തുമാണ് കൊല്ലപ്പെട്ടത്. ഒട്ടേറെ ആക്രമങ്ങളും ഇതോടനുബന്ധിച്ച് അരങ്ങേറി.

ഇപ്പോൾ കണ്ണൂർ ഒട്ടും ശാന്തമല്ല. പുറമേ നോക്കിയാൽ ശാന്തമെന്നു തോന്നും. സർവ്വകക്ഷി സമാധാന കമ്മിറ്റിയൊക്കെ നടന്നെങ്കിലും ആയുധങ്ങൾ കുന്നുകൂടുകയാണ്. പൊയിലൂർ, ചമതക്കാട് എന്നിവിടങ്ങളിൽ ബോംബുകളും മാരാകായുധങ്ങളും പിടികൂടപ്പെട്ടു. രഹസ്യകേന്ദ്രങ്ങളിൽ ആയുധങ്ങൾ ശേഖരിച്ചു വച്ചിട്ടുണ്ടെന്ന് വ്യക്തം. അതുകൊണ്ടു തന്നെ എന്തും നടക്കും. സമാധാനയോഗത്തിൽ സിപിഐ- എമ്മിലെ പ്രമുഖ നേതാക്കളാരും പങ്കെടുത്തിട്ടില്ല. രാഷ്ട്രീയസംഘർഷങ്ങൾ ഒഴിവാക്കാൻ പൊലീസ് മുന്നോട്ടുവച്ച പെരുമാറ്റച്ചട്ടങ്ങൾ തങ്ങൾക്കു സ്വീകാര്യമല്ലെന്ന നിലപാടിലാണ് സിപിഐ-എം. ബിജെപി- ആർഎസഎസുകാർക്കാകട്ടെ കണ്ണൂരിൽ അശാന്തിയാണെന്നു വരുത്തിത്തീർത്തു കേന്ദ്രസേനയെ ഇറക്കിക്കാനുള്ള താത്പര്യത്തിലാണ്.

കാവുകൾ ഉണരുമ്പോൾ ഭയത്തോടെയാണ് ജനങ്ങൾ ഉറ്റു നോക്കുന്നത്. എന്തു തർക്കം നടന്നാലും കണ്ണൂരിലേത് രാഷട്രീയത്തിലേക്ക് വഴിമാറുകയാണ്. വ്യക്തി തർക്കവും കുടുംബ പ്രശ്നങ്ങൾ പോലും രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കപ്പെടും. ഓരോ പാർട്ടിക്കും സ്വാധീനമുള്ള മേഖലകളിൽ എതിർ പാർട്ടിക്കാർ ഒറ്റപ്പെടും. പാർട്ടി ഗ്രാമങ്ങൾ സ്വന്തമാക്കുകയാണ് ചെയ്യുന്നത്. അതിൽ വിള്ളലുണ്ടാക്കാൻ ശ്രമിച്ചാൽ ഒപ്പം നടക്കുന്നവനെ പോലും കൊല്ലാൻ മടിക്കില്ല. മുഖാമുഖം നിന്ന് പോരടിക്കുന്നത് സിപിഐ.(എം.) ന്റേയും ബിജെപി.യുടേയും സ്വഭാവമായി മാറിയിരിക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP