Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കശാപ്പിനു തടയിടാനുള്ള മോദിയുടെ നീക്കം കേരളം അംഗീകരിക്കില്ല; ഫെഡറൽ സംവിധാനത്തിൽ കൈയിടുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പിണറായി സർക്കാർ; കേരളത്തിൽ കശാപ്പ് ചന്തകളില്ലെന്നും മൃഗസംരക്ഷണ വകുപ്പു മന്ത്രി രാജു

കശാപ്പിനു തടയിടാനുള്ള മോദിയുടെ നീക്കം കേരളം അംഗീകരിക്കില്ല; ഫെഡറൽ സംവിധാനത്തിൽ കൈയിടുന്ന കേന്ദ്രത്തിന്റെ നീക്കത്തിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി പിണറായി സർക്കാർ; കേരളത്തിൽ കശാപ്പ് ചന്തകളില്ലെന്നും മൃഗസംരക്ഷണ വകുപ്പു മന്ത്രി രാജു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വിജ്ഞാപനം പുറപ്പെടുവിച്ചു കന്നുകാലികളെ ഭക്ഷണമാക്കുന്നതിനു നിരോധനം ഏർപ്പെടുത്താനുള്ള കേന്ദ്രത്തിലെ മോദി സർക്കാരിന്റെ നീക്കം കേരളം അംഗീകരിക്കില്ല. ആലപ്പുഴയിൽ നടന്ന ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടറന്മാരുടെ സംസ്ഥാന സമ്മേളനത്തിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജുവാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാന സർക്കാരുകളുടെ അധികാരത്തിൽ കൈയിട്ട് നിയമനിർമ്മാണം നടത്തിക്കൊണ്ടുവരുന്ന ഒന്നിനെയും അംഗീകരിക്കില്ല. കേന്ദ്ര സർക്കാർ ജനപക്ഷ നിലപാടിൽനിന്നും പിന്നോട്ടുപോയാൽ കോടതിയിൽ പോകും. നിയമത്തിന്റെ ഏതറ്റം വരെയും പോരാടും. ഫെഡറൽ സംവിധാനത്തിൽ കൈയിടുന്ന കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെ വേണ്ടിവന്നാൽ നിയമ പോരാട്ടം നടത്താനും സർക്കാർ തയ്യാറാകുമെന്നും മന്ത്രി വ്യക്തമാക്കി.

അടുത്തവർഷം കേരളം പാലിന്റെ കാര്യത്തിൽ സ്വയംപര്യാപ്തത പ്രഖ്യാപിക്കാനിരിക്കെ മോദി പ്രഖ്യാപിച്ച ഉത്തരവ് സംസ്ഥാനത്തിന് വൻ തിരിച്ചടിയാണ് വരുത്തിവെക്കുന്നത്. നിലവിൽ കേരളത്തിന്റെ ക്ഷീര സമാഹരണത്തിൽ കാര്യമായ കുറവാണ് അനുഭവപ്പെടുന്നത്. ഇത്
പരിഹരിക്കണമെങ്കിൽ അന്യ സംസ്ഥാനങ്ങളിൽനിന്നും ഉൽപാദനശേഷിയുള്ള കാലികളെ ഇറക്കുമതി ചെയ്തേ പറ്റു. ഇപ്പോൾ പ്രഖ്യാപിച്ച നിയമം ഇതിന് തടസമാണ്. മാത്രമല്ല സംസ്ഥാനത്തെ ലക്ഷകണക്കിന് വരുന്ന ക്ഷീരകർഷകരെയും അനുബന്ധ മേഖലയിൽ പണിയെടുക്കുന്ന പതിനായിരങ്ങളെയുമാണ് നിയമം പ്രതികൂലമായി ബാധിക്കുന്നത്-മന്ത്രി വിശദീകരിക്കുന്നു.

ലക്ഷകണക്കിന് ജനങ്ങൾക്ക് തൊഴിലും നഷ്ടമാകും. ഇത് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ താറുമാറാക്കും. മൃഗങ്ങളോട് ക്രൂരത കാട്ടുന്നവരെ ശിക്ഷിക്കാൻ കേന്ദ്രത്തിന് അധികാരമുണ്ട്. ഇതിനെ അംഗീകരിക്കുന്നതിനോടൊപ്പം നിരോധനത്തെ ശക്തമായി എതിർക്കുകയും ചെയ്യുന്നു-മന്ത്രി തുറന്നടിച്ചു. കേരളത്തിൽ കശാപ്പ് ചന്തകളല്ല നടക്കുന്നത്. മറിച്ച് കർഷകർക്ക് അത്യുൽപാദനശേഷിയുള്ള പശുക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള സങ്കേതമായിട്ടാണ് അവ പ്രവർത്തിക്കുന്നത്. കാര്യങ്ങൾ മനസിലാക്കാതെ അശാസ്ത്രീയ നിയമങ്ങൾ നടപിലാക്കാൻ കേന്ദ്ര സർക്കാർ മുതിരേണ്ടതില്ലെന്നും മന്ത്രി അറിയിച്ചു.

നേരത്തെ കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനത്തിനെതിരെ കേന്ദ്രത്തിന് കത്തയക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നുു. വിജ്ഞാപനം നടപ്പാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തീരുമാനങ്ങൾ നടപ്പിലാക്കുന്നതിനുള്ള പ്രായോഗിക വൈഷമ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് കത്തയക്കുക. നയപരമായ തീരുമാനം ഇക്കാര്യത്തിൽ ആവശ്യമുണ്ട്. കേന്ദ്രത്തിൽ നിന്നുള്ള മറുപടി ലഭിച്ചശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് കേന്ദ്ര തീരുമാനം അംഗീകരിക്കില്ലെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി തന്നെ വ്യക്തമാക്കുന്നത്. കേരളത്തിൽ കേന്ദ്ര തീരുമാനത്തിനെതിരെ എതിർപ്പ് ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് കടുത്ത നിലപാടിൽ മൃഗ സംരക്ഷണ വകുപ്പ് എത്തുന്നത്.

അതിനിടെ കശാപ്പ് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര ഉത്തരവ് സംസ്ഥാനങ്ങളുടെ അധികാരത്തിലേയ്ക്കുള്ള കയേറ്റമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയും നിലപാട് എടുത്തിരുന്നു. ഉത്തരവ് നിയമവിരുദ്ധമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഈ ഉത്തരവിന് കടലാസിന്റെ വിലയാണെന്നും ഉത്തരവ് വലിച്ചു കിറി ചവറ്റു കൊട്ടയിൽ ഇട്ടാൽ മതിയെന്നും ആന്റണി പറഞ്ഞു കന്നുകാലി വിൽപ്പന നിരോധനത്തെ ഒറ്റക്കെട്ടായി നേരിടണമെന്നു പി.കെ. കുഞ്ഞാലിക്കുട്ടി എംപി വ്യക്തമാക്കി. കന്നുകാലി വിഷയത്തിലടക്കമുള്ള കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നീക്കം പ്രതിപക്ഷ ഐക്യ നിരയെ ശക്തിപ്പെടുത്തും. നോട്ടു നിരോധനം പോലെ തന്നെയുള്ള ഇത്തരം നടപടികൾക്കെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങുമെന്നും കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി.

കേരളത്തിൽ ഗോവധ നിരോധനം നടപ്പാക്കാനുള്ള കുറുക്കുവഴിയാണ് കേന്ദ്ര സർക്കാരിന്റെ ഉത്തരവെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ കുറ്റപ്പെടുത്തി. പ്രതിപക്ഷത്തിന്റെ മസസ്സ് കൂടി അറിഞ്ഞാണ് കടുത്ത നിലപാടിലേക്ക് കേരള സർക്കാർ കടക്കുന്നത്. രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വിൽക്കുന്നത് നിരോധിച്ച കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെയും ഭക്ഷണ സ്വാതന്ത്ര്യത്തിന്മേലുള്ള ആർഎസ്എസ് കടന്നുകയറ്റത്തിൽ പ്രതിഷേധിച്ചും കേരളത്തിലെ 210 കേന്ദ്രങ്ങളിൽ ഇടത് യുവജന സംഘടനകൾ ബീഫ് ഫെസ്റ്റ് നടത്തി. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിന് മുൻപിൽ രാവിലെ 11ന് ബീഫ് ഫെസ്റ്റ് നടന്നു. സെക്രട്ടറിയേറ്റിന് മുൻപിൽ നടന്ന ബീഫ് ഫെസ്റ്റ് ഡിവൈഎഫ്‌ഐ അഖിലേന്ത്യൻ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ ഫെഡറൽ സംവിധാനം തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് തീരുമാനത്തിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. ആർഎസ്എസ് അജണ്ട രാജ്യത്താകെ നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കൊച്ചിയിലും തൃശൂരിലും ഇടത് വിദ്യാർത്ഥി സംഘടനകൾ ബീഫ് ഫെസ്റ്റ് നടത്തി. നൂറുകണക്കിന് വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ അണിനിരന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP