Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

താക്കറമാർ ബ്ലാക്‌മെയിൽ ചെയ്തു വാങ്ങുന്ന പണം നമുക്ക് എന്തിന്? നമ്മുടെ സുരക്ഷക്കായി ജീവത്യാഗം ചെയ്യുന്ന സൈനികരുടെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യതയും നമുക്കില്ലേ? ഫേസ്‌ബുക്കിൽ രാജ്യസ്‌നേഹം വിളമ്പുന്നവർ കണ്ണു തുറക്കട്ടെ

താക്കറമാർ ബ്ലാക്‌മെയിൽ ചെയ്തു വാങ്ങുന്ന പണം നമുക്ക് എന്തിന്? നമ്മുടെ സുരക്ഷക്കായി ജീവത്യാഗം ചെയ്യുന്ന സൈനികരുടെ കുടുംബത്തെ സഹായിക്കാനുള്ള ബാധ്യതയും നമുക്കില്ലേ? ഫേസ്‌ബുക്കിൽ രാജ്യസ്‌നേഹം വിളമ്പുന്നവർ കണ്ണു തുറക്കട്ടെ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഇന്ത്യൻ സൈനികരുടെ ക്ഷേമം എന്നത് രാജ്യത്തെ ജനങ്ങളിലും സർക്കാറിലും നിക്ഷിപ്തമായ കാര്യമാണ്. ഇതിന് പണം കണ്ടെത്താൻ വേണ്ടി ആരെയും പിടിച്ചുപറിക്കേണ്ട കാര്യമില്ല. പാക്കിസ്ഥാൻ താരം അഭിനയിച്ചു എന്ന ഒറ്റക്കാരണത്താൽ മഹാരാഷ്ട്ര നവനിർമ്മാൺ സേന തലവൻ രാജ്താക്കറെയുടെ കടുംപിടുത്തത്താൽ ഇന്ത്യൻ ആർമ്മിയുടെ വെൽഫെയർ ഫണ്ടിലേക്ക് അഞ്ച് കോടി രൂപ സംഭാവന നൽകാൻ സംവിധായകൻ കരൺ ജോഹർ നിർബന്ധിതനായിരിക്കയാണ്. മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ കൂടി മധ്യസ്ഥതയിലാണ് ഇത്തരമൊരു ഇടപാട് നടന്നത്. സൈനികരുടെ സേവനത്തിന് അഞ്ച് കോടി രൂപ വിലയിട്ടു എന്ന വിധത്തിലും ബ്ലാക്‌മെയിൽ ചെയ്ത് പണംവേണ്ടെന്നും പറഞ്ഞ് മുതിർന്ന സൈനിക ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ കടുത്ത വിമർശനവും ഉയരുന്നു.

പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച 'യേ ദിൽ ഹേ മുശ്കിൽ' പ്രദർശനം തടയുമെന്ന് നേരത്തെ എംഎൻഎസ് ഭീഷണിയുയർത്തിയിരുന്നു. ഇതേതുടർന്ന് കരൺ ജോഹർ ചിത്രത്തിന്റെ റിലീസ് അനിശ്ചിതത്വത്തിലായി. പ്രശ്‌നപരിഹാരത്തിനായി മഹാരാഷ്ട്ര സർക്കാർ മുൻകയ്യെടുത്ത് നടത്തിയ ഒത്തുതീർപ്പ് ചർച്ചയിൽ എംഎൻഎസ് നേതാവ് രാജ് താക്കറെ മുന്നോട്ട് വച്ച ഉപാധികളിൽ ഒന്നായിരുന്നു സൈന്യത്തിന് അഞ്ച് കോടി രൂപ സംഭാവന നൽകണമെന്നത്.

പാക് താരങ്ങൾ അഭിനയിച്ച സിനിമകളിൽ ഇന്ത്യൻ സൈന്യത്തിന് ആദരവ് അർപ്പിക്കുന്ന സ്‌ളൈഡുകൾ നിർബന്ധമായും പ്രദർശിപ്പിക്കണം എന്നാതിയിരുന്നു മറ്റൊരു നിബന്ധന. സിനിമാ നിർമ്മാതാക്കൾ ഈ നിബന്ധനകൾ അംഗീകരിച്ചതിനെ തുടർന്നാണ് എംഎൻഎസ് സിനിമാ വിലക്കിൽ നിന്നും പിന്മാറിയതും. ഒത്തുതീർപ്പ് ചർച്ചയിൽ മഹാരാഷ്ട്രയിലെ ബിജെപി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസും പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് പ്രസിഡണ്ട് മുകേഷ് ഭട്ടും സിനിമയുടെ സംവിധായകൻ കരൺ ജോഹറും സംബന്ധിച്ചിരുന്നു. എന്തായാലും ഈ സംഭവത്തോടെ ആർമ്മിയുടെ വെൽഫെയർ ഫണ്ടിനെ കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ആർമി വെൽഫെയർ ഫണ്ടിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണെന്നും ഇതോടെ ചർച്ചയായി.

ഉറി ഭീകരാക്രമണവും സർജിക്കൽ സ്‌ട്രൈക്കും എല്ലാം നടന്ന ഈക്കഴിഞ്ഞ രണ്ട് മാസത്തിനിടെ ആർമ്മി വെൽഫെയർ ഫണ്ടിലേക്ക് ലഭിച്ച സംഭാവനയുടെ മൂന്നിരട്ടിയാണ് കരൺ ജോഹർ നൽകിയ അഞ്ച് കോടി എന്ന് വ്യക്തമാകുമ്പോഴാണ് ദേശസ്‌നേഹികളുടെ സ്‌നേഹം മുഴുവൻ ഫേസ്‌ബുക്കിലും ട്വിറ്ററിലും മാത്രമേ ഉള്ളൂവെന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച്ചയായി ആർമ്മി വെൽഫെയർ ഫണ്ടിലെ ബാറ്റിൽ കാഷ്വാലിറ്റീസിലേക്ക് ലഭിച്ച സംഭാവന 1.4 കോടി മാത്രമാണ്.

പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മുൻകൈയെടുത്താണ് ഇത്തരമൊരു ഫണ്ട് തുടങ്ങിവച്ചത്. രാജ്യസ്‌നേഹികളായ നിരവധി പേർ ഇങ്ങനെ സഹായിക്കാൻ രംഗത്തുണ്ടെന്ന് നിരവധി പേർ രംഗത്തുണ്ടെന്ന് മന്ത്രിതന്നെ അഭിപ്രായപ്പെടുകയും ചെയ്തു. സംഘടനകളും വ്യക്തികളും തയ്യാറെടുപ്പുമായി മുന്നിലുണ്ടെന്നുമാണ് മന്ത്രി പറഞ്ഞത്. യുദ്ധത്തിൽ മരിച്ച സൈനികറുടെ കുടുംബത്തെ സഹായിക്കാൻ വേണ്ടിയാണ് പ്രധാനമായും ഊ ഫണ്ട് ഉപയോഗിക്കാൻ ഉദ്ദേശിച്ചിരുന്നത്.

സൈനികർക്കുള്ള സഹായം ഏകോപിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് പൊതുജനങ്ങൾക്കും സഹായം നൽകാനുള്ള അവസരമെന്ന നിലയിൽ 'ആർമി വെൽഫെയർ ഫണ്ട് ബാറ്റിൽ ക്യാഷ്വാലിറ്റീസ്' ആരംഭിച്ചത്. സർക്കാറിൽ നിന്നും നൽകുന്ന ധനസഹായത്തിന് പുറമേയാണ് ഇത്തരമൊരു ഫണ്ട് തുടങ്ങിയത്. ഇത്തരത്തിൽ ഫണ്ട് നൽകുന്നവർക്ക് നികുതിയിളവ് നല്കുന്നത് അടക്കമുള്ള വിഷയങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ട്.

വാട്‌സ് ആപ്പ് വഴി വ്യാപകമായി ഈ ഫണ്ടിനെ കുറിച്ചുള്ള സന്ദേശം പ്രചരിക്കുകയും ചെയ്തിരുന്നു. ലക്ഷക്കണക്കിന് പേർ കണ്ട് വാട്‌സ് ആപ്പ് സന്ദേശം ഇന്ത്യൻ ആർമിയെ സഹായിക്കാനും ആയുധങ്ങൾ വാങ്ങാനും എന്ന വിധത്തിലായിരുന്നു. കഴിഞ്ഞമാസം മാസം ആദ്യമാണ് ഇത്തരത്തിൽ സൈന്യത്തിന്റെ പേരിലുള്ള പ്രചാരണം സോഷ്യൽ മീഡിയയിൽ സജീവമായത്. ഒരു ദിവസം ഒരു രൂപ വീതം സംഭാവന ചെയ്ത് ഇന്ത്യൻ സൈന്യത്തിന്റെ പോരാട്ടത്തിൽ പങ്കാളികളകൂ എന്ന വിധത്തിലായിരുന്നു പ്രചരണം.

130 കോടി ജനങ്ങളിൽ 100 കോടി ജനങ്ങൾ ഒരു രൂപ നിക്ഷേപിച്ചാൽ ദിവസേന 100 കോടി രൂപ ലഭിക്കും. മാസത്തിൽ 3000 കോടി രൂപ സമാഹരിക്കാൻ സാധിക്കും. അത് ഒരു വർഷമാകുമ്പോൾ 36000 കോടി രൂപ. ഈ പദ്ധതിയിലേക്ക് സംഭാവന ചെയ്ത സൈന്യത്തിന്റെ പോരാട്ടത്തിൽ നിങ്ങൾക്കും പങ്കാളികളാകാൻ സാധിക്കും. സംഭാവനകൾ നിക്ഷേപിക്കാനായി പൊതുജന താത്പര്യാർത്ഥം സിൻഡിക്കേറ്റിൽ ബാങ്കിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ആർക്കും ഒരു രൂപയിൽ തുടങ്ങി എത്ര ചെറിയ തുകയും നിക്ഷേപിക്കാവുന്നതാണ്. രാജ്യത്തിന്റെ പോരാട്ടത്തിൽ നേരിട്ട് പങ്കാളിയാവാനുള്ള ഈ സുവർണ്ണാവസരം ആരും പാഴാക്കാതിരിക്കുക. ഇങ്ങനെയായിരുന്നു സന്ദേശം വാട്‌സാപ്പിലും ഫേസ്‌ബുക്കിലും പ്രചരിക്കപ്പെട്ടത്.

സംഗതി വൈറലായതോടെ സന്ദേശം ലഭിച്ച പലരും ഇത് ആരുടെയെങ്കിലും തട്ടിപ്പാണോ എന്ന അന്വേഷണവും തുടങ്ങി. ഇതോടെ ഇന്ത്യൻ സൈന്യം ഔദ്യോഗിക സർക്കുലർ ഇറക്കി സത്യാവസ്ഥയും പുറത്തിറക്കി. ഇന്ത്യൻ സൈന്യം ട്വിറ്ററിലൂടെ പുറപ്പെടുവിച്ച സർക്കുലറാണിതെന്നും ഇത് വാസ്തവമാണെന്നും കേന്ദ്ര മന്ത്രാലയത്തിന്റെ അറിവോടെയാണ് സന്ദേശമെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരിച്ചത്. ഇത് ഔദ്യോഗികമാണെന്ന് വ്യക്തമായിട്ടും വ്യാപകമായ പ്രചരണം ഉണ്ടായിട്ടും അധികം പണം കിട്ടിയിട്ടില്ലെന്നാണ് വ്യക്തമാകുന്നത്. ഈ വസ്തുത പുറത്തുവരാൻ കരൺ ജോഹറിന്റെ സിനിമാവിവാദം ഉണ്ടാകേണ്ടി വന്നു. എന്തായാലും താക്കറമാരുടെ ബ്ലാക് മെയിലിംഗിൽ വീഴാതെ ഇന്ത്യൻ സൈനികരുടെ കുടുംബത്തെ സഹായാക്കാൻ എല്ലാവർക്കും പങ്കാളിയാകാം. ഇതിന് ചുവടേ കൊടുത്തിരിക്കുന്ന ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് പണം സംഭാവന നൽകുക.

ബാങ്ക് വിവരങ്ങൾ:
SYNDICATE BANK
A/C NAME: ARMY WELFARE FUND BATTLE CASUALTIES
A/C NO: 90552010165915
IFSC CODE: SYNB0009055
SOUTH EXTENSION BRANCH, NEW DELHI.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP