Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബിജുവിന്റെ ആന്തരാവയവങ്ങൾ ചവിട്ടിത്തകർത്തു; വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരക ക്ഷതങ്ങൾ ജീവനെടുത്തു; കരിക്കിനേത്ത് ജോസ് കാഷ്യർ ബിജുവിനെ കൊന്നത് അതിക്രൂരമായി; ഡ്രൈവറെ പ്രതിയാക്കി രക്ഷപെടാനും നീക്കം നടത്തി; ആലപ്പുഴക്കാരൻ വക്കീൽ പെട്ടി നിറച്ച് പണവുമായി അന്വേഷണ സംഘത്തിന്റെ വീടുകൾ കയറിയിറങ്ങി; സത്യസന്ധമായി കേസ് അന്വേഷിച്ചവർക്ക് കിട്ടിയത് വനവാസം: തുണിക്കട മുതലാളിയുടെ പണത്തിന്റെ ചിറകിനടിയിൽ ഒളിച്ചു എല്ലാ പാർട്ടികളും

ബിജുവിന്റെ ആന്തരാവയവങ്ങൾ ചവിട്ടിത്തകർത്തു; വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരക ക്ഷതങ്ങൾ ജീവനെടുത്തു; കരിക്കിനേത്ത് ജോസ് കാഷ്യർ ബിജുവിനെ കൊന്നത് അതിക്രൂരമായി; ഡ്രൈവറെ പ്രതിയാക്കി രക്ഷപെടാനും നീക്കം നടത്തി; ആലപ്പുഴക്കാരൻ വക്കീൽ പെട്ടി നിറച്ച് പണവുമായി അന്വേഷണ സംഘത്തിന്റെ വീടുകൾ കയറിയിറങ്ങി; സത്യസന്ധമായി കേസ് അന്വേഷിച്ചവർക്ക് കിട്ടിയത് വനവാസം: തുണിക്കട മുതലാളിയുടെ പണത്തിന്റെ ചിറകിനടിയിൽ ഒളിച്ചു എല്ലാ പാർട്ടികളും

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കൈനിറയെ പണം കിട്ടിയാൽ ഏതു നാറിയുടെയും കാലു കഴുകി വെള്ളം കുടിക്കുന്നവരാണ് ചില രാഷ്ട്രീയക്കാരും പൊലീസുമെന്ന് ഒരിക്കൽ കൂടി തെളിഞ്ഞ സംഭവമായിരുന്നു നാടിനെ നടുക്കിയ കരിക്കിനേത്തുകൊലപാതകം. ഒരു സാധു തൊഴിലാളിയെ പച്ചക്ക് തല്ലിക്കൊന്നപ്പോഴും തുണിക്കട മുതലാളി വലിച്ചെറിഞ്ഞു കൊടുത്ത നോട്ടുകളെട്ടുകളിലായിരുന്നു ഇവരുടെ നോട്ടം. ഈ പണത്തിന്റെ ഹുങ്കിൽ സത്യം ഒഴിക്കുമെന്ന് കരുതി. എന്നാൽ, അവിടെ നിന്നുമാണ് മറുനാടൻ ഇടപെടലിനെ തുടർന്ന് ബിജു കൊലപാതക കേസ് ഉയർത്തെഴുനേറ്റത്.

കരിക്കിനേത്ത് മുതലാളിയുടെ പണത്തിന്റെ ഹുങ്കിൽ അന്വേഷണം അട്ടിമറിക്കാൻ ഒന്നിച്ച് കൈകോർക്കുകയായിരുന്നു എൽഡിഎഫും യുഡിഎഫും പൊലീസും പരസ്യങ്ങളിൽ മഞ്ഞളിച്ച മുഖ്യധാരാപത്രങ്ങളും രംഗത്തെത്തി. എന്നാൽ, പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ചപ്പോൾ മറുനാടന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരമായിരുന്നു. നിസാം ചന്ദ്രബോസിനെ മർദ്ദിച്ചു കൊലപ്പെടുത്തിയതിനേക്കാൾ ക്രൂരമായാണ് ജോസ് കരിക്കിനേത്ത് എന്ന ക്രൂരനായ കൊലയാളി തന്റെ സ്ഥാപനത്തിലെ കാഷ്യറെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. മറുനാടന്റെ നിതാന്ത ജാഗ്രത കൊണ്ട് മാത്രമാണ് കുറച്ചു നാളേക്കെങ്കിലും ജോസ് അഴിക്കുള്ളിൽ കിടന്നത്.

പത്തനംതിട്ട കോളജ് റോഡിലെ കരിക്കിനേത്ത് ടെക്സ്റ്റയിൽസിലെ കാഷ്യർ ബിജു പി ജോസഫിന്റെ(39) മരണം ക്രൂരമർദനമേറ്റുള്ള കൊലപാതകമാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് വിളിച്ചു പറഞ്ഞു. അത് തിരുത്താനുള്ള മാർഗമൊന്നും ജോസും അയാളുടെ ഏറാൻ മൂളികളും പഠിച്ചിട്ടുണ്ടായിരുന്നില്ല. സത്യം പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ രൂപത്തിൽ തന്നെ തെളിഞ്ഞു വന്നു. വയറിനും കഴുത്തിനുമിടയിൽ ഏറ്റ മാരകമായ ക്ഷതങ്ങളാണ് മരണ കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. ആന്തരികാവയവങ്ങളായ കരൾ, ശ്വാസകോശം എന്നിവ ഇടിയേറ്റ് ചതഞ്ഞു. അത്രയ്ക്കും ക്രൂരമായ മർദ്ദനമാണ് ബിജുവിന് ഏൽക്കേണ്ടി വന്നത്.

കടയിൽ നിന്ന് കാണാതായ ഒന്നരലക്ഷം രൂപ എവിടെ ഒളിപ്പിച്ചുവെന്ന് പറയിപ്പിക്കാൻ വേണ്ടി മർദിക്കുന്നതിനിടയിലാണ് ബിജു മരിച്ചതെന്നാണ് കരിക്കിനേത്ത് മുതലാളി പിന്നീട് പറഞ്ഞത്. അതേസമയം മറ്റൊരു സ്ത്രീവിഷയമാണെന്ന ആരോപണവും ചില കേന്ദ്രങ്ങൾ ഉയർത്തി. കാണാതെ പോയ പണം കണ്ടെത്താൻ വേണ്ടി ഗുണ്ടകളെ ഉപയോഗിച്ച് മർദ്ദിക്കുകയാണ് ജോസ് കരിക്കിനേത്ത് ചെയ്തത്. മർദ്ദനമേറ്റ ബിജു തൽക്ഷണം മരിച്ചു. ബിജു മരിച്ച് രണ്ടു മണിക്കൂറിന് ശേഷമാണ് പൊലീസിൽ വിവരം അറിയിച്ചത്. ഈ സമയം കൊണ്ട് കൊലപാതകം നടന്ന സ്ഥലം കട ഉടമയു ജീവനക്കാരും ചേർന്ന് അണുനാശിനി ഉപയോഗിച്ച് കഴുകി വൃത്തിയാക്കിയിരുന്നു. തെളിവ് നശിപ്പിക്കാൻ വേണ്ടിയാണ് ഈ ശ്രമങ്ങളെല്ലാം തകൃതിയായി നടന്നു.

ജീവനക്കാരും ഗുണ്ടകളും ചേർന്ന് ബിജുവിനെ മർദിച്ചു കൊന്നുവെന്ന് കേസ് എഴുതാനായിരുന്നു പൊലീസിന്റെ നീക്കം. തണ്ടും തടിയുമുള്ള രണ്ടു ഡ്രൈവർമാരെയാണ് പ്രതികളാക്കാൻ ആദ്യം ധാരണയായത്. ഇവർ ഇടിച്ചതു കൊണ്ടാണ് സംഘം ചേർന്നുള്ള ആക്രമണമെന്ന് വരുത്താനാണ് നീക്കം. കൊലപാതകം നടന്ന കടയ്ക്കുള്ളിലെ ഭാഗം ജീവനക്കാർ ചേർന്ന് കഴുകി വൃത്തിയാക്കിയതിനാൽ ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കിട്ടിയില്ല.

ആലപ്പുഴയിലെ പ്രമുഖനായ ക്രിമിനൽ വക്കീലാണ് തിരക്കഥ തയാറാക്കിയത്. എടുക്കുന്ന കേസുകൾ മുഴുവൻ പണം വാരിയെറിഞ്ഞ് വിജയിപ്പിച്ചെടുക്കുന്നയാളാണ് വക്കീൽ. അതിനായി രണ്ടു ഡ്രൈവർമാരെയും ബോധവൽക്കരിച്ചത് വക്കീലാണ്. മുതലാളിക്ക് തട്ടുകേടില്ലാതെ മറ്റൊരാളെ ബലിയാടുക്കുക എന്നതായിരുന്നു എന്നതായിരുന്നു ലക്ഷ്യം. ഇതിനായി ലക്ഷങ്ങൾ വാഗ്ദാനങ്ങളും നിയമസഹായവും വാഗ്ദാനം ചെയ്തു.

ഒടുവിൽ 10 ലക്ഷം രൂപയ്ക്ക് ഒരാൾ കുറ്റമേറ്റെടുക്കാൻ തയാറായി. ഇയാളെ ലോക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് പ്രതിയാക്കാനും ശ്രമം തുടങ്ങി. അതിനു വേണ്ടിയുള്ള കച്ചകെട്ടലുകളായിരുന്നു നടന്നത്. എന്നാൽ, ഈ തിരക്കഥയിൽ വന്ന പാളിച്ചകൾ കേസിൽ വഴിത്തിരിവായി മാറി. ഇവിടെ വച്ചാണ് കേസ് കരിക്കിനേത്ത് മുതലാളിമാരുടെ കൈയിൽ നിന്ന് വിട്ടു പോകുന്നത്. കേസ് അട്ടിമറിച്ചുവെന്ന മറുനാടൻ വാർത്തയെ തുടർന്ന് അന്നത്തെ എഡിജിപി ഹേമചന്ദ്രൻ അന്വേഷണസംഘത്തെ അഴിച്ചു പണിതു. ഇതോടെ മുതലാളിയെ രക്ഷിക്കാൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർ മാറി പുതിയ ഉദ്യോഗസ്ഥരെത്തി.

പത്തനംതിട്ട എസ്‌പിയായിരുന്ന പി വിമലാദിത്യ, ഡിസിആർബി ഡിവൈഎസ്‌പിയായിരുന്ന എൻ രാജേഷ്, ലോക്കൽ എസ്ഐ ജി മനുരാജ് എന്നിവർ അടങ്ങുന്ന ടീം ലോക്കൽ പൊലീസ് പ്രതിയാക്കിയ ഡ്രൈവറെ വിശദമായി ചോദ്യം ചെയ്തു. ആദ്യമൊക്കെ തത്ത പറയുന്നതു പോലെ വക്കീൽ പഠിച്ചത് ആവർത്തിച്ച ഡ്രൈവർ പക്ഷേ ഉണ്ടാകാൻ പോകുന്ന ഭവിഷ്യത്ത് അറിഞ്ഞതോടെ ഗൂഢാലോചന മുഴുവൻ അന്വേഷണസംഘത്തോട് വെളിപ്പെടുത്തി. പിന്നെ, ജോസിനെ അറസ്റ്റ് ചെയ്യുക എന്നതു മാത്രമായിരുന്നു അവശേഷിച്ചിരുന്ന മാർഗം. ഇതിനിടെ പെട്ടി നിറയെ കാശുമായി ആലപ്പുഴക്കാരൻ വക്കീൽ അന്വേഷണ ഉദ്യോഗസ്ഥരെ സമീപിച്ചു. താൻ പറയുന്ന പോലെ കേസ് എഴുതണമെന്നായിരുന്നു ആവശ്യം. പിടിച്ച് അകത്തിടുമെന്ന് ഡിവൈഎസ്‌പി പറഞ്ഞതോടെ ഇയാൾ മുങ്ങി.

ജോസ് അകത്തു പോയെങ്കിലും പുറത്ത് കളികൾ തുടർന്നു കൊണ്ടേയിരുന്നു. കേസ് അന്വേഷിച്ചു കൊണ്ടിരുന്ന എസ്‌പിയെ വയനാട്ടിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് വിട്ടു. ഡിവൈഎസ്‌പിക്കും കിട്ടി വയനാട്ടിലേക്ക് മാറ്റം. എസ്ഐയെ കുറേനാൾ കൂടി തുടരാൻ അനുവദിച്ചു. പിന്നെ എറണാകുളത്തിന് തട്ടി. പിന്നീടുള്ള ദിനങ്ങൾ മുഴുവൻ ഇവരെയിട്ട് തട്ടിക്കളിക്കുകയായിരുന്നു യുഡിഎഫിന്റെ മന്ത്രിമാർ. തിരുവഞ്ചൂരിന് ഈ കേസിൽ പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. നിലവിൽ എൻ രാജേഷ് പിഎസ് സി വിജിലൻസിൽ എസ്‌പിയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP