Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇവർ കസ്റ്റംസ് അധികാരികളോ.. അതോ കൊള്ളക്കാരോ? പ്രവാസികളുടെ ബാഗ് തുറന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിലെ പതിവ് പരിപാടി; പരിശോധന കഴിഞ്ഞ് ബാഗേജ് ലഭിച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടമായത് രണ്ട് പവന്റെ സ്വർണാഭരണങ്ങളും വാച്ചും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ; എയർപോർട്ട് അധികാരികളുടെ കൊള്ളയടി തുറന്നു കാട്ടി പ്രവാസികളുടെ വീഡിയോ

ഇവർ കസ്റ്റംസ് അധികാരികളോ.. അതോ കൊള്ളക്കാരോ? പ്രവാസികളുടെ ബാഗ് തുറന്ന് സാധനങ്ങൾ മോഷ്ടിക്കുന്നത് കരിപ്പൂർ വിമാനത്താവളത്തിലെ പതിവ് പരിപാടി; പരിശോധന കഴിഞ്ഞ് ബാഗേജ് ലഭിച്ചപ്പോൾ യാത്രക്കാർക്ക് നഷ്ടമായത് രണ്ട് പവന്റെ സ്വർണാഭരണങ്ങളും വാച്ചും മൊബൈലും അടക്കമുള്ള വിലപിടിപ്പുള്ള സാധനങ്ങൾ; എയർപോർട്ട് അധികാരികളുടെ കൊള്ളയടി തുറന്നു കാട്ടി പ്രവാസികളുടെ വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച് നിരവധി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. ബാഗേജ് കൊള്ളയടിക്കപ്പെടുന്നത് പതിവായ സംഭവമാണ് വിവാദങ്ങൾക്ക് ഇടയാക്കിയത്. ബാഗേജ് പരിശോധിക്കുന്ന കസ്റ്റംസ് ഉദ്യോഗസ്ഥരാണ് പ്രവാസികളെ കൊള്ളയടിക്കുന്നതെന്നാണ് പ്രവാസികളുടെ ആക്ഷേപം. ഗൾഫ് യാത്രക്കാരെയാണ് കരിപ്പൂർ വിമാനത്താവള അധികൃതർ പതിവായി കൊള്ളയടിക്കുന്നതെന്നാണ് ആക്ഷേപം. കസ്റ്റംസിന്റെ ഈ കൊള്ളയടിയെ ഒരു കൂട്ടം പ്രവാസികൾ ശരിക്കും പുറത്തുകൊണ്ടുവന്നു.

വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രവാസികൾ തങ്ങൾക്ക് നഷ്ടമായ കാര്യങ്ങൾ ഓരോന്നായി വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന വീഡിയോ. വിമാനത്താവളത്തിൽ വന്നിറങ്ങിയവർ ബാഗേജ് പരിശോധിച്ച് നഷ്ടമായ കാര്യങ്ങളെ കുറിച്ച് എണ്ണിപ്പറയുന്നതാണ് ഫേസ്‌ബുക്ക് വീഡിയോയിൽ ഇവർ പറയുന്നത്. വീഡിയോ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനങ്ങളിൽ യാത്ര ചെയ്യുന്ന ഗൾഫ് യാത്രക്കാരാണ് കരിപ്പൂരിൽ അതികവും കൊള്ള ചെയ്യപ്പെടുന്നതെന്നാണ് ആക്ഷേപം. സംഭവത്തിനെതിരെ ശക്തിമായ പ്രതിഷേധം ഉയർത്താനാണ് പ്രവാസികളുടെ തീരുമാനം.

ദുബായിലോ മറ്റ് ഗൾഫ് നാടുകളിലെ വിമാനത്താവളങ്ങളിലോ ഇത്തരമൊരു കൊള്ള നടക്കാറില്ല. ജിസിസി രാഷട്രങ്ങളിലെ വിമാനതാവളങ്ങളിൽ നടക്കുവാൻ സാധ്യതയില്ലെന്നുമാണ് പ്രവാസികൾ ചൂണ്ടിക്കാട്ടുന്നത്. കരിപ്പൂരിലെ എയർപ്പോർട്ട് അഥോറിറ്റി വിഭാഗം ശക്തവും സുതാര്യവുമാണ്. കസ്റ്റംസ് -എയർലൈൻ ഓപ്പറേറ്റർമാരുടെ ഉത്തരവാദിത്വബോധമില്ലായ്മയാണ് യാത്രക്കാരെ കൊള്ളയടിക്കുവാൻ കാരണമാവുന്നതെന്നും ഇവർ ആക്ഷേപിക്കുന്നു. ഈ തട്ടിപ്പ് എന്നെന്നേക്കുമായി അവസാനിപ്പിക്കണമെന്നാണ് മലബാർ ഡെവലപ്പ്‌മെന്റ് ഫോറം പ്രസിഡന്റ് കെഎം ബഷീർ അഭിപ്രായപ്പെടുന്നത്.

ഇന്ന് രാവിലെ കരിപ്പൂരിൽ വിമാനം ഇറങ്ങിയ പ്രവാസികളുടെ ബാഗിൽ നിന്നും സാധനങ്ങൾ നഷ്ടമായതോടെയാണ് വിമാനത്താവളത്തിൽ വെച്ചു തന്നെ ഫേസ്‌ബുക്ക് ലൈവിൽ പ്രവാസികൾ എത്തിയത്. പത്തോളം യാത്രക്കാരുടെ ബാഗുകഴാണ് എയർപ്പോർട്ട് മാഫിയ കുത്തി തുറന്നത്. കേവലം ഏഴ് ദിവസത്തെ ലീവിന് നാട്ടിൽ എത്തിയ വടകര സ്വദേശി മുഹമ്മദ് ജിയാസുദ്ദീൻ എന്ന പ്രവാസിയുടെ ബാഗിന്റെ പുട്ട് മുറിച്ചിട്ടാണ് സംസങ്ങ് അ5 ഫോണും മറ്റു സാധനങ്ങളും മോഷ്ടിച്ചത്. തുടർന്ന് മറ്റുള്ള യാത്രക്കാരും ബാഗുകൾ പരിശോധിച്ചപ്പോൾ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തായെന്നും കെ എം ബഷീർ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്പെടുന്നു.

രണ്ട് പവൻ വരുന്ന സ്വർണ്ണാഭരണം, വാച്ച്, മോബൈൽ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് ജിയാസുദ്ദീന്റെ കൂടെയുള്ള യാത്രക്കാരന്റെ ബാഗിൽ നിന്നും അപ്രത്യക്ഷമായത്. മറ്റൊരു ബാഗിൽ നിന്നും 1000 ദിർഹവും, ഫോണും, ഇലക്ട്രോണിക് ഉപകരണ ങ്ങളും കളവുപോയി, ചില യാത്രക്കാരുടെ ബാഗുകൾ പൊട്ടിച്ചിട്ടുണ്ട്. അത്യാവശ്യം വിലപിടിപ്പുള്ള വസ്തുക്കൾ പൊട്ടിച്ച ബാഗുകളിൽ ഉണ്ടായിട്ടും ഇത് എടുക്കാതെ വെറുതേ വിട്ടുവെന്നും പ്രവാസികൾ പറയുന്നു.

ദുബായിയിൽ നിന്നും ഇന്ന് രാവിലെ 7.20ന് കരിപ്പൂരിൽ ഇറങ്ങിയ എയർ ഇന്ത്യാ എക്സ്‌പ്രസ്സിന്റെ IX 344 എന്ന വിമാനത്തിൽ വന്ന യാത്രക്കാരെയാണ് പരക്കെ കൊള്ളയടിച്ചത്. താമരശ്ശേരി സ്വദേശിയായ അസീസ് അടക്കം ഒട്ടേറെ യാത്രക്കാരുടെ വിലപിടിപ്പുള്ള വസ്തുക്കൾ എയർ ഇന്ത്യ വിമാനങ്ങളിൽ നിന്നാണ് കളവു പോയത്. ഗൾഫിൽ നിന്നും വിമാനം കയറുമ്പോൾ വിമാനത്തിന്റെ എൻട്രി പോയന്റിൽ നിന്നും ഹാന്റ് ബഗ്വേജുകൾ കാബിനിൽ കയറ്റാൻ അനുവദിക്കാതെ കാർഗ്ഗോ വിഭാഗത്തിലേക്ക് മാറ്റിയിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.

പ്രവാസികളെ കൊള്ളയടിക്കാൻ പ്രത്യേക സംഘങ്ങൾ

വിമാനത്തവാളങ്ങളിൽ പ്രവാസികളെ കൊള്ളയടിക്കാൻ പ്രത്യേക സംഘങ്ങൾ തന്നെയുണ്ടെന്നാണ് പ്രവാസികളുടെ ആക്ഷേപം. പ്രവാസികൾ കൊണ്ടുവരുന്ന ലഗേജുകൾ നഷ്ടമാകുന്നതും ലഗേജുകളിലെ വിലപിടിപ്പുള്ള സാധനങ്ങൾ കാണാതാകുന്നതും നിത്യസംഭവമായ സാഹചര്യത്തിൽ നടത്തിയ അന്വേഷണത്തിലാണ് മുമ്പ് മറുനാടൻ ഇതേക്കുറിച്ച് പറഞ്ഞിരുന്നു. എയർപോർട്ടിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നഗ്‌നമായ പിടിച്ചുപറി തന്നെയാണ് നടക്കുന്നതെന്നെന്നാണ് അറിയുന്ന്ത. വിമാന കമ്പനികളുടെ സുരക്ഷാ ഏജൻസികൾ മുതൽ കസ്റ്റംസ് ഉദ്യോഗസ്ഥർ വരെയുള്ളവരാണ് ഈ പകൽകൊള്ളയ്ക്ക് കൂട്ടുനിൽക്കുന്നവർ എന്നാണ് ആക്ഷേപം.

ഉദ്യോഗസ്ഥരുടെ പിടിച്ചുപറിക്കു പുറമെ വിമാനത്തിൽ കയറ്റുന്ന ലഗേജുകൾ കാണാതാകുന്നതും എയർപോർട്ടുകളിൽ തുടർക്കഥയാണ്. കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ലഗേജുകൾ നഷ്ടമായതിന്റെ പേരിൽ കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം ഇരുപതോളം പരാതികളായിരുന്നു പൊലീസിൽ ലഭിച്ചത്. എന്നാൽ പൊലീസിലും എയർപോർട്ട് അഥോറിറ്റിയിലും പരാതിലഭിക്കാത്ത സംഭവങ്ങളാണ് അധികവും. ശരാശരി ദിവസവും മൂന്ന് പേരുടെ ലഗേജുകളോ ലഗേജിൽ നിന്നുള്ള വസ്തുക്കളോ എങ്കിലും കാണാതാകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ ഇവരാരും പരാതിപ്പെടാനോ കേസിനു പിന്നാലെ പോകാനോ തയ്യാറായിട്ടില്ല. പ്രവാസികളുടെ ഈ മനോഭാവം മോഷ്ടാക്കൾക്ക് കൂടുതൽ വളമാകുന്ന സ്ഥിതിയാണ്. വർഷങ്ങളുടെ അധ്വാനമാകും പല പ്രവാസികൾക്കും എയർപോർട്ടിലും വിമാനത്തിലും നഷ്ടമാകുന്നത്.

എയർപോർട്ടിനുള്ളിൽ നിന്നും നഷ്ടമാകുന്ന ചെറിയ വസ്തുക്കൾ മാത്രമാണ് പൊലീസ് അന്വേഷണത്തിൽ പ്രവാസികൾക്ക് ഇതുവരെയും തിരിച്ചു കിട്ടിയത്. മൊബൈൽ, പേഴ്സ്, മറ്റു രേഖകൾ, സ്വർണാഭരണങ്ങൾ എന്നിവ വീണു പോകുകയോ തിരിച്ചെടുക്കാൻ മറക്കുന്നതോ ആണ് ഇവയെല്ലാം. ഇത്തരത്തിൽ നഷ്ടമാകുന്ന സാധനങ്ങൾ സിസി ടിവി ക്യാമറയിൽ പതിഞ്ഞതു പ്രകാരം മോഷ്ടാക്കളെ കണ്ടെത്താൻ സാധിക്കാറുണ്ട്. എന്നാൽ ലഗേജുകൾ നഷ്ടമാകുന്നതും വിലപിടിപ്പുള്ള സാധനങ്ങൾ ലഗേജിൽ നിന്നും കാണാതാകുന്നതും ഇതുവരെയും പൊലീസിനു തെളിയിക്കാൻ സാധിച്ചിട്ടില്ല.

എയർപോർട്ട് അഥോറിറ്റിയുമായി ബന്ധപ്പെട്ട കേസായതിനാലും ഉന്നത കമ്പനികൾക്കും ഉദ്യോഗസ്ഥർക്കും എതിരെയുള്ള അന്വേഷണത്തിന്റെ പരിമിതികളുമാണ് ഇത്തരം കേസുകൾ ഇതുവരെ വെളിച്ചം കാണാതെ കിടക്കുന്നത്. കരിപ്പൂർ എയർപോർട്ടിനുള്ളിൽ നടക്കുന്ന സംഭവങ്ങൾ സിസി ക്യാമറയിൽ പതിയാത്ത സ്ഥലത്തു വച്ചായിരിക്കും നടക്കുക. മാത്രമല്ല, ക്യാമറ പതിയുന്നിടങ്ങളിൽ ആളുകളെ തിരിച്ചറിയുന്നതിലെ വ്യക്തതക്കുറവും ഉണ്ട്. കരിപ്പൂർ വിമാനത്താവളത്തിൽ മാസങ്ങൾക്കു മുമ്പ് ഉദ്യോഗസ്ഥർ തമ്മിലുണ്ടായ കൂട്ട സംഘട്ടനത്തിനു പിന്നാലെ സിസി ടിവി ക്യാമറകൾ മാറ്റിസ്ഥാപിക്കുന്നതിനും ഇല്ലാത്തിടത്ത് പുതിയത് സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ ഇതുവരെയും ഈ തീരുമാനവും നടപ്പായിട്ടില്ല.

ഏറ്റവും കൂടുതൽ ലഗേജുകൊള്ളകൾ നടക്കുന്നത് വിമാനത്തിൽ നിന്നും പുറത്തിറക്കുന്ന സമയത്താണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കുന്നു. ഓരോ വിമാന കമ്പനികളും വിവിധ ഏജൻസികൾക്കാണ് ലഗേജിന്റെ സുരക്ഷ ഏൽപ്പിച്ചിട്ടുള്ളത്. വൻകിട ഏജൻസികളുടെയും കമ്പനികളുടെയും നിയന്ത്രണത്തിലാണ് ലഗേജ് കയറ്റാനും ഇറക്കാനും ജീവനക്കാരെ നിയമിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നും വിമാനത്തിൽ കയറ്റുന്നതും ഇറക്കുന്നതും ഈ ജീവനക്കാരാണ്. ലഗേജുകൾ മോഷണം നടത്തുന്നതിനു പിന്നിൽ വൻശൃംഖല പ്രവർത്തിക്കുന്നതായാണ് വിവിധ അന്വേഷണ ഏജൻസികൾക്കും ലഭിക്കുന്ന വിവരം. വിലപിടിപ്പുള്ള സാധനങ്ങളടങ്ങിയ ലഗേജുകളിൽ പ്രത്യേക കോഡ് ഭാഷകളിൽ മാർക്ക് ചെയ്യപ്പെട്ടാണ് വിദേശത്ത് നിന്നും വരുന്നത്.

ലഗേജ് നമ്പറും മറ്റുവിവരങ്ങളും അടങ്ങിയ സന്ദേശങ്ങൾ വാട്സ് ആപ്പിലൂടെയും ഇവർ പരസ്പരം കൈമാറുന്നു. ഇതനുസരിച്ച് വിമാനത്തിൽ നിന്നും ഇറക്കുന്ന ലഗേജുകളിൽ നിന്നും കൃത്യമായി മോഷണം ചെയ്യപ്പെടുകയാണ് പതിവ്. പെട്ടിയിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കൾ മാത്രം ലക്ഷ്യം വച്ചുകൊണ്ടാണ് മോഷണം നടന്നിരിക്കുന്നതെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു. ഇത്തരത്തിൽ മോഷണം നടത്തുന്നത് തടയാനോ ഇവരെ കണ്ടുപിടിക്കാൻ സാധിക്കുന്നില്ലെന്നതുമാണ് യാഥാർത്ഥ്യം. കേരളാ പൊലീസിന്റെ അന്വേഷണത്തിന് ഏറെ പരിമിതികളുണ്ടെന്നും ഉന്നത ഏജൻസികളുടെ അന്വേഷത്തിൽ നിന്നും മാത്രമെ അന്തർദേശീയ ബന്ധമുള്ള ഈ മോഷണ സംഘത്തെ കണ്ടു പിടിക്കാൻ സാധിക്കുകയുള്ളൂവെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP