Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞങ്ങളുടെ കരുണാകരനെയും അപഹരിച്ചുവെന്ന് പത്തനംതിട്ടയിലെ ഐ ഗ്രൂപ്പ്; ലീഡറുടെ ട്രസ്റ്റിന്റെ ഫണ്ട് ശേഖരിക്കാൻ മിമിക്രി! മുൻ മുഖ്യമന്ത്രിയുടെ പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് ഫണ്ട് കണ്ടെത്താൻ കോട്ടയം നസീറിന്റെ മെഗാഷോ നടത്തുന്നത് ഉമ്മൻ ചാണ്ടി വിഭാഗം; കോൺഗ്രസിൽ തമ്മിലടി കൊഴുക്കുന്നു

ഞങ്ങളുടെ കരുണാകരനെയും അപഹരിച്ചുവെന്ന് പത്തനംതിട്ടയിലെ ഐ ഗ്രൂപ്പ്; ലീഡറുടെ ട്രസ്റ്റിന്റെ ഫണ്ട് ശേഖരിക്കാൻ മിമിക്രി! മുൻ മുഖ്യമന്ത്രിയുടെ പേരിൽ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച് ഫണ്ട് കണ്ടെത്താൻ കോട്ടയം നസീറിന്റെ മെഗാഷോ നടത്തുന്നത് ഉമ്മൻ ചാണ്ടി വിഭാഗം; കോൺഗ്രസിൽ തമ്മിലടി കൊഴുക്കുന്നു

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ഐ ഗ്രൂപ്പ് കണ്ണിലെ കൃഷ്ണമണി പോലെ കൊണ്ടു നടന്ന കെ. കരുണാകരനെ എ വിഭാഗം അടിച്ചു മാറ്റി. ഐ ഗ്രൂപ്പ് മുൻകൈയടുത്ത് രൂപീകരിച്ച കെ. കരുണാകരൻ സ്റ്റഡി സെന്ററിന് പാര വച്ചുവെന്ന് മാത്രമല്ല, ഡി.സി.സി നേതൃത്വത്തിൽ രൂപം കൊടുത്ത കെ. കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റിയിൽ ഒറ്റ ഐ ഗ്രൂപ്പ് നേതാക്കളെയും ഉൾപ്പെടുത്തിയില്ലെന്നുമാണ് ആരോപണം.

ചാരിറ്റിക്ക് ഫണ്ട് കണ്ടെത്താൻ കോട്ടയം നസീറിന്റെ മെഗാഷോ 27 ന് നടത്താൻ ഒരുങ്ങുകയാണ് എ വിഭാഗം. അതിനിടെ ഇന്നലെ ചരൽക്കുന്നിൽ നടന്ന ഡിസിസി ക്യാമ്പ് എക്സിക്യൂട്ടീവിൽ കെപിസിസി ജനറൽ സെക്രട്ടറി പന്തളം സുധാകരൻ ഈ നീക്കത്തിനെതിരേ ആഞ്ഞടിച്ചു. കെ. കരുണാകരന്റെ പേരിൽ ഫണ്ട് കണ്ടെത്താൻ മിമിക്രി നടത്തേണ്ട ഗതികേട് കോൺഗ്രസിന് ഉണ്ടായിട്ടില്ലെന്ന് പന്തളം സുധാകരൻ പറഞ്ഞു. എന്നാൽ സുധാകരനേക്കാൾ മികച്ച കലാകാരനാണ് പരിപാടി അവതരിപ്പിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് തിരിച്ചടിച്ചു.

ഇതോടെ 27 ന് ചാരിറ്റബിൾ സൊസൈറ്റിയുടെ ധനശേഖരണാർഥം നടത്തുന്ന കാരുണ്യ സ്പർശം മെഗാഷോയിൽ നിന്ന് വിട്ടു നിൽക്കാനും ഐ വിഭാഗം ആലോചിക്കുകയാണ്. കെ. കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റി രുപീകരിച്ചതല്ലാതെ രജിസ്ട്രേഷൻ നടത്തിയിട്ടില്ല എന്നാണ് ഡിസിസി പ്രസിഡന്റ് ബാബു ജോർജ് ഡിസിസി യോഗങ്ങളിലും ജില്ലയിലെ മറ്റു ഭാരവാഹികളുടെ യോഗങ്ങളിലും പറഞ്ഞിരുന്നത്. പിജെ കുര്യൻ, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, എംഎംഹസൻ, പന്തളം സുധാകരൻ തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗങ്ങളിലും ഇതേ നിലപാട് ബാബു ജോർജ് ആവർത്തിച്ചിരുന്നു.

എന്നാൽ, വിവരാവകാശ നിയമപ്രകാരം ഐ ഗ്രൂപ്പ് നേതാക്കൾ എടുത്ത രേഖയിൽ കെ കരുണാകരൻ ചാരിറ്റബിൾ സൊസൈറ്റി പിടിഎം/ടിസി/271/17 നമ്പരായി കഴിഞ്ഞ സെപ്റ്റംബർ 15 ന് രജിസ്റ്റർ ചെയ്തതായി കാണുന്നുണ്ട്. ബാബു ജോർജ് (പ്രസിഡന്റ്), ഹരിദാസ് ഇടത്തിട്ട (വൈസ് പ്രസിഡന്റ്), തോമസ് വർഗീസ് (സെക്രട്ടറി), എംഎസ് പ്രകാശ് (ജോയിന്റ് സെക്രട്ടറി), കാട്ടുർ അബ്ദുൾസലാം (ട്രഷറർ), സജി കൊട്ടയ്ക്കാട്, റിങ്കു ചെറിയാൻ, എ സുരേഷ്‌കുമാർ, സാമുവൽ കിഴക്കുപുറം, സജി മാരൂർ, സലിം പി ചാക്കോ (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ. ഈ വിവരം മറച്ചു വച്ച് ഐ ഗ്രൂപ്പ് നേതാക്കളെ പറ്റിക്കുകയായിരുന്നുവെന്നാണ് വിമർശനം. സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്ന തോമസ് വർഗീസ് ആരാണെന്ന് ഐ വിഭാഗത്തിന് അറിയില്ല. ആദ്യമായിട്ടാണ് നേതൃനിരയിൽ ഇങ്ങനെ ഒരു പേരു കേൾക്കുന്നതത്രേ.

ജില്ലാ കോൺഗ്രസ് കമ്മറ്റിയിൽ ചർച്ച ചെയ്ത്, എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകി രൂപീകരിക്കേണ്ട ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ഏകപക്ഷീയമായി രൂപീകരിക്കുകയായിരുന്നുവത്രേ. ഐ വിഭാഗത്തിന് ജില്ലയിൽ 30 ഡിസിസി ഭാരവാഹികളും പത്തോളം മണ്ഡലം പ്രസിഡന്റുമാരും നിരവധി ത്രിതല പഞ്ചായത്ത് അംഗങ്ങളുമുണ്ട്. ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ച കാര്യം മറച്ചു വച്ച് ഇവരെ കൊണ്ട് മെഗാഷോയ്ക്കുള്ള കൂപ്പൺ വിറ്റ് വൻതുക സമാഹരിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്.

ഡിസിസിയുടെ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിക്കുന്നതിന് മുൻപ് തന്നെ ഐ വിഭാഗത്തിന്റെ നേതൃത്വത്തിൽ കെ. കരുണാകരൻ സ്റ്റഡി സെന്റർ രൂപീകരിച്ചിരുന്നു. ജില്ലയുടെ പിറവിക്ക് കാരണക്കാരനായ കെ കരുണാകരന്റെ പൂർണകായ പ്രതിമ നഗരത്തിൽ സ്ഥാപിക്കാനും സ്റ്റഡി സെന്റർ തീരുമാനിച്ചിരുന്നു. ഇതിനായി നഗരസഭാ ബസ് സ്റ്റാൻഡിനോട് ചേർന്ന് സ്ഥലം നൽകാമെന്ന് എ ഗ്രൂപ്പുകാരിയായ മുനിസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ് ഉറപ്പു കൊടുത്തിരുന്നു. അതിന്റെ പേരിൽ രജനിക്ക് നേരെ പ്രതികാര നടപടിക്കുള്ള നീക്കം ഡിസിസി നേതൃത്വം നടത്തുന്നുണ്ടെന്നും ഐ ഗ്രൂപ്പ് ആരോപിക്കുന്നു.

വിവേചനാധികാരം ഉപയോഗിച്ചാണ് താൻ തീരുമാനമെടുക്കുന്നത് എന്നാണ് ഡിസിസി പ്രസിഡന്റ് പറയുന്നത്. ഇദ്ദേഹത്തോട് മൃദുസമീപനം സ്വീകരിച്ചിരിക്കുന്ന ഐ വിഭാഗത്തിലെ ചില നേതാക്കൾ എതിർത്ത് ഒരു വാക്കു പോലും പറയാൻ തയാറാകുന്നില്ല. എന്നാൽ, കരുണാകരന്റെ പേരിൽ തങ്ങളോട് കാണിച്ച വഞ്ചനയ്ക്ക് എതിരേ പൊരുതാൻ തന്നെയാണ് ഐ വിഭാഗത്തിലെ പ്രമുഖ നേതാക്കളുടെ തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP