Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വർഗീയതയുടെ പേരിൽ തമ്മിൽ തല്ല് തടയാൻ പൊതുജനപങ്കാളിത്തമുറപ്പാക്കി കർമ്മ പരിപാടി; കാസർഗോട്ടെ പദ്ധതിക്ക് വ്യാപക കൈയടി; ജനമൈത്രിയിലേക്കുള്ള പൊലീസിന്റെ യാത്ര ഇങ്ങനെ

വർഗീയതയുടെ പേരിൽ തമ്മിൽ തല്ല് തടയാൻ പൊതുജനപങ്കാളിത്തമുറപ്പാക്കി കർമ്മ പരിപാടി; കാസർഗോട്ടെ പദ്ധതിക്ക് വ്യാപക കൈയടി; ജനമൈത്രിയിലേക്കുള്ള പൊലീസിന്റെ യാത്ര ഇങ്ങനെ

രഞ്ജിത് ബാബു

കാസർഗോഡ്: വർഗ്ഗീയതയിൽ നിന്നും കാസർഗോഡിനെ മോചിപ്പിക്കാൻ യുവാക്കളുടേയും യുത്ത് ക്ലബുകളുടേയും സഹകരണത്തോടെ കാസർഗോഡ് പൊലീസ് പുതിയ കർമ്മ പരിപാടിക്ക് രൂപം നൽകുന്നു. അക്രമികളേയും സാമൂഹ്യവിരുദ്ധരേയും നിയന്ത്രിക്കുക, കാസർഗോഡിന്റെ ശാന്തിയും സമാധാനവും നിലനിർത്തുക, എന്നീ ആശയങ്ങളുമായി.

ജില്ലാ പൊലീസ് മേധാവി തോംസൺ ജോസഫിന്റെ മേൽ നോട്ടത്തിൽ സി.ഐ,.എം. പി. ആസാദാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. കാസർഗോട്ടെ ജനങ്ങൾ രണ്ടു വിഭാഗങ്ങളായിട്ടാണ് പലപ്പോഴും കഴിയുന്നത്. ബാബരി ക്ലബുകളും അയോദ്ധ്യ ക്ലബുകളുമായി യുവാക്കൾ ചേരി തിരിഞ്ഞ് കഴിയുന്നു. ഇത് പലപ്പോഴും സംഘർഷം ക്ഷണിച്ചു വരുത്തുന്നു. കാസർഗോഡ് ജനതയെ ഒരുമിച്ചു നിർത്തുക എന്ന ഉദ്ദേശത്തോടുകൂടിയാണ് പൊലീസ് പുതിയ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

ജില്ലാ ആസ്ഥാനമായ കാസർഗോഡ് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ രണ്ടു ലക്ഷത്തോളം ജനങ്ങൾ താമസിക്കുന്നുണ്ട്. എന്നാൽ മുൻ കാലങ്ങളിൽ നടന്ന വർഗ്ഗീയ സംഘർഷം മൂലം നഗരത്തിലൂടെ ഭയാശങ്കകളോടെ നടന്നു പോകേണ്ടി വരുന്നു. നഗരവും പരിസരവും സാമൂഹ്യവിരുദ്ധരിൽ നിന്നും മോചിപ്പിച്ചെടുക്കുക എന്ന ലക്ഷ്യം കൈവരിക്കാനാണ് പൊലീസ് ആദ്യം ശ്രമിക്കുന്നത്.

അതിന്റെ ഭാഗമായി വിവിധ വിഭാഗങ്ങളിൽപ്പെട്ട 40 ൽപരം ക്ലബുകളിലെ പ്രതിനിധികളെ വിളിച്ചു യോഗം ചേർന്നു. 80 ഓളം പേർ യോഗത്തിലെത്തി. സഹകരണം വാഗ്ദാനം ചെയ്തു. കാസർഗോട്ടെ കുഴപ്പങ്ങൾക്ക് കാരണക്കാരായ 500 പേരെ പൊലീസ് കണ്ടെത്തിക്കഴിഞ്ഞു. ഇവരാണ് സമാധാന ഭംഗം വരുത്തുന്നവർ. ഇവരിൽ 222 പേർ സ്ഥിരം റൗഡികളാണ്. 11 പേർ മോഷ്ടാക്കളും. 16 പേർ വിവിധ കേസുകളിൽപ്പെട്ടവരാണെങ്കിലും ഒരു കേസിൽ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.

ശാസ്ത്രീയമായ കണക്കെടുപ്പു മൂലം കണ്ടെത്തിയ ഇത്തരക്കാരെ നിലക്കു നിർത്തിയാൽ കാസർഗോട്ടെ വർഗ്ഗീയ സംഘർഷം അടക്കമുള്ള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളെ അടിച്ചമർത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്. വർഗ്ഗീയ സ്വഭാവമുള്ളതോ സാമൂഹ്യവിരുദ്ധ നീക്കമോ ശ്രദ്ധയിൽപ്പെട്ടാൽ യഥാസമയം പൊലീസിനെ അറിയിക്കാൻ യൂത്ത് ക്ലബുകളിലെ പ്രതിനിധികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കേട്ടു കേൾവിയുടെ അടിസ്ഥാനത്തിൽ അക്രമം നടക്കുന്നത് തടയാൻ എല്ലാ വിഭാഗം യുവാക്കളും ശ്രദ്ധിക്കണം.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി രക്തദാനം, അവയവദാനം, എന്നിവക്കു വേണ്ടി മതത്തിന്റേയും ജാതിയുടേയും അതിർ വരമ്പുകൾ ഭേദിച്ച് പ്രവർത്തിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. അപകടങ്ങൾ, പ്രകൃതിക്ഷോഭം എന്നിവ നേരിടാൻ ഒരുമിച്ച് സഹകരിക്കാനും പ്രത്യേകം സംവിധാനം ഒരുക്കും. കാസർഗോഡിനെ മതസൗഹാർദ്ദ മേഖലയാക്കി മാറ്റാനുള്ള പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് ജനപിൻതുണ ഏറിവരികയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP