Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മുത്തലിക്കുമായി തട്ടിച്ചു നോക്കുമ്പോൾ സാക്കീർ നായിക് എത്രയോ ഭേദം; പരിവാറിന്റെ പ്രകോപനം കാണാതെ ഇസ്ലാം നേതാവിനെ പീഡിപ്പിക്കുന്നത് ശരിയോ? വിവാദം കൊഴുപ്പിക്കാൻ ഇടത് ചിന്തകൻ കെഇഎന്നും

മുത്തലിക്കുമായി തട്ടിച്ചു നോക്കുമ്പോൾ സാക്കീർ നായിക് എത്രയോ ഭേദം; പരിവാറിന്റെ പ്രകോപനം കാണാതെ ഇസ്ലാം നേതാവിനെ പീഡിപ്പിക്കുന്നത് ശരിയോ? വിവാദം കൊഴുപ്പിക്കാൻ ഇടത് ചിന്തകൻ കെഇഎന്നും

കെ വി നിരഞ്ജൻ

കോഴിക്കോട്: മത തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്നതിന്റെ പേരിൽ നടപടി നേരിടുന്ന ഇസ്ലാമിക പ്രബോധകൻ ഡോ. സാക്കിർ നായിക്കിനെ ന്യായീകരിച്ച് ഇടതു ബുദ്ധിജീവിയായ കെ.ഇ.എൻ കുഞ്ഞുമുഹമ്മദ് രംഗത്ത്. 'മതപ്രബോധനം പൗരാവകാശമാണ്' എന്ന തലക്കെട്ടിൽ ജമാഅത്തെ ഇസ്ലാമിയുടെ യുവജന വിഭാഗമായ സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടൗൺഹാളിൽ നടത്തിയ പരിപാടിയിലാണ് കെ.ഇ.എന്നിന്റെ വിവാദ പ്രസംഗം. പ്രമോദ് മുത്തലിക് അടക്കം പല സംഘ്പരിവാർ നേതാക്കളുടെയും പ്രസംഗങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ഒന്നുമല്ലെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.ഇ.എൻ വ്യക്തമാക്കിയത്.

നേരത്തെ സാക്കിർ നായിക്കിനെ ന്യായീകരിച്ച് മുസ്ലീഗ് പ്രസ്താവന ഇറക്കിയപ്പോൾ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രൂക്ഷമായ പ്രതികരണവുമായ രംഗത്തത്തെിയിരുന്നു.പിന്നീട് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ലീഗിനെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാൽ പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതാവും അറിയപ്പെടുന്ന ഇടതുബുദ്ധിജീവിയുമായ കെ.ഇ.എൻ ഇങ്ങനെ പറഞ്ഞതോടെ പാർട്ടി അനുഭാവികൾ വെട്ടിലായിരക്കയാണ്. കാനവും കോടിയേരി പുതിയ സാഹചര്യത്തിൽ എന്തുപറയുമെന്നതും ശ്രദ്ധേയമാണ്.

പ്രമോദ് മുത്തലിക് അടക്കം പല സംഘ്പരിവാർ നേതാക്കളുടെയും പ്രസംഗങ്ങളുമായി തട്ടിച്ചുനോക്കുമ്പോൾ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങൾ ഒന്നുമല്ല. എന്നാൽ, ഈ പ്രകോപന പ്രസംഗക്കാരെയൊന്നും വിലക്കാതെയാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. ഭരണകൂടത്തിന് ഇക്കാര്യത്തിൽ സത്യസന്ധതയില്ല. സാക്കിർ നായികിനെതിരായ നീക്കം ഇന്ത്യൻ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ മാത്രമുള്ള നടപടിയായി കാണാനാവില്ല. തങ്ങൾ നടത്തുന്ന വിധ്വംസക പ്രവർത്തനങ്ങൾക്ക് മറുഭാഗത്ത് സമവാക്യം ഉണ്ടാക്കാൻ 2014നു ശേഷം സംഘ് പരിവാർ നടത്തുന്ന ശ്രമത്തിന്റെ ഭാഗമായാണിത്. കെ.ഇ.എൻ പറഞ്ഞു.

മറ്റുള്ളവരിൽനിന്ന് വേറിട്ടുനിൽക്കുന്ന വിധ്വംസക പ്രസ്ഥാനമാണ് സംഘ്പരിവാർ. ഐ.എസിനെ പ്രകീർത്തിക്കാൻ ഐ.എസ് മാത്രമേയുള്ളൂ. എന്നാൽ, മാദ്ധ്യമങ്ങളുടെയടക്കം പരിലാളനയേൽക്കുന്നവരാണ് സംഘ്പരിവാർ. സംഘ്പരിവാർ മേൽക്കോയ്മക്ക് കീഴിൽ ശരിയായ സംവാദംപോലും തെറ്റായിമാറുന്നുവെങ്കിലും ഇക്കാര്യങ്ങൾ മാദ്ധ്യമങ്ങൾ കാണാതെ പോകുന്നതായി കെ.ഇ.എൻ പറഞ്ഞു. വർഗീയ ധ്രുവീകരണത്തിന് സംഘ് പരിവാർ കിണഞ്ഞുശ്രമിക്കുന്ന കാലത്ത് വാക്കുകൾ ശ്രദ്ധിച്ച് ഉപയോഗിക്കണമെന്ന് ഡോ. പി.എ. ഫസൽ ഗഫൂർ പറഞ്ഞു. മത പ്രബോധന രംഗത്തെ പ്രാരംഭ സാധ്യതപോലും ഇല്ലാതാക്കുന്ന നീക്കമാണ് നടക്കുന്നതെന്ന് എം.എം. അക്‌ബർ പറഞ്ഞു. മുസ്ലിം ഐക്യത്തെപ്പറ്റി പറയുന്ന സംഘടനകൾ പ്രസംഗവേദികളിൽ മാത്രമല്ല, എല്ലാ മേഖലയിലും അതുകൊണ്ടുവരാൻ ശ്രമിക്കണമെന്ന് ശൈഖ് മുഹമ്മദ് കാരകുന്നും അഭിപ്രായപ്പെട്ടു.

അതിനിടെ ഐസിസ് വേട്ടയുടെ പേരിൽ മതപ്രബോധന കേന്ദ്രങ്ങൾക്കെതിരായ നടപടി പൊലീസും മറ്റ് അന്വേഷണ ഏജൻസികളും അവസാനിപ്പിക്കണമെന്ന് മുസ്ലിം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അന്വേഷണ ഭാഗമായി ഇസ്ലാമിക പ്രബോധക കേന്ദ്രങ്ങൾക്കെതിരെയും വ്യക്തികൾക്കെതിരെയും നടപടി സ്വീകരിക്കുകയും പ്രചാരണങ്ങൾ നടത്തുകയും ചെയ്യുന്നത് നീതീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കി.

ഭരണഘടന ഓരോ വ്യക്തിക്കും നൽകുന്ന മൗലികാവകാശമാണ് മതപ്രബോധന സ്വാതന്ത്ര്യം. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതിനുപകരം നിരപരാധികളെ വേട്ടയാടുന്ന സമീപനം അവസാനിപ്പിക്കണം. ഇത്തരം നടപടികൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഇതിനെതിരെ മുഴുവൻ മതേതരജനാധിപത്യ വിഭാഗങ്ങളും ഒറ്റക്കെട്ടായി നീങ്ങാൻ തയാറാകണമെന്നും ഇവർ ആവശ്യപ്പെട്ടു.

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, കെ. ആലിക്കുട്ടി മുസ്ലിയാർ, ടി.പി. അബ്ദുല്ലക്കോയ മദനി, എം.ഐ. അബ്ദുൽ അസീസ്, ഡോ. ഹുസൈൻ മടവൂർ, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, തൊടിയൂർ മുഹമ്മദ് കുഞ്ഞി മൗലവി, അബ്ദുശൂക്കൂർ മൗലവി അൽഖാസിമി എന്നിവരാണ് പ്രസ്താവനയിൽ ഒപ്പുവച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP