Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സെൻകുമാറിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നത് ചിന്തിക്കാൻ തന്നെ മുഖ്യമന്ത്രിക്ക് വയ്യ! ഡിജിപി നിയമന കാര്യത്തിൽ യാതൊരു എത്തും പിടിയും ഇല്ലാതെ സർക്കാർ; റിവിഷൻ ഹർജി നൽകിയാൽ സുപ്രീം കോടതിയെ പ്രകോപിപ്പിക്കലാകുമെന്നു നിയമോപദേശം; മന്ത്രിസഭാ തീരുമാനം കാത്ത് സെൻകുമാർ; പൊലീസ് ആസ്ഥാനം അങ്കലാപ്പിൽ

സെൻകുമാറിൽ നിന്നും സല്യൂട്ട് സ്വീകരിക്കുന്നത് ചിന്തിക്കാൻ തന്നെ മുഖ്യമന്ത്രിക്ക് വയ്യ! ഡിജിപി നിയമന കാര്യത്തിൽ യാതൊരു എത്തും പിടിയും ഇല്ലാതെ സർക്കാർ; റിവിഷൻ ഹർജി നൽകിയാൽ സുപ്രീം കോടതിയെ പ്രകോപിപ്പിക്കലാകുമെന്നു നിയമോപദേശം; മന്ത്രിസഭാ തീരുമാനം കാത്ത് സെൻകുമാർ; പൊലീസ് ആസ്ഥാനം അങ്കലാപ്പിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ടിപി സെൻകുമാർ കേസിലെ സുപ്രീംകോടതി ഉത്തരവിൽ എന്ത് തീരുമാനമെടുക്കണമെന്ന് അറിയാതെ സംസ്ഥാന സർക്കാർ. സെൻകുമാറിനെ പൊലീസ് മേധാവിയാക്കുന്നതിനെ ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുന്നില്ല. എല്ലാ സാധ്യതകളും തേടിയ ശേഷം തീരുമാനമെടുക്കാനാണ് നീക്കം. സുപ്രീംകോടതി വിധിക്കെതിരെ റിവിഷൻ ഹർജി നൽകണമെന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലൂണ്ട്. ഇതിലൂടെ സെൻകുമാറിന്റെ കാര്യത്തിൽ തീരുമാനം വൈകിപ്പിക്കാൻ കഴിയുമെന്നാണ് ഇത്തരക്കാരുടെ വാദം. എന്നാൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാൻ വൈകിപ്പിക്കുന്നത് വലിയ നിയമപ്രശ്നങ്ങളുണ്ടാക്കുമെന്ന വിലയിരുത്തലും സജീവമാണ്. ഈ സാഹചര്യത്തിൽ സെൻകുമാർ വിഷയം മന്ത്രിസഭയുടെ പരിഗണനയ്ക്ക് വിടാനാണ് തീരുമാനം.

സുപ്രീം കോടതി വിധിക്കെതിരെ റിവിഷൻ ഹർജി നൽകുന്നതിനെ മുതിർന്ന ഉദ്യോഗസ്ഥർ ഒന്നടങ്കം എതിർക്കുകയുമാണ്. പുറ്റിങ്ങൽ, ജിഷ കേസുകൾ മുൻനിർത്തി ടി.പി. സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നു മാറ്റിയതു ശരിയായില്ലെന്നും ഇതു കോടതിയെ ബോധ്യപ്പെടുത്താൻ കഴിയുകയില്ലെന്നും ഇവർക്ക് അഭിപ്രായമുണ്ട്. എതിരഭിപ്രായങ്ങൾകൂടി കേൾക്കാനുള്ള സഹിഷ്ണുത ഭരണ നേതൃത്വത്തിന് ഇല്ലാതെ പോയതാണു തിരിച്ചടിക്കു കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഇനി റിവിഷൻ ഹർജിയുമായി പോകാനാണു തീരുമാനമെങ്കിൽ അത് ഇതിലും വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. പ്രത്യേകിച്ചു സെൻകുമാറിനെതിരെ സർക്കാർ ഹാജരാക്കിയ ഫയലുകളിൽ തിരിമറി നടന്നു എന്ന ഗുരുതര പരാമർശം കോടതി വിധിയിലുണ്ട്. ഈ പരമാർശം ചൂണ്ടിക്കാട്ടി സെൻകുമാർ സുപ്രീകോടതിയെ സമീപിച്ചാൽ വീണ്ടും സർക്കാർ ഗുരുതര പ്രതിസന്ധിയിലാകും. അതിനാൽ സെൻകുമാറിനെ പ്രകോപിപ്പിക്കരുതെന്നാണ് ആവശ്യം.

സർക്കാർ പുറത്താക്കിയ ഉദ്യോഗസ്ഥനെ വീണ്ടും പൊലീസ് മേധാവിയാക്കുന്നത് ഭരണപരമായ പ്രതിസന്ധിയുണ്ടാക്കും. അതുകൊണ്ട് സെൻകുമാറുമായി ഒത്തുതീർപ്പിനും സർക്കാർ ശ്രമിക്കുന്നുണ്ട്. അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ അംഗമായോ വിവരാവകാശ കമ്മീഷൻ ചെയർമാനായോ സെൻകുമാറിനെ നിയോഗിക്കാമെന്ന ഓഫറും സർക്കാർ മുന്നോട്ട് വയ്ക്കാൻ സാധ്യതയുണ്ട്. രണ്ട് മാസം വിരമിക്കൽ കാലാവധിയുള്ള സെൻകുമാറിനെ അത്രയും കാലം ഡിജിപി കസേരയിൽ ഇരുത്താൻ സർക്കാരിന് തീരെ താൽപ്പര്യമില്ല. ഒത്തുതീർപ്പിന് സെൻകുമാർ തയ്യാറായില്ലെങ്കിൽ റിവിഷൻ ഹർജിയെ കുറിച്ച് ആലോചിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. ഇതിലൂടെ വിധി നടപ്പാക്കുന്നത് നീട്ടിയെടുക്കാമെന്നാണ് ഇവരുടെ വാദം. എന്നാൽ അത് സുപ്രീംകോടതിയെ ചൊടിപ്പിക്കുമെന്ന അഭിപ്രായവും സജീവമാണ്.

തനിക്ക് ഡിജിപി കസേരയിൽ നഷ്ടമായ കാലം കൂടി പുനഃസ്ഥാപിക്കണമെന്ന് സെൻകുമാർ സുപ്രീംകോടതിയിൽ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാൽ ഇത് സുപ്രീംകോടതി അംഗീകരിച്ചില്ല. വിധി പ്രഖ്യാപനം വന്ന ശേഷം ഉത്തരവ് നടപ്പാക്കാതിരുന്നാൽ സർക്കാർ തീരുമാനം സെൻകുമാറിന് പരമാവധി കാലം കുറയ്ക്കാനുള്ള തന്ത്രമാണെന്ന് കോടതിക്ക് ബോധ്യപ്പെടും. ഈ സാഹചര്യത്തിൽ നഷ്ടമായ കാലം കൂടി സെൻകുമാറിനെ കൊടുക്കുന്ന തരത്തിൽ വിധി പ്രസ്താവം ഉണ്ടാകാൻ സാധ്യതയുണ്ട്. സെൻകുമാറിന് അനുകൂലമായ കോടതി വിധി പ്രഖ്യാപിച്ച അതേ ബഞ്ച് തന്നെയാകും റിവിഷൻ ഹർജിയും പരിഗണിക്കുക. അതുകൊണ്ട് തന്നെ സാധാരണ ഗതിയിൽ സർക്കാർ നിലപാട് കോടതി വീണ്ടും തള്ളിക്കളയാനേ സാധ്യതയുള്ളൂവെന്നും സർക്കാരിന് നിയമോപദേശം ലഭിച്ചിട്ടുണ്ട്.

ഈ സാഹചര്യത്തിൽ തീരുമാനം മന്ത്രിസഭയുടേതാക്കാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. ഏകപക്ഷീയ തീരുമാനമെടുത്തുവെന്ന പേരു ദോഷം ഒഴിവാക്കാൻ ഇതിലൂടെ കഴിയും. ഇത് സെൻകുമാറും തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ നാളെ സാധാരണ ചേരുന്ന മന്ത്രിസഭാ യോഗം വരെ കാത്തിരിക്കാനാണ് തീരുമാനം. സുപ്രീംകോടതി വിധി വന്നതോടെ പൊലീസ് ആസ്ഥാനത്ത് സർവ്വത്ര ആശയക്കുഴപ്പമാണ്. വിധിയോടെ ലോക്നാഥ് ബെഹ്റ പൊലീസ് മേധാവിയല്ലാതെയായെന്ന വിലയിരുത്തലുമുണ്ട്. എന്നാൽ ഇപ്പോഴും ബെഹ്റയാണ് പൊലീസ് മേധാവിയെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സർക്കാർ എടുക്കുന്നതു വരെ ബെഹ്റയ്ക്ക് തന്നെയാണ് ചുമതലെന്നും പറയുന്നു. എന്നാൽ ഇനി പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് ബെഹ്റയെന്നാണ് സൂചന.

രാജ്യത്തെ പൊലീസിനെ ആകമാനം നിഷ്പക്ഷവും സ്വതന്ത്രവുമാക്കാൻ സഹായിക്കുന്ന ചരിത്ര വിധിയാണ് ടി.പി സെൻകുമാർ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയ ഒരു പൊലീസ് ഉദ്യോഗസ്ഥനെ തിരികെ ആ പദവിയിൽ നിയമിക്കുന്ന ആദ്യ ഉത്തരവാണ് കോടതിയിൽ നിന്നുണ്ടായത്. കാലാവധി പൂർത്തിയാക്കും മുമ്പ് വിവേചനാധികാരം ഉപയോഗിച്ച് ഉദ്യോഗസ്ഥരെ പുറത്താക്കുന്ന സർക്കാരുകളുടെ നടപടികൾ കോടതികളിൽ ചോദ്യം ചെയ്യാനാവുമെന്ന സന്ദേശവും വിധി നൽകുന്നു. അതുകൊണ്ട് തന്നെ കൂടുതൽ കരുതൽ ഇനി വേണമെന്നാണ് ആവശ്യം.

പ്രകാശ്‌സിങ് കേസിലെ വിധി മറികടക്കാൻ കേരളാ പൊലീസ് ആക്ടിലെ 97(2) ഇ ഉപയോഗിക്കുന്നതിനെ സുപ്രീംകോടതി തടഞ്ഞു. ഇതു മാത്രമായി ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ഉപയോഗിച്ചാൽ അംഗീകരിക്കില്ല. സംസ്ഥാന സുരക്ഷാ കമ്മീഷന്റെ ശുപാർശയ്ക്ക് അനുസരിച്ചു മാത്രമേ സ്ഥലംമാറ്റം ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാവൂ എന്ന് വിധി നിഷ്‌ക്കർഷിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രി, നിയമമന്ത്രി, പ്രതിപക്ഷ നേതാവ്, വിരമിച്ച ഹൈക്കോടതി ജഡ്ജി. ചീഫ് സെക്രട്ടറി, ആഭ്യന്തരസെക്രട്ടറി, ഡിജിപി എന്നിവരടങ്ങിയതാണ് സുരക്ഷാ കമ്മീഷൻ.

ഏപ്രിൽ 13ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സമർപ്പിച്ച റിപ്പോർട്ടിൽ ഡിജിപി സെൻകുമാറിനെതിരെ യാതൊരു കുറ്റവും രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ മെയ് 26ന് പുതിയ സർക്കാർ അധികാരത്തിലെത്തിയ ഉടൻ ആഭ്യന്തരസെക്രട്ടറി പുറ്റിങ്ങൽ, ജിഷ കേസുകളിൽ ഡിജിപിക്കെതിരെ രണ്ടു റിപ്പോർട്ടുകൾ മുഖ്യമന്ത്രിക്ക് നൽകി. പൊലീസിനെതിരെ ജനങ്ങളിൽ വ്യാപകമായ അതൃപ്തിയുണ്ടെന്നായിരുന്നു നളിനി നെറ്റോയുടെ റിപ്പോർട്ട്. കേന്ദ്രഅഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും ഉന്നയിക്കാത്ത ആരോപണങ്ങളാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച അധിക സത്യവാങ്മൂലത്തിൽ സംസ്ഥാന സർക്കാർ ഹാജരാക്കിയതെന്ന് സുപ്രീംകോടതി വിധി വിമർശിച്ചു. നളിനി നെറ്റോയുടെ മെയ് 26ലെ റിപ്പോർട്ട് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

സെൻകുമാറിനെ പുറത്താക്കാനായി കൃത്രിമ രേഖകളുടെ സഹായം തേടിയിട്ടുണ്ടെന്ന കോടതിയുടെ കണ്ടെത്തൽ വരും നാളുകളിൽ കൂടുതൽ നിയമ നടപടികളുടെ സാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്. സർക്കാർ രേഖകളിൽ തന്നെ ലക്ഷ്യമിട്ട് നിരവധി കൃത്രിമത്വം നടന്നിട്ടുണ്ടെന്നും നിയമ നടപടികളുടെ സാധ്യത പരിശോധിക്കുകയാണെന്നും സെൻകുമാർ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP