Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് ശീലയിൽ വച്ച അവസ്ഥയിൽ മുഖ്യമന്ത്രി; പഴയ സുഹൃത്തിനെ ഡൽഹിയിൽ നിന്നും വിളിച്ചു കൊണ്ട് വന്ന് ചീഫ് സെക്രട്ടറി ആക്കിയതിൽ ഉമ്മൻ ചാണ്ടിക്ക് ഖേദം; ഒരുമിച്ച് പഠിച്ചപ്പോഴത്തെ പിണക്കം തീർക്കാൻ തിരുവഞ്ചൂരും

വേലിയിൽ ഇരിക്കുന്ന പാമ്പിനെ എടുത്ത് ശീലയിൽ വച്ച അവസ്ഥയിൽ മുഖ്യമന്ത്രി; പഴയ സുഹൃത്തിനെ ഡൽഹിയിൽ നിന്നും വിളിച്ചു കൊണ്ട് വന്ന് ചീഫ് സെക്രട്ടറി ആക്കിയതിൽ ഉമ്മൻ ചാണ്ടിക്ക് ഖേദം; ഒരുമിച്ച് പഠിച്ചപ്പോഴത്തെ പിണക്കം തീർക്കാൻ തിരുവഞ്ചൂരും

ബി രഘുരാജ്

തിരുവനന്തപുരം: ദേശീയ ഗെയിംസ്, പാമോലിൻ കേസ്, ഓപ്പറേഷൻ അനന്ത, ഗെയിൽ വിഷയം ഇങ്ങനെയുള്ള നിരവധി വിഷയങ്ങളിൽ ഇടപെട്ട് അധികാരമേറ്റ് മാസങ്ങൾക്കുള്ളിൽ തന്നെ ചീഫ് സെക്രട്ടറി ജിജി തോംസൺ ഭരണമുന്നണി നേതാക്കളുടെ കണ്ണിലെ കരടാകുന്നു. മന്ത്രിമാരുടെ ഇമേജിന് കോട്ടം തട്ടുന്ന വിധത്തിൽ പരസ്യപ്രസ്താവനകൾ നടത്തിയാണ് ജിജി തോംസൺ പുലിവാല് പിടിച്ചിരിക്കുന്നത്. ഇതോടെ ചീഫ് സെക്രട്ടറിയുമായി നേരിട്ട് ഏറ്റുമുട്ടാൻ തന്നെയാണ് മന്ത്രിമാരുടെ തീരുമാനവും.

ഡൽഹിയിൽ സ്പോർട്സ് അഥോറിട്ടി ഇന്ത്യയിലെ ഡയറക്ടർ ജനറൽ പദവിയിലിരുന്ന ജിജി തോംസണെ ചീഫ് സെക്രട്ടറിയാക്കിയത് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ചരട് വലികളായിരുന്നു. ആർക്കും ജിജി തോംസണിനോട് താൽപ്പര്യമില്ലായിരുന്നു. എന്നാൽ സ്വന്തം ആളെന്ന മുഖ്യമന്ത്രിയുടെ വാദത്തിന് മുന്നിൽ കേന്ദ്ര ഡെപ്യൂട്ടേഷൻ പോലും ഒഴിവാക്കി ജിജി തോംസണിനെ കേരളത്തിലെത്തിച്ചു. പാമോലിൻ കേസിലെ പ്രതിയെ ചീഫ് സെക്രട്ടറിയാക്കുന്നതിൽ പ്രതിപക്ഷം എതിർക്കുമെന്ന് ഉറപ്പായിട്ടും വിട്ടുവീഴ്ചയ്ക്ക് ഉമ്മൻ ചാണ്ടി തയ്യാറായില്ല. അതുകൊണ്ട് തന്നെ ചീഫ് സെക്രട്ടറിയുടെ പുതിയ വിവാദങ്ങൾ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെയാണ്.

കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് പാമോലിൻ ഇറക്കുമതി ചെയ്യാനുള്ള തീരുമാനം തെറ്റായിരുന്നെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ജിജി തോംസൺ രംഗത്തെത്തിയതാണ് ഇതിൽ ഏറ്റവും പ്രധാനം. ഉമ്മൻ ചാണ്ടി തന്നെ ഒന്നുമില്ലെന്ന് പറയുന്ന ഇടപാടിനെ അഴിമതിയായി ജിജി തോംസൺ കാണുന്നു. ടെണ്ടർ വിളിക്കാതെ പാമൊലിൻ ഇറക്കുതി ചെയ്യാനുള്ള തീരുമാനത്തിനെതിരെ താൻ ഫയലിൽ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. താൻ എതിർത്ത ഒരുകാര്യത്തിലാണ് 25 വർഷമായി തന്നെ പ്രതിസ്ഥാനത്ത് നിർത്തി കേസ് നടന്നതെന്നും ജിജി തോംസൺ തിരുവനന്തപുരത്ത് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ പരസ്യമായി അഭിപ്രായപ്പെട്ടു. കരുണാകരൻ സർക്കാരിന്റെ കാലത്ത് പാമൊലിൻ ഇറക്കുമതി ചെയ്ത നടപടിയിൽ തെറ്റുണ്ടായിരുന്നില്ലെന്നും അഴിമതി നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കോൺഗ്രസ് യുഡിഎഫ് നേതൃത്വം കോടതിയിലും പുറത്തും ഉറച്ച നിലപാട് സ്വീകരിക്കുമ്പോഴാണ് അക്കാലത്തെ സപ്ലൈകോ എംഡിയായിരുന്നു ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസന്റെ വിവാദ പ്രസ്താവന.

കേസിൽ ഉമ്മൻ ചാണ്ടിയടക്കമുള്ളവരെ ഇനി കുടുക്കാൻ പോന്നതാണ് ഈ മൊഴി. പാമേലിൻ കേസിന്റെ പേരിൽ യുഡിഎഫ് അധികാരത്തിലേറ്റ ഘട്ടത്തിൽ ഉമ്മൻ ചാണ്ടിക്ക് മേൽ കടുത്ത സമ്മർദ്ദങ്ങളും നേരിടേണ്ടി വന്നിരുന്നു. അരുവിക്കര തെരഞ്ഞെടുപ്പ് സമയത്ത് ജിജി തോംസൺ നടത്തിയ പ്രസ്താവന എന്തിനാണെന്ന് ആർക്കുമറിയില്ല. ബുദ്ധിമാനായ ഈ ഉദ്യോഗസ്ഥന്റെ നീക്കത്തിൽ ഭരണപക്ഷത്തിന് സംശയമുണ്ട്. ചീഫ് സെക്രട്ടറിയെ മാറ്റിയാൽ വലിയ വിവാദമുണ്ടാകും. ഇന്നലെ ചീഫ് സെക്രട്ടറി നടത്തിയ പ്രസ്താവന മാത്രമെടുത്ത് പ്രതിപക്ഷം ആയുധമാക്കിയിരുന്നു. കെ കരുണാകരൻ മൺമറഞ്ഞ സാഹചര്യത്തിൽ പാമോലിൻ ഇടപാടിനെ കുറിച്ച് ഇനി അറിയാവുന്ന പ്രധാനപ്പെട്ട രണ്ട് പേരിൽ ഒരാൾ ഉമ്മൻ ചാണ്ടിയും മറ്റൊരാൾ ടിഎച്ച് മുസ്തഫയുമാണ്. ടിഎച്ച് മുസ്തഫ ഇന്നലെ തന്നെ ജിജി തോംസണ് മറുപടി നൽകിയെന്നാണ് ഇതേക്കുറിച്ച് ഇന്ന് മാദ്ധ്യമങ്ങൾ ചോദിച്ചപ്പോൾ മുഖ്യമന്ത്രി പ്രതികരിച്ചത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ വിവാദങ്ങൾ ഉണ്ടാക്കാൻ മാത്രം എന്തിനാണ് ജിജി തോംസണെ കൊണ്ടുവന്നതെന്ന് കോൺഗ്രസിലെ എ വിഭാഗവും ചോദിക്കുന്നു. കായിക മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് നീക്കത്തിന് നേതൃത്വം നൽകുന്നു. സൂപ്പർ മുഖ്യമന്ത്രിയെ പോലെ ജിജി തോംസൺ പെരുമാറുന്നു എന്ന ആക്ഷേപം നേരത്തെ തന്നെ തിരുവഞ്ചൂർ ഉന്നയിച്ചിരുന്നു. ദേശീയ ഗെയിംസിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു തിരുവഞ്ചൂർ ഈ ചോദ്യം അന്നുന്നയിച്ചത്. തിരുവഞ്ചൂരിന്റെ ഈ നീക്കം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയും അംഗീകരിക്കുമ്പോൾ ഫലത്തിൽ വെട്ടിലാകുന്നത് മുഖ്യമന്ത്രി തന്നെയാണ്.

പാമോലിൻ കേസിൽ കരുണാകരനെ കുറ്റപ്പെടുത്തുന്നത് ഐ ഗ്രൂപ്പിനെ ലക്ഷ്യമിട്ടെന്നാണ് ചെന്നിത്തലയുടെ നിലപാട്. ഇത് നിലവിൽ വെടിനിർ ത്തിയ കോൺഗ്രസിലെ ഗ്രൂപ്പ് പോരിനെ മൂർച്ചിപ്പിക്കുകയേയുള്ളൂ. അച്ഛന് വേണ്ടി മറുപടി പറയാൻ കെ മുരളീധരൻ രംഗത്തെത്തിയാൽ വിഷയം കൂടുതൽ വഷളാകും. തന്റെ വകുപ്പിൽ നടത്തിയ അനാവശ്യ ഇടപെടലാണ് കുഞ്ഞാലിക്കുട്ടിയെ ചൊടിപ്പിച്ചിരിക്കുന്നത്. വ്യവസായ വകുപ്പിനെ ജനങ്ങളിൽ നിന്ന് അകറ്റാനാണ് ഗെയിൽ വിവാദം ജിജി തോംസൺ ഉയർത്തിയതെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ വാദം. ഇത് തുടരാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രിയെ കുഞ്ഞാലിക്കുട്ടി തന്നെ അറിയിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറിയെ നിലയ്ക്ക് നിർത്തണമെന്നാണ് ആവശ്യം. ഗെയിൽ വിഷയത്തിൽ ജിജി തോംസൺ നടത്തിയ പ്രസ്താവന കുഞ്ഞാലിക്കുട്ടിയുടെ ഇമേജിനെ തന്നെ ബാധിക്കുന്നതായിരുന്നു. മലപ്പുറത്തെ ഒഴിവാക്കി മറ്റ് സ്ഥലങ്ങളിൽ വാതക പൈപ്പ് ലൈൻ സ്ഥാപിക്കാൻ മന്ത്രി നിർദേശിച്ചു എന്ന പറയുക വഴി ഫലത്തിൽ കുഞ്ഞാലിക്കുട്ടിയെ തീർത്തും പ്രതരോധത്തിലാക്കുകയായിരുന്നു ചീഫ് സെക്രട്ടറി ചെയ്തത്.

ദേശീയ ഗെയിംസ് വിവാദത്തെ തുടർന്ന് പരസ്യപ്രസ്താവനകൾ പാടില്ലെന്ന് ജിജി തോംസണ് മുന്നറിയിപ്പ് നൽകിയിരുന്നു. അത് വീണ്ടും ലംഘിക്കപ്പെട്ടു. ഇനിയൊരവസരം കൂടി നൽകരുത്. തിരുവനന്തപുരത്തെ വെള്ളക്കെട്ടിന്റെ പേരിൽ ഓപ്പറേഷൻ അനന്തയും ഗെയിൽ വിവാദത്തിലെ പരാമർശവുമെല്ലാം അതിര് കടന്നു. നേരത്തെ ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ തിരുവഞ്ചൂരിനെ മുഖ്യമന്ത്രി പരസ്യമായി പിന്തുണച്ചില്ല. അന്ന് ക്ലാസ് മേറ്റുകളായ തിരുവഞ്ചൂരും ചീഫ് സെക്രട്ടറിയുമായുള്ള ഈഗോയാണ് പ്രശ്‌നകാരണമെന്ന് വരുത്താനായിരുന്നു ശ്രമം. പുതിയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ ജിജി തോംസണിനെതിരെ ആഞ്ഞടിക്കാൻ തന്നെയാണ് തിരുവഞ്ചൂരിന്റെയും തീരുമാനം. വരും ദിവസങ്ങളിൽ മന്ത്രിമാരുമായി ബന്ധപ്പെട്ട കൂടുതൽ വിവാദങ്ങൾ ഉണ്ടായാൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും ജിജി തോംസന്റെ രക്ഷകനാകാൻ സാധിച്ചേക്കില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP