Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം 450 കോടി രൂപയുടേത്; ശനിയാഴ്ച വരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയെന്ന് സർക്കാർ; സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസ നിധിയിലേക്ക്; വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ള കൈത്താങ്ങ് പ്രളയക്കെടുതിയെ നേരിടാൻ സർക്കാറിനെ സജ്ജമാക്കുമെന്ന് വിലയിരുത്തൽ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതുവരെ എത്തിയ വാഗ്ദാനം 450 കോടി രൂപയുടേത്; ശനിയാഴ്ച വരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയെന്ന് സർക്കാർ; സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസ നിധിയിലേക്ക്; വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ള കൈത്താങ്ങ് പ്രളയക്കെടുതിയെ നേരിടാൻ സർക്കാറിനെ സജ്ജമാക്കുമെന്ന് വിലയിരുത്തൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഇന്ത്യയിൽ മറ്റൊരു സംസ്ഥാനത്തിനും ലഭിക്കാത്ത വിധത്തിലുള്ള സഹായ പ്രവാഹമാണ് പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിരവധി പേർ സംഭാവന നൽകിയതിന് പിന്നാലെ വിദേശ രാജ്യങ്ങളിൽ നിന്നു പോലും സഹായങ്ങൾ കേരളത്തെ തേടിയെത്തി. സർക്കാറിന് സഹായ നൽകുമെന്ന വാഗ്ദാനം 450 കോടിയുടെ അടുത്തുവരും. ഇതിൽ പലതും വരും ദിവസങ്ങളിൽ അക്കൗണ്ടിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. ഇതിൽ ശനിയാഴ്ചവരെ അക്കൗണ്ടിലെത്തിയത് 164 കോടി രൂപയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.

ഓഗസ്റ്റ് 13 മുതലാണ് പ്രളയബാധിതരെ സഹായിക്കാനായി ദുരിതാശ്വാസനിധിയിലേക്ക് സംഭാവന സ്വീകരിച്ചുതുടങ്ങിയത്. വിവിധ സംസ്ഥാനസർക്കാരുകൾ ഉൾപ്പെടെ വാഗ്ദാനം ചെയ്ത ശേഷിക്കുന്ന തുക വരുംദിവസങ്ങളിലായിരിക്കും അക്കൗണ്ടിലെത്തുക. സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത ദുരിതാശ്വാസനിധിയിലേക്ക് മാറ്റാൻ തീരുമാനിച്ചിട്ടുണ്ട്. 120 കോടിവരുമിത്. വാഗ്ദാനം ചെയ്യപ്പെട്ട 450 കോടി രൂപയിൽ ഇതും ഉൾപ്പെടും.

സർക്കാർ ജീവനക്കാർ രണ്ടുദിവസത്തെ ശമ്പളം നൽകണമെന്ന് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. മുഴുവൻ ജീവനക്കാരും രണ്ടുദിവസത്തെ ശമ്പളം നൽകിയാൽ അതുമാത്രം 175 കോടിരൂപ വരും. എന്നാൽ, ഓഖി ദുരിതാശ്വാസത്തിനായി സർക്കാർ ജീവനക്കാരിൽനിന്ന് ഒരുദിവസത്തെ ശമ്പളത്തുക അഭ്യർത്ഥിച്ചിരുന്നെങ്കിലും 31 കോടി രൂപയേ കിട്ടിയിരുന്നുള്ളൂ.

അതിനിടെ പ്രളയക്കെടുതിയെ അതിജീവിക്കാൻ കേരളത്തിനു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു സഹായപ്രവാഹം തുടരുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി 10 കോടി രൂപ പ്രഖ്യാപിച്ചു. ക്രെഡായിയുടെ സഹായത്തിന്റെ ആദ്യ ഗഡുവായ രണ്ടു കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി. ടി.വി.സുന്ദരം അയ്യങ്കാർ ആൻഡ് സൺസ് ഒരു കോടി നൽകി.

തമിഴ് സിനിമാതാരങ്ങളായ വിക്രം 35 ലക്ഷം രൂപയും വിജയ് സേതുപതി 25 ലക്ഷം രൂപയും നൽകി. ആന്ധ്രപ്രദേശ് ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലെ ഐഎഎസ് ഉദ്യോഗസ്ഥർ ഒരു ദിവസത്തെ ശമ്പളം കേരളത്തിനു നൽകും. തെലങ്കാന ആഭ്യന്തരമന്ത്രി നൈനി നരസംഹ റെഡ്ഡി നേരിട്ടെത്തി നേരത്തേ പ്രഖ്യാപിച്ച 25 കോടി രൂപ മുഖ്യമന്ത്രിക്കു കൈമാറി.

ഇത് കൂടാതെ കേരളത്തിന് സഹായഹസ്തവുമായി കേന്ദ്ര സർക്കാറും രംഗത്തുണ്ട്. ഞായറാഴ്ച വെകുന്നേരം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗമാണ് കേരളത്തിന് കൂടുതൽ സഹായം എത്തിക്കാൻ് തീരുമാനിച്ചത്. ഭക്ഷണം, വെള്ളം, മരുന്ന്, വെള്ളം എന്നിവ കേരളത്തിന് ഉറപ്പാക്കാൻ ക്യാബിനറ്റ് സെക്രട്ടറി വിവിധ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം നൽകി.

ഭക്ഷ്യവകുപ്പ് 50000 മെട്രിക് ടൺ അരിയും ഗോതമ്പും നൽകും. ഇതുകൂടാതെ 100 മെട്രിക് ടൺ പയറുവർഗങ്ങളും 22 ലക്ഷം ലിറ്റർ കുടിവെള്ളവും നൽകും. 9,300 കിലോലീറ്റർ മണ്ണെണ്ണയും 60 ടൺ മരുന്നും കേരളത്തിനു ലഭിക്കുന്ന സഹായത്തിൽപെടും. സ്ഥിതി സാധാരണ നിലയിലായാകും വരെ സേനകൾ കേരളത്തിൽ തുടരണമെന്നും കേന്ദ്രം അറിയിച്ചു. പുതപ്പുകളും കിടക്കവിരികളും അടക്കം പ്രത്യേക ട്രെയിൻ കേരളത്തിലെത്തും.

കേരളത്തിന് വലിയ സഹായഹസ്തം നീട്ടം ഖത്തറും രംഗത്തെത്തിയിരുന്നു. പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് ഖത്തർ 50 ലക്ഷം ഡോളർ (34.89 കോടി ഇന്ത്യൻ രൂപ) സഹായധനം നൽകാനാണ് തീരുമാനം. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിയാണ് ഇക്കാര്യം അറിയിച്ചത്. പ്രളയ ദുരന്തത്തിൽ അകപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനാണ് സഹായം നൽകുന്നതെന്ന് ഖത്തർ ഭരണകൂടം അറിയിച്ചിട്ടുണ്ട്.

ദുരിതബാധിതരായ ജനങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രകൃതിദുരന്തത്തിൽ വീടുകൾ ഉൾപ്പടെ നഷ്ടപ്പെട്ടവർക്ക് താമസസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുൾപ്പടെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. മഹാപ്രളയത്തിൽ അനുശോചിച്ച് അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിന് സന്ദേശം അയച്ചിരുന്നു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിച്ചു. ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും ഇന്ത്യൻപ്രസിഡന്റിന് അനുശോചനം അറിയിച്ചു. കേരളത്തിലെ പ്രളയദുരിതത്തിൽ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനിയും അനുശോചിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അദ്ദേഹം അനുശോചനസന്ദേശം അയച്ചു.

അതേസമയം കേരളത്തിന് സഹായവുമായി ഖത്തർ ചാരിറ്റിയും രംഗത്തുണ്ട്. സമാനതകളില്ലാത്ത വിധം പ്രളയക്കെടുതികൾ അഭിമുഖീകരിക്കുന്ന കേരളത്തെ സഹായിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമായി പ്രത്യേക ക്യാമ്പയിന് ഖത്തർ ചാരിറ്റി തുടക്കംകുറിച്ചു. ആദ്യ ഘട്ടത്തിൽ അഞ്ചുലക്ഷം റിയാലിന്റെ സഹായപ്രവർത്തനങ്ങളാണ് നടപ്പാക്കാൻ ലക്ഷ്യമിട്ടിരിക്കുന്നത്. ഖത്തർ ചാരിറ്റിയുടെ ഇന്ത്യയിലെ റപ്രസന്റേറ്റീവ് ഓഫീസ് മുഖേനയായിരിക്കും ഈ പ്രവർത്തനങ്ങൾ. കേരളത്തിൽ ലക്ഷക്കണക്കിന് ജനങ്ങൾ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തിൽ സഹായം ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് സമാഹരണ പദ്ധതിക്കും ഖത്തർ ചാരിറ്റി രൂപം നൽകിയിട്ടുണ്ട്. 40ലക്ഷത്തിലധികം റിയാൽ(7.60കോടി രൂപ) സമാഹരിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 60,000പേർക്ക് അടിയന്തരസഹായം എത്തിക്കുകയാണ് ലക്ഷ്യം. ഭക്ഷണം, മരുന്നുകൾ, താമസസൗകര്യങ്ങൾ തുടങ്ങിയവ ഉറപ്പാക്കും. കാരുണ്യമനസ്‌കർക്ക്, പൗരന്മാരും പ്രവാസികളും ഉൾപ്പടെയുള്ളവർക്ക് ഖത്തർ ചാരിറ്റി പദ്ധതിയിലേക്ക് സംഭാവനകൾ നൽകാം. കേരള ഫ്‌ളഡ് റിലീഫ് എന്ന പേരിലാണ് ക്യാമ്പയിൻ.

രക്ഷാ കേന്ദ്രങ്ങളൊരുക്കുക, പൊതുവായ സഹായം, ഭക്ഷണ, ഭക്ഷണേതര സാധനങ്ങൾ എത്തിക്കുക, മെഡിക്കൽ സഹായം എന്നീ ആവശ്യയങ്ങൾക്കു വേണ്ടിയാണു സഹായം നൽകാനാവുക. ഖത്തർ ചാരിറ്റി നടത്തുന്ന ക്യാമ്പയിനിലേക്ക് സംഭാവനകൾ നൽകാം. ഖത്തർ ചാരിറ്റി വെബ്‌സൈറ്റിലെ കേരള ഫ്‌ളഡ് റിലീഫ് പേജിൽ ഷെൽട്ടർ വിഭാഗത്തിൽ 500 റിയാൽ മുതൽ സംഭാവന നൽകാം. പൊതുവായ സംഭാവനകൾ വിഭാഗത്തിൽ 10, 50, 100, 500, 1000 റിയാൽ മുതലും മരുന്നുവിതരണ വിഭാഗത്തിൽ 500 റിയാൽ മുതലും ഭക്ഷ്യവിഭാഗത്തിൽ 100 റിയാൽ, ഭക്ഷ്യേതര വിഭാഗത്തിൽ 150 റിയാൽ മുതലും സംഭാവനകൾ നൽകാം. എസ്എംഎസ് മുഖേന സഹായം ലഭ്യമാക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ഖത്തറിനെ കൂടാതെ യുഎഇയും കേരളത്തിന് നേർക്ക് സഹായഹസ്തം നീട്ടിയിട്ടുണ്ട്. പ്രളയം കാരണം പ്രയാസപ്പെടുന്നവരെ സഹായിക്കുന്നതിന് ദുരിതാശ്വാസ കമ്മിറ്റി രൂപവത്കരിക്കാൻ യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ നിർദ്ദേശം നൽകി. എമിറേറ്റ്സ് റെഡ്ക്രസന്റ്സിന്റെ നേതൃത്വത്തിൽ യു.എ.ഇയിലെ ജീവകാരുണ്യ സംഘടനകളുടെ പ്രതിനിധികൾ ഉൾക്കൊള്ളുന്ന കമ്മിറ്റിയാണ് രൂപവത്കരിക്കുക. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് രാജ്യത്തെ ഇന്ത്യൻ സമൂഹത്തിലെ പ്രമുഖരുടെ സഹായവും കമ്മിറ്റി തേടും.

പ്രളയത്തിന്റെ പ്രത്യാഘാതം പരമാവധി കുറക്കുന്നതിന് ഇന്ത്യൻ സർക്കാറിന്റെ പ്രവർത്തനങ്ങളെ നേരിട്ട് പിന്തുണക്കണമെന്നാണ് യു.എ.ഇ നേതാക്കളുടെ നിർദ്ദേശം. പ്രളയബാധിതരെ സഹായിക്കുന്നതിനുള്ള യു.എ.ഇയിലെ ജീവകാരുണ്യ പ്രവർത്തകരുടെ പ്രയത്നങ്ങൾ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധം പ്രതിഫലിപ്പിക്കുന്ന വിധം ദേശീയതലത്തിൽ ഏകോപിപ്പിക്കുന്നതിന്റെ പ്രാധാന്യവും നേതാക്കൾ എടുത്തുപറഞ്ഞു.

കേരളത്തിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രളയ മരണങ്ങളിൽ ഇന്ത്യക്കാരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആത്മാർഥമായ അനുശോചനം അറിയിക്കുന്നതായി ശൈഖ് ഖലീഫ, യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവർ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP