Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമ്പതു ലക്ഷം രൂപ വിലവരുന്ന ഒരേക്കർ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ സ്വാഹയുടെ തീരുമാനത്തിന് ലൈക്കടിച്ച് പിതാവും; വിഷുവിനു കൈനീട്ടം കിട്ടിയ പണം ദുരിതിശ്വാസ നിധിയിലേക്ക് നൽകി ശാരികയും ചാരുതയും; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ9000 രൂപ നൽകിയ തമിഴ്‌നാട്ടുലെ രണ്ടാംക്ലാസുകാരി അനുപ്രിയ; ദുരിതാശ്വാസത്തിനായി കമ്മൽ ഊരി നൽകിയ വീട്ടമ്മ; പ്രളയ ദുരന്തത്തിനിടയിലെ മനസു കുളിർപ്പിക്കുന്ന നന്മ വാർത്തകൾ ഇങ്ങനെ

അമ്പതു ലക്ഷം രൂപ വിലവരുന്ന ഒരേക്കർ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയ സ്വാഹയുടെ തീരുമാനത്തിന് ലൈക്കടിച്ച് പിതാവും; വിഷുവിനു കൈനീട്ടം കിട്ടിയ പണം ദുരിതിശ്വാസ നിധിയിലേക്ക് നൽകി ശാരികയും ചാരുതയും; സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ9000 രൂപ നൽകിയ തമിഴ്‌നാട്ടുലെ രണ്ടാംക്ലാസുകാരി അനുപ്രിയ; ദുരിതാശ്വാസത്തിനായി കമ്മൽ ഊരി നൽകിയ വീട്ടമ്മ; പ്രളയ ദുരന്തത്തിനിടയിലെ മനസു കുളിർപ്പിക്കുന്ന നന്മ വാർത്തകൾ ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയ ദുരന്തം ബാധിച്ച കേരളത്തിന് വിവിധ കോണിൽ നിന്നും സഹായം പ്രവഹിക്കുകയാണ്. ഗൾഫിലെ രാജാക്കന്മാർ മുതൽ സാധാരണക്കാരനായവരും കൊച്ചുകുട്ടികളും വരെ കേരളത്തിന് സഹായ ഹസ്തം നീട്ടുന്നു. ഇതിനിടെ മനസു കുളർപ്പിക്കുന്ന ചില സംഭവങ്ങളും പുറത്തുവന്നിട്ടുണ്ട്. മറ്റുള്ളവരുടെ കണ്ണീരൊപ്പാൻ വേണ്ടി സ്വയം ത്യജിക്കാൻ തയ്യാറായിരിക്കുന്നത് നിരവധി പേരാണ്. അത്തരം നിരവധി സംഭവങ്ങളാണ് പുറത്തുവരുന്നത്. കമ്മലൂരി നൽകി വീട്ടമ്മ മുതൽ അച്ഛൻ നൽകിയ സ്ഥലം പോലും ദുരിതാശ്വാസത്തിന് വിട്ടു നൽകി കൊണ്ടാണ് കേരളം ലോകത്തിന് തന്നെ മാതൃകയാകുന്നത്.

വിഷുക്കൈനീട്ടം മുഴുവൻ ദുരിതാശ്വാസ പിരിവിലേക്ക് നൽകി ശാരികയും ചാരുതയും

കഴിഞ്ഞ വിഷുവിനു കൈനീട്ടം കിട്ടിയ പണം മുഴുവൻ പണവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയാരുന്നു ശാരികയും ചാരുതയും. കെ.കെ.രാഗേഷ് എംപിയുടെ മക്കളാണു പതിനാലുകാരി ശാരികയും പത്തുവയസുകാരി ചാരുതയും. പ്രളയബാധിതരെ സഹായിക്കാൻ അച്ഛൻ കൊടുത്തത്രയും പണമൊന്നും ശാരികയുടെയും ചാരുതയുടെയും കയ്യിലുണ്ടായിരുന്നില്ല. എന്നാൽ കൊടുത്ത പണത്തിന്റെ മൂല്യം അതിനൊപ്പമോ മുകളിലോ ആയിരുന്നു.

കെ.കെ.രാഗേഷ് ഒരു മാസത്തെ ശമ്പളമായ ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്കു നൽകി. അച്ഛൻ ധനസഹായം നൽകാൻ പോകുന്നതറിഞ്ഞപ്പോഴാണു തങ്ങളുടെ കൊച്ചുസമ്പാദ്യം കൂടി നൽകാനുള്ള ആഗ്രഹം മക്കൾ പങ്കുവച്ചത്. അത് ഏതു സമ്പാദ്യമെന്ന് അച്ഛൻ തിരക്കിയപ്പോഴാണു വിഷുക്കൈനീട്ടം കിട്ടിയ തുക സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നറിഞ്ഞത്. കൈനീട്ടം എണ്ണിത്തിട്ടപ്പെടുത്തിയപ്പോൾ ചാരുതയുടെ പക്കൽ 4340 രൂപയും ശാരികയുടെ പക്കൽ 2060 രൂപയും. അച്ഛനും അമ്മ പ്രിയ വർഗീസിനുമൊപ്പമെത്തി കലക്ടർക്കു ഇരുവരും തുക കൈമാറി.

ഭൂമി ദാനം ചെയ്യാനുള്ള സ്വാഹയുടെ തീരുമാനത്തിന് ലൈക്കടിച്ച് പിതാവും

പ്രളയക്കെടുതിയിൽ പെട്ടവരെ സഹായിക്കാൻ വേണ്ടി ഒരേക്കർ ഭൂമി ദാനം ചെയ്യാമെന്ന വാഗ്ദാനം നല്കിയ പയ്യന്നൂർ സ്വദേശിയായ സ്വാഹയാണിപ്പോൾ സൈബർ ലോകത്തിന്റെ താരം. ഹയർസെക്കണ്ടറി വിദ്യാർത്ഥിയായ സ്വാഹയുടെ തീരുമാനത്തിന് ലൈക്കടിച്ച് പിതാവും രംഗത്തെത്തി. തന്റെയും സഹോദരൻ ബ്രഹ്മയുടെയും നല്ല ഭാവിയെക്കരുതി അച്ഛൻ നൽകിയ ഒരേക്കർ ഭൂമി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകാൻ തയാറാണെന്നു പറഞ്ഞുകൊണ്ട് സ്വാഹ സ്‌കൂൾ അധികൃതർക്കു നൽകിയ കത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടു കൂടിയാണ് കൊച്ചു മനസ്സിലെ വലിയ നന്മ പുറംലോകമറിഞ്ഞത്.

പയ്യന്നൂർ കണ്ടങ്കാളി ഷേണായിസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്വൺ വിദ്യാർത്ഥിനിയായ സ്വാഹയും അതേ സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയായ ബ്രഹ്മയും ചേർന്നാണ് അച്ഛൻ നൽകിയ ഭൂസ്വത്ത് പ്രളയബാധിതർക്കു നൽകാൻ മനസ്സുകാണിച്ചത്. കോറോം ശ്രീനാരായണ എൻജിനിയറിങ് കോളേജിന് സമീപത്തെ അമ്പതു ലക്ഷം രൂപ വിലവരുന്ന ഒരേക്കർ സ്ഥലമാണ് സ്വാഹ സംഭാവന ചെയ്യുക. മകളുടെ ഇഷ്ടമാണ് തന്റെയും ഇഷ്ടമെന്ന് പിതാവും പറയുന്നു.

ലക്ഷക്കണക്കിന് പേർ എല്ലാം നഷ്ടപ്പെട്ട് നിൽക്കുമ്പോൾ അവർക്കായി ഇങ്ങനെയൊരു കാര്യം ചെയ്യാൻ എന്റെ മക്കൾ മനസ്സു കാണിച്ചതിൽ എനിക്കഭിമാനം മാത്രമാണ് തോന്നുന്നത്. അവരുടെ മനസ്സിലെ സഹാനുഭൂതിയും കരുണയുമെല്ലാം കണ്ട് ഞാനഭിമാനിക്കുന്നു. ഞങ്ങളിപ്പോൾ താമസിക്കുന്നത് പഴയൊരു വീട്ടിലാണ്. വസ്തുവിറ്റ് ആ പണം കൊണ്ട് വീടുപുതുക്കിപ്പണിയാം എന്നുവേണമെങ്കിൽ എന്റെ മക്കൾക്ക് ചിന്തിക്കാമായിരുന്നു. എന്നാൽ അവർ ചിന്തിച്ചത് ആ വസ്തു പ്രളയക്കെടുതിയിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് നൽകാമെന്നാണ്.

വില പറഞ്ഞു നൽകാൻ ഇതൊരു കച്ചവടം ഉറപ്പിക്കലല്ലല്ലോ മനസ്സറിഞ്ഞ് നൽകലല്ലേ. അതുകൊണ്ടു തന്നെ എത്രരൂപയുടെ സ്വത്താണ് എന്ന കണക്കു കൂട്ടലുകളൊന്നും ഞങ്ങൾ നടത്തിയിട്ടില്ല. മകളുടെ തീരുമാനമറിഞ്ഞപ്പോൾ ചിലരൊക്കെ അഭിനന്ദിച്ചു. ചിലരൊക്കെ വിമർശിച്ചു. പക്ഷേ ഞാനെന്റെ മക്കളെ വളർത്തിയത് ശരിയായ രീതിയിലാണെന്ന് തെളിയിച്ച നിമിഷമാണിത്.- പിതാവ് പറഞ്ഞു.

സൈക്കിൾ വാങ്ങാൻ സ്വരുക്കൂട്ടിയ പണം നൽകി ചെന്നൈക്കാരി അനുപ്രിയ

തന്റെ സമ്പാദ്യക്കുടുക്ക പൊട്ടിക്കുമ്പോൾ രണ്ടാംക്ലാസുകാരി അനുപ്രിയയുടെ മനസ്സിൽ പ്രളയദുരിതം അനുഭവിക്കുന്ന കേരളം മാത്രമായിരുന്നു. നാലുവർഷമായി സൈക്കിൾ വാങ്ങാനായി സ്വരുക്കൂട്ടിയ നാണയത്തുട്ടുകൾ അച്ഛന് നൽകി എട്ടുവയസ്സുകാരി പറഞ്ഞു ' അപ്പാ, ഇതെ കേരളാവുക്ക് കൊടുങ്കെ'. തമിഴ്‌നാട്ടിലെ വില്ലുപുരം സ്വദേശിയായ അനുപ്രിയ 9000 രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയത്. കേരളത്തിലെ പ്രളയവാർത്ത ദൃശ്യമാധ്യമങ്ങളിലൂടെയാണ് അനുപ്രിയ അറിഞ്ഞത്.

ഇതോടെ തന്റെ സൈക്കിൾ സ്വപ്നം ഉപേക്ഷിക്കുകയും സമ്പാദ്യം കേരളത്തിന്റെ അതിജീവനത്തിനായി കൈമാറുകയുമായിരുന്നു. വാർത്ത നവമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അനുപ്രിയക്ക് ഹീറോ സൈക്കിൾ കമ്പനി പുതിയ സൈക്കിൾ സമ്മാനമായി നൽകും.

കമ്മൽ ഊരി നൽകി വീട്ടമ്മ

ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവർക്ക് തന്റെ കമ്മൽ ഊരി നൽകി വീട്ടമ്മയും ഈ ദുരിതകാത്തെ നന്മയുടെ പ്രതീകമാണ്. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കായാണ് വീട്ടമ്മ കമ്മൽ നൽകിയത്. മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയാണ് ദുരിതാശ്വാസ സഹായത്തിനായി കമ്മൽ ഊരി നൽകിയത്. സമൂഹമാധ്യമങ്ങളിൽ പലതരം തെറ്റായ പ്രചരങ്ങൾ വ്യാപകമാവുമ്പോൾ പ്രളയക്കെടുതിയിൽ വലഞ്ഞ കേരളം അതിജീവിനത്തിന്റെ പാതയിലാണ്. ചെറുതും വലുതുമായ സഹായങ്ങളാണ് വിവിധ മേഖലയിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നത്. 20000 കോടിയുടെ നഷ്ടം സംസ്ഥാനത്ത് പ്രളയക്കെടുതി മൂലം സംഭവിച്ചെന്നാണ് സർക്കാരിന്റെ പ്രാഥമിക കണക്കുകൾ.

വീടുവിറ്റതിൽനിന്ന് ഒരുപങ്ക് നൽകി എഴുപതുകാരി

വീടു വിറ്റു സ്വരൂപിച്ച പണത്തിൽ ഒരു പങ്ക് പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നർക്കു നൽകാൻ എഴുപതുകാരി വയനാട് കലക്ടറേറ്റിലെത്തി. കണ്ണൂരിൽനിന്നു വീടും സ്ഥവും വിറ്റു വയനാട്ടിലെത്തിയ ശാന്തകുമാരിയാണ് കലക്ടറേറ്റിലെ റിലീഫ് സ്റ്റോറിലേക്ക് ഒരു ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിനൽകിയത്. ഭർത്താവ് നാരായണന്റെ മരണശേഷം കൽപറ്റയ്ക്കു സമീപം എമിലിയിലെ വാടകവീട്ടിൽ ഒറ്റയ്ക്കാണു ശാന്തകുമാരിയുടെ താമസം. മക്കളില്ല.

സഹോദരങ്ങളായ ശങ്കരനും മോഹനനുമാണ് ഏതാവശ്യങ്ങൾക്കും എത്താറുള്ളത്. കണ്ണൂരായിരുന്നു സ്വദേശം. തളിപ്പറമ്പിലെ വീടും സ്ഥലവും വിറ്റ് വയനാട്ടിലെത്തിയവരാണ്. വീട് വിറ്റു ലഭിച്ച പണം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചിരുന്നതിൽ ഒരു പങ്കാണ് സത്കർമ്മത്തിനുപയോഗിച്ചത്. 25 ചാക്ക് അരി, പത്ത് ചാക്ക് സവാള, രണ്ട് ചാക്ക് പഞ്ചസാര, മസാലപ്പൊടികൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ തുടങ്ങിയ അവശ്യവസ്തുക്കൾ ശാന്തകുമാരി കലക്ടറേറ്റിലെ റിലീഫ് സ്റ്റോറിൽ എത്തിച്ചുനൽകി. അയൽക്കാരനായ പുത്തൂർവയൽ ക്യാംപ് എസ്‌ഐ: അബു ഏലിയാസ് സാധനങ്ങൾ വാങ്ങാനും കലക്ടറേറ്റിൽ എത്തിക്കാനും കൂടെയുണ്ടായിരുന്നു.

കസ്റ്റഡിയിലെടുത്ത പൊലീസിൽ നിന്ന് കേരളത്തിനു വേണ്ടി പിരിവെടുത്ത് ജെഎൻയു വിദ്യാർത്ഥികൾ

കേരളത്തിനായുള്ള സമരത്തിനിടെ തങ്ങളെ കസ്റ്റഡിയിലെടുത്ത പൊലീസുകാരിൽ നിന്നു ജെഎൻയു വിദ്യാർത്ഥികൾ സമാഹരിച്ചതു 1321 രൂപ. പ്രളയം ഗുരുതരമായി കേരളത്തെ ബാധിച്ചിട്ടും കേന്ദ്രം സഹായിക്കുന്നില്ലെന്ന് ആരോപിച്ച് ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിലേക്കു മാർച്ച് നടത്തിയതിനാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ കേരളത്തിലെ സാഹചര്യം വിവരിച്ച് ഇവർ പൊലീസുകാരിൽനിന്നും പിരിവെടുക്കുകയായിരുന്നു. നാലു ലക്ഷം രൂപയാണ് ജെഎൻയു വിദ്യാർത്ഥികൾ ഇതുവരെ സമാഹരിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP