Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെന്നിത്തല ആവശ്യപ്പെടും പോലെ കേരളത്തിലെ പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല; ഉത്തരാഖണ്ഡിൽ 4,094 പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കവും 'ദേശീയ ദുരന്തം' ആയില്ല; സംസ്ഥാനങ്ങൾക്കു കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രസേന ദൗത്യം ഏറ്റെടുക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര നിയമം: 'രക്ഷാപ്രവർത്തനം' രാഷ്ട്രീയ വിവാദമാക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ

ചെന്നിത്തല ആവശ്യപ്പെടും പോലെ കേരളത്തിലെ പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കാൻ സാധിക്കില്ല; ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ല; ഉത്തരാഖണ്ഡിൽ 4,094 പേർ കൊല്ലപ്പെട്ട വെള്ളപ്പൊക്കവും 'ദേശീയ ദുരന്തം' ആയില്ല; സംസ്ഥാനങ്ങൾക്കു കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ കേന്ദ്രസേന ദൗത്യം ഏറ്റെടുക്കുകയല്ല സഹകരിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര നിയമം: 'രക്ഷാപ്രവർത്തനം' രാഷ്ട്രീയ വിവാദമാക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രളയക്കെടുതി അതിരൂക്ഷമാകും മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത് പ്രളയത്തെ 'ദേശീയ ദുരന്ത'മായി പ്രഖ്യാപിക്കണമെന്നും രക്ഷാപ്രവർത്തനം സൈന്യത്തെ ഏൽപ്പിക്കണം എന്നുമാണ്. എന്നാൽ, ഈ തീരുമാനത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പരിഹസിച്ചു തള്ളുകയാണ് ഉണ്ടായത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിഷയം യാതൊരു വിവാദവും ആയില്ല. പിന്നീട്, ചെങ്ങന്നൂർ എംഎൽഎ സജി ചെറിയാൻ പതിനായിരങ്ങൾ മരിച്ചു വീഴുമെന്നും പറഞ്ഞ് ആകുലപ്പെട്ടതോടെയാണ് വിഷയം ചർച്ചയായത്. തന്റെ വാക്കുകൾ മുഖ്യമന്ത്രി ചെവിക്കൊണ്ടില്ലെന്ന് പറഞ്ഞു കൊണ്ടാണ് ചെന്നിത്തല പരാതിപറഞ്ഞത്. ഇതിന് ഇന്നലെ മുഖ്യമന്ത്രി മറുപടി നൽകുകയും ചെയ്തു.

കേരളത്തിലെ പ്രളയക്കെടുതിയ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനോ സൈന്യത്തിന് പൂർണ രക്ഷാപ്രവർത്തനം വിട്ടുകൊടുക്കാനോ സാധിക്കില്ലെന്നതാണ് കേന്ദ്ര നിയമം വ്യക്തമാക്കുന്നത്. കേരളത്തിലെ പ്രളയക്കെടുതിയെ 'ദേശീയ ദുരന്ത'മെന്നു കേന്ദ്രസർക്കാർ പ്രഖ്യാപിക്കാത്തതിന്റെ പ്രധാന കാരണം ദുരന്തങ്ങളെ ദേശീയമെന്നോ പ്രാദേശികമെന്നോ വേർതിരിക്കാൻ നിയമത്തിൽ വ്യവസ്ഥയില്ലെന്നതാണ്. ദേശീയ ദുരന്തമെന്നു വാക്കാൽ പ്രഖ്യാപിച്ചതുകൊണ്ട് സംസ്ഥാനത്തിനു പ്രത്യേക സാമ്പത്തിക സഹായം ലഭിക്കില്ലെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങൾ വ്യക്തമക്കുന്നു.

രാഷ്ട്രീയമായി ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കാറുണ്ടെങ്കിലും യാഥർത്ഥ്യം മറ്റൊന്നാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കുന്നു. കേന്ദ്ര ഏജൻസികൾക്കു സംസ്ഥാനത്തെ ദുരന്ത നിവാരണത്തിൽ ഇടപെടാൻ സംസ്ഥാനം ആവശ്യപ്പെട്ടാൽ മതി. മറ്റു നടപടി പിന്നാലെ വരും. 1999ൽ ഒഡീഷ ചുഴലിക്കാറ്റിൽ പതിനായിരത്തിലേറെപ്പേർ മരിച്ചു. മൊത്തം 250 കോടി രൂപ ദുരിതാശ്വാസത്തിനും പുനരധിവാസത്തിനും കേന്ദ്രം ആദ്യം അനുവദിച്ചു. നടന്നതു ദേശീയ ദുരന്തമെന്നു പ്രഖ്യാപനമുണ്ടായില്ല.

2013 ജൂണിൽ ഉത്തരാഖണ്ഡിൽ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലുമായി 4,094 പേർ കൊല്ലപ്പെട്ടു. 2010ൽ ലേയിലും ലഡാക്കിലും മേഘസ്‌ഫോടനത്തിൽ 257 പേർ കൊല്ലപ്പെട്ടു. 2009ൽ കൃഷ്ണ നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ ആന്ധ്രയിലും കർണാടകയിലുമായി 300 പേർ കൊല്ലപ്പെട്ടു. 2005ൽ മഹാരാഷ്ട്രയിൽ വെള്ളപ്പൊക്കത്തിൽ 1094 പേർ കൊല്ലപ്പെട്ടു ഇവയ്‌ക്കൊക്കെയും കേന്ദ്ര സഹായം നൽകിയതല്ലാതെ 'ദേശീയ ദുരന്ത'മെന്ന പ്രഖ്യാപനമുണ്ടായില്ല.

ദുരന്ത നിവാരണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച്, കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ദുരന്ത പ്രതികരണ ഫണ്ട് അനുവദിക്കാൻ കൃത്യമായ മാർഗരേഖയുണ്ട്. സംസ്ഥാനം നൽകുന്ന കണക്കുകളുടെ അടിസ്ഥാനത്തിൽ ആഭ്യന്തര മന്ത്രാലയം വിലയിരുത്തൽ നടത്തി കേന്ദ്രത്തിന്റെ സഹായം അനുവദിക്കുന്നു. നേരത്തേ നാഷനൽ കലാമിറ്റി കണ്ടിൻജൻസി ഫണ്ട് നിലവിലുണ്ടായിരുന്നു. ധനകാര്യ കമ്മിഷന്റെ ശുപാർശയനുസരിച്ച്, ഈ ഫണ്ടും ദുരന്ത പ്രതികരണ ഫണ്ടിൽ ലയിപ്പിച്ചിരുന്നു.

സംസ്ഥാനത്തിന്റെ ദുരന്ത പ്രതികരണ ഫണ്ട് പര്യാപ്തമല്ലെന്ന സാഹചര്യത്തിലാണ് ദേശീയ ദുരന്തമെന്നു പ്രഖ്യാപിക്കണമെന്ന ആവശ്യമുയരുന്നത്. എന്നാൽ, ഇങ്ങനെ ആവശ്യമുന്നയിച്ചതുകൊണ്ടു മാത്രം മുൻഗണനാ ക്രമത്തിൽ കേന്ദ്ര സഹായം അനുവദിക്കുന്ന രീതിയില്ല. സംസ്ഥാനത്തിന്റെ ഫണ്ട് പര്യാപ്തമല്ലാത്തപ്പോൾ, സ്ഥിതി വിലയിരുത്തി കേന്ദ്രം ഫണ്ട് നൽകും. കേരളത്തിന് ഇപ്പോൾ ഇടക്കാലാശ്വാസമായി ഫണ്ട് അനുവദിച്ചിട്ടുമുണ്ടെന്നാണു കേന്ദ്ര നിലപാട്. സംസ്ഥാനങ്ങളിലെ വലിയ ദുരന്തങ്ങളെ 'ദേശീയ ദുരന്തം' എന്നു പ്രഖ്യാപിക്കണമെന്നത് രാഷ്ട്രീയ ആവശ്യമായി ഉന്നയിക്കപ്പെടുകയും തള്ളപ്പെടുകയും ചെയ്യുകയെന്നതാണ് രീതിയെന്നാണ് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങളുടെ വിശദീകരണം.

അതേസമയം സംസ്ഥാനങ്ങൾക്കു മാത്രമായി കൈകാര്യം ചെയ്യാനാവാത്ത ദുരന്തങ്ങളുണ്ടാവുമ്പോൾ, ദുരിതാശ്വാസ നടപടികൾ കേന്ദ്രസേന എത്താറുണ്ട്. എന്നാൽ ഏറ്റെടുക്കൽ സാധ്യമല്ലെന്നാണ് ഇക്കാര്യത്തിൽ വ്യക്തമാകുന്ന കാര്യം. സംസ്ഥാനത്തിന്റെ നടപടികൾക്കു പിന്തുണ നൽകുകയാണു രീതിയെന്നു കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നു. കേന്ദ്ര പ്രതിരോധ സേനകളുടെ പ്രതിനിധിയും ഉൾപ്പെട്ടതാണു ദേശീയ ദുരന്തനിവാരണ അഥോറിറ്റിക്കു കീഴിലുള്ള നിർവാഹക സമിതി. ദുരന്തനിവാരണത്തിന്, ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും സംസ്ഥാനത്തിന് ആവശ്യമായ സഹകരണം നൽകുക കേന്ദ്രത്തിന്റെ ഉത്തരവാദിത്തമാണ്. കര, നാവിക, വായുസേനകളെയും കേന്ദ്രത്തിനു കീഴിലുള്ള മറ്റു സായുധ സേനകളെയും വിന്യസിക്കേണ്ടതും കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും നിയമം വ്യക്തമാക്കുന്നു.

ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കുക, അടിയന്തര സഹായങ്ങളും താൽക്കാലിക താമസസൗകര്യവും ഉറപ്പാക്കുക, അടിയന്തര വാർത്താവിനിമയ സംവിധാനങ്ങളുണ്ടാക്കുക, താൽക്കാലിക പാലങ്ങളും ജെട്ടികളും മറ്റും നിർമ്മിക്കുക, കുടിവെള്ളം, മരുന്നുകൾ തുടങ്ങിയവ ലഭ്യമാക്കുക തുടങ്ങിയവ കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ചുമതലകളായി നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. 2005 ഡിസംബറിൽ പ്രാബല്യത്തിൽവന്ന ദുരന്ത മാനേജ്‌മെന്റ് നിയമമനുസരിച്ച്, വലിയ തോതിലുള്ള ദുരന്തങ്ങളുണ്ടാവുമ്പോൾ ആശ്വാസനടപടികളിൽ ഏകോപനത്തിനുൾപ്പെടെ ചുക്കാൻ പിടിക്കേണ്ടത് പ്രധാനമന്ത്രി അധ്യക്ഷനായ ദേശീയ ദുരന്ത മാനേജ്‌മെന്റ് അഥോറിറ്റിയാണ്.

ഇതിനു കീഴിലുള്ള ദേശീയ നിർവാഹക സമിതിയിൽ കേന്ദ്രത്തിലെ വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർക്കു പുറമെ, സേനാ വിഭാഗങ്ങളുടെ ചീഫ് ഓഫ് സ്റ്റാഫിന്റെ മേധാവിയും അംഗമാണ്. ഈ നിർവാഹക സമിതി ഏകോപനവും മേൽനോട്ടവും നിർവഹിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ദേശീയ ദുരന്ത പ്രതികരണ സേന രൂപീകരിച്ചിട്ടുള്ളത്.

കേന്ദ്രത്തിനു പുറമെ, സംസ്ഥാനത്തിനും ജില്ലയ്ക്കും ദുരന്ത മാനേജ്‌മെന്റ് പ്ലാൻ വേണമെന്നാണു നിയമം വ്യവസ്ഥ ചെയ്യുന്നത്. 2013 ജൂണിൽ ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലുമായി 4094 മരണത്തിനിടയാക്കിയ പ്രളയത്തിലുൾപ്പെടെ സംസ്ഥാനം ആവശ്യപ്പെട്ട പ്രകാരം കേന്ദ്രസേനകൾ സഹായം ലഭ്യമാക്കുകയായിരുന്നു. ഉത്തരാഖണ്ഡിൽ 5300 കരസേനാംഗങ്ങളാണ് ആദ്യ ഘട്ടത്തിൽതന്നെ എത്തിയത്. ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ 3000 പേരും ദുരിതാശ്വാസ പ്രവർത്തനം നടത്തുകയുണ്ടായി. ഇപ്പോഴത്തെ സാഹചര്യത്തിൽ കേരള നടത്തിയ ദുരിതാശ്വാസ പ്രവർത്തനം ഏവർക്കും മാതൃകയാകേണ്ട കാര്യമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ഏകോപനമാണ് കേരളത്തിലെ പ്രളയക്കെടുതിയിൽ നിർണായകമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP