Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിങ്ങള് കേറിക്കോളിൻ ഉമ്മ; രക്ഷാപ്രവർത്തനത്തിനിടെ ബോട്ടിൽ കയറാൻ കഴിയാത്തവർക്ക് മുന്നിൽ മുതുക് കുനിച്ചു ചവിട്ടുപടിയാക്കി നൽകി രക്ഷാപ്രവർത്തകർ... പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് എയർലിഫ്റ്റ് ചെയ്ത ശേഷം സുരക്ഷിതമായി ഹെലികോപ്ടറിൽ എത്തിച്ച് അമ്മയ്ക്ക് നൽകുന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ; പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലെ നന്മനിറഞ്ഞ ചില കാഴ്‌ച്ചകൾ

നിങ്ങള് കേറിക്കോളിൻ ഉമ്മ; രക്ഷാപ്രവർത്തനത്തിനിടെ ബോട്ടിൽ കയറാൻ കഴിയാത്തവർക്ക് മുന്നിൽ മുതുക് കുനിച്ചു ചവിട്ടുപടിയാക്കി നൽകി രക്ഷാപ്രവർത്തകർ... പിഞ്ചു കുഞ്ഞിനെ നെഞ്ചോട് ചേർത്ത് എയർലിഫ്റ്റ് ചെയ്ത ശേഷം സുരക്ഷിതമായി ഹെലികോപ്ടറിൽ എത്തിച്ച് അമ്മയ്ക്ക് നൽകുന്ന വ്യോമസേനാ ഉദ്യോഗസ്ഥൻ; പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിലെ നന്മനിറഞ്ഞ ചില കാഴ്‌ച്ചകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: എന്തിനും ഏതിനും രാഷ്ട്രീയം കാണുന്ന സ്വഭാവക്കാരാണ് മലയാളികൾ. ഓഖി ദുരിതാശ്വാസ പ്രവർത്തന ഘട്ടത്തിൽ പോലും പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ പരസ്പ്പരം കൊമ്പുകോർക്കുന്ന അവസ്ഥ നാം കണ്ടതാണ്്. ഈ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തമ്മിൽ അനാവശ്യമായി കൊമ്പുകോർക്കുന്ന ഘട്ടവും വന്നു. ഇങ്ങനെയൊക്കെയാണ് ഓഖി ദുരിതവേളയിൽ സംഭവിച്ചതെങ്കിൽ കേരളത്തെ മൊത്തം വിഴുങ്ങിയ പ്രളയദുരന്തം ഉണ്ടായപ്പോൾ അതിനെ വളരെ അവസരോചിതമായി തന്നെ നേരിടാൻ മലയാളികൾക്ക് സാധിച്ചു. അസാധാരണമായ കൂട്ടായ്മയിലൂടെയാണ് മലയാളികൾ പ്രളയ ദുരന്തത്തെ നേരിടുന്നത്.

രാജ്യത്തിന്റെ നാനാതുറയിൽ നിന്നും ഇപ്പോൾ കേരളത്തിലേക്ക് സഹായം പ്രവഹിക്കുന്ന അവസ്ഥയുണ്ട്. അത് മാത്രമല്ല, വിദേശ രാജ്യങ്ങളും കേരളത്തിന് നേരെ സഹായം നീട്ടി. ദുരന്തമുഖത്ത് ഇപ്പോഴും ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടെങ്കിലും ദുരിതാശ്വാസ ക്യാമ്പുകളിൽ കാര്യമായ പരാതികളില്ലാതെയാണ് ഏവരും കഴിച്ചു കൂട്ടുന്നത്. രക്ഷാപ്രവർത്തനത്തിന് മത്സ്യത്തൊഴിലാളികൾ രംഗത്തിറങ്ങിയത് സൈന്യത്തെയും വെല്ലുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ കാഴ്‌ച്ചവെച്ചു കൊണ്ടായിരുന്നു. മനുഷ്യ മനസിൽ നന്മ നിറയ്ക്കുന്നവയാണ് ഈ ചിത്രങ്ങളും.

ദുരിതത്തിൽ സഹായിക്കാൻ ജാതിയും മതവും മറന്ന് ഒരുമിച്ച് പ്രവർത്തിക്കാൻ മലയാളികൾക്ക് സാധിച്ചു. അതിന് തെളിവാകുന്ന നന്മചിത്രങ്ങളെ മലയാളികൾ നെഞ്ചോട് ചേർക്കുകയാണ്. മലബാറിൽ പ്രളയക്കെടുതി ഉണ്ടായപ്പോൾ രക്ഷപെടാൻ ബോട്ടുമായി എത്തിയ രക്ഷാപ്രവർത്തകരുടെ മുതുകിൽ ചവിട്ടി കയറുന്ന ദൃശ്യങ്ങാളാണ് സൈബർ ലോകത്ത് വൈറലായി കൊണ്ടിരിക്കുന്നത്.

'മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകളിൽ അയാൾ മനുഷ്യനാണ്. വീഡിയോയിൽ കാണുന്നത് ഇങ്ങനെയാണ്. വെറും വാക്കുകൾക്ക് അപ്പുറത്തേക്ക് രക്ഷാമുഖത്ത് എങ്ങനെയാണ് നാട്ടുകാർ ഒരുമയോടെ പ്രവർത്തിച്ചത് എന്ന് വ്യക്തമാക്കുന്നതാണ് ഈ ചിത്രങ്ങൾ. കേരളത്തിന് പ്രളയത്തിന് മുന്നിൽ തോൽക്കാതെ ചവിട്ടിക്കയറ്റാൻ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഈ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയിൽ മുന്നിൽ നിർത്താവുന്ന ഹൃദ്യദൃശ്യം.

ബോട്ടിൽ കയറി രക്ഷപ്പെടാനുള്ള വെപ്രാളത്തിൽ കാലിൽ കിടന്ന ചെരുപ്പ് ഊരാൻ പോലും ആ അമ്മ മറന്നു. എങ്കിലും രക്ഷാദൗത്യത്തിൽ മുഴുകിയ ആ യുവാവ് അതിൽ പരിഭവിച്ചില്ല. രക്ഷാപ്രവർത്തനത്തിനിടയിൽ ബോട്ടിൽ കയറാൻ കഴിയാതിരുന്ന സ്ത്രീകൾക്കാണ് ഈ മനുഷ്യൻ തന്റെ മുതുക് ചവിട്ട് പടിയാക്കിയത്. മറ്റൊരു നന്മയുടെ ദൃശ്യം പുറത്തുവന്നത് ഹെലികോപ്ടറിൽ രക്ഷാപ്രവർത്തനം നടത്തിയ വ്യോമസേനാ ഉദ്യോഗസ്ഥരുടേതാണ്. 

നിരവധി ആളുകളെയാണ് എയർലിഫ്റ്റിംഗിലൂടെ സൈന്യം രക്ഷപെടുത്തിയത്. ഇതിൽ കുരുന്നുകളും ഉൾപ്പെടും. അത്തരത്തിൽ ഒരു കുഞ്ഞിനെ ഒരു വ്യോമസേനാ ഉദ്യോഗസ്ഥൻ നെഞ്ചോടു ചേർത്താണ് എടുത്തുയർത്തിയത്. രാജ്യത്തിന്റെ സന്നദ്ധഭടന്റെ ആ കൈകളിൽ താൻ സുരക്ഷിതനാണ് എന്നു ഉറപ്പുള്ളതുകൊണ്ടാകണം. ആ പിഞ്ചു കുഞ്ഞ് കരയാതെ ക്ഷമയോടെ നിന്നും. തുടർന്ന് മുകളിൽ എത്തിയപ്പോൾ അമ്മയുടെ കൈകളിലേക്ക് കുഞ്ഞിനെ സുരക്ഷിതമായി ഏൽപ്പിക്കുന്നതും വീഡിയോയിൽ കാണാം. ഈ വീഡിയോ കണ്ടാൽ ആർക്കും ഉള്ളൊന്നു കുളിർക്കും.. കാരണം അത്രയ്ക്ക് സ്‌നേഹവും കരുതലും ഈ രക്ഷാ ദൗത്യത്തിലെ വീഡിയോയിൽ ഉണ്ട്.

ഇത്തരത്തിൽ സർക്കാരിനും സൈന്യത്തിനുമൊപ്പം ഇങ്ങനെ വലിയ ഒരു സമൂഹം കാര്യക്ഷമായി മുന്നിട്ടിറങ്ങിയതുകൊണ്ടാണ് കേരളം മഹാപ്രളയത്തിൽ നിന്നും അതിജീവിക്കാൻ ഒരുങ്ങുന്നത്. ആ നന്മചിത്രങ്ങൾ തുടർന്നും കൊണ്ടുപോകാനാണ് നാം ഓരോരുത്തരും ശ്രമേക്കേണ്ടതും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP