Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയനാട്ടിൽ മഴക്കെടുതി നാശം വിതച്ചപ്പോൾ ജാതി, മത, രാഷ്ട്രീയം മറന്ന് ഏവരും ഒന്നായി; 200ലധികം വരുന്ന സേനാംഗങ്ങൾ വഹിച്ചത് വലിയ രക്ഷാ പ്രവർത്തനം;ദുരിതം തകർത്തെറിഞ്ഞത് വയനാടൻ ക്ഷീരമേഖലയെ; പ്രളയത്തിൽപ്പെട്ട് ചത്ത കന്നുകാലികൾ ഏറെയും; വയനാട്ടിലെ കർഷന്റെ ദുഃഖങ്ങൾ

വയനാട്ടിൽ മഴക്കെടുതി നാശം വിതച്ചപ്പോൾ ജാതി, മത, രാഷ്ട്രീയം മറന്ന് ഏവരും ഒന്നായി; 200ലധികം വരുന്ന സേനാംഗങ്ങൾ വഹിച്ചത് വലിയ രക്ഷാ പ്രവർത്തനം;ദുരിതം തകർത്തെറിഞ്ഞത് വയനാടൻ ക്ഷീരമേഖലയെ; പ്രളയത്തിൽപ്പെട്ട് ചത്ത കന്നുകാലികൾ ഏറെയും; വയനാട്ടിലെ കർഷന്റെ ദുഃഖങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: വയനാട്ടിൽ മഴയുടെ അളവിൽ കുറവ് വന്നെങ്കിലും ദുരിതങ്ങൾക്ക് കുറവ് വന്നിട്ടില്ല. ഇരുപത്തി ഏഴായിരത്തിനു മുകളിൽ ആളുകൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. വെള്ളപ്പൊക്ക ഭീഷണി ഉണ്ടായപ്പോൾ തന്നെ സർക്കാർ ഉണർന്നു പ്രവർത്തിച്ചു എന്നത് എടുത്തതു പറയേണ്ടതാണ്. ഒരു ദുരന്തം വന്നപ്പോൾ ജാതി, മത, വർഗ,രാഷ്ട്രീയ വ്യത്യാസമില്ലാതെ സഹജീവികളെ സഹായിക്കുന്നതും കാണാൻ കഴിഞ്ഞു.പറഞ്ഞു മാത്രം കേട്ടിട്ടുള്ള സൈനിക ശക്തിയും വയനാട്ടുകാർ കണ്ടു. ദേശീയ ദുരന്തനിവാരണ സേനയിലെ 51 പേർ, നാവിക സേനയിലെ 31 പേർ ആർമിയിലെ 84 എന്നിവരടങ്ങിയ ടീമാണ് ദുഷ്‌കരമായ പലയിടങ്ങളിലും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്. ചെറുതും വലുതുമായ നൂറിനടുത്ത് ഉരുൾപൊട്ടൽ വയനാടൻ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിലായ ഉണ്ടായിട്ടുണ്ട്.

സേട്ടുക്കുന്ന്, അമ്മാറ,വൈത്തിരി, മക്കിമല, കുറിച്ചാർ മല,തുടങ്ങിയ സ്ഥലങ്ങളിൽ വീടുകളും, കെട്ടിടങ്ങളും ഏക്കർ കണക്കിന് കൃഷിഭൂമിയും പൂർണമായും ഭാഗികമായും തകരുകയോ ഒഴുകി പോവുകയോ ചെയ്തിട്ടുണ്ട്. മാനന്തവാടി, പനമരം, കോട്ടത്തറ, വെണ്ണിയോട്, കൽപ്പറ്റ, മണിയങ്കോട്, പാൽ വെളിച്ചം, തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളപ്പൊക്കം വൻ നാശങ്ങൾ വരുത്തി. മിൽമയുടെ പ്രധാന സംഭരണരകേന്ദ്രമായ വയനാട്ടിലെ ക്ഷീരമേഖലക്ക് കനത്ത നഷ്ടമാണ് വെള്ളപ്പൊക്കം നൽകിയത്. ജില്ലയിൽ 25000 കുടുംബങ്ങളാണ് ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നനത്. പ്രളയത്തി 400ലധികം പശുക്കൾ ചത്തു. 190 ഹെക്ടർ തീറ്റ പുൽകൃഷി നശിച്ചു. വൈത്തിരി ,തെക്കുംതറ, സുഗന്ധഗിരി ,മാനന്തവാടി, കൈതക്കൊല്ലി തുടങ്ങിയ സ്ഥലങ്ങളിലെ പാൽ ശീതികരണ കേന്ദ്രങ്ങളിൽ വെള്ളം കയറി നാശനഷ്ടങ്ങൾ ഉണ്ടായി, 500 ക്വിന്റൽ കാലി തീറ്റയും,ലക്ഷങ്ങൾ വിലയുള്ള യന്ത്രങ്ങളും നശിച്ചു.

നിലവിൽ മിൽമക്ക് 56 ക്ഷീരസംഘങ്ങളാണുള്ളത് പ്രതിദിനം 171,000 ലിറ്റർ പാലാണ് സംഭരിക്കുന്നത്. ഇതിൽ പ്രതിദിനം 20,000 ലിറ്ററിന്റെ കുറവാണ് മിൽമ പ്രതീക്ഷിക്കുന്നത്. മറ്റ് ക്ഷീര സഹകരണ സംഘങ്ങളുടെ കണക്ക് ഇതിനു പുറത്താണ്.നിലവിലുള്ള കണക്ക് വച്ച് മിൽമക്ക് മാത്രം അഞ്ച് കോടിയുടെ നഷ്ടം കണക്കാക്കുന്നുണ്ട്. വയനാടിന്റെ പ്രധാന വരുമാന മാർഗമായ കൃഷി മേഖലയെ കാലവർഷകെടുതി മുച്ചൂടും നശിപ്പിച്ചു കളഞ്ഞു. ജില്ലയിൽ 10000 ഹെക്ടറോളമാണ് വാഴകൃഷി ചെയ്യുന്നത്.

ഇതിൽ 95% വും വയലിലാണ് കൃഷിയിറക്കിയത് വെള്ള പൊക്കത്തിൽ 60% വാഴ കുലകളും നശിച്ചതായാണ് കണക്കാക്കുന്നത്. ആറായിരത്തോതോളം ഹെക്ടർ ഇഞ്ചി കൃഷിയുള്ളതിൽ നല്ലൊരു ശതമാനവും നഷ്ടപ്പെട്ടു.8000 ഹെക്ടർ വരുന്ന നെൽകൃഷിയിലെ 90% ഞാറ്റടികളും ഒലിച്ചുപോവുകയോ, മട പൊട്ടി മണൽ വന്ന് മൂടുകയോ ചെയ്തു. 8600 ഹെക്ടറോളമാണ് ജില്ലയിൽ കുഴുങ്ങ് കൃഷിയുള്ളത് മഴയുടെ ആധിക്യം കാരണം മഹാളിരോഗത്തിനുള്ള മരുന്നടിക്കാൻ സാധിക്കാത്ത തിനാൽ വൻ നഷ്ടം അടക്കാകർഷകർക്കുമുണ്ട്. ഇത്തരത്തിൽ കാർഷിക മേഖലയിൽ നിന്നും ഈ വർഷം കാര്യമായ വരുമാനം കിട്ടാനിടയില്ല. കാർഷിക മേഖലയെ ആശ്രയിച്ചു കഴിയുന്ന വ്യാപാര മേഖലയും നഷ്ടത്തിലേക്ക് കൂപ്പുകുത്തും.

നിലവിൽ സഹായങ്ങൾ പ്രവഹിക്കുന്നുവെങ്കിലും വരും ദിവസങ്ങളിൽ സ്വന്തം വീടുകളിലേക്ക് പോകുന്ന അവസരങ്ങളിലായിരിക്കും ഇവർക്ക് കൂടുതൽ സഹായം വേണ്ടിവരിക.സഹായവിലക്ക് അരിയും, ധാന്യങ്ങളും മറ്റവശ്യ വസ്തുക്കളും ഗവൺമെന്റിന്റെ നിയന്ത്രണത്തിലുള്ള വിതരണ കേന്ദ്രങ്ങളിൽ ലഭ്യമാക്കിയാൽ മാത്രമേ ഇനി വയനാട്ടുകാരുടെ മുന്നോട്ടുള്ള ജീവിതം സാധ്യമാവുകയുള്ളൂ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP