Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബരം വേണ്ടെന്ന് പറഞ്ഞ പിണറായി മന്ത്രിസഭയ്ക്ക് ചീറിപ്പായാൻ പുതിയ മോഡൽ കാറുകൾ കൂടിയേ തീരൂ! ജനകീയ മുഖ്യമന്ത്രി ആകാനുള്ള നടപടികൾ പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി; ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ ഫുൾ ഓപ്ഷൻ കാറുകൾ വാങ്ങാൻ മുടക്കിയത് 6 കോടി 77 ലക്ഷം രൂപ; മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും പുത്തൻ കാർ കിട്ടിയതു കൊണ്ട് എല്ലാവരും ഹാപ്പി!

ആഡംബരം വേണ്ടെന്ന് പറഞ്ഞ പിണറായി മന്ത്രിസഭയ്ക്ക് ചീറിപ്പായാൻ പുതിയ മോഡൽ കാറുകൾ കൂടിയേ തീരൂ! ജനകീയ മുഖ്യമന്ത്രി ആകാനുള്ള നടപടികൾ പ്രഖ്യാപനത്തിൽ മാത്രമൊതുങ്ങി; ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റ ഫുൾ ഓപ്ഷൻ കാറുകൾ വാങ്ങാൻ മുടക്കിയത് 6 കോടി 77 ലക്ഷം രൂപ; മന്ത്രിമാർക്കും പ്രതിപക്ഷ നേതാവിനും പുത്തൻ കാർ കിട്ടിയതു കൊണ്ട് എല്ലാവരും ഹാപ്പി!

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയപ്പോൾ നടത്തിയ പ്രഖ്യാപനങ്ങൾ ജനങ്ങൾ രാഷ്ട്രീയ ഭേദമന്യേ കൈയടി നേടിയതാണ്. വീടുകൾ അനാവാശ്യമായി മോടി പിടിപ്പിക്കില്ലെന്നും ആഡംബര കാറുകൾ വാങ്ങില്ലെന്നുമായിരുന്നു ആ പ്രഖ്യാപനം. എന്നാൽ ഈ പ്രഖ്യാപനം വെറും വാക്കായി മാറാൻ അധികം സമയം വേണ്ടിവന്നില്ല. മന്ത്രിമന്ത്രിരങ്ങൾ മോടി പിടിപ്പിക്കാൻ കോടികൾ മുടക്കിയതിന് പിന്നാലെ വിശിഷ്ടാതിഥികൾക്ക് സഞ്ചരിക്കാനെന്ന പേരിൽ നിലവിലെ കാറുകൾ ഒഴിവാക്കി പുതിയ ആഡംബര കാറുകൾ വാങ്ങി സർക്കാർ. ഇതിനായി ഖജനാവിൽ നിന്നും ആറ് കോടി 77 ലക്ഷം രൂപയാണ് മുടക്കിയത്. കാറുകൾ വാങ്ങിയത് സംബന്ധിച്ച വിവരാവകാശ രേഖകൾ മറുനാടൻ മലയാളിക്ക് ലഭിച്ചു. വിവരാവകാശ പ്രവർത്തകനായ ധൻരാജ് സുഭാഷ് ചന്ദ്രനാണ് ഇത് സംബന്ധിച്ച വിവരാവകാശ രേഖ സംഘടിപ്പിച്ചത്.

മന്ത്രിമാർക്ക് വേണ്ടി കാറുകൾ വാങ്ങി എന്ന ചീത്തപ്പേര് ഒഴിവാക്കാൻ വേണ്ടിയാണ് സർക്കാർ വിശിഷ്ടാതിഥികൾക്ക് എന്ന പേരിൽ കാറുകൾ വാങ്ങിയത്. ആഡംബരപ്രിയനല്ലാത്ത സാധാരണക്കാരുടെ സർക്കാറാണെന്ന് പറയുമ്പോൾ തന്നെയാണ് സർക്കാർ പുതുതായി ആഡംബര വാഹനങ്ങൾ വാങ്ങിക്കൂട്ടിയത്. പ്രതിപക്ഷ നേതാവിനും പുതിയ കാർ ലഭിച്ചതിനാൽ ഈ സംഭവത്തിൽ ആർക്കും പരാതിയില്ലെന്ന് മാത്രം.

ഇപ്പോഴും ഉപയോഗിക്കാൻ പറ്റുന്ന 23 കാറുകൾ ടൂറിസം വകുപ്പിന്റെ കൈവശം തിരുവനതപുരത്ത് ഉണ്ടെന്നാണ് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിൽ ലഭിച്ച മറുപടി. പുതിയ 35 കാറുകൾ മേടിക്കാൻ 6 കോടി 77 ലക്ഷം രൂപയാണ് ചെലവാക്കിയതായും ആർടിഐ രേഖയിൽ പറയുന്നു. കഴിഞ്ഞ ജൂണിൽ ഈ വാഹനങ്ങൾ ഒക്കെ വാങ്ങിയതിനു ശേഷം ഓഗസ്റ്റ് 7നു മന്ത്രിമാർക്ക് വാഹനങ്ങൾ വാങ്ങിയോ എന്ന ചോദ്യത്തിന് മന്ത്രിമാർക്ക് ആയിട്ട് വാങ്ങിയിട്ടില്ല. സംസ്ഥാനത്തെ വിശിഷ്ട, അതിവിശിഷ്ട്യ വ്യക്തികൾക്ക് കാറുകൾ വാങ്ങിയത് എന്ന മറുപടിയാണ് ആണ് നൽകിയത് ഇക്കാര്യം നേരത്തെ നിയമസഭയിൽ നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയും അറിയിച്ചിരുന്നു.

പുതിയ കാറിനെ കുറിച്ചുള്ള ചർച്ചകൾ സർക്കാർ തുടങ്ങും മുമ്പേ ആവശ്യവുമായി രംഗത്തെത്തിയത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെയായിരുന്നു. നിലവിൽ ഉപയോഗിക്കുന്ന വാഹനം ഒന്നരലക്ഷം കിലോമീറ്റർ ഓടിയതിനാൽ പുതിയ കാറ് അനുവദിക്കണമെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകി കത്ത് നൽകിയിരുന്നു. കത്ത് ലഭിച്ചതോടെ സർക്കാറിനും മുൻപിൻ നോക്കേണ്ടി വന്നില്ല. ഇത് പരിഗണിച്ച് മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയ മുഴുവൻ ആഡംബര വാഹനങ്ങളും മാറാനാണ് സർക്കാർ തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിക്കുന്നത് മുൻ സർക്കാരിന്റെ കാലത്ത് വാങ്ങിയ വാഹനങ്ങളാണ്. ഇവയെല്ലാം ഒന്നര ലക്ഷം കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞു. ആഡംബര കാറുകളാണ് വാങ്ങുന്നതെങ്കിലും ഔദ്യോഗിക ആവശ്യത്തിനുപയോഗിക്കുന്ന മുൻനിര വാഹനം എന്നാണ് വിശദീകരണം.

പുതിയ കാറുകളുടെ പശ്ചാത്തലത്തിൽ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള കാറുകളുടെ എണ്ണം 129 ആയി വർധിച്ചിട്ടുണ്ട്. അതത് മന്ത്രിമാർക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പാണ് കാറുകൾ നൽകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള മന്ത്രിമാർക്കും, സ്പീക്കർക്കും, ഡെപ്യൂട്ടി സ്പീക്കർക്കുമായി 19 ടൊയോട്ട ഇന്നോവ കാറുകളും മൂന്ന് ടൊയോട്ട കോറോള ആൾട്ടിസ് കാറുകളുമാണ് വിനോദ സഞ്ചാര വകുപ്പ് നൽകിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് രണ്ട് ടൊയോട്ട ഇന്നോവകളാണ് വിനോദ സഞ്ചാര വകുപ്പ് നൽകിയിരുന്നത്. പുതിയ കാറുകൾ ഇന്നോവ ക്രിസ്റ്റ ഫുൾ ഓപ്ഷൻ കാറുകളാണ് ഉപയോഗിച്ചത്.

അതേസമയം, മറ്റ് മന്ത്രിമാർക്കെല്ലാം ഓരോ ടൊയോട്ട ഇന്നോവകളും നിലവിൽ നൽകിയിട്ടുണ്ട്. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, ഡെപ്യൂട്ടി സ്പീക്കർ വി ശസി, ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരാണ് ടൊയോട്ട കോറോള ആൾട്ടിസ് കാറുകൾ ഉപയോഗിക്കുന്നത്. കാലപ്പഴക്കം ചെന്ന, ഉപയോഗശൂന്യമായ ഔദ്യോഗിക കാറുകളുടെ എണ്ണം ഉയർന്നതിനെ തുടർന്നാണ് വിനോദ സഞ്ചാര വകുപ്പ് പുതിയയ കാറുകൾ വാങ്ങിയത്.

വിനോദ സഞ്ചര വകുപ്പിന്റെ മാനദണ്ഡമനുസരിച്ച്, ഓരോ മൂന്ന് വർഷം കൂടുമ്പോഴും മന്ത്രിമാർക്ക് പുതിയ കാർ നേടാൻ അർഹതയുണ്ട്. അല്ലാത്തപക്ഷം, കാർ ഒരു ലക്ഷം കിലോമീറ്റർ സഞ്ചരിച്ചിരിക്കണമെന്നും മാനദണ്ഡങ്ങൾ വ്യക്തമാക്കുന്നു. നിലവിലെ സാഹചര്യങ്ങളിൽ മന്ത്രിമാരുടെ കാറുകൾ ഒരു വർഷം കൊണ്ട് തന്നെ ഒരു ലക്ഷം കിലോമീറ്റർ പിന്നിടാറുണ്ട്. മികവുറ്റ ആധുനിക കാറുകളുടെ പശ്ചാത്തലത്തിൽ ഈ മാനദണ്ഡം മാറ്റണമെന്ന് വിനോദ സഞ്ചാര വകുപ്പ് സംസ്ഥാന സർക്കാരിനോട് നിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. ഈ തീരുമാനം വരുന്നതോടെ മന്ത്രിമാർക്ക് ആഡംബര കാറുകൾ വാങ്ങുന്ന പ്രവണതയ്ക്ക് മേൽ പൂട്ടുവീണേക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP