Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിനീഷിന്റെ പോരാട്ടം വെറുതെയായില്ല; വിദേശത്ത് ഉന്നത പഠനത്തിന് യോഗ്യത നേടുന്ന ദളിത് വിദ്യാർത്ഥികളെ ഇനി കേരള സർക്കാർ സഹായിക്കും: ലണ്ടൻ കണ്ടു മടങ്ങിയ മന്ത്രി ബാലനു മനംമാറ്റം

ബിനീഷിന്റെ പോരാട്ടം വെറുതെയായില്ല; വിദേശത്ത് ഉന്നത പഠനത്തിന് യോഗ്യത നേടുന്ന ദളിത് വിദ്യാർത്ഥികളെ ഇനി കേരള സർക്കാർ സഹായിക്കും: ലണ്ടൻ കണ്ടു മടങ്ങിയ മന്ത്രി ബാലനു മനംമാറ്റം

കെ ആർ ഷൈജുമോൻ

ലണ്ടൻ:  ഒരാഴ്ച മുൻപാണ് കേരള പിന്നോക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി എ കെ ബാലനും എട്ടു എംഎൽഎമാരും ലണ്ടൻ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്. വരവിന്റെ ഉദ്ദേശം പാർലമെന്റ് ചർച്ചകൾ കണ്ടു മനസിലാക്കുക ആയിരുന്നെങ്കിലും ഓട്ട പ്രദക്ഷിണത്തിനിടയിൽ സംഘത്തിലെ പലർക്കും കേംബ്രിജ് , ഓക്‌സ്ഫഡ് സർവകലാശാല നഗരങ്ങൾ സന്ദർശിക്കാൻ അവസരം ലഭിച്ചത് ആരും ശ്രദ്ധിക്കപ്പെടാതെ കിടന്നിരുന്ന ഒരു വിഷയത്തിൽ അടിയന്തര പ്രാധാന്യത്തോടെ നയരൂപരേഖ പുറത്തിറങ്ങാൻ സഹായകമായിരിക്കുകയാണ്.

മന്ത്രിയുടെയും സംഘത്തിന്റെയും സന്ദർശനം വൻപരാജയം ആയി എന്ന് ബ്രിട്ടിഷ് മലയാളിയടക്കം വിമർശം ഉയർത്തിയ സാഹചര്യത്തിൽ മന്ത്രി ബാലൻ തന്റെ ഫേസ്‌ബുക്ക് പേജിൽ തന്നെ ബ്രിട്ടീഷ് സർക്കാരിന്റെ കോമൺവെൽത്ത് സ്‌കോളർഷിപ്പ് നേടുന്ന കേരളത്തിലെ എസ്ടി / എസ് സി വിഭാഗത്തിൽ ഉള്ള വിദ്യാർത്ഥികൾക്ക് യാത്രക്ക് കേരള സർക്കാർ സകല സൗകര്യവും ഒരുക്കും എന്ന പ്രഖ്യാപനമാണ് സമൂഹ മാധ്യമത്തിലൂടെ പങ്കിടുന്നത്. രണ്ടു മാസം മുൻപ് ആദിവാസി വിഭാഗത്തിൽപ്പെട്ട കാസർഗോഡ്കാരനായ ബിനീഷ് ബാലന്റെ ബ്രിട്ടീഷ് പഠന ഗവേഷണ യാത്ര രണ്ടു വർഷം തടസപ്പെട്ടതിനു സർക്കാർ സകല കോണിൽ നിന്നും രൂക്ഷ വിമർശം കേൾക്കേണ്ടി വന്ന സാഹചര്യത്തിൽ കൂടിയാണ് ഉത്തരവ് മന്ത്രി ഫേസ്‌ബുക്ക് വഴി പരസ്യപ്പെടുത്തിയിരിക്കുന്നത്. ലണ്ടനിൽ എത്തിയപ്പോൾ ബിനീഷ് ബാലനെ നേരിൽ കാണാൻ കഴിഞ്ഞ അനുഭവവും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സ്‌കോളർഷിപ്പ് നേടുന്ന രണ്ടു ഡസനിലേറെ യുകെയിലെ മലയാളി ഗവേഷകരിൽ, കോടികളുടെ ഗവേഷണ ഫണ്ട് നേടിയെടുക്കാനോ ബ്രിട്ടനിൽ എത്താനോ കേരള സർക്കാരിന്റെ പിന്തുണ ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കൂട്ടത്തിൽ വടകരക്കാരി നികിത ഹരിയും മറ്റും കേംബ്രിജിൽ പഠിക്കാൻ പോകുവാണോ എന്ന് ബാങ്ക് ജീവനക്കാരിൽ നിന്ന് വരെ പരിഹാസം വാങ്ങിയാണ് യുകെയിൽ എത്തിയത്. ഗവേഷണം ആദ്യ ഘട്ടം പിന്നിടുമ്പോൾ തന്നെ ബ്രിട്ടനിലെ മികച്ച 50 വനിതാ എഞ്ചിനീയർമാരിൽ ഒരാളായി ദി ടെലിഗ്രാഫ് പത്രം തിരഞ്ഞെടുത്തത് അടക്കമുള്ള നേട്ടമാണ് ഇപ്പോൾ മലയാളിയുടെ പേരിൽ യുകെയിൽ കുറിച്ചിടുന്നത്. തന്റെ യുകെ വരവ് സ്വപ്രയ്തനം മാത്രമാണ് എന്നാണ് സ്‌കോട്ടിഷ് സർവകലാശാലയിലെ ബയോ മെഡിക്കൽ ഗവേഷകനായ ശ്യാമും വ്യക്തമാക്കി.സമാനമായ അനുഭവം പങ്കിടാൻ തയാറുള്ള ഒരു ഡസൻ മലയാളി ഗവേഷകരെങ്കിലും ഇപ്പോൾ യുകെയിലുണ്ട്.

ബ്രിട്ടീഷ് സന്ദർശനത്തിനിടയിൽ മലയാളികളായ ഗവേഷകരുമായുള്ള കൂടിക്കാഴ്ചയും സർവകലാശാല സന്ദർശനവും ഒക്കെ നാട്ടിൽ മടങ്ങി എത്തിയ മന്ത്രിയുടെ തീരുമാനത്തെ കാര്യമായി സ്വാധീനിച്ചിരിക്കണം എന്ന് വ്യക്തമാണ്. താൻ നേരിട്ട ദുരനുഭവം ബിനീഷ് ബാലൻ സാമൂഹ്യ മാധ്യമങ്ങൾ വഴി പൊതുജന ശ്രദ്ധയിൽ എത്തിച്ചതും സർക്കാരിന് ക്ഷീണമായി.

അടിസ്ഥാന വർഗ്ഗത്തിന്റെ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ തന്നെ അവരുടെ പീഡകരായി മാറുന്നു എന്ന പ്രതീതിയാണ് ബിനീഷ് ബാലൻ സംഭവം ഉയർത്തിയത്. തുടർന്ന് ബിനീഷിന് ലണ്ടനിൽ പഠിക്കാൻ എത്താനായുള്ള സകല സൗകര്യവും തന്റെ മന്ത്രാലയം ഒരുക്കിയിരുന്നു എന്ന വിശദീകരണം നൽകാനും മന്ത്രി തയ്യാറായി. കടുത്ത സമ്മർദത്തെ തുടർന്നാകണം, മന്ത്രിക്കും വകുപ്പിനും കേരള സർക്കാരിനും ഗുഡ് സർട്ടിഫിക്കറ്റ് നൽകിയാണ് ബിനീഷ് വിവാദത്തിനു അന്ത്യമൊരുക്കിയത്.

കോമൺവെൽത്ത് സ്‌കോളർഷിപ്പ് നേടുന്നവരെ സഹായിക്കാൻ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന വിമർശനത്തിന് നീണ്ട മറുപടി എഴുതിയാണ് പുതിയ തീരുമാനം മന്ത്രി പൊതു സമൂഹത്തെ അറിയിച്ചിരിക്കുന്നത്. വിഷയത്തിന്റെ പ്രാധാന്യവും പ്രധാന പോരായ്മയും നന്നായി മനസ്സിലാക്കിയാണ് മന്ത്രി ഉത്തരവ് തയ്യാറാക്കാൻ നിർദ്ദേശം നൽകിയതെന്ന് അദ്ദേഹത്തിന്റെ വിശദീകരണം തന്നെ വ്യക്തമാക്കുന്നു.

പറഞ്ഞു കേട്ട കാര്യങ്ങൾ കണ്ടറിയാൻ കൂടി അവസരം ഉണ്ടായതോടെ നീക്കത്തിന് വേഗതയേറി എന്ന് കൂടിയാണ് വ്യക്തമാകുന്നത് . ഇതോടെ ഉന്നത വിദ്യാഭ്യാസം നേടാൻ അർഹത ഉണ്ടായിട്ടും യാത്ര ചെലവിനു പോലും ഉള്ള പണം കണ്ടെത്താൻ നിർവാഹം ഇല്ലാതെ ഭാവി ഇരുളടഞ്ഞു പോകുന്നവർ ഇനിയുണ്ടാകാൻ പാടില്ല എന്ന നിശ്ചയദാർഢ്യവും മന്ത്രിയുടെ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട് എന്നുറപ്പ്.

തന്റെ വകുപ്പ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്ന് നാട്ടുകാരെ അറിയിക്കാൻ മുൻ സർക്കാരിന്റെ ഈ രംഗത്തെ പ്രകടനവും മന്ത്രി താരതമ്യം ചെയ്യുന്നുണ്ട് . കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന് അഞ്ചു വർഷം കൊണ്ട് വെറും പത്തു പേരെ 63 ലക്ഷം രൂപ നൽകി സഹായിക്കാൻ കഴിഞ്ഞിടത്തു തന്റെ സർക്കാരിൽ ഒരു വർഷം കൊണ്ട് ആറു പേർക്ക് 53 ലക്ഷം രൂപ നൽകാൻ കഴിഞ്ഞ കാര്യവും മന്ത്രി ബാലൻ അഭിമാനത്തോടെ പറയുന്നു. ഉമ്മൻ ചാണ്ടി സർക്കാരിൽ ജൂനിയർ മന്ത്രിമാരായ കെ പി അനിൽകുമാറും പി കെ ജയലക്ഷമിയും കൈകാര്യം ചെയ്ത വകുപ്പുകൾക്കാണ് മന്ത്രി ബാലന്റെ കൊട്ട്. അതേ സമയം തന്റെ കാര്യത്തിൽ മന്ത്രി ജയലക്ഷ്മിയുടെ പ്രത്യേക ശ്രദ്ധ ഉണ്ടായിരുന്നു എന്നാണ് ലണ്ടനിൽ എത്തിയ ശേഷം ബിനീഷ് ബാലൻ ഫേസ്‌ബുക്കിൽ കുറിപ്പിട്ടത്.

എ.കെ.ബാലന്റെ ഫേസ്‌ബുക്ക് പോസ്റ്റ്

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശപഠന സഹായം നൽകുന്നതിന് പൊതുമാനദണ്ഡം രൂപീകരിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.പട്ടികജാതിപട്ടികവർഗ്ഗ വിഭാഗങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്ക് വിദേശത്ത് പഠിക്കുന്നതിന് ധനസഹായം നൽകുവാൻ വ്യക്തമായ വ്യവസ്ഥകൾ നിലവിൽ ഉണ്ടായിരുന്നില്ല. ലോകനിലവാരമുള്ളതും ഉയർന്ന തൊഴിൽ സാധ്യതയുള്ളതുമായ കോഴ്‌സുകൾക്കാണ് സർക്കാർ ധനസഹായം നൽകിവരുന്നത്.

എന്നാൽ ഏതെല്ലാം കോഴ്‌സുകൾക്കാണ് സഹായത്തിന് അർഹതയുള്ളത് എന്ന് അറിയാതെയും സർക്കാർ അംഗീകാരം ഇല്ലാതെയും വിദേശത്ത് പഠനത്തിനായി ഈ വിഭാഗം വിദ്യാർത്ഥികൾ പോവുകയും പിന്നീട് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് കോഴ്‌സ് പൂർത്തീകരിക്കാനാവാതെ പ്രയാസപ്പെടുന്ന സ്ഥിതിയുമാണ് നിലവിലുള്ളത്. അത്തരം വിഷമതകൾ സോഷ്യൽ മീഡിയയിൽ മറ്റും സമീപകാലത്ത് വരികയും വലിയ ശ്രദ്ധയാകർഷിക്കുകയും ചെയ്തിട്ടുണ്ടല്ലോ.

ഒരു പൊതുമാനദണ്ഡവും സമയബന്ധിതമായി തീർപ്പാക്കുന്നതിനുള്ള സംവിധാനവും ഇല്ലാത്തതായിരുന്നു ഈ മേഖലയിലുള്ള പ്രധാന ന്യൂനത. ഇക്കാര്യത്തിലുള്ള അവ്യക്തത ഇല്ലാതാക്കിക്കൊണ്ടും കാലതാമസം ഒഴിവാക്കിക്കൊണ്ടും വിദേശപഠനത്തിനുള്ള മാർഗ്ഗരേഖ സർക്കാർ ഇപ്പോൾ പുറപ്പെടുവിക്കുകയാണ്.ഈ സർക്കാർ വന്ന് ഒരു വർഷത്തിനകം 6 പേർക്ക് 53 ലക്ഷം രൂപ വിദേശപഠനത്തിനായി അനുവദിച്ചിട്ടുണ്ട്. മുൻ യുഡിഎഫ് സർക്കാരിന്റെ അഞ്ച് വർഷക്കാലത്ത് 10 പേർക്ക് 63 ലക്ഷം രൂപയാണ് ആകെ അനുവദിച്ചത്.

അതിൽ ലണ്ടനിൽ പഠിക്കുന്ന കാസർഗോഡ് സ്വദേശി ബിനീഷ് ബാലൻ സാമ്പത്തിക സഹായം ലഭിച്ചവരിൽ ഉൾപ്പെടും. സപ്തംബറിൽ എന്റെ വിദേശയാത്രയോട് അനുബന്ധിച്ച് ഞാൻ ലണ്ടനിൽ വെച്ച് ശ്രീ. ബിനീഷ് ബാലനെ കാണുകയുണ്ടായി. ഏറെക്കാലം കഷ്ടപ്പെട്ടിട്ടാണ് ബിനീഷിന് സർക്കാർ ധനസഹായം ലഭിച്ച് ലണ്ടനിലെത്താൻ സാധിച്ചത്. സർക്കാർ സ്‌കോളർഷിപ്പോട് കൂടിയാണ് ബിനീഷ് ഇപ്പോൾ പഠിക്കുന്നത്. ലണ്ടനിൽ വെച്ച് ബിനീഷിനെ നേരിൽ കണ്ടപ്പോൾ എല്ലാ സഹായത്തിനും എന്നും സർക്കാർ സഹായത്തിനുണ്ടാകും എന്ന് ഉറപ്പുനൽകിയിരുന്നു.

ദളിത് വിഭാഗത്തിൽപ്പെട്ട അർഹരായ പല വിദ്യാർത്ഥികൾക്കും വർഷങ്ങളോളം വിദേശപഠന സഹായത്തിനായി കാത്ത് നിൽക്കേണ്ടി വന്നിട്ടുണ്ട്. അവരിൽ പലർക്കും ശ്രമം ഉപേക്ഷിക്കേണ്ടതായും വന്നിട്ടുണ്ട്. കാലാകാലങ്ങളായി തുടർന്നുപോന്ന അവ്യക്തത നിറഞ്ഞ നടപടിക്രമങ്ങൾ മൂലം വിദ്യാഭ്യാസാനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മറച്ചുവെച്ച് സർക്കാർ ദളിത് വിഭാഗത്തിന് എതിരാണ് എന്ന കുപ്രചരണം വരെ ഇതിന്റെ ഭാഗമായി ചില കോണിൽ നിന്നും ബോധപൂർവ്വം ഉയർന്നുവന്നു. ഒരു പൊതുമാനദണ്ഡം ഇക്കാര്യത്തിൽ രൂപീകരിക്കുമെന്നും അർഹരായ എല്ലാവർക്കും ആനുകൂല്യം ലഭ്യാക്കും എന്നും അന്യായമായ കാലതാമസം പൂർണമായും ഒഴിവാക്കും എന്നും അന്ന് തന്നെ ഞാൻ വ്യക്തമാക്കിയിരുന്നു.

ഇപ്പോൾ ഉത്തരവായ പൊതുമാനദണ്ഡ പ്രകാരം വിദേശപഠനത്തിന് ആഗ്രഹിക്കുന്ന ഒരു വിദ്യാർത്ഥിക്ക് തനിക്ക് സർക്കാരിൽ നിന്നും സഹായം ലഭിക്കുവാൻ അർഹതയുണ്ടോ എന്ന് സ്വയം അറിയുന്നതിന് സാധിക്കും. മാത്രമല്ല സമയബന്ധിതമായി സർക്കാർ അംഗീകാരം ലഭ്യമാക്കാനും ആനുകൂല്യം അനുവദിക്കുന്നതിനും ക്രമീകരണം നടത്തിയിട്ടുണ്ട്. ചുരുക്കത്തിൽ സർക്കാർ അംഗീകാരം പ്രതീക്ഷിച്ച് വിദേശത്ത് പോയി പ്രയാസപ്പെടുന്ന ഒരു ദുരവസ്ഥയ്ക്ക് പൂർണമായും പരിഹാരം കാണാൻ ഇതുമൂലം കഴിയും.

വിദേശത്ത് പഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾ വിദേശ സർവ്വകലാശാലകൾ/സ്ഥാപനങ്ങൾ നിഷ്‌കർഷിക്കുന്ന യോഗ്യതകളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടും അവരുടെ അനുമതി ലഭിച്ചതിന് ശേഷവുമാണ് പ്രവേശനം നേടുന്നത്. മറ്റ് രാജ്യങ്ങളിൽ പോകുന്നതിന്റെ വിസ അടക്കമുള്ള നടപടിക്രമങ്ങൾ അവർ പാലിക്കുന്നുണ്ട്. അതോടൊപ്പം സർക്കാർ ആനുകൂല്യം ലഭിക്കുന്നതിൽ മുൻകൂർ അനുമതി ലഭ്യമാക്കിയിരിക്കണമെന്ന നിഷ്‌കർഷം കൂടി മാനദണ്ഡത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.

പൊതുമാനദണ്ഡ പ്രകാരം ലോകറാങ്കിംഗിൽ ആദ്യത്തെ 500 റാങ്കിൽ വരുന്ന സ്ഥാപനങ്ങളിൽ പ്രവേശനം നേടാം. പ്രവേശനം ലഭിക്കുമെന്നതിനുള്ള ഓഫർ ലെറ്റർ ലഭിച്ച് രണ്ട് ആഴ്ചക്കുള്ളിൽ അപേക്ഷ സമർപ്പിക്കണം. മാനദണ്ഡപ്രകാരം ധനസഹായം അനുവദിക്കുന്നതിനുള്ള അറിയിപ്പ് 10 ദിവസത്തിനകം വിദ്യാർത്ഥിക്ക് ലഭ്യമാക്കും. അത്തരം ഒരു അറിയിപ്പിനെ തുടർന്ന് മാത്രമെ സർക്കാർ ധനസഹായത്തോടെ കോഴ്‌സിന് പ്രവേശനം നേടുവാൻ പാടുള്ളു. അതല്ലാതെ സ്വന്തം നിലയിൽ പ്രവേശനം നേടുന്നവർക്ക് വിദേശ സ്‌കോളർഷിപ്പ് ലഭ്യമാകുന്നതല്ല.

12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് മുഴുവൻ ആനുകൂല്യങ്ങൾക്ക് അർഹതയുള്ളത്. അംഗീകാരം ലഭിക്കുന്ന വിദ്യാർത്ഥികളുടെ പഠനത്തിനുള്ള മുഴുവൻ ചെലവുകളും സർക്കാർ നൽകും. ഒരു തവണ പോകുവാനും തിരികെ വരുവാനുമുള്ള യാത്രാ ചെലവ്, മെഡിക്കൽ ഇൻഷുറൻസ് പ്രീമിയം, ട്യൂഷൻ ഫീസ്, അക്കമഡേഷൻ, ലിവിങ് എക്‌സ്‌പെൻസ്, വിസ ചെലവുകൾ സർക്കാർ വഹിക്കും.
12 ലക്ഷം മുതൽ 20 ലക്ഷം വരെ കുടുംബ വാർഷിക വരുമാനമുള്ള വിദ്യാർത്ഥികളുടെ അക്കമഡേഷൻ, ലിവിങ് എക്‌സ്പൻസ് എന്നിവയുടെ 50 ശതമാനവും മറ്റ് ചെലവുകളും പൂർണ്ണമായും നൽകും. 20 ലക്ഷത്തിന് മുകളിൽ കുടുംബവാർഷിക വരുമാനമുള്ളവർക്ക് യഥാർത്ഥ ട്യൂഷൻ ഫീസ് മാത്രമായിരിക്കും അനുവദിക്കുക. പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് ഈ വരുമാന പരിധികൾ ഒന്നും തന്നെ ബാധകമല്ല.

പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ട അധസ്ഥിത വിഭാഗത്തിനെ വിദ്യാഭ്യാസത്തിലൂടെ മാത്രമെ യഥാർത്ഥ ശാക്തീകരണം നടക്കുകയുള്ളു. നൂറ്റാണ്ടുകളായി നിഷേധിക്കപ്പെട്ട അവസരങ്ങൾ അവർക്ക് പ്രാപ്യമാക്കണം എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയം. ഈ സർക്കാർ എന്നും ദളിത് വിഭാഗത്തിന്റെ ഉന്നമനത്തിന് വേണ്ടി നിലകൊള്ളും. സർക്കാർ അവരോടൊപ്പമുണ്ടാകുമെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കട്ടെ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP