Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ദിവസത്തിൽ പലതവണ ജയരാജനെ വിളിച്ച് അപ്‌ഡേഷൻ നടത്തും; മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കാൻ പറ്റുന്ന പരിപാടികളിൽ എല്ലാം മുഖം കാണിക്കും; എന്നാൽ ചീഫ് സെക്രട്ടറിയെ നേരിട്ട് കാണാൻ പോലും വിമുഖത; സർക്കാർ പറഞ്ഞാലും ഉത്തരവ് നടപ്പിലാക്കില്ല; തച്ചങ്കരിയുമായി എന്നും ഉടക്ക്: സെൻകുമാറിന്റെ പൊലീസ് ഭരണം ഇങ്ങനെ

ദിവസത്തിൽ പലതവണ ജയരാജനെ വിളിച്ച് അപ്‌ഡേഷൻ നടത്തും; മുഖ്യമന്ത്രിയോടൊപ്പം പങ്കെടുക്കാൻ പറ്റുന്ന പരിപാടികളിൽ എല്ലാം മുഖം കാണിക്കും; എന്നാൽ ചീഫ് സെക്രട്ടറിയെ നേരിട്ട് കാണാൻ പോലും വിമുഖത; സർക്കാർ പറഞ്ഞാലും ഉത്തരവ് നടപ്പിലാക്കില്ല; തച്ചങ്കരിയുമായി എന്നും ഉടക്ക്: സെൻകുമാറിന്റെ പൊലീസ് ഭരണം ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ അധികാര തർക്കങ്ങൾ തീരുന്നില്ല. സർക്കാരിനെ വെല്ലുവിളിച്ചുള്ള പൊലീസ് മേധാവി സെൻകുമാറിന്റെ നടപടികൾ തുടരുമ്പോൾ എഡിജിപി ടോമിൻ തച്ചങ്കരിയുടെ നേതൃത്വത്തിൽ ചെറുത്തു നിൽപ്പും തുടരുന്നു. സർക്കാർ നിർദ്ദേശം മറികടന്നുള്ള ഒരു ഉത്തരവും പൊലീസിൽ അനുവദിക്കേണ്ടെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. പൊലീസ് ആസ്ഥാനത്ത് ഡിജിപിക്ക് വേണ്ടി എന്നെഴുതി ആരും ഉത്തരവിറക്കരുതെന്ന് സെൻകുമാർ നിർദ്ദേശിച്ചിരുന്നു. ഇത്തരം കീഴ് വഴക്കങ്ങൾ ലംഘിക്കുന്ന സെൻകുമാർ ആരും അറിയാതെ നിയമനങ്ങളും സ്ഥലം മാറ്റവും പൊലീസ് ആസ്ഥാനത്ത് നടത്തിയാൽ അത് ഉടൻ മരവിപ്പിക്കാനാണ് സർക്കാർ തീരുമാനം. അതിനിടെ സെൻകുമാറും തച്ചങ്കരിയും തമ്മിലെ ഭിന്നത അതിരൂക്ഷമായി തുടരുകയും ചെയ്യുന്നു. പൊലീസ് ആസ്ഥാനത്തെ പല ഐപിഎസ് ഉദ്യോഗസ്ഥരും ഡിജിപിയുടെ മുറിയിൽ പോലും കയറാറുമില്ല.

ഡിജിപിയും തച്ചങ്കരിയും തമ്മിൽ അടിപടിയുടെ വക്കിലെത്തുന്ന വാക്കേറ്റം പോലും ഉണ്ടായിക്കഴിഞ്ഞു. എന്തും ഏതും അവിടെ നടക്കാം. ഇതിലെല്ലാം സെൻകുമാറിനെ മാത്രമാണ് മുഖ്യമന്ത്രി ഓഫീസ് കുറ്റക്കാരനായി കാണുന്നത്. താൻ നിയമിച്ചതു കൊണ്ട് എഡിജിപിയെ സെൻകുമാർ അംഗീകരിക്കുന്നില്ല. ചർച്ചയ്ക്ക് എന്ന് പറഞ്ഞ് എല്ലാ സീമയും വിടുന്ന സംഭാഷണമാണ് സെൻകുമാർ നടത്തുന്നത്. തച്ചങ്കരിയോട് മോശമായി സംസാരിച്ചപ്പോൾ അദ്ദേഹവും തട്ടിക്കയറി. ഇത്തരം സാഹചര്യം ഉണ്ടാക്കുന്നത് സെൻകുമാറാണ്. പൊലീസ് ആസ്ഥാനത്തെ അച്ചടക്കം ഡിജിപി തന്നെ ഇല്ലാതാക്കുന്നു. ഇതൊന്നും ആരും ചെയ്യാൻ പാടില്ലെന്നാണ് സർക്കാർ പക്ഷം.

സെൻകുമാർ മുഖ്യമന്ത്രിയെ കണ്ടിരുന്നു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജനേയും സ്ഥിരമായി വിളിക്കാറുണ്ട്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങിലും എത്തും. മാധ്യമങ്ങൾക്ക് മുമ്പിൽ സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ലെന്ന് പറയുന്ന സെൻകുമാർ പക്ഷേ ചെയ്യുന്നത് അതെല്ലെന്ന് ഇടതു മുന്നണിയിലെ പ്രമുഖൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ചീഫ് സെക്രട്ടറിയെ ഇതുവരെ കണ്ടിട്ടില്ല. ആഭ്യന്തര സെക്രട്ടറിയേയും അംഗീകരിക്കുന്നില്ല. ഇത് ഡിജിപിയെ പോലൊരാൾ ചെയ്യാൻ പാടില്ല. ചീഫ് സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും ഉദ്യോഗസ്ഥ തലത്തിലെ പ്രധാനികളാണ്. അവരെ അംഗീകരിക്കാതെ ഡിജിപി മുന്നോട്ട് പോകുന്നതാണ് പ്രശ്നം. ഇതുകൊണ്ട് തന്നെ പൊലീസ് സേനയിലെ പലരും ഡിജിപിയേയും അംഗീകരിക്കുന്നില്ല. സെൻകുമാർ കാണിക്കുന്നതാണ് പൊലീസ് ആസ്ഥാനത്ത് നിന്ന് തിരിച്ചു കിട്ടുന്നതും-അദ്ദേഹം പറഞ്ഞു. ചീഫ് സെക്രട്ടറിയെ കാണാൻ കൂട്ടാക്കത്തയാൾ തന്നെ വന്ന് കാണാത്ത പൊലീസ് ഉദ്യോഗസ്ഥരോട് വിശദീകരണവും തേടുന്നു. ഇതൊന്നും അംഗീകരിക്കാനാവില്ലെന്ന് സർക്കാരിലെ ഉന്നതരും പറയുന്നു.

കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സെൻകുമാർ കസേരയിൽ വീണ്ടുമെത്തിയത്. ജനപിന്തുണയും മാധ്യമ സഹകരണവും ആവോളം ലഭിക്കുന്നുമുണ്ട്. എന്നാൽ ഇതിന്റെ മറവിൽ സർക്കാരിനെ അനുസരിക്കില്ലെന്ന നിലപാട് സെൻകുമാർ എടുക്കുന്നു. ഇതിന് തെളിവാണ് കഴിഞ്ഞ ദിവസത്തെ ഉത്തരവ്. അതുകൊണ്ടാണ് സെൻകുമാർ പൊലീസ് ആസ്ഥാനത്തു നടപ്പാക്കിയ വിവാദ സ്ഥലംമാറ്റ ഉത്തരവുകൾ സർക്കാർ വീണ്ടും മരവിപ്പിച്ചു. സർക്കാരുമായി നേരിട്ടുള്ള പോരാട്ടത്തിനില്ലെന്നു പറഞ്ഞതിനു പിന്നാലെ ആദ്യ ഉത്തരവിൽ മാറ്റി നിയമിച്ച രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ ഇന്നലെ വീണ്ടും പൊലീസ് ആസ്ഥാനത്തു സെൻകുമാർ മാറ്റി നിയമിച്ചിരുന്നു. ഇതോടെയാണ് ഇദ്ദേഹം 11 ദിവസം മുൻപിറക്കിയ രണ്ടു സ്ഥലംമാറ്റ ഉത്തരവുകൾ മരവിപ്പിച്ചത്. സെൻകുമാറിനുള്ള താക്കീത് കൂടിയാണ് ഇത്.

കഴിഞ്ഞ ഒൻപതിനാണു പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി കുമാരി ബീന അടക്കം നാലു ജൂനിയർ സൂപ്രണ്ടുമാരെ സ്ഥലംമാറ്റി സെൻകുമാർ ഉത്തരവിട്ടത്. ഇതിൽ കുമാരി ബീനയ്ക്കു പകരം സി.എസ്.സജീവ് ചന്ദ്രനെയാണു നിയമിച്ചത്. എന്നാൽ അദ്ദേഹം ചുമതലയേൽക്കാൻ വിസമ്മതിച്ചു. രണ്ടു മണിക്കൂറിനു ശേഷം മറ്റൊരു ജൂനിയർ സൂപ്രണ്ടിനെ അവിടെ നിയമിച്ചു. കുമാരി ബീനയെ പേരൂർക്കട എസ്എപി ക്യാംപിലേക്കും മാറ്റി. ഒരു ദിവസം രണ്ട് ഉത്തരവിലൂടെ നാലു ജൂനിയർ സൂപ്രണ്ടുമാരെയാണു സെൻകുമാർ മാറ്റിയത്. എന്നാൽ അടുത്ത ദിവസം തന്നെ കുമാരി ബീന സ്ഥലം മാറ്റത്തിനെതിരെ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര സെക്രട്ടറിക്കും പരാതി നൽകി. പുറ്റിങ്ങൽ, ജിഷ കേസുകളുമായി ബന്ധപ്പെട്ട് ആരോ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട രേഖകൾ നൽകാത്തതിനാലാണു തന്നെ മാറ്റിയതെന്നായിരുന്നു ഇവരുടെ പരാതി.

തുടർന്നു മുഖ്യമന്ത്രിയുടെ ഓഫിസ് സെൻകുമാറിനെ ബന്ധപ്പെട്ടു തൽക്കാലം ഉത്തരവു നടപ്പാക്കേണ്ടതില്ലെന്ന് അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ ബീനാകുമാരി ടി ബ്രാഞ്ചിൽ തുടർന്നു. അവർക്കൊപ്പം മാറ്റിയവർ പൊലീസ് ആസ്ഥാനത്തു റിപ്പോർട്ട് ചെയ്തെങ്കിലും പഴയ സ്ഥലത്തേക്കു മടങ്ങാനായിരുന്നു ഓഫിസ് മാനേജരുടെ നിർദ്ദേശം. അവരും പഴയ സ്ഥലങ്ങളിൽ ചുമതലയേറ്റു. ഇതിനിടെയാണ് ആദ്യ സ്ഥലംമാറ്റ ഉത്തരവിൽ ഉൾപ്പെട്ട രണ്ടു ജൂനിയർ സൂപ്രണ്ടുമാരെ പൊലീസ് ആസ്ഥാനത്തു നിയമിച്ച് ഉത്തരവായത്. സുരേഷ് കൃഷ്ണ, സതി കുമാർ എന്നിവരെ കെ, ആർ ബ്രാഞ്ചുകളിലാണു നിയമിച്ചത്. ഒന്നു പൊലീസ് ഉദ്യോഗസ്ഥരുടെ പരാതികൾ നോക്കുന്ന സെക്ഷൻ, മറ്റൊന്നു പൊലീസ് വാഹനങ്ങൾ സംബന്ധിച്ച കാര്യങ്ങൾ നോക്കുന്ന സെക്ഷൻ. മുഖ്യമന്ത്രിയോട് ചോദിക്കാതെയായിരുന്നു ഈ ഉത്തരവുകൾ. ഇതിനെ ഗൗരവത്തോടെ സർക്കാർ എടുത്തു.

രാവിലെ ഉത്തരവിറങ്ങിയതു നിമിഷങ്ങൾക്കുള്ളിൽ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തി. തുടർന്നു വൈകുന്നേരത്തോടെ സെൻകുമാർ ഒൻപതിനിറക്കിയ രണ്ടു സ്ഥലം മാറ്റ ഉത്തരവുകളും മരവിപ്പിച്ച് ആഭ്യന്തര അഡീഷനൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ് ഉത്തരവിട്ടു. ഇതോടെ അതിനു ശേഷമുള്ള ഉത്തരവും മരവിച്ച സ്ഥിതിയിലായി. ബീനാ കുമാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവുകൾ മരവിപ്പിച്ചതെന്നു സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ വീണ്ടും ഏറ്റുമുട്ടൽ തുടരുകയാണ്. എഡിജിപി തച്ചങ്കരി ഇതൊന്നും അറിഞ്ഞിരുന്നില്ല. ഇതും സർക്കാരിനെ ചൊടിപ്പിച്ചു. അതിനിടെ സെൻകുമാർ വീണ്ടും നിയമപോരാട്ടത്തിന് ശ്രമിക്കുമോ എന്ന ആശങ്കയും സർക്കാരിനുണ്ട്. ഇതിന് വേണ്ടിയാണോ വിവാദ ഉത്തരവ് ഇറക്കുന്നതെന്നാണ് സംശയം. സർക്കാർ ഭരിക്കാൻ അനുവദിക്കുന്നില്ലെന്ന പരാതി സജീവമാക്കാനുള്ള തന്ത്രമായും ഇതിനെ കാണുന്നു.

അങ്ങനെ ആണെങ്കിൽ പോലും നേരിടാനാണ് മുഖ്യമന്ത്രിയുടെ തീരുമാനം. അതുകൊണ്ടാണ് വിവാദ ഉത്തരവുകൾ മരവിപ്പിക്കുന്നതും., സെൻകുമാറിന്റെ ഇഷ്ടത്തിന് തുള്ളുന്ന ഉദ്യോഗസ്ഥർക്ക് ജൂൺ 30ന് സെൻകുമാർ സ്ഥാനം ഒഴിയുമ്പോൾ പണി കിട്ടാനും സാധ്യതയുണ്ട്. സെൻകുമാറിന് പകരം ലോക്നാഥ് ബെഹ്റയെ ഡിജിപിയാക്കാൻ ഒരു വിഭാഗം സജീവമായി രംഗത്തുള്ളതും അതുകൊണ്ടാണ്. ജേക്കബ് തോമസിനെ ഡിജിപിയാക്കിയാൽ അദ്ദേഹം പറയുന്നത് കേൾക്കുമോ എന്നതാണ് സംശയം. ഇതിനിടെ പൊലീസ് ആസ്ഥാനത്തെ ഐജി ബൽറാം കുമാർ ഉപാധ്യായ നീണ്ട അവധിയിൽ പ്രവേശിച്ചു. പൊലീസ് ഹൗസിങ് കൺസ്ട്രക്ഷൻ കോർപറേഷൻ എംഡി കൂടിയായ ഉപാധ്യായ നേരത്തെ 45 ദിവസത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു.

പൊലീസ് സ്റ്റേഷനുകളിലെ പെയിന്റടി വിവാദം കൂടി മൂർച്ഛിച്ചതോടെ അദ്ദേഹം ഉടൻ അവധി വേണമെന്നു സർക്കാരിനോട് ആവശ്യപ്പെട്ടതായാണു വിവരം. എല്ലാ സ്റ്റേഷനുകളിലും ഒരു നിറത്തിലുള്ള പെയിന്റടി നടപ്പിലാക്കിത്തുടങ്ങിയതു കോർപറേഷനായിരുന്നു. അവധി ഇന്നലെ സർക്കാർ അംഗീകരിച്ചു. പകരം ആരെയും പൊലീസ് ആസ്ഥാനത്തു നിയമിച്ചിട്ടില്ല. കടുത്ത സെൻകുമാർ വിരോധിയെ അങ്ങോട്ടേക്ക് അയക്കാനും സാധ്യതയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP