അമേരിക്കയും ജപ്പാനും ഗൂഗിളും മൈക്രോസോഫ്റ്റും അറിയുന്നതിന് മുമ്പേ അറിഞ്ഞു! ലോകത്തെ മുൾമുനയിൽ നിർത്തിയ സൈബർ ആക്രമണം നേരത്തെ അറിഞ്ഞ് പരിഹാരം ഉണ്ടാക്കിയെന്ന് അവകാശപ്പെട്ട് ഐജി മനോജ് എബ്രഹാമിന്റെ പേരിൽ പത്രക്കുറിപ്പ്; സൈബർഡോമിന്റെ അവകാശ വാദത്തെ കളിയാക്കി സോഷ്യൽ മീഡിയ
May 16, 2017 | 11:00 AM IST | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അമേരിക്കയും ജപ്പാനും കേട്ട് ഞെട്ടി. ഗൂഗിളും മൈക്രോ സോഫ്റ്റും എന്തു ചെയ്യണമെന്ന് അറിയാതെ പതറി. ലോകം ആകെ മുൾമുനയിൽ നിന്നു. കേരളത്തിലെ ആറ് പഞ്ചായത്ത് ഓഫീസിലും വൈറസ് ആക്രമണം ഉണ്ടായി. സ്വകാര്യ വ്യക്തികളേയും ബാധിച്ചു. സ്വതന്ത്ര സോഫ്ട് വെയറിന്റെ പ്രചാരകരായതു കൊണ്ട് മാത്രം കേരളം ഇതിനിടെയിലും പിടിച്ചു നിന്നു. സർക്കാർ സെർവ്വറുകളിൽ ആക്രമണം ഉണ്ടായതുമില്ല. ഇങ്ങനെയൊക്കെയാണ് വിവരാവകാശ ലോകം റാൻസം വൈറസിനെ വിലയിരുത്തിയത്. പക്ഷേ ഇതൊന്നും ഒരു ഭാവവേദവും ഉണ്ടാക്കാത്ത ഒരു കൂട്ടരുണ്ടായിരുന്നു. കേരളത്തിൽ സൈബർ നിരീക്ഷകർ. കേരളാ പൊലീസിന് കീഴിലെ സൈബർ ഡോം. തീർത്തും വിചത്രമായ അവകാശവാദമാണ് അവർ ഉയർത്തിയത്. എല്ലാം നമുക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് സൈബർ ഡോം വിളിച്ചു പറയുന്നു. ഇതു കേട്ട് മുക്കത്ത വരിൽ വയ്ക്കുകയാണ് സോഷ്യൽ മീഡിയ.
ലോകമാകമാനം സൈബർ ആക്രമണം നേരിടുന്നത് തടയാനായി കേരള പൊലീസിന് കീഴിലെ സൈബർ ഡോം നേരത്തെ മുൻകരുതൽ എടുത്തിരുന്നുവെന്നാണ് ദക്ഷിണമേഖലാ ഐജി കൂടിയായ മനോജ് എബ്രഹാമിന്റെ അവകാശ വാദം. ഇതിന് വേണ്ടി സൈബർ ഡോമിൽ റാൻസം വെയർ സ്കൂൾ ആരംഭിച്ചും നിരീക്ഷണം ആരംഭിച്ചിരുന്നു. മാസങ്ങൾക്ക് മുന്മ്പ് തന്നെ റാൻസംവെയർ സോഫ്റ്റ് വെയർ ആക്രമണം സൈബർ കുറ്റവാളികൾ ആരംഭിച്ചിരുന്നു. ചൈന, ആസ്ട്രേലിയ, തുടങ്ങിയ രാജ്യങ്ങളിലെ ആശുപത്രികൾ , ഹോട്ടലുകൾ കേന്ദ്രികരിച്ചായിരുന്നു ഈ ആക്രമണങ്ങൾ. പ്രത്യേക താൽപര്യങ്ങളോ ലക്ഷ്യങ്ങളോ ഇല്ലാത്ത സൈബർ കുറ്റവാളികൾ എത് രാജ്യത്തിൽ ആക്രമണം നടത്താനായി തിരഞ്ഞെടുക്കുമെന്ന് മുൻകൂട്ടി കണ്ടാണ് സൈബർ ഡോം ഇതിന് കീഴിൽ റാൻസം വെയർ സ്കൂൾ ആരംഭിച്ചത്. ഇതിനായി തുടർച്ചയായി നിരീക്ഷണം നടത്തുന്നതിന് വേണ്ടി പ്രത്യേക ടീം രൂപീകരിച്ച് നിരീക്ഷണങ്ങൾ ശക്തമായി. റാൻസം വെയർ ആക്രമണം തടയാൻ രാജ്യത്തെ തന്നെ ആദ്യ സ്കൂളാണ് സൈബർ ഡോമിന് കീഴിലുള്ളതെന്ന് സൈബർ ഡോം മേധാവി ഐ ജി മനോജ് എബ്രഹാം പറഞ്ഞു.
പക്ഷേ ഇതുസംബന്ധിച്ച ഒരു മുന്നറിയിപ്പും ആർക്കും സൈബർ ഡോം നൽകിയിരുന്നില്ല. അങ്ങനെ മുന്നറിയിപ്പ് നൽകാതെ ഇപ്പോൾ അവകാശ വാദവുമായി എത്തുന്നതിനെയാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. ഇത് മേനി പറച്ചിലാണെന്നും അവർ പറയുന്നു. ലോകത്തെ നടുക്കിയ റാൻസംവെയർ സൈബർ ആക്രമണം തുടരാൻ സാധ്യതയുണ്ടെന്നാണ് സൈബർ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇതുവരെ 150 രാജ്യങ്ങളും രണ്ട് ലക്ഷം കമ്പ്യൂട്ടർ ശൃംഖലകളുമാണ് ആക്രമണത്തിന്റെ ഇരകളായത്. ചില മുൻകരുതലുകളെടുത്താൽ സൈബർ ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയുമെന്ന് സൈബർ കുറ്റകൃത്യങ്ങൾ തടയാനുള്ള കേരള പൊലീസിന്റെ സൈബർഡോം മുന്നറിയിപ്പു നൽകിയത് എല്ലാം കഴിഞ്ഞ ശേഷം മാത്രവും. എന്നിട്ടും റാൻസം വെയർ സ്കൂൾ ഉൾപ്പെടെയുള്ള അവകാശ വാദങ്ങളുമായി മനോജ് എബ്രഹാം രംഗത്ത് വരുന്നതാണ് ഏവരെ അൽഭുതപ്പെട്ടത്. ആക്രമണത്തിന് ശേഷവും മൈക്രോസോഫ്റ്റ് പുറത്തിറക്കിയ സെക്യൂരിറ്റി അപ്ഡേറ്റ് ങട17010 എത്രയും പെട്ടെന്ന് തന്നെ അപ്ഡേറ്റ് ചെയ്യണം, വിൻഡോസ് ചഠ, വിൻഡോസ് 2000, വിൻഡോസ് തജ എന്നിവ പ്രൊഡക്ഷൻ എൻവിറോൺമെന്റിൽ നിന്നും മാറ്റണം, തുടങ്ങിയ എല്ലാവരും മുന്നോട്ട് വച്ച സ്ഥിരം നിർദ്ദേശങ്ങൾ മാത്രമാണ് സൈബർ ഡോം പങ്കുവച്ചതും.
സൈബർ ലോകത്തെ കുറ്റകൃത്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണ് സൈബർ ഡോമസിന് തുടക്കമിട്ടത്. എന്നാൽ സ്വകാര്യ വ്യക്തികളുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് ഇവർ നടത്തുന്നതെന്ന വാദം സജീവമായി. ഇതിനിടെ രണ്ട് ബാങ്കുകളുടെ സുരക്ഷാ വീഴ്ചയെ കുറിച്ച് കണ്ടെത്തി തിരുത്തലുകൾ സൈബർ ഡോം നടത്തിയെന്ന് വാർത്തുമെത്തി. ഈ ബാങ്കുകളുടെ പേരുകൾ മറുനാടൻ പുറത്തുവിട്ടതോടെ ഇതെല്ലാം തെറ്റാണെന്നും മറുനാടനെതിരെ കേസ് കൊടുക്കുമെന്ന അവകാശവാദവുമായി സൈബർ ഡോമിലെ പിന്നണിയിലുള്ളവരും എത്തി. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും ചെയ്തു. എന്നാൽ മറുനാടനെതിരെ കേസൊന്നും ബാങ്കുകൾ പോലും കൊടുത്തില്ല. ഈ വിവരം ആരാണ് പറഞ്ഞു തന്നതെന്നതിനുള്ള വ്യക്തമായ വിവരങ്ങൾ മറുനാടന്റെ കൈയിലുണ്ടെന്ന തിരിച്ചറിവായിരുന്നു ഇതിന് കാരണം. അങ്ങനെ കേസുകൊടുക്കുമെന്ന് വീരവാദം പറഞ്ഞവരുടെ പുതിയ അവകാശ വാദമായണ് റാൻസം വൈറസിലെ അവകാശ വാദങ്ങളെന്നാണ് സൈബർ ഡോമിനെതിരെ സോഷ്യൽ മീഡിയ ഉയർത്തുന്ന അവകാശ വാദം.
കേരള പൊലീസിനു കീഴിലെ ഐടി അന്വേഷണ ഗവേഷണ വിഭാഗമായ സൈബർഡോമിലെ സന്നദ്ധ പ്രവർത്തകരായ ഹേമന്ത് ജോസഫ്, ജിതിൻ ഡി.കുറുപ്പ്, വി.ബി.സരൺ എന്നിവരാണ് മൂന്നു ബാങ്കുകളുടെ സെർവറുകൾ അരക്ഷിതമാണെന്നു കണ്ടെത്തിയത്. ഹാക്കിങ്ങിലൂടെ ബാങ്കുകളുടെ സെർവറിലേക്കു നുഴഞ്ഞുകയറാനും ഇവർക്കു കഴിഞ്ഞു. എന്നാൽ നിയമപരമായി അക്സസ് ചെയ്യുന്നത് തെറ്റായതിനാൽ തന്നെ ഇവർ അത് ചെയ്തിരുന്നില്ല. എന്നാൽ സർവ്വറിലേക്കുള്ള വിന്റോ സുരക്ഷിതമാണെന്ന ബാങ്കുകളുടെ തെറ്റിദ്ധാരണയാണ് ഹാക്കിങ്ങ് തടയുന്നതിനുള്ള സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്യാത്തത് എന്നാണ് സൂചന. ഈ വാർത്തയാണ് മറുനാടൻ ബാങ്കുകളുടെ പേരു സഹിതം നൽകിയത്. അഞ്ഞൂറിലേറെ 'എത്തിക്കൽ ഹാക്കർ'മാരും സന്നദ്ധ സേവകരായ ഐടി പ്രഫഷനലുകൾ അണിനിരത്തിയാണ് കേരള പൊലീസിന്റെ സൈബർ സേന സജ്ജമാക്കിയത്്.
നവമാധ്യമങ്ങളായ ഫേസ് ബുക്കിലും വാട്സ് ആപ്പിലും വരെ നുഴഞ്ഞുകയറി വ്യക്തികളുടെ വിവരം ചോർത്താൻ കഴിവുള്ള വിഗദ്ധന്മാരെ ഒരുക്കിയാണ് കേരളാപൊലീസ് രംഗത്തെത്തിയത്. സൈബർ കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാനും നിരീക്ഷിക്കാനുമായി ഇത്രയധികം സൈബർ കമാൻഡോകളുമായി രംഗത്തെത്തുന്ന രാജ്യത്തെ തന്നെ ഏറ്റവും വലിയ സൈബർ സേനയായിരിക്കും ഇതെന്നായിരുന്നു അവകാശ വാദം. സർക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റിലേക്കുള്ള നുഴഞ്ഞുകയറ്റം തടയുക, അത്തരക്കാരെ കണ്ടെത്തുക, വ്യാജ പേരിലും ഇന്റർനെറ്റ് വിലാസത്തിലും അപവാദ പ്രചാരണങ്ങൾ നടത്തുന്ന സൈബർ ഗുണ്ടകളെ കണ്ടെത്തുക, ഓൺലൈൻ തട്ടിപ്പുകാരെ കണ്ടെത്തുക എന്നിവയൊക്കെയായിരുന്നു അവകാശ വാദങ്ങൾ. ഇത് സ്വകാര്യതയിലേക്കുള്ള നുഴഞ്ഞു കയറ്റമാണെന്ന ആവകാശ വാദങ്ങളും സജീവമായി. ഇതിനിടെയാണ് കൊല്ലത്തെ സൈബർ ഡോം സമ്മേളനം വിവാദത്തിലായതും. പീഡനക്കേസ് പോലും പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉയർന്നു. വിജിലൻസ് അന്വേഷണവും പ്രഖ്യാപിച്ചു. ഇതിനിടെയാണ് സൈബർ ഡോമിന്റെ നേട്ടങ്ങൾ ഉയർത്തിക്കാട്ടാൻ ബോധപൂർവ്വം ശ്രമം തുടങ്ങിയത്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് റാൻസം വൈറസ് ആക്രമണം.
റാൻസംവെയർ സോഫ്റ്റ്വെയർ ഏകദേശം 150 രാജ്യങ്ങളിലായി, 230,000ത്തോളം മൈക്രോ സോഫ്റ്റ് വിൻഡോസ് കംപ്യൂട്ടറുകളെ ഇതുവരെ ബാധിച്ചുകഴിഞ്ഞു. ഇംഗ്ളണ്ടിലെ നാഷണൽ ഹെൽത്ത് സർവീസ് ആശുപത്രികൾ, യൂറോപ്യൻ വാഹന നിർമ്മാണ കമ്പനിയായ നിസ്സാൻ സ്പാനിഷ് കമ്പനിയായ ടെലിഫോണിക്ക മുതലായ വമ്പൻ സ്ഥാപനങ്ങളുടെവരെ നടത്തിപ്പിനെവരെ ഈ അക്രമകാരി സോഫ്റ്റ് വെയർ അവതാളത്തിലാക്കിക്കഴിഞ്ഞു. ബാധിച്ചുകഴിഞ്ഞാൽ കംപ്യൂട്ടറിലുള്ള ചിത്രങ്ങൾ, ഡോക്യുമെന്റുകൾ, വീഡിയോസ് ഡാറ്റാബേസ് മുതലായ പ്രധാന വിവരങ്ങളെ ഈ സോഫ്റ്റ് വെയർ എൻക്രിപ്റ്റ് ചെയ്യുന്നു. അങ്ങനെ വിവരങ്ങൾ ഉപയോക്താവിന് ലഭ്യമല്ലാതെയാകുന്നു. അതിനുശേഷം ഈ റാൻസംവേർ സോഫ്റ്റ് വെയർ വിവരങ്ങൾ ഡീക്രിപ്റ്റ് ചെയ്ത് തിരികെ നൽകുന്നതിന് പണം ആവശ്യപ്പെടും. ബിറ്റ്കോയിൻ എന്ന ഡിജിറ്റൽ നാണയത്തിലൂടെയാണ് പണം ആവശ്യപ്പെടുന്നത്.
മൂന്നുദിവസത്തിനുള്ളിൽ പണം കൈമാറിയില്ലെങ്കിൽ ഇരട്ടി തുക നൽകേണ്ടിവരും എന്നും ഏഴ് ദിവസത്തിനുള്ളിൽ പണം നൽകിയില്ലെങ്കിൽ ഡാറ്റാ എന്നെന്നേക്കുമായി നഷ്ടപ്പെടും എന്ന ഭീഷണിയും ഈ മാൽവെയർ സോഫ്റ്റ്വെയർ നടത്തുന്നു. മൂന്ന് ദിവസത്തിനുള്ളിൽ ഡാറ്റാ തിരിച്ചുകിട്ടുന്നതിന് 300 ഡോളറും ഏഴ് ദിവസത്തിനുള്ളിൽ 600 ഡോളറുമാണ് വാണാക്രൈ ആവശ്യപ്പെടുന്നത്. ഈ സാഹചര്യമൊക്കെ അറിയാമെങ്കിൽ എന്തുകൊണ്ടാണ് നേരത്തെ ലോകത്തെ മനോജ് എബ്രഹാം ഇക്കാര്യങ്ങൾ അറിയിക്കാത്തതെന്തെന്നാണ് ഉയരുന്ന ചോദ്യം.
