Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കുന്ന അദ്ധ്യാപകനെ കൊണ്ട് പരീക്ഷയ്ക്ക് ചോദ്യം ഉണ്ടാക്കിയ മന്ത്രി പരീക്ഷ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ മേൽ ഉത്തരവാദിത്തം കയറ്റി വയ്ക്കുന്നത് തെമ്മാടിത്തരമല്ലേ? കണക്ക് പരീക്ഷ വീണ്ടും നടത്താനുള്ള തീരുമാനത്തിനെതിരെ കേരളം ഒട്ടാകെ പ്രതിഷേധം; തിരിച്ചടിയാകുന്നത് ജയിക്കാൻ വേണ്ടി മാത്രം പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക്

ട്യൂഷൻ സെന്ററിൽ ക്ലാസ് എടുക്കുന്ന അദ്ധ്യാപകനെ കൊണ്ട് പരീക്ഷയ്ക്ക് ചോദ്യം ഉണ്ടാക്കിയ മന്ത്രി പരീക്ഷ കഴിഞ്ഞ് വീട്ടിൽ ഇരിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികളുടെ മേൽ ഉത്തരവാദിത്തം കയറ്റി വയ്ക്കുന്നത് തെമ്മാടിത്തരമല്ലേ? കണക്ക് പരീക്ഷ വീണ്ടും നടത്താനുള്ള തീരുമാനത്തിനെതിരെ കേരളം ഒട്ടാകെ പ്രതിഷേധം; തിരിച്ചടിയാകുന്നത് ജയിക്കാൻ വേണ്ടി മാത്രം പഠിക്കുന്ന പാവപ്പെട്ട കുട്ടികൾക്ക്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട പരീക്ഷയാണ് എസ് എസ് എൽ സി. പത്താം തരം കടന്നുകൂടയെന്നത് ജീവിതത്തിലെ പ്രധാനപ്പെട്ടതും. മിടുക്കന്മാർക്ക് റാങ്ക് വേണം. പക്ഷേ എല്ലാവർക്കും ഇവിടെ ജയിച്ചേ മതിയാകൂ. അതിന് പലർക്കുമുള്ള പ്രധാന കടമ്പയാണ് കണക്ക് പരീക്ഷ. പത്താംക്ലാസിലെ ഏറ്റവും വലിയ തലവേദന. ഇതു മാറിയെന്ന് ആശ്വസിച്ച് കുട്ടികൾ ഇരിക്കുമ്പോഴാണ് വിദ്യാഭ്യാസ മന്ത്രിയുടെ ിരുട്ടടി. ചോദ്യപേപ്പർ ചോർത്തി നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കി. അതായത് കുട്ടികൾ ഇനിയും പുസ്തകമെടുക്കണം. പലരും പരീക്ഷ കഴിഞ്ഞ് അവധി ആഘോഷിക്കാൻ കേരളവും വിട്ടു. അവരെല്ലാം ഇനി തിരിച്ചു വരണം. വീണ്ടും സമ്മർദ്ദത്തിലേക്ക് കടക്കണം.

പത്താംക്ലാസ് പരീക്ഷ നടത്തിയശേഷം റദ്ദാക്കുന്നത് രണ്ടാംതവണ. 2005-ൽ പ്രസിൽനിന്ന് ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. സാമൂഹികശാസ്ത്രം രണ്ടാം പേപ്പറിന്റെ ചോദ്യപേപ്പറാണ് ചോർന്നത്. ഈ പരീക്ഷ പിന്നീട് പുതിയ ചോദ്യപേപ്പർ തയ്യാറാക്കി നടത്തിയിരുന്നു. ചെന്നൈയിലെ പ്രസിൽനിന്നാണ് ചോദ്യപേപ്പർ ചോർന്നത്. സംഭവം വിവാദമായതിനെത്തുടർന്ന് സാമൂഹികശാസ്ത്രം പരീക്ഷയ്ക്കുശേഷം നടത്താനിരുന്ന മറ്റ് പരീക്ഷകളും മാറ്റിവെച്ചു. ഇത് പിന്നീട് പുതിയ ചോദ്യപേപ്പർ തയ്യാറാക്കിയാണ് നടത്തിയത്. ഇതുകൂടാതെ 2004-ൽ പാലക്കാട് തൃത്താല സ്‌കൂളിൽ സൂക്ഷിച്ചിരുന്ന ഫിസിക്സ് ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് റദ്ദാക്കിയിരുന്നു. പരീക്ഷ നടത്തുന്നതിനുമുമ്പ് ചോർന്നത് കണ്ടെത്തിയതിനാൽ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. എന്നാൽ ഇത്തവണ ചോദ്യം ഉണ്ടാക്കിയയാൾ തന്നെ ഇത് ചോർത്തി. അതുകൊണ്ട് തന്നെ വിദ്യാഭ്യാസമന്ത്രിയും വകുപ്പും ഉത്തവാദികളാണെന്നാണ് വിലയിരുത്തൽ.

കേരളത്തിലെ പത്താംക്ലാസ് പരീക്ഷാ നടത്തിപ്പിലെ ഏറ്റവും വലിയ വീഴ്ചയായിരുന്നു ഇത്തവണത്തേത്. അതുകൊണ്ട് തന്നെ ഈ മാസം 30 ാം തീയതി ഉച്ചയ്ക്ക് 1.30 ന് വീണ്ടും കണക്കിന്റെ പരീക്ഷ നടത്തും. വിദ്യാഭ്യാസ മന്ത്രി വിളിച്ചുചേർത്ത അടിയന്തര യോഗമാണ് പരീക്ഷ വീണ്ടും നടത്താൻ തീരുമാനിച്ചത്. എസ്എസ്എൽസി കണക്ക് പരീക്ഷയെക്കുറിച്ച് ഉയർന്ന ആക്ഷേപങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ തയാറാക്കാൻ ചുമതലപ്പെടുത്തിയ പാനലിലെ ഒരു അദ്ധ്യാപകൻ തയാറാക്കിയ ചോദ്യങ്ങൾ അതേ പോലെ മലപ്പുറത്തെ ഒരു ട്യൂഷൻ സെന്ററിന് ചോർത്തി നൽകിയതായാണ് കണ്ടെത്തിയിരിക്കുന്നത്. ആതായത് ഒരു ഉത്തരവാദിത്ത ബോധവുമില്ലാതെ ചോദ്യപേപ്പർ തയ്യാറാക്കി. ഇതിന് വിദ്യാഭ്യാസ മന്ത്രിയും പൊതുവിദ്യാഭ്യാസ ഡയറക്ടറും തന്നെയാണ് ഉത്തരവാദികൾ. എന്നാൽ പീഡനം കുട്ടികൾക്കും.

13 ചോദ്യങ്ങളാണ് ഇങ്ങനെ എസ്എസ്എൽസി ചോദ്യപേപ്പറിലും ട്യൂഷൻ സെന്ററിന് മുൻകൂട്ടി നൽകിയ ചോദ്യാവലിയിലും ഒരുപോലെ വന്നത്. ചോദ്യപേപ്പർ ചോർന്നസ്ഥിതിക്ക് പുനഃപരീക്ഷ നടത്താതിരുന്നാൽ കേസുമായി കോടതിയിൽ ആരെങ്കിലും എത്തിയാൽ അത് സർക്കാരിന് തിരിച്ചടിയായേക്കാം എന്ന വിലയിരുത്തലിന്റെ കൂടെ അടിസ്ഥാനത്തിലാണ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചത്. കുട്ടികളുടെ ഭാഗത്ത് നിന്നുകൊണ്ടാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നും വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറയുന്നു. ഒരാഴ്ച സമയം പോലും മുന്നിലില്ലാതിരിക്കെ പുതിയ ചോദ്യപേപ്പർ തയാറാക്കി അടിയന്തരമായി വീണ്ടും അച്ചടിച്ച് എല്ലാ പരീക്ഷ സെന്ററിലും എത്തിക്കുക എന്ന വലിയ വെല്ലുവിളിയാണ് സർക്കാരിന് മുന്നിലുള്ളത്. പക്ഷേ അതിലും വെല്ലുവിളിയാണ് കുട്ടികൾക്ക് മുമ്പിലുള്ളത്. പഠനത്തിൽ മിടുക്കരായവർക്ക് പ്രശ്‌നമല്ല. എന്നാൽ ജയിക്കാൻ വേണ്ടി മാത്രം പഠിക്കുന്ന കുട്ടികൾക്ക് വലിയ മാനസിക സംഘർഷമാണ് ഇത് നൽകുന്നത്.

ചോദ്യപേപ്പർ ചോർത്തിക്കൊടുത്ത അദ്ധ്യാപകനെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പറയുന്നു. ചോദ്യം ചോർന്നത് അന്വേഷിക്കാൻ ഉന്നതതല സമിതിയേയും നിയോഗിച്ചിട്ടുണ്ട്. സംശയത്തിന്റെ നിഴലിലായ അദ്ധ്യാപകന് മലപ്പുറത്തെ ട്യൂഷൻ സെന്ററുമായി ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഇവിടെ പഠിച്ച 38 വിദ്യാർത്ഥികൾക്ക് എ പ്ലസ് കിട്ടി. വിദ്യാർത്ഥികൾക്ക് എ പ്ലസ് കിട്ടിയതിന് നൽകിയ സ്വീകരണത്തിൽ ഈ അദ്ധ്യാപകനും സ്വീകരണം നൽകുകയുണ്ടായി. ഇതൊന്നും മനസ്സിലാക്കാതെ ചോദ്യ പേപ്പർ ഉണ്ടാക്കാൻ ഈ അദ്ധ്യാപകനെ തന്നെ നിയോഗിച്ചവർക്കെതിരെ ഒരു നടപടിയും ഇല്ല. മന്ത്രി രാജിവച്ച് അന്വേഷണം നടത്തണമെന്ന ആവശ്യവും ഉയർന്നു കഴിഞ്ഞു.

അതിനിടെ എസ്എസ്എൽസി കണക്ക് പരീക്ഷ റദ്ദാക്കേണ്ടി വന്ന സംഭവത്തിൽ സർക്കാരിനേയും ഇടതുപക്ഷ യുവജനസംഘടനകളേയും വിമർശിച്ച് മുൻ വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബ് രംഗത്തുവന്നു. കഴിഞ്ഞ അഞ്ച് വർഷം താൻ വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോൾ തീരെ ചെറിയ പാളിച്ചകൾ പോലും ഊതിപെരുപ്പിച്ച് കരിങ്കൊടി കാണിക്കാനും, സമരം നടത്താനും മുന്നിട്ടു നിന്ന ഡിവൈഎഫ്‌ഐയും എസ്എഫ്‌ഐയും ഇക്കാര്യത്തെക്കുറിച്ച് ഒന്നും പറയാത്തത് അവരുടെ ഇരട്ടത്താപ്പാണ് കാണിക്കുന്നതെന്ന് അബ്ദുറബ്ബ് കുറ്റപ്പെടുത്തി.

ചെറിയ തോതിലുള്ള പാളിച്ചകൾ എല്ലാ കാലത്തും പരീക്ഷ നടത്തിപ്പിൽ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്ര ഗുരുതരമായ ഒരു പിഴവ് ചരിത്രത്തിലാദ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എൽഎസി പരീക്ഷയ്‌ക്കൊപ്പം നടന്ന ഹയർസെക്കൻഡറി ഫിസിക്‌സ് പരീക്ഷയെക്കുറിച്ചും ഇത്തരമൊരു ആരോപണം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തിൽ കുറ്റക്കാരായിട്ടുള്ളവരെ മാതൃകപരമായി ശിക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും തയ്യാറാവണം. ഒരേ പരീക്ഷ രണ്ട് തവണ എഴുത്തുക എന്നത് കുട്ടികളെ സംബന്ധിച്ച് വലിയ മാനസിക പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ പരമാവധി വിദ്യാഭ്യാസ വകുപ്പ് ശ്രദ്ധിക്കേണ്ടതായിരുന്നു - അബ്ദുറബ്ബ് പറഞ്ഞു.

കണക്ക് പരീക്ഷ കുട്ടികൾക്കക്ക് കടുകട്ടിയായിരുന്നു. ഇതെ തുടർന്നാണ് ചോദ്യപേപ്പർ പലരും പരിശോധനക്ക് വിധേയമാക്കിയയത്. മെറിറ്റ് എന്ന് അറിയപ്പെടുന്ന മലബാർ എജ്യൂക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മോഡൽ ചോദ്യപേപ്പറിൽ നിന്ന് 13 ചോദ്യങ്ങൾ എസ്.എസ്.എൽ.സി ചോദ്യപേപ്പറിലേക്ക് കടന്നുകയറി എന്നാണ് ആക്ഷേപം ഉയർന്നത്. 11 ചോദ്യങ്ങൾ അതേപടി പകർത്തിയതാണെന്നും രണ്ട് ചോദ്യങ്ങൾ സാമ്യമുള്ളവയാണെന്നുമാണ് പരാതി. ആക്ഷേപത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് തുടർനടപടി എന്തുവേണം എന്ന് തീരുമാനിക്കാൻ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് അടിയന്തര യോഗം വിളിക്കുകയായിരുന്നു. തുടർന്നാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനം ഉണ്ടായത്. ഡിപിഐ, പൊതുവിദ്യാഭ്യാസ സെക്രട്ടറി, പരീക്ഷാ സെക്രട്ടറി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഈ മാസം 20-ാം തീയതിയാണ് എസ്എസ്എൽസിയുടെ കണക്കുപരീക്ഷ നടന്നത്. പരീക്ഷയിൽ കുട്ടികളെ വലയ്ക്കുന്ന ചോദ്യങ്ങളുണ്ടെന്നും മലപ്പുറത്തെ ഒരു സ്വകാര്യ ഏജൻസി തയ്യാറാക്കിയ മോഡൽ പേപ്പറുമായി സാമ്യമുണ്ടെന്നുമുള്ള പരാതി നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസവകുപ്പ് പരീക്ഷാ വകുപ്പിലെ ജോയിന്റ് കമ്മീഷണറെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹം വിദ്യാഭ്യാസമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. എസ്എസ്എൽസി പരീക്ഷയിൽ വന്ന 13 ചോദ്യങ്ങളാണ് സാമ്യമുള്ളതെന്നാണ് ജോയിന്റ് കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിലുള്ളത്.

വിദ്യാർത്ഥികൾക്ക് പഠിക്കേണ്ടാത്ത ഭാഗത്തുനിന്നും ചോദിച്ച ഈ ചോദ്യങ്ങൾ മൂലം കണക്ക് പരീക്ഷ വിദ്യാർത്ഥികളെ ഏറെ വലച്ചിരുന്നു. ഈ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് നീതി കിട്ടുമെന്ന് വിദ്യാഭ്യാസമന്ത്രി തന്നെ നേരത്തെ പറഞ്ഞിരുന്നു. എസ്എസ്എൽസി കണക്ക് പരീക്ഷയ്ക്ക് പഠിപ്പിക്കാത്ത പരീക്ഷയിലെ ചോദ്യങ്ങൾ ചോദിച്ച് കുട്ടികളെ കുഴക്കിയതിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയും ഡയറക്ടറും മൂന്നാഴ്ചയ്ക്കകം വിശദീകരണം നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കണക്ക് ചോദ്യപേപ്പറിൽ ചോദ്യ കർത്താവ് തന്റെ അറിവ് പരീക്ഷിക്കുകയായിരുന്നുവെന്നാണ് ഉയർന്നിരിക്കുന്ന ആരോപണങ്ങൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP