Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എന്നും സ്‌കൂളിൽ പോകാൻ തോന്നിപ്പിക്കുന്ന മാഷ്; പാഠപുസ്തകത്തിനപ്പുറത്തേക്ക് സ്വപ്‌നം കാണാൻ ശീലിപ്പിക്കുന്ന വഴികാട്ടി; എല്ലാം സ്‌നേഹത്തിൽ ചാലിച്ചുനൽകുമ്പോൾ ഗുരുവേ നമ: എന്നറിയാതെ പറഞ്ഞുപോകും; കുട്ടികളുടെ കൂട്ടുകാരനായ തമിഴ്‌നാട്ടിലെ ഭഗവാൻ മാഷ് കേരളത്തിലെത്തിയപ്പോഴും തിരിച്ചറിഞ്ഞു ആ മന്ത്രവിദ്യ

എന്നും സ്‌കൂളിൽ പോകാൻ തോന്നിപ്പിക്കുന്ന മാഷ്; പാഠപുസ്തകത്തിനപ്പുറത്തേക്ക് സ്വപ്‌നം കാണാൻ ശീലിപ്പിക്കുന്ന വഴികാട്ടി; എല്ലാം സ്‌നേഹത്തിൽ ചാലിച്ചുനൽകുമ്പോൾ ഗുരുവേ നമ: എന്നറിയാതെ പറഞ്ഞുപോകും; കുട്ടികളുടെ കൂട്ടുകാരനായ തമിഴ്‌നാട്ടിലെ ഭഗവാൻ മാഷ് കേരളത്തിലെത്തിയപ്പോഴും തിരിച്ചറിഞ്ഞു ആ മന്ത്രവിദ്യ

മറുനാടൻ ഡെസ്‌ക്‌

തൃപ്രയാർ:സ്‌നേഹം കൊണ്ടൊരു മതിൽ തീർത്ത് കുട്ടികൾ അദ്ധ്യാപകന്റെ സ്ഥലംമാറ്റം തടഞ്ഞത് ഓർമയില്ലേ? വിദ്യയ്‌ക്കൊപ്പം സ്‌നേഹവും കരുതലും നൽകിയ തമിഴ്‌നാട് വെളിയകരം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലെ ഭഗവാൻ മാഷിന് എന്താണിത്ര സവിശേഷതയെന്ന് വാർത്ത വായിച്ചവരൊക്കെ അത്ഭുതം കൂറിയിരിക്കാം.

വെളിയകരം സ്‌കൂളിൽ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന 24കാരനായ ഭഗവാൻ മാഷ് പാഠ പുസ്തകങ്ങളെ ചങ്ങാതിമാരായി കാണാൻ കുട്ടികളെ പ്രേരിപ്പിച്ചു. പാഠ പുസ്‌കത്തിന് പുറത്തേക്കുള്ള ലോകത്തെ കുട്ടികൾക്ക് പരിചയപ്പെടുത്തി. വിദ്യാഭ്യാസം പത്താം ക്ലാസുവരെ കൊണ്ടു നടക്കേണ്ട വെറും ചടങ്ങു മാത്രമായിക്കണ്ടിരുന്ന സാധാരണക്കാരായ കുട്ടികളുടെ മനസ്സിൽ പ്രതീക്ഷകളുടെ പുതിയ ലോകത്തെ വരച്ചിട്ടു. അവരുടെ രക്ഷിതാക്കൾക്ക് ഊർജ്ജം പകർന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും സഹപ്രവർത്തകരുമെല്ലാമായി നല്ല വ്യക്തി ബന്ധം സൂക്ഷിച്ചു. അതിന്റെ ഫലം കണ്ടു.

ഭഗവാന്മാഷിനെ പോലെ വിദ്യാർത്ഥി സ്‌നേഹത്തിന്റെ മധുരവും സ്വാദും ഇത്രയേറെയറിഞ്ഞ ഒരധ്യാപകൻ ഒരു പക്ഷെ മറ്റൊരാളുണ്ടാവില്ല. ഭഗവാന്മാഷിനെയല്ലാതെ മറ്റൊരധ്യാപകനെ തമിഴ്‌നാട്ടിലെ വെളിയകരം സർക്കാർ ഹൈസ്‌കൂളിലെ വിദ്യാർത്ഥികളും സഹപ്രവർത്തകരും ഇത്രയേറെ സ്‌നേഹിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണ് പെട്ടന്നുള്ള അദ്ദേഹത്തിന്റെ സ്ഥലം മാറ്റ ഉത്തരവ് കുട്ടികളേയും സഹപ്രവർത്തകരേയും അത്രയധികം വേദനിപ്പിച്ചത്.

സ്ഥലം മാറി പോവുമ്പോൾ അദ്ധ്യാപകനെ കെട്ടിപ്പിടിച്ച്, സമരം ചെയ്ത് സ്ഥലം മാറ്റം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാൻ ഇവിടെയുള്ള വിദ്യാർത്ഥികൾക്ക് സാധിച്ചതും. വിദ്യാർത്ഥി പ്രതിഷേധം ഉയർന്നതോടെ അദ്ധ്യാപകന്റെ സ്ഥലമാറ്റ ഉത്തരവ് എം എൽ എ ഇടപെട്ട് സ്റ്റേ ചെയ്യുകയായിരുന്നു.രാജ്യമെമ്പാടുമാണ് ഭഗവാൻ മാഷിന്റെ സ്ഥലം മാറ്റത്തെക്കുറിച്ചും വെളിയകരം സ്‌കൂളിനെക്കുറിച്ചും ചർച്ച ചെയ്തത്. കാരണം വെളിയകരം സ്‌കൂളുകാർക്ക് ഭഗവാൻ മാഷ് വെറും അദ്ധ്യാപകൻ മാത്രമായിരുന്നില്ല, അച്ഛനും ചേട്ടനും സുഹൃത്തുമൊക്കെയായിരുന്നു.

കഴിഞ്ഞ ദിവസം ഈ പ്രിയ അദ്ധ്യാപകൻ ഭഗവാൻ എടമുട്ടം ശ്രീനാരായണ ഹാളിലെത്തിയത് നൂറുകണക്കിന് കുട്ടികൾക്ക് ആത്മവിശ്വാസം പകരാനാണ്.എന്തുകൊണ്ടാണ് ഈ അദ്ധ്യാപകൻ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഇത്രമേൽ പ്രിയങ്കരനായതെന്ന് രണ്ടുമണിക്കൂർ നീണ്ട ചടങ്ങിൽ ബോധ്യപ്പെട്ടു..വിദ്യാർത്ഥികൾ അദ്ധ്യാപകരെയും സ്‌കൂളിനെയും സുഹൃത്തുക്കളായി കാണണമെന്ന് ഭഗവാൻ കുട്ടികളോട് പറഞ്ഞു. അദ്ധ്യാപകർ തിരിച്ചും അങ്ങനെയാകണം. പുസ്തകത്തിലെ പാഠങ്ങൾ മാത്രം പഠിപ്പിച്ചാൽ പോരാ, കുട്ടികളുടെ മറ്റുകാര്യങ്ങളിലും ഗുരുവാകണം. വിദ്യാഭ്യാസം സ്‌കൂളിൽനിന്ന് മാത്രമല്ല, ചുറ്റുപാടിൽനിന്നും ലഭിക്കുന്നതാകണം- ജില്ലാപഞ്ചായത്തംഗം ശോഭാ സുബിനോടൊപ്പം സദസ്സിലേക്കിറങ്ങിവന്ന് കുട്ടികളുടെ ചോദ്യങ്ങൾക്ക് ഭഗവാൻ നൽകിയ മറുപടി ഹർഷാരവത്തോടെയാണ് സദസ്സ് സ്വീകരിച്ചത്.

സ്‌കൂളിലെ രക്ഷിതാക്കൾ തന്നെ മൂത്തമകനായാണ് കാണുന്നത്. അത് കൂടുതൽ ഉത്തരവാദിത്വം നൽകുന്നുണ്ട്. സഹാധ്യാപകർ നൂതന ആശയങ്ങൾ പങ്കുവെയ്ക്കും. പൂർണപിന്തുണയാണ് അവർ നൽകുന്നത്. കുട്ടികളെ ക്ലാസ് മുറിയിലിരുത്തി മാത്രമല്ല പഠിപ്പിക്കാറ്. സ്‌കൂൾ ഗ്രൗണ്ടും ക്ലാസാക്കും. കുട്ടികളുടെ സ്വപ്നങ്ങൾ അവർ പങ്കുവെയ്ക്കും. തന്നെ രൂപപ്പെടുത്തിയതിൽ തന്റെ അദ്ധ്യാപകർ ചെലുത്തിയ സ്വാധീനം ചെറുതല്ലെന്ന് ഭഗവാൻ പറഞ്ഞു. കുട്ടികൾ നിർബന്ധമായും മഹാന്മാരുടെ ആത്മകഥകൾ വായിക്കണമെന്ന് പറഞ്ഞ അദ്ദേഹം എ.പി.ജെ. അബ്ദുൾകലാം, ഹെലൻ കെല്ലർ എന്നിവരെ അടുത്തറിയണമെന്നും പറഞ്ഞു.

സ്‌കൂളിൽ ഏറ്റവും ജൂനിയർ അദ്ധ്യാപകനാണ് താൻ. കുട്ടികളുടെ എണ്ണം കുറവായതിനാൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം അനുസരിച്ച് താൻ മറ്റൊരു സ്‌കൂളിലേക്ക് പോയേത്തീരൂ. ആദ്യസ്ഥലംമാറ്റം താത്കാലികമായി റദ്ദാക്കിയെങ്കിലും തിരുവെള്ളൂർ ജില്ലയിലെ തന്നെ തുരുത്തണ്ണിക്കടുത്ത അരുംകുളം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലേക്കാണിപ്പോൾ മാറ്റമായിരിക്കുന്നത്.

തമിഴ്‌നാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിലനിൽക്കുന്ന പല തരത്തിലുള്ള വിവേചനത്തിന്റേയും അറിവില്ലായ്മകളുടേയും നടുവിലേക്കാണ് 2014-ൽ ആണ് ഭഗവാൻ അദ്യാപകനായി എത്തുന്നത്. ഒരു ഘട്ടത്തിൽ നാനൂറ്റി അൻപതിലധികം കുട്ടികളുണ്ടായിരുന്ന സ്‌കൂളിൽ ഭഗവാൻ സാർ അദ്ധ്യാപകനായി എത്തുമ്പോൾ 265 കുട്ടികൾ മാത്രം. അതിലും ഏറിയ പങ്ക് പത്താം ക്ലാസിലാണ്. അടുത്ത വർഷം സ്‌കൂൾ കൂടുതൽ പ്രതിസന്ധിയിലാകും എന്ന് ചുരുക്കം. മുൻപുള്ള വർഷം കുട്ടികളുടെ എണ്ണം 282 ആയിരുന്നു. അതിനു മുന്നത്തെ വർഷത്തേക്കാൾ കുറവ്. തമിഴ്‌നാട്ടിൽ അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം 30:1 ആണ്. കുട്ടികൾ കുറഞ്ഞതുകൊണ്ടാണ് ജി.ഭഗവാൻ എന്ന പ്രിയപ്പെട്ട അദ്ധ്യാപകന് സ്ഥലം മാറി പോകേണ്ടിവന്നതെന്നും ചുരുക്കം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP