Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലോകബാങ്കിൽ നിന്ന് വായ്പയെടുത്താൽ പോലും വിദേശപണം സംഭാവനയായി സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് ചിദംബരം ധനമന്ത്രിയായിരിക്കവേ; സുനാമിക്ക് ശേഷം ഇന്ത്യ ഒരു വിദേശ സഹായങ്ങളും സ്വീകരിച്ചില്ല; വിദേശത്തുള്ളവർക്ക് വ്യക്തിപരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൊടുക്കാം; യുഎഇയുടെ 700 കോടിയുടെ ധനസഹായം ഇന്ത്യ നിരസിക്കാൻ കാരണങ്ങൾ ഏറെ; സ്ഥിരാംഗത്വം മോഹിക്കുന്ന രാജ്യം യുഎൻ സഹായം നേടുന്നത് തിരിച്ചടിയാകുമെന്നും വിലയിരുത്തൽ

ലോകബാങ്കിൽ നിന്ന് വായ്പയെടുത്താൽ പോലും വിദേശപണം സംഭാവനയായി സ്വീകരിക്കില്ലെന്ന നിലപാട് സ്വീകരിച്ചത് ചിദംബരം ധനമന്ത്രിയായിരിക്കവേ; സുനാമിക്ക് ശേഷം ഇന്ത്യ ഒരു വിദേശ സഹായങ്ങളും സ്വീകരിച്ചില്ല; വിദേശത്തുള്ളവർക്ക് വ്യക്തിപരമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് പണം കൊടുക്കാം; യുഎഇയുടെ 700 കോടിയുടെ ധനസഹായം ഇന്ത്യ നിരസിക്കാൻ കാരണങ്ങൾ ഏറെ; സ്ഥിരാംഗത്വം മോഹിക്കുന്ന രാജ്യം യുഎൻ സഹായം നേടുന്നത് തിരിച്ചടിയാകുമെന്നും വിലയിരുത്തൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രവാസി മലയാളികൾ ഏറെയുള്ള നാടാണ് യുഎഇ. ദുബായിയും അബുദാബിയും കെട്ടിപ്പൊക്കിയിതിൽ മലയാളികളുടെ വിയർപ്പ് ഏറെയുണ്ട്. അതുകൊണ്ട് തന്നെയാണ് കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ സഹായിക്കാൻ യുഎഇ ഭരണാധികാരികൾ രംഗത്തിറങ്ങിയത്. 700 കോടി രൂപ സഹായിക്കാമെന്ന് യുഎഇ ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പ്രവാസി വ്യവസായി എം എ യൂസഫലിയെ ഇക്കാര്യം അറിയിക്കുകയാണ് ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞത് ഇക്കാര്യം യുഎഇ ഭരണാധികാരികൾ പ്രധാനമന്ത്രി മോദിയെയും അറിയിച്ചിട്ടുണ്ടെന്നാണ്. എന്നാൽ യുഎഇ അധികാരികൾ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചോ എന്ന കാര്യത്തിൽ വ്യക്തത കുറവുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം അടിസ്ഥാനമാക്കിയാണ് മാധ്യങ്ങളിലെല്ലാം യുഎഇ സഹായം എന്ന വാർത്ത നൽകിയതും.

വിദേശപണം സ്വീകരിക്കുന്നതിന് തടസമുണ്ടെന്ന വാദം അറിയാതെയാണോ മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞതെന്ന കാര്യത്തിൽ വ്യക്തതയിലല്ല. എങ്കിലും ഇപ്പോൾ പണം കേരളത്തിന് സ്വീകരിക്കാൻ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കേന്ദ്രനയം തന്നെയാണ് ഇക്കാര്യത്തിൽ തടസമാകുന്നത്. ഈ സർക്കാറിന്റെ കാലത്തുള്ളത്തുല്ല കേന്ദ്രനയമല്ല എന്ന കാര്യമാണ് കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ ചൂണ്ടിക്കാട്ടുന്ന്. ഇനി കേരളത്തിനായി നയം മാറ്റാൻ സാധിക്കില്ലെന്നും സർക്കാർ പറയുന്നു.

യുപിഎ സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നയപരമായ തീരുമാനമാണ് തുക സ്വീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്നത്. നയപ്രകാരം വായ്പയായി മാത്രമേ വിദേശത്ത് നിന്ന് തുക സ്വീകരിക്കാനാകുവെന്നാണ് വിശദീകരണം. ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിന് പിന്നാലെ വാഗ്ദാനം ചെയ്യപ്പെട്ട വിദേശ സാമ്പത്തിക സഹായങ്ങൾ അന്നത്തെ ധനമന്ത്രിയായിരുന്ന പി. ചിദംബരം തള്ളിക്കളഞ്ഞിരുന്നു. ലോകബാങ്കിൽ നിന്ന് വായ്പയെടുത്താൽ പോലും സംഭാവനയായി പണം സ്വീകരിക്കില്ലെന്നാണ് അന്ന് ചിദംബരം നിലപാടെടുത്തത്.

സുനാമിക്ക് ശേഷം ഇന്ത്യ ഈ നയമനുസരിച്ച് വിദേശ സഹായങ്ങൾ സ്വീകരിച്ചിട്ടില്ല. രണ്ട് യുപിഎ സർക്കാരുകളുടെ കാലത്തുണ്ടായ പ്രകൃതി ദുരന്തങ്ങളിൽ യുഎൻ, റഷ്യ, ചൈന തുടങ്ങി നിരവധി കേന്ദ്രങ്ങളിൽ നിന്നുള്ള സഹായ വാഗ്ദാനങ്ങളും രാജ്യം ഇതേകാരണത്താൽ നിരസിച്ചിരുന്നു. അതേസമയം വായ്പവാങ്ങുന്നതിന് നയം തടസ്സമാകില്ലെങ്കിലും വിദേശരാജ്യങ്ങളിൽ നിന്ന് വായ്പയായി പണം തേടുന്നതിന് സംസ്ഥാനങ്ങൾക്ക് സ്വന്തമായി കരാറിലേർപ്പെടാനാകില്ല. ഇക്കാര്യത്തിൽ കേന്ദ്രത്തിന്റെ അനുമതി ആവശ്യമാണ്. എന്നാൽ നിലവിലെ ദുരന്തം നേരിടാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് കെൽപ്പുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇക്കാര്യത്തിൽ നയത്തിൽ മാറ്റം വരുത്തണമോ എന്ന കാര്യത്തിൽ കൂടിയാലോചനകൾ പുരോഗമിക്കുകയാണ്.

2004 ൽ ബിഹാർ പ്രളയസമയത്ത് അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും സ്വീകരിച്ച സാമ്പത്തിക സഹായമാണ് ഒടുവിലത്തേത്. സുനാമിയുണ്ടായപ്പോൾ വിദേശസഹായം വേണ്ടെന്നാണ് പ്രധാനമന്ത്രിയായിരുന്ന മന്മോഹൻ സിങ് സ്വീകരിച്ച നിലപാട്. ഉത്തരാഖണ്ഡ് പ്രളയമുണ്ടായപ്പോൾ ജപ്പാനും അമേരിക്കയും സഹായം നൽകാൻ തയാറായെങ്കിലും ഇന്ത്യ നിരാകരിച്ചു. വളർന്നുവരുന്ന സാമ്പത്തികശക്തിയെന്ന നിലയിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാതെ സ്വന്തം നിലയ്ക്ക് ദുരന്തങ്ങൾ നേരിടുകയെന്നതാണ് ഇന്ത്യയുടെ നയം. എന്നാൽ അമേരിക്ക, ചൈന, ജപ്പാൻ, പാക്കിസ്ഥാൻ, ശ്രീലങ്ക തുടങ്ങി പല രാജ്യങ്ങളെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്.

കേരളത്തിന് യുഎഇയും ജപ്പാനും അടക്കം വിദേശരാജ്യങ്ങളും യുഎൻ ഉൾപ്പെട വിദേശ ഏജൻസികളും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും സ്വീകരിക്കുന്നതിന് നേരത്തെയുള്ള ഈ നയം തടസമാണെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. വിദേശസഹായം കേന്ദ്രസർക്കാർ വഴിമാത്രമേ കേരളത്തിനു നൽകാൻ കഴിയൂ. പ്രളയം നേരിടാനുള്ള കെൽപ്പ് ഇന്ത്യയ്ക്കുണ്ടെന്നും പുനർനിർമ്മാണത്തിന് ഉൾപ്പെടെ സഹായങ്ങൾ നൽകാൻ തയ്യാറാണെന്ന് യുഎൻ ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിനുള്ള വിദേശ സഹായങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും അവ സ്വീകരിക്കുമോയെന്ന് ഇനിയും വ്യക്തമല്ല.

യുഎന്നിൽ നിന്നും സഹായം കേരളം സ്വീകരിക്കാനും സാധ്യത കുറവാണെന്നാണ് അറിയുന്നത്. ആഗോള തലത്തിൽ യുഎൻ സമിതിയിൽ സ്ഥിരാംഗത്വം മോഹിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ യുഎൻ സഹായം ഈ വിഷയത്തിൽ അടക്കം വേണ്ടെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കാൻ സാധ്യത കൂടുതൽ. സ്ഥിരാംഗത്വം എന്ന രാജ്യത്തിന് ഇത്തരം ചെറിയ സഹായങ്ങൾ സ്വീകരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് യുഎൻ സഹായം സ്വീകരിച്ചാലും നിരസിക്കാൻ സാധ്യത കുറവാണ്.

അതേസമയം 2005 പാർലിമെന്റ് പാസാക്കിയ ഡിസാസ്റ്റർ മാനേജ്‌മെന്റ് ആക്ടിലെ ചാപ്റ്റർ അഞ്ച് ദുരന്ത നിവാരണത്തിന് സ്വീകരിക്കേണ്ട നടപടികളുടെ കൂട്ടത്തിൽ യുഎൻ, വിദേശസഹായം എന്നിവ തേടാൻ സർക്കാറിന് നടപടി എടുക്കാമെന്ന സാധ്യത ഇപ്പോഴും തുറന്നുവെക്കുന്നുണ്ട്. എന്താലായും ഇക്കാര്യത്തിൽ അന്തിമ നിലപാട് കൈക്കൊള്ളുക കേന്ദ്രസർക്കാറിന്റേതാകും. അതേസമയം മുഖ്യമന്ത്രിയുടെ ദുരാതിശ്വാസ നിധിയിലേക്ക് വ്യക്തിഗതമായി വിദേശത്തുള്ളവർക്ക് പണം നൽകുന്നതിൽ തടസങ്ങളൊന്നുമില്ല.

കേരളത്തിലെ പ്രളയദുരന്തത്തിന്700 കോടി രൂപയുടെ സഹായമാണ് യുഎഇ വാഗ്ദാനം ചെയ്തിരിക്കുന്നത് സംബന്ധിച്ച് ഭരണാധികാരികളിൽ നിന്നും ഉറപ്പ് കിട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭ യോഗത്തിന് ശേഷം വ്യക്തമാക്കുകയായിരുന്നു. യുഎഇ ഗവൺമെന്റ് നമ്മുടെ വിഷമത്തിലും സഹായത്തിലും സഹായിക്കാൻ തയ്യാറായിട്ടുണ്ട്. ഇത് പ്രധാനമന്ത്രിയുടെ അടുത്ത് അബുദാബി ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യൻ രാജകുമാരൻ സംസാരിച്ചിട്ടുണ്ട്. ഇന്നലെയാണ് ഇദ്ദേഹം പ്രധാനമന്ത്രിയുമായി സംസാരിച്ചത്. യുഎഇയുടെ സഹായമായി അവർ നിശ്ചയിച്ചിരിക്കുന്നത് 700 കോടി രൂപയാണെന്നും പിണറായി.

കേരളത്തിന് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ദുരന്തത്തിൽ വലിയ രീതിയിലുള്ള സഹായമാണ് ഗൾഫ് മേഖലയിൽ നിന്നും പ്രഖ്യാപിച്ചിരുന്നത്.മുഖ്യമന്ത്രി പിണറായി വിജയന് കൈതാങ്ങാകാൻ കേരളത്തെ സഹായിക്കാനായി യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക സഹായ നിധിയും പ്രഖ്യാപിച്ചു. ഇതിലേക്ക് സംഭാവനകൾ ഒഴുകുകയാണ്. പ്രത്യേക സഹായനിധിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി 50 ലക്ഷം ദിർഹം ( 9.5 കോടി രൂപ) സംഭാവന ചെയ്തു. ദുരിതാശ്വാസസഹായം സമാഹരിക്കുന്ന ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷനാണ് ഈ തുക കൈമാറിയത്.

ഡോ.ബി.ആർ.ഷെട്ടി അഞ്ച് മില്യൺ ദിർഹം(ഏതാണ്ട് 10കോടി രൂപ)സംഭാവന ചെയ്തു. യു.എ.ഇ.ദുബായ് ആസ്ഥാനമായുള്ള ജെംസ് എഡ്യുക്കേഷൻ സ്ഥാപകനും ചെയർമാനുമായ സണ്ണി വർക്കി ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഫൗണ്ടേഷൻ വഴി കേരളത്തിന് 50 ലക്ഷം ദിർഹം (9.5 കോടി രൂപ) സംഭാവന ചെയ്യും. ഇങ്ങനെ ഈ ഫണ്ടിലേക്ക് പണമെത്തുകയാണ്. ഇത് മാത്രം 700 കോടിയോളം എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുഎഇയുടെ കത്ത് പ്രവാസികളായ മലയാളികളാണ്. ഇത് തിരിച്ചറിഞ്ഞാണ് കേരളത്തിന്റെ കണ്ണീരൊപ്പാൻ യു.എ.ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രത്യേക ഇടപെടൽ നടത്തുന്നത്. ഇതിനൊപ്പം പ്രളയക്കെടുതിയിലായ കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചു. ദുരന്തത്തിൽ സൗദി അറേബ്യ ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ദുഃഖം രേഖപ്പെടുത്തി. കേരളത്തിലെ പ്രകൃതിദുരന്തത്തിലും ഒട്ടേറെപ്പേർക്ക് ജീവൻ നഷ്ടമായതിലും സൗദി ജനത ദുഃഖിക്കുന്നതായി രാഷ്ട്രപതി രാംനാഥ് കോവിന്ദിനയച്ച കേബിൾസന്ദേശത്തിൽ ഇരുവരും പറഞ്ഞു. സൗദിയും കേരളത്തെ സഹായിക്കാൻ പ്രത്യേക ഫണ്ട് സ്വരൂപിക്കുമെന്നാണ് സൂചന. കേരളത്തിന് സഹായധനമായി ഖത്തർ ഭരണാധികാരി ശൈഖ് തമീം ബിൻ ഹമദ് അൽ താനി 50 ലക്ഷം ഡോളർ (34.9 കോടി രൂപ) സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP