Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പ്രിൻസിപ്പലിന്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് മാനേജ്‌മെന്റ്; കോടതി വിധിയുമായി കോളേജ് തുറക്കാൻ ശ്രമിച്ചാൽ സംഘർഷം ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി; പൊലീസ് സംരക്ഷണയോടെ നാളെ കോളേജ് തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു; ലക്ഷ്മി നായരുടെ ലോ അക്കാദമി അടഞ്ഞു തന്നെ കിടക്കും

പ്രിൻസിപ്പലിന്റെ രാജി ആവശ്യം അംഗീകരിക്കില്ലെന്ന് തറപ്പിച്ചു പറഞ്ഞ് മാനേജ്‌മെന്റ്; കോടതി വിധിയുമായി കോളേജ് തുറക്കാൻ ശ്രമിച്ചാൽ സംഘർഷം ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി; പൊലീസ് സംരക്ഷണയോടെ നാളെ കോളേജ് തുറക്കാനുള്ള നീക്കം ഉപേക്ഷിച്ചു; ലക്ഷ്മി നായരുടെ ലോ അക്കാദമി അടഞ്ഞു തന്നെ കിടക്കും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ വിദ്യാർത്ഥി സമരം 12 ദിവസം പിന്നിടുമ്പോഴും പരിഹാരമില്ലാതെ തുടരുന്നു. ഹോസ്റ്റൽ വിഷയത്തിൽ അടക്കം പരാഹാരം കാണാൻ തയ്യാറായി മാനേജ്‌മെന്റ് രംഗത്തുണ്ടെങ്കിലും പ്രിൻസിപ്പൽ ലക്ഷ്മി നായരുടെ രാജിയല്ലാതെ മറ്റ് പോംവഴികൾ ഇല്ലെന്ന നിലപാടിലാണ് സമരക്കാർ. എന്നാൽ, താൻ രാജിവെക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ലെന്ന് അടിവരയിട്ട് ലക്ഷ്മി നായർ ഇനന് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയതോടെ ഉടനെങ്ങും സമരം തീരില്ലെന്ന കാര്യം ഉറപ്പായി. സമരം തുടരുന്ന പക്ഷം കോളേജ് അടഞ്ഞു തന്നെ കിടക്കുന്ന അവസ്ഥയാണ്് ഉള്ളത്.

നേരത്തെ കോടതി വിധിയുടെ അടിസ്ഥാനത്തിൽ കോളേജ് തുറന്നു പ്രവർത്തിക്കാൻ ശ്രമം നടന്നിരുന്നു. ഇത് പ്രകാരം നാളെ കോളേജ് തുറന്നു പ്രവർത്തിക്കാനിരുന്നതാണ്. എന്നാൽ, കോളേജ് തുറന്നാൽ അത് സംഘർഷത്തിന് ഇടയാക്കുമെന്ന് ഇന്റലിജന്റ്‌സ് റിപ്പോർട്ടു നൽകി. ഇതോടെ പൊലീസ് സംരക്ഷണയിൽ കോളേജ് തുറക്കാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഇതുവരെ സമര രംഗത്തുള്ള വിദ്യാർത്ഥി സംഘടനകളിൽ യാതൊരു വിള്ളലും ഉണ്ടായിട്ടില്ലെന്നത് സമരക്കാരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുണ്ട്. എബിവിപിയും എസ്എഫ്‌ഐയും കെഎസ് യുവും അടക്കമുള്ള സംഘടനകൾ ഇപ്പോഴും സമരരംഗത്ത് ഒറ്റക്കെട്ടാണ്.

പ്രിൻിസപ്പൽ ലക്ഷ്മി നായരുടെ രാജിയാണ് ഇവരുടെയെല്ലാം ആവശ്യം. എന്നാൽ, അതേക്കുറിച്ച് ചിന്തുക്കുകയേ വേണ്ടെന്നാണ് ലക്ഷ്മി നായർ പറയുന്നത്. വിദ്യാർത്ഥികൾ ഉന്നയിക്കുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണെന്നും അതുകൊണ്ട് തന്നെ താൻ രാജിവെക്കേണ്ട യാതൊരു സാഹചര്യവും ഇല്ലെന്നും ലക്ഷ്മി നായർ വിവരിക്കുന്നു. വിദ്യാർത്ഥികൾക്ക് എല്ലാവിധ സൗകര്യങ്ങളും സ്വാതന്ത്ര്യവും അനുവദിക്കുന്നതാണ് ലോ കോളെജ് എന്ന് അവർ വ്യക്തമാക്കി.

കുട്ടികളോട് അസഭ്യം പറയുന്നതിനേക്കുറിച്ച് ചോദിച്ചപ്പോൾ തനിക്ക് നല്ല കുടുംബ പശ്ചാത്തലം ഉണ്ടെന്നും അങ്ങനെ പറയില്ലെന്നും ആയിരുന്നു ലക്ഷ്മി നായരുടെ മറുപടി. ക്യാംപസിൽ പരിപൂർണ സംഘടനാ സ്വാതന്ത്ര്യം നൽകുന്നുണ്ട്. രാഷ്ടീയ പ്രവർത്തനത്തിനിറങ്ങുന്ന എല്ലാ കുട്ടികൾക്കും എക്‌സാട്രാ അറ്റൻഡൻസ് നൽകാറുണ്ടെന്നും ലക്ഷ്മി നായർ പറഞ്ഞു. കേരള ലോ അക്കാദമി എയിഡഡ് അല്ല പ്രൈവറ്റ് കോളേജ് ആണെന്നും ലക്ഷ്മി നായർ പറഞ്ഞു. ലോ അക്കാദമിയിൽ ക്ലാസുകൾക്ക് ശേഷം രാത്രി എട്ടു മണി വരെ വിദ്യാർത്ഥികൾക്ക് ലൈബ്രറി ഉപയോഗിക്കാനുള്ള സൗകര്യമുണ്ടെന്നുമാണ് അവരുടെ വിശദീകരണം.

കുട്ടികൾക്ക് കളിക്കാനായി അക്കാദമിയിൽ വിശാലമായ മൈതാനമുണ്ടെന്നും ലക്ഷമി നായർ പറഞ്ഞു. കോളേജിലെ വിദ്യാർത്ഥികൾക്ക് ഹാജർ നൽകുന്നതിൽ കടുംപിടുത്തമില്ല. ഇലക്ഷൻ ക്യാമ്പയിനിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് വരെ ഹാജർ നൽകിയ പ്രിൻസിപ്പലാണ് താനെന്നുമാണ് ലക്ഷ്മി നായരുടെ വിശദീകരണം. എന്നാൽ ഈ വിശദീകരണങ്ങളെല്ലാം തള്ളുന്നതാണ് വിദ്യാർത്ഥികളുടെ നിലപാട്.

ഹോസ്റ്റലുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും അവർ മറുപടി നൽകുന്നുണ്ട്. ഹോസ്റ്റലിലെ ഒരുമാസത്തെ വാടക വെറു ആയിരം രൂപയാണ് ഈടാക്കുന്നത്. അത് അഞ്ച് വർഷത്തേക്ക് ഒരിമിച്ച് ഈഠാക്കുമ്പോൽ 60,000 രൂപ ആകുന്നുണ്ട്. ഇടക്ക് താമസം മാറിപ്പോയാൽ ബാക്കി പണം കൊടുക്കുന്ന പതിവുണ്ടെന്നുമാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. മകന്റെ കാമുകിയാണ് ഹോസ്റ്റൽ ഭരിക്കുന്നതെന്ന ആരോപണവും ലക്ഷ്മി നായർ നിഷേധിക്കുന്നുണ്ട്.

ഇടതുപക്ഷത്തോട് അടുത്തുനിൽക്കുന്നവരാണ് ലോ അക്കാദമി മാനേജ്‌മെന്റ് എന്നതിനാൽ സർക്കാർ ഈ വിഷയത്തിൽ ഇടപെടുന്നില്ലെന്ന ആക്,പേവും ശഖ്തമാണ്. സംസ്ഥാന സർക്കാർ സമരം ഒത്തുതീർപ്പാക്കാൻ ഇടപെടണമെന്നും സ്വശ്രയ കോളേജുകളെ നിയന്ത്രിക്കാൻ പരിശോധന നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഒരു പ്രസ്താവന നടത്തുക മാത്രമാണ് ഉണ്ടായത്. പ്രശനം പഠിക്കാൻ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചു. എന്നാൽ, പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ട് ഭരണപരിഷ്‌ക്കരണ കമ്മീഷൻ ചെയർമാൻ വി എസ് അച്യുതാനന്ദൻ രംഗത്തുണ്ട്.

ഈ വിഷയത്തെ ചൊല്ലിസർവകലാശാല സിൻഡിക്കേറ്റ് യോഗത്തിലും ബഹളം ശക്തമായിരുന്നു. ശനിയാഴ്ച സിൻഡിക്കേറ്റ് ആരംഭിച്ചപ്പോൾതന്നെ വിഷയം ചർച്ചചെയ്യണമെന്ന് ജ്യോതികുമാർ ചാമക്കാല, എസ്. കൃഷ്ണകുമാർ എന്നിവർ ആവശ്യപ്പെട്ടു. അജണ്ടയിലെ വിഷയങ്ങൾ ചർച്ചചെയ്ത ശേഷം യോഗാവസാനം പരിഗണിക്കാമെന്ന് വൈസ് ചാൻസലർ അറിയിച്ചു. സിൻഡിക്കേറ്റിലെ സിപിഐ(എം) അംഗങ്ങൾ യോജിച്ചെങ്കിലും ജ്യോതികുമാറും കൃഷ്ണകുമാറും അംഗീകരിക്കാൻ തയാറായില്ല. ഇതേച്ചൊല്ലി തർക്കം പരിഹരിക്കാൻ കഴിയാതെവന്നതോടെ വി സി യോഗം നിർത്തിവച്ചു. ഉച്ചഭക്ഷണത്തിനുശേഷം യോഗംചേരുമ്പോൾ ലോ അക്കാദമി വിഷയം ആദ്യഇനമായി പരിഗണിക്കാമെന്ന് വി സി നൽകിയ ഉറപ്പിനെതുടർന്ന് 12ഓടെ സിൻഡിക്കേറ്റ് നടപടികൾ പുനരാരംഭിച്ചു.

ഉച്ചക്കുശേഷം ചേർന്ന യോഗത്തിൽ വിഷയം അവതരിപ്പിച്ച ജ്യോതികുമാർ, ലോ അക്കാദമി മാനേജ്‌മെന്റ് വിദ്യാർത്ഥി ദ്രോഹനടപടികൾ നടത്തിവരികയാണെന്ന് ചൂണ്ടിക്കാട്ടി. 2013ൽ ലോ അക്കാദമി പ്രിൻസിപ്പലിനെതിരെ ഒരുവിദ്യാർത്ഥി നൽകിയ പരാതിയിൽ ഇതേവരെ അന്വേഷണം പൂർത്തിയായിട്ടില്ല. ഇഷ്ടക്കാരല്ലാത്ത കുട്ടികൾക്ക് ഹാജരും ഇൻേറണൽ മാർക്കും നൽകാതെ ബുദ്ധിമുട്ടിക്കുമ്പോൾ ഇഷ്ടക്കാർക്ക് ഇൻേറണൽ മാർക്ക് വാരിക്കോരി നൽകുകയാണെന്നും കുറ്റപ്പെടുത്തി. തുടർന്ന് പ്രശ്‌നം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ എട്ടംഗം ഉപസമിതി നിശ്ചയിച്ചു. ഈമാസം 23, 24 തീയതികളിൽ സംഘം കോളേജിൽ തെളിവെടുപ്പ് നടത്തും. സമിതി റിപ്പോർട്ട് 31 ന് മുമ്പ് സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യും.

കൈരളി ടിവി കുക്കറി ഷോ അവതാരക കൂടിയായ ലക്ഷ്മി നായർ പ്രിൻസിപ്പാളായ കോളേജിനെതിരെ കടുത്ത ആക്ഷേപങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിൽ വിദ്യാർത്ഥികളിൽനിന്ന് ഉണ്ടായത്. വിദ്യാർത്ഥികളുടെ പ്രവർത്തന സ്വാതന്ത്ര്യം തടസപ്പെടുത്തുന്നതും അകാരണമായ നിയന്ത്രണങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പ്രതിഷേധം ശക്തമായപ്പോൾ കോളെജ് അടിച്ചിട്ടു. തുടർന്നുള്ള ദിവസങ്ങളിൽ കെഎസ് യുവിന്റെയും എസ്എഫ്‌ഐയുടെയും എബിവിപിയുടെയും നേതൃത്വത്തിൽ ശക്തമായ സമരങ്ങൾ നടന്നുവരികയാണ്. എന്തായാലും വരും ദിവസങ്ങളിലും ഈവിഷയത്തിൽ പ്രതിഷേധം ശക്തമാകാനാണ് സാധ്യത. സമരം അനിശ്ചിതമായി നീണ്ടുപോകുന്നത് കോഴ്‌സിനെയും സാരമായി ബാധിക്കും എന്നത് ഉറപ്പാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP