Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കെ എസ് യുക്കാർ മര്യാദ പഠിച്ചതിനാൽ കേസിനില്ലെന്ന് കേശവേന്ദ്രകുമാർ: കരി ഓയിൽ ഒഴിച്ച ചോട്ടാ നേതാക്കന്മാർക്ക് ഐഎഎസുകാരന്റെ ഔദാര്യത്തിൽ ഇനി കേസില്ലാതെ ജീവിക്കാം; നേതാക്കന്മാരിലെ ആവേശക്കമ്മിറ്റിക്കാർ ഓർത്തിരിക്കാൻ ഒരു നല്ല പാഠം

കെ എസ് യുക്കാർ മര്യാദ പഠിച്ചതിനാൽ കേസിനില്ലെന്ന് കേശവേന്ദ്രകുമാർ: കരി ഓയിൽ ഒഴിച്ച ചോട്ടാ നേതാക്കന്മാർക്ക് ഐഎഎസുകാരന്റെ ഔദാര്യത്തിൽ ഇനി കേസില്ലാതെ ജീവിക്കാം; നേതാക്കന്മാരിലെ ആവേശക്കമ്മിറ്റിക്കാർ ഓർത്തിരിക്കാൻ ഒരു നല്ല പാഠം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കരി ഓയിൽ ഒഴിച്ച കേസിൽ ഒത്തുതീർപ്പിന് വഴിയൊരുങ്ങി. ഓഫീസിൽ കയറി കരിഓയിൽ ഒഴിച്ച കേസിലെ പ്രതികൾക്കെതിരെയുള്ള കേസ് പിൻവലിക്കണമെന്ന് മുൻ ഹയർസെക്കൻഡറി ഡയറക്ടർ കേശവേന്ദ്രകുമാർ രേഖാമൂലം ആവശ്യപ്പെട്ടു. കേസിൽപെട്ടവർ, സാമൂഹ്യപ്രവർത്തനത്തിലൂടെ നന്മ തെളിയിച്ചെന്ന് തനിക്കു ബോദ്ധ്യപ്പട്ടെന്നും അതിനാൽ കേസ് പിൻവലിക്കണമെന്നുമാണ് കേശവേന്ദ്രകുമാർ ആഭ്യന്തര സെക്രട്ടറിക്ക് നൽകിയ കത്തിൽ പറയുന്നത്.

2012 ഫെബ്രുവരിയിൽ, കേശവേന്ദ്രകുമാർ ഹയർസെക്കൻഡറി ഡയറക്ടറായി പ്രവർത്തിക്കുമ്പോഴാണ് കെ.എസ്.യു പ്രവർത്തകർ അദ്ദേഹത്തിന് മേൽ കരിഓയിൽ ഒഴിച്ചത്. ഹയർസെക്കൻഡറി ഫീസ് വർധനക്കെതിരായ സമരത്തിന്റെ മറവിലായിരുന്നു എട്ട് കെഎസ്.യു പ്രവർത്തകർ ഓഫീസിൽ കയറി ബന്ദി ആക്കുകയും കരിഓയിൽ ഒഴിച്ചത്. കെ.എസ്.യു നേതൃത്വം പീന്നീട് ഈ സമരത്തെ തള്ളി പറയുകയും പ്രവർത്തകരെ പുറത്താക്കുകയും ചെയ്തു.

കെ.എസ്.യു ജില്ലാ സെക്രട്ടറിയായിരുന്ന സി.പി നൂറുദ്ദീൻ അടക്കം എട്ട് കെ.എസ്.യു  പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ. ഇവരുടെ മേൽ ചെയ്യപ്പെട്ട ക്രിമിനൽ വകുപ്പുകൾ ഉൾപ്പെട്ട കേസ് ഒത്തു തീർക്കാൻ മുൻപും ശ്രമം ഉണ്ടായെങ്കിലും കേശവേന്ദ്രകുമാർ വഴങ്ങിയിരുന്നില്ല. സർക്കാർ ഫയലുകൾ കരി ഓയിൽ ഒഴിച്ചു നശിപ്പിച്ചതിന് അഞ്ചു ലക്ഷം രൂപ പിഴ നല്കാൻ പ്രതികളോട് കോടതി ഉത്തരവും പിന്നാലെ എത്തി. കഴിഞ്ഞ സർക്കാരിന്റ കാലത്ത് രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായിരിക്കെ കെഎസ യു നേതാക്കളുടെ കേസ് പിൻവലിക്കാൻ നീക്കം നടന്നെങ്കിലും വിവാദത്തെ തുടർന്ന് നടന്നില്ല.

മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയാണ് കരി ഓയിൽ കേസ് പിൻവലിക്കാൻ തീരുമാനമെടുത്തത്. വിദ്യാർത്ഥി സംഘടന എന്ന നിലയിലുള്ള സ്വാധീനം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിവരം ചോർന്നതോടെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല വിമർശനവുമായി എത്തിയതും അന്ന് വിവാദമായിരുന്നു. മുഖ്യമന്ത്രിയുടെ തീരുമാനത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പിന്നാലെ ഐഎഎസ് അസോസിയേഷനും, വി എം.സുധീരനും എതിർപ്പുമായെത്തി. മാനദണ്ഡങ്ങൾ പാലിച്ചു വേണം കേസുകൾ പിൻവലിക്കാനെന്നാണ് സുധീരൻ പറഞ്ഞത്. മുഖ്യമന്ത്രിക്കെതിരെ പരസ്യ പ്രതികരണം നടത്തിയ രമേശ് ചെന്നിത്തലയെ എതിർത്ത് എ ഗ്രൂപ്പും രംഗത്തെത്തിയതോട സംഭവം രാഷ്ട്രീയ വിവാദവുമായി. വിഷയത്തിൽ ചെന്നിത്തല മുഖ്യമന്ത്രിയെ കുടുക്കിയതാണെന്ന് എ ഗ്രൂപ്പും ആരോപിച്ചു. അന്നത്തെ വയനാട് കളക്ടറായിരുന്ന കേശവേന്ദ്രകുമാരിനെ അനുനയിപ്പിച്ച് പ്രശ്‌നം ഒതുക്കിത്തീർക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അതോടെ നടക്കാതെ പോയി.

രാഷ്ട്രീയസ്വാധീനങ്ങൾ കേസ് ഒഴിവാക്കാൻ മതിയാവില്ലെന്നു ചോട്ടാ നേതാക്കൾ തിരിച്ചറിഞ്ഞു. അതോടെ കേസ് അവസാനിപ്പിക്കാൻ എന്തും ചെയ്യാമെന്ന് നിലയിലായി. മക്കളുടെ ഭാവിയെ ഓർത്ത് മാതാപിതാക്കൾ രംഗത്തിറങ്ങി. അവർ കേശവേന്ദ്രകുമാറിനെ കണ്ടു. മക്കളുടെ ഭാവിയെ കരുതി കേസ് പിൻവലിക്കണമെന്ന് അഭ്യർത്ഥിച്ചു. കേസ് ഒത്തുതീർക്കാൻ സമ്മതമായിരുന്നെങ്കിലും അവർ മാതൃകാപരമായ നല്ല കാര്യങ്ങൾ ചെയ്യണമെന്ന നിബന്ധനയാണ് അദ്ദേഹം മുന്നോട്ടു വച്ചത്.

അതിനായി പ്രതികളായ നേതാക്കൾ യഥാർത്ഥ സന്നദ്ധ സേവനം നടത്തി. നിർദ്ധനർക്ക് ഭക്ഷണം വിതരണം ചെയ്തു. ആശുപത്രി ശുചിയാക്കി, അങ്ങനെ സന്നദ്ധ സേവനം യഥാർത്ഥമാണെന്ന് ബോദ്ധ്യപ്പട്ടതോടെയാണ കേശവേന്ദ്രകുമാർ കേസു പിൻവലിക്കാൻ ഒരുങ്ങുന്നത്. വാദിയായ ഇദ്ദേഹം ഒത്തുതീർപ്പിന് സന്നദ്ധനായതോടെ കേസുകളിൽ നിന്നും ഇവർ രക്ഷപ്പെടും

കേരളത്തിൽ രാഷ്ട്രീയക്കാരുടെ കയ്യേറ്റത്തിന് വിധേയമാകുന്ന ഉന്നത ഉദ്യോഗസ്ഥരുടെ വിധിയാണ് കേശവേന്ദ്രകുമാർ തിരുത്തുന്നത്. മാതൃകാപരമായ സമീപനത്തിലൂടെ തനിക്കു നേരേ ഉണ്ടായ അതിക്രമത്തെ അദ്ദേഹത്തിന് പ്രതിരോധിക്കാനായി. സാധാരണ കുടുംബത്തിൽ നിന്നും സ്വന്തമായി അദ്ധ്വാനിച്ച് പഠിച്ച് ക്ലാർക്കിൽ ആരംഭിച്ച് ഐഎഎസ് നേടിയ ജീവിതമാണ് കേശവേന്ദ്രകുമാറിന്റെത്. യുവതലമുറയ്ക്കു മാതൃകയാകേണ്ട വ്യക്തിത്വങ്ങളിൽ ഒരാളായ കേശവേന്ദ്രകുമാറിന്റെ നേർക്ക് കരിഓയിൽ ഒഴിച്ചത് കേരള സമൂഹം ഒന്നാകെ ചർച്ച ചെയ്തിരുന്നു.

കരിഓയിൽ, കേസ്, കൈയേറ്റം, ഭീഷണി , മാഫിയ ഇങ്ങനെ നിരവധി പ്രശ്നങ്ങളാണ് ഐ എ എസ് മിടുക്കന്മാർക്ക് സർക്കാരിന്റെ വക കിട്ടുന്ന സമ്മാനം. സർക്കാർ മാറിയാലും ഈ സമീപനത്തിന് മാറ്റമില്ല. മൂന്നാറിലുൾപ്പടെ അടുത്തിടെയും ഉണ്ടായത് പഴയ സമീപനത്തിന്റ ആവർത്തനമായിരുന്നു. സർക്കാർ പൂർണമായി സംരക്ഷണം നൽകാത്തതു മൂലം യുവ ഐഎഎസുകാർ കേരള കേഡർ ഉപേക്ഷിക്കുന്നതും പതിവാണ്. കളക്ടർക്ക് മാത്രമാണ് പൊലീസ് സംരക്ഷണം നൽകുന്നത് . ബാക്കിയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും ഇത്തരം ഭീഷണികൾ നിലനിൽക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP