Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോകം മൊത്തം കറങ്ങിയിട്ടും തൃശൂർ പൂരം പോലെ മറ്റൊന്നുമില്ലെന്നു ബ്രിട്ടീഷ് ദമ്പതികൾ; ലോക യാത്ര ചെയ്യുന്ന കെവിനും ഭാര്യയും പൂരം കൂടാനെത്തിയത് തൃശൂരിലെ സുഹൃത്തിന്റെ നിർബന്ധം മൂലം; പൂരത്തെ പ്രോമോട്ട് ചെയ്യുന്ന കേരള സർക്കാരിന് തെറ്റ് പറ്റുന്നത് വ്യക്തമാക്കി ബ്രിട്ടീഷ് സഞ്ചാരികൾ

ലോകം മൊത്തം കറങ്ങിയിട്ടും തൃശൂർ പൂരം പോലെ മറ്റൊന്നുമില്ലെന്നു ബ്രിട്ടീഷ് ദമ്പതികൾ; ലോക യാത്ര ചെയ്യുന്ന കെവിനും ഭാര്യയും പൂരം കൂടാനെത്തിയത് തൃശൂരിലെ സുഹൃത്തിന്റെ നിർബന്ധം മൂലം; പൂരത്തെ പ്രോമോട്ട് ചെയ്യുന്ന കേരള സർക്കാരിന് തെറ്റ് പറ്റുന്നത് വ്യക്തമാക്കി ബ്രിട്ടീഷ് സഞ്ചാരികൾ

കെ ആർ ഷൈജുമോൻ

ലണ്ടൻ: കഴിഞ്ഞ മൂന്നു വർഷമായി ബ്രിട്ടൻ ക്രോയിഡോണിലെ കെവിനും ഭാര്യ ഹെയ്ക്കിയും കറക്കത്തിലാണ്. ലോകത്തിന്റെ ഓരോ കോണും അരിച്ചു പെറുക്കിയുള്ള യാത്ര. അതും സ്വന്തം കാറിൽ. അങ്ങനെ കറങ്ങി കറങ്ങി ഈ ബ്രിട്ടീഷ് ദമ്പതികൾ കഴിഞ്ഞ ദിവസം എത്തിയത് തൃശൂരിൽ. വെറുതെ വന്നതല്ല, കേട്ടറിഞ്ഞ പൂരം കണ്ടറിയാൻ. കണ്ടറിഞ്ഞ പൂരത്തെ ഇനിയെന്നും കൂടെക്കൂട്ടാൻ. യൂറോപ്പിൽ നിന്നും ആഫ്രിക്കയിലും അവിടെ നിന്ന് ഏഷ്യയിലും ഒക്കെ എത്തിയ കെവിന്റെ വാക്കുകളിൽ, ഇത് പോലെ ഒരു കാഴ്ച ലോകത്തു മറ്റെവിടെയും ഇല്ല. കണ്ടാലും കണ്ടാലും മതി വരാത്ത വർണ്ണക്കാഴ്ചകൾ, അതാണ് പൂരം.

പൂരം ഇനിയും കണ്ടിട്ടില്ലാത്ത മലയാളികൾ ഉണ്ടെന്നറിയുമ്പോൾ കെവിനും പത്‌നി ഹെയ്ക്കിക്കും അതിശയം മാറുന്നില്ല. സ്വന്തം നാട്ടിൽ ഇത്രയധികം കാഴ്ചകൾ ഉള്ളപ്പോൾ മലയാളിക്ക് ലോകത്തിന്റെ മറ്റൊരു ദേശവും വിസ്മയം ആകില്ലെന്നും ലോകം കണ്ട കെവിൻ പറയുമ്പോൾ അതിലും വലിയൊരു റെക്കോർഡ് മലയാളിക്ക് ലഭിക്കാനില്ല.

കേരള ടൂറിസത്തെയും പൂരത്തെയും ഒക്കെ പ്രൊമോട്ട് ചെയ്യാൻ കേരള ടൂറിസം വകുപ്പ് കോടികൾ ഒഴുകുന്നുണ്ടെങ്കിലും അതൊന്നും യഥാർത്ഥ സഞ്ചാരികളെ ആകർഷിക്കുന്നില്ല എന്നതാണ് കെവിനും ഭാര്യ ഹെയ്ക്കിയും പങ്കിടുന്ന വിശേഷം. കാരണം ഇവർ പൂരത്തെ കുറിച്ച് അറിഞ്ഞത് കേരള സർക്കാർ നൽകിയ പരസ്യം വഴിയോ പ്രൊമോഷണൽ ഇവന്റുകൾ വഴിയോ അല്ല. മൂന്നു വർഷം മുൻപ് ടൂറിസം മന്ത്രി കെ പി അനിൽകുമാറും ഉദ്യോഗസ്ഥ സംഘവും വൻ ഘോഷയാത്രയായി കെവിന്റെ നാടായ ക്രോയിഡോണിൽ വന്നു പോയിട്ടും അതൊന്നും കെവിൻ അടക്കമുള്ള നാട്ടുകാർ അറിഞ്ഞു പോലുമില്ല.

കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ എത്തുന്നത് ബ്രിട്ടനിൽ നിന്നാണെങ്കിലും ഇപ്പോഴും പൂരത്തെക്കുറിച്ചു അറിയാത്തവരാണ് ബഹുഭൂരിഭാഗം ബ്രിട്ടീഷ് സഞ്ചാരികളുമെന്ന് കെവിൻ സൂചിപ്പിക്കുമ്പോൾ അതിൽ യാഥാർഥ്യത്തിന്റെ നിറപ്പകിട്ടില്ലാത്ത കുടമാറ്റമാണ് ദൃശ്യമാകുന്നത്. സർക്കാർ വകുപ്പിനും ഏജൻസികൾക്കും എവിടെയാണ് വഴി തെറ്റുന്നത് എന്നും വ്യക്തമാണ്.

പൂരത്തെ കുറിച്ച് കെവിനും ഭാര്യയും അറിയുന്നത് മലയാളിയുടെ ആഗോള ബൈക്ക് സഞ്ചാരിയായ അതുൽ കൃഷ്ണ വാര്യരിൽ നിന്നുമാണ്. സ്വന്തം ബൈക്കിൽ ലോകം കറങ്ങാൻ ഇറങ്ങി തിരിച്ച തൃശൂർക്കാരൻ ഗഡി തന്നെ. ലോകം കറങ്ങാൻ പണം ഉണ്ടാക്കാൻ വീട് വിറ്റും ജോലി ഉപേക്ഷിച്ചും സഞ്ചാരിയായ അതുലിനെ മലയാളിക്ക് അധികം അറിയില്ലെങ്കിലും ലോക സഞ്ചാരികൾക്കു സുപരിചിതൻ ആണ്. സഞ്ചാരത്തിനിടയ്ക്കു അതുലുമായി കെവിൻ പരിചയപ്പെട്ടപ്പോളാണ് തൃശൂർ പൂരത്തെ കുറിച്ച് അറിഞ്ഞത്.

ഒന്നര വർഷം നീണ്ട തന്റെ ലോക സഞ്ചാരത്തിനിടയിലാണ് അതുൽ ഇവരെ പരിചയപ്പെടുന്നത്. അതുലിന്റെ വാക്കുകൾ ഓർമ്മയിൽ സൂക്ഷിച്ച കെവിൻ ഇന്ത്യയിൽ എത്തിയപ്പോൾ തന്നെ പൂരത്തെ കുറിച്ചാണ് ആദ്യ അന്വേഷണം നടത്തിയത്. കെവിന് പൂരത്തെ കുറിച്ച് കൂടുതൽ കേട്ടറിഞ്ഞപ്പോൾ കണ്ടറിയാതെ വയ്യെന്നായി. പോരാത്തതിന് പൂരത്തിന്റെ നാട്ടുകാരൻ കൂടിയായ അതുൽ വാര്യർ 36 മണിക്കൂർ തുടർച്ചയായി അരങ്ങേറുന്ന ലോകത്തെ ഏക ഉത്സവം എന്ന നിലയിൽ ഉള്ള വിവരണം കൂടി മനസ്സിൽ നിറഞ്ഞതോടെ കെവിന്റെ എസ്‌യുവി കാർ നേരെ ബാംഗ്ലൂരിൽ നിന്നും തൃശൂരിലേക്ക് എത്തുക ആയിരുന്നു.

അതുൽ പറഞ്ഞറിഞ്ഞത് ഒന്നും അല്ലെന്നായി കെവിന്റെ അനുഭവം. ഓരോ കാഴ്ചയും വിസ്മയമായി മുന്നിലൂടെ കടന്നു പോകുമ്പോൾ അതൊന്നും വാക്കുകൾ പറയുക അസാധ്യം തന്നെയാണെന്നാണ് കെവിന്റെയും പൂരനുഭവം. ആഫ്രിക്കയിലും മറ്റും ആനക്കൂട്ടത്തെ കാടിന്റെ വശ്യതയിൽ തന്നെ കണ്ടിട്ടുണ്ടെങ്കിലും ജനലക്ഷങ്ങൾ തിങ്ങി നിറയുന്ന ഒരു ഉത്സവത്തിൽ പ്രധാന ആകർഷണമായി ആനകൾ റോഡ് തിങ്ങി വരുന്ന കാഴ്ച മാത്രം മതി പൂരത്തെ നെഞ്ചേറ്റുവാൻ എന്ന് കെവിൻ പറയുമ്പോൾ, ഇത്തരം ആഘോഷങ്ങൾക്ക് ആന ഉൾപ്പെടെയുള്ള മൃഗങ്ങളെ ഉപയോഗിക്കാൻ പാടില്ലെന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ ടാബ്ലോയിഡ് ആയ ഡെയിലി മെയിൽ ഉൾപ്പെടെ നടത്തുന്ന പ്രചാരണം ശരിയല്ലെന്ന നിലപാട് കൂടിയാണ് തെളിയുന്നത്.

കഴിഞ്ഞ വർഷം പൂരത്തിൽ ആനകൾ പങ്കെടുക്കുന്നതിന് കുറിച്ച് കേന്ദ്ര മന്ത്രി മേനകാ ഗാന്ധി എതിർപ്പ് ഉയർത്തിയതിന് ബ്രിട്ടനിൽ ഡെയിലി മെയിൽ അടക്കം വൻ പ്രചാരണം നൽകിയിരുന്നു. എന്നാൽ ആനയും മേളവും ആളുകളും ഒക്കെ ചേർന്ന് സൃഷ്ടിക്കുന്ന അമ്പരപ്പ് ഇല്ലെങ്കിൽ എന്ത് പൂരം എന്ന് ലോക സഞ്ചാരിയായ കെവിൻ ചോദിക്കുമ്പോൾ പൂര കാഴ്ചകളുടെ മായികത തന്നെയാണ് ആ വാക്കുകളിൽ നിറയുന്നത്.

താൻ കണ്ട പൂരം അതൊരു അനുഭവമായി മാറിക്കഴിഞ്ഞു എന്നാണ് കെവിൻ പറയുന്നത്. ജനത്തിരക്കിലും അനുസരണയോടെ നടന്നു നീങ്ങുന്ന ആനകൾ ലോകത്തു വേറെ എവിടെയും കാണാൻ കഴിഞ്ഞേക്കില്ല. ഒരു പക്ഷെ ജനജീവിതവുമായി ഇഴുകി ചേർന്നതിലൂടെ ആനകളും ഈ ചടങ്ങുകൾ ആസ്വദിക്കുന്നുണ്ടാകാം എന്ന് കെവിൻ പറയുമ്പോൾ അതിൽ പൂരം മനസറിഞ്ഞു കണ്ട സഞ്ചാരിയുടെ വാക്കുകളായി മാറുകയാണ്.

ഓരോ പൂരക്കാഴ്ചയും കണ്ടു തീർക്കുമ്പോൾ പൂര പറമ്പും ചമയ പ്രദർശനവും എല്ലാം ക്യാമറയിലും മനസിലും ഒരേ വിധം പതിയുക ആയിരുന്നു എന്നും കെവിൻ പറയുന്നു. യൂറോപ്പും ആഫ്രിക്കയും അമേരിക്കയും അടക്കം 40 രാജ്യങ്ങൾ പിന്നിട്ടാണ് കെവിനും ഭാര്യയും ഇപ്പോൾ ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ഇന്ത്യ തങ്ങളെ കീഴടക്കി എന്ന് പറയാൻ ഈ സഞ്ചാരികൾക്കു ഒട്ടും മടിയില്ല. കുടമാറ്റവും വെടിക്കെട്ടും കൂടി കണ്ടു കഴിഞ്ഞപ്പോൾ പൂരം ലോകമെങ്ങും കൂടുതൽ ആയി അറിയപ്പെടേണ്ട സഞ്ചാരികളുടെ ഉത്സവം കൂടി ആയി മാറണം എന്നാണ് ഈ ബ്രിട്ടീഷുകാരന്റെ സ്വപ്നം.

തീർച്ചയായും, കെവിനെ പോലെ ഉള്ള സഞ്ചാരികൾ വഴി കൂടുതൽ വിദേശികൾ മലയാളിയുടെ പൂരം കണ്ടറിയാൻ എത്തുമെന്നുറപ്പാണ്. പൂരം കണ്ടു മയങ്ങിയ കെവിനും പത്‌നിയും രണ്ടു ദിവസം കൂടി കേരളത്തിൽ ചെലവിട്ടു തിങ്കളാഴ്ച തങ്ങളുടെ സഞ്ചാര പഥത്തിലേക്കു മടങ്ങികയാണ്. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യയുടെ ഓരോ ഭാഗങ്ങളായി കണ്ടറിയുകയാണ് ഈ ദമ്പതികൾ. മുംബൈ, ഗോവ, കർണാടകം എന്നിവയൊക്കെ അരിച്ചു പെറുക്കിയ കെവിനും ഹെയ്ക്കിയും ഇന്നും നാളെയും കേരള സൗന്ദര്യം ആസ്വദിച്ചാണ് മടക്ക യാത്ര നടത്തുക. ഇന്ത്യയെ കണ്ടറിയാൻ ഒരു വർഷമാണ് ഇരുവരും ചെലവിടുന്നത്. ദക്ഷിണ ഇന്ത്യ പൂർത്തിയാക്കിയാൽ വടക്കു കിഴക്കൻ സംസ്ഥാനങ്ങളാണ് അടുത്ത ലക്ഷ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP