Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബീനാ കണ്ണന്റെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കില്ല; കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം പണം നൽകി ഏറ്റെടുക്കും; കോടികൾ നൽകുന്ന പരസ്യദാതാവിനെ തൃപ്തിപ്പെടുത്താൻ ഏറ്റെടുപ്പിനെ 'വിട്ടുനൽകലാക്കി' മാദ്ധ്യമങ്ങൾ

ബീനാ കണ്ണന്റെ ആവശ്യങ്ങൾ പൂർണ്ണമായും അംഗീകരിക്കില്ല; കൊച്ചി മെട്രോയ്ക്കായി ശീമാട്ടിയുടെ സ്ഥലം പണം നൽകി ഏറ്റെടുക്കും; കോടികൾ നൽകുന്ന പരസ്യദാതാവിനെ തൃപ്തിപ്പെടുത്താൻ ഏറ്റെടുപ്പിനെ 'വിട്ടുനൽകലാക്കി' മാദ്ധ്യമങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മൂന്ന് വർഷത്തിനുള്ളിൽ കൊച്ചി മെട്രോയുടെ നിർമ്മാണം പൂർത്തിയാക്കുമെന്ന് മെട്രോമാൻ ഇ ശ്രീധരൻ കേരള ജനതയ്ക്ക് നൽകിയ വാക്കുപാലിക്കാൻ തീവ്രശ്രമത്തിലാണ് കെഎംആർഎൽ. കൊച്ചി പോലൊരു നഗരത്തിൽ സ്ഥലം ഏറ്റെടുപ്പ് ഏറ്റവും ദുഷ്‌ക്കരമായ കാര്യമായിരുന്നിട്ടു കൂടി ഏറ്റെടുക്കൽ നടപികൾ ഏതാണ്ട് അന്തിമഘട്ടത്തിലേക്ക് നീങ്ങിയിരിക്കയായിരുന്നു. ഇതിനിടെയാണ് ശീമാട്ടി എന്ന ടെസ്‌ക്‌റ്റെയിൽ സ്ഥലം വിട്ടു നൽകാൻ മടികാണിച്ച് രംഗത്തെത്തിയത്. ഓരോ തവണയും മുൻപുണ്ടാക്കിയ ധാരണയിൽ നിന്നും വ്യത്യസ്തമായ കാര്യങ്ങൾ സംസാരിച്ച് സ്ഥലം ഏറ്റെടുപ്പ് നീണ്ടുപോയതോടെ പൊന്നും വില നൽകി ഏറ്റെടുക്കാൻ കെഎംആർഎൽ തീരുമാനിക്കുകയും ചെയ്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കല്കടർക്ക് കത്തു നൽകുകയും ഒടുവിൽ ഏറ്റെടുക്കാൻ തീരുമാനിക്കുകയുമുണ്ടായി.

ജില്ലാ കലക്ടർ രാജമാണിക്യത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്നലെ ബീനാ കണ്ണന്റെ സ്ഥാപനമായ ശീമാട്ടയുടെ ഭൂമി മെട്രോയ്ക്കായി ഏറ്റെടുക്കാൻ ധാരണയായത്. ലാന്റ് അക്വിസിഷൻ ആക്ടിലെ 17-ാം വകുപ്പ് പ്രയോഗിച്ച് ഉടമയുടെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാനായിരുന്നു നീക്കം. എന്നാൽ കലക്ടർ കൂടി ഇടപെട്ട് സംസാരിച്ചതോടെ കോടതിയിൽ പണം കെട്ടിവച്ച് ഏറ്റെടുക്കുന്നതിന് പകരം നേരിട്ട് പണം നൽകി ഭൂമി ഏറ്റെടുക്കാൻ ധാരണ ഉണ്ടാകുകയായിരുന്നു. ബീനാ കണ്ണന്റെ ഉടമസ്ഥതയിലുള്ള 32.072 സെന്റ് സ്ഥലം ഏറ്റെടുക്കാനാണ് ധാരണയായത്.

സെന്റിന് 52 ലക്ഷം രൂപ എന്ന നിലയിൽ ഭൂമി ഏറ്റെടുക്കുമ്പോൾ ഭൂമിയുടെ പൂർണ്ണ അധികാരം മെട്രോയ്ക്ക് ആയിരിക്കും. 17 കോടിയോളം രൂപ ഇതിനായി കെഎംആർഎൽ ചെലവിടേണ്ടി വരും. ഏറ്റെടുത്ത ഭൂമിയിൽ എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനുള്ള അധികാരവും മെട്രോയിൽ നിക്ഷിപ്തമാകും. നേരത്തെ ഇവിടെ മെട്രോയുടെ തൂണിരിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥവകാശവും പാർക്കിങ് ഇടവും അനുവദിക്കണമെന്ന് ബീനാ കണ്ണൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിട്ടുവീഴ്‌ച്ചക്ക് തയ്യാറാകാതെ സ്ഥലമെടുപ്പ് നീട്ടിക്കൊണ്ടു പോയ സാഹചര്യത്തിൽ ഇതിന് അനുവാദം നൽകാതെ പൂർണ്ണമായും ഭൂമി ഏറ്റെടുക്കാനാണ് കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചത്. അതേസമയം ശ്രീമാട്ടിയിലേക്കുള്ള പ്രവേശനത്തിന് തടസം വരുത്തില്ലെന്ന വാഗ്ദാനമാണ് ജില്ലാകലക്ടർ നൽകിയത്.

വരും ദിവസങ്ങളിൽ തന്നെ ഭൂമി ഏറ്റെടുത്ത് മെട്രോ അധികൃതർക്കായി കൈമാറാൻ തീരുമാനിച്ചതായി മെട്രോറെയിൽ ഡെപ്യൂട്ടി കളക്ടർ പി ശോഭന അറിയിച്ചു. നേരത്തെ ശീമാട്ടി ഉടമ ബീനാ കണ്ണനുമായി ഇരുപതിലേറെ തവണ കെഎംആർഎൽ അധികൃതർ ചർച്ച നടത്തിയെങ്കിലും ഭൂമി ഏറ്റെടുക്കുന്ന കാര്യത്തിൽ ധാരണയായിരുന്നില്ല. താൻ മുന്നോട്ടു വച്ച നിബന്ധനകൾ അംഗീകരിക്കിച്ചില്ലെങ്കിൽ ഭൂമി വിട്ടു നൽകാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ബീന കണ്ണൻ. ഇക്കാര്യം വ്യക്തമാക്കി ലക്ഷങ്ങൽ നൽകി പത്രങ്ങളിൽ പരസ്യം നൽകുകയും ചെയ്യുകയുണ്ടായി.

എന്തായാലും ബീനാ കണ്ണന് വഴങ്ങാതെ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ ലക്ഷങ്ങളുടെ പരസ്യദാതാവിനെ തൃപ്ത്തിപ്പെടുത്തും വിധമാണ് മാദ്ധ്യമങ്ങൾ വാർത്ത നൽകിയത്. രാത്രി വൈകി വന്ന തീരുമാനമായതു കൊണ്ട് ചില പത്രങ്ങളിൽ വാർത്ത വന്നിരുന്നില്ല. മാതൃഭൂമി ദിനപത്രത്തിൽ വന്ന വാർത്തയാകട്ടെ ബീനാ കണ്ണൻ ഭൂമി മെട്രോയ്ക്ക് വിട്ടുനൽകാൻ സമ്മതിച്ചു എന്ന വിധത്തിലാണ്. മുൻപ് പലയിടത്തും മെട്രോയ്ക്കായി ഭൂമി ഏറ്റെടുത്തപ്പോൾ അതിനെ 'ഏറ്റെടുത്തു' എന്നെഴുതിയ മാതൃഭൂമിയാണ് ബീനാ കണ്ണന് വേണ്ടി 'വാർത്തയെ 'വിട്ടുനൽക'ലാക്കി മാറ്റിയത്.

നേരത്തെ ഭൂമി വിട്ടുനൽകാൻ തീരുമാനിച്ച വിവരം ലാന്റ് അക്വിസിഷൻ ആക്ടിലെ 17-ാം വകുപ്പ് പ്രയോഗിച്ച് ഉടമയുടെ അനുമതിയില്ലാതെ ഭൂമി ഏറ്റെടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഈ ഏറ്റെടുക്കൽ തീരുമാനത്തെ റിപ്പോർട്ട് ചെയ്തപ്പോൾ ഏതോ ഒരു സ്ഥാപനമെന്ന വിധത്തിൽ ശീമാട്ടിയുടെ പേരു പറയാതെയാണ് മാതൃഭൂമിയും മനോരമയും റിപ്പോർട്ട് നൽകിയത്. എന്നാൽ ഭൂമി ഏറ്റെടുക്കാൻ ധാരണയായപ്പോൾ പേര് പറഞ്ഞു തന്നെ മാതൃഭൂമി വാർത്തയെഴുതി. എന്നാൽ ഭൂമി ഏറ്റെടുക്കാനുള്ള തീരുമാനം ബീനാ കണ്ണന്റെ ഔദാര്യമെന്ന വിധത്തിലായിരുന്നു എന്ന് മാത്രം.

അതേസമയം കൊച്ചിയുടെ തിലകക്കൂറിയായ പദ്ധതിക്ക് എതിരായി നിലപാടെടുത്താൽ അത് തങ്ങൾക്ക് തന്നെ തിരിച്ചടിയാകുമെന്നതു കൊണ്ടാണ് കലക്ടർ മുന്നോട്ടുവച്ച ഉപാധിയെ അംഗീകരിക്കാൻ ബീനാ കണ്ണൻ തയ്യാറായതെന്നാണ് സൂചന. മെട്രോ വരുന്നത് തങ്ങൾക്ക് തിരിച്ചടിയാകുമെന്ന് കണ്ട് പുതിയ കെട്ടിടം നിർമ്മാണവും ശീമാട്ടി ഇതിനിടയിൽ പൂർത്തിയാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP