Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നഗര സഭയുടെ ഉടമസ്ഥതയിലുള്ള മരങ്ങൾ മുൻ വ്യാപാരി സംഘടനയുടെ നേതാവ് ഗുണ്ടകളുടെ നേതൃത്വത്തിൽ മുറിച്ചു കളഞ്ഞു; മരം മുറിച്ചത് ഡി.ഡി. ജേക്കബ് മാളിലെ കടമുറികൾ മറഞ്ഞ് നിന്നു എന്ന കാരണത്തിൽ; തടയാനെത്തിയവരെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി ഓടിച്ചു; എറണാകുളം എം.ജി റോഡിലെ മരങ്ങൾ മുറിച്ചുമാറ്റാൻ ഗുണ്ടകൾക്ക് ഒത്താശ ചെയ്തുകൊടുത്തത് സെൻട്രൽ പൊലീസ്

നഗര സഭയുടെ ഉടമസ്ഥതയിലുള്ള മരങ്ങൾ മുൻ വ്യാപാരി സംഘടനയുടെ നേതാവ് ഗുണ്ടകളുടെ നേതൃത്വത്തിൽ മുറിച്ചു കളഞ്ഞു; മരം മുറിച്ചത് ഡി.ഡി. ജേക്കബ് മാളിലെ കടമുറികൾ മറഞ്ഞ് നിന്നു എന്ന കാരണത്തിൽ; തടയാനെത്തിയവരെ ഗുണ്ടകൾ ഭീഷണിപ്പെടുത്തി ഓടിച്ചു; എറണാകുളം എം.ജി റോഡിലെ മരങ്ങൾ മുറിച്ചുമാറ്റാൻ ഗുണ്ടകൾക്ക് ഒത്താശ ചെയ്തുകൊടുത്തത് സെൻട്രൽ പൊലീസ്

പീയൂഷ് ആർ

കൊച്ചി: നഗര സഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അതിക്രമിച്ച് കടന്ന് വ്യാപാരി സംഘടനയുടെ മുൻ നേതാവ് ഗുണ്ടകളുമായി എത്തി മരങ്ങൾ മുറിച്ചിട്ടു. കഴിഞ്ഞ അർദ്ധ രാത്രിയിലാണ് സംഭവം. സംഭവം നേരത്തെ അറിഞ്ഞിട്ടും പൊലീസ് ഒന്നും ചെയ്യാതെ മരം വെട്ടുന്നതുവരെ ഇടപെടാതെ നിന്നു. രാത്രിയിൽ മരംവെട്ടാൻ സാധ്യതയുണ്ടെന്ന് പൊലീസിന് നേരത്തെ തന്നെ ചിലർ വിവരം നൽകിയിരുന്നു. വെട്ടാൻ തുടങ്ങിയപ്പോൾ വീണ്ടും വിളിച്ചറിയിച്ചു. പൊലീസെത്തി വെട്ടാൻ നേതൃത്വം നൽകിയവരോട് സ്റ്റേഷനിലേക്ക് വരാൻ നിർദ്ദേശിച്ച് മടങ്ങി.

പൊലീസ് സ്റ്റേഷനിലേക്ക് ഒരാൾ പോയപ്പോൾ മറ്റുള്ളവർ എം.ജി. റോഡിലെ മരം മുറി പൂർത്തിയാക്കി. വിവരങ്ങൾ പൊലീസിനെ അറിയിക്കുകയും സംഭവം മൊബൈലിൽ പകർത്താൻ ശ്രമിക്കുകയും ചെയ്തവരെ ഗുണ്ടാസംഘം ഭീഷണിപ്പെടുത്തി ഓടിച്ചു. എം.ജി. റോഡിലെ കൊച്ചി നഗരസഭയുടെ 22 സെന്റോളം വരുന്ന പേ-ആൻഡ് പാർക്ക് സ്ഥലത്തെ രണ്ടു മരങ്ങളാണ് അർധരാത്രിയിൽ പതിനെട്ടുപേരുള്ള സംഘം വെട്ടിയത്. റോഡരികിലെ മാവും അത്തിയുമാണ് വെട്ടിയിട്ടത്.

സ്ഥലത്തിനു പിന്നിലെ ഡി.ഡി. ജേക്കബ് മാളിലെ കടമുറികൾ എടുത്തവർ, അവിടേക്കുള്ള കാഴ്ച മറയ്ക്കുന്ന കാരണത്താലാണ് ഗുണ്ടാ സംഘവുമായി എത്തി വെട്ടിയിടാൻ കാരണം. മരം മുറി ചോദ്യം ചെയ്ത സമീപത്തെ വഴിയോര കച്ചവടക്കാർ ഉൾപ്പടെയുള്ളവരെ ഭീഷണിപ്പെടുത്തിയാണു രാത്രി 12ന് ശേഷം മരം മുറിച്ചത്. ആദ്യ മരം മുറിച്ചു മാറ്റി തുടങ്ങിയപ്പോൾ തന്നെ ഇവിടെയുണ്ടായിരുന്നവർ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചിട്ടും പൊലീസ് തിരിഞ്ഞു നോക്കാൻ പോലും തയാറായില്ലെന്ന പരാതിയുമുണ്ട്.

വി എസ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എം.ജി. റോഡിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനായി ഇടതുമുന്നണി ഭരിച്ചിരുന്ന കോർപ്പറേഷന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള 22 സെന്റ് സ്ഥലം അന്ന് സ്വകാര്യ വ്യക്തികൾ കൈയേറിയത് വ്യക്തമാകുകയും അത് തിരിച്ചുപിടിക്കുകയും ചെയ്തു. ഈ സ്ഥലം പിന്നീട് പേ-ആൻഡ് പാർക്കിനായി നൽകുകയായിരുന്നു. എംജി റോഡിലെ കണ്ണായ സ്ഥലത്ത് 22 സെന്റ് സ്ഥലമാണ് നഗരസഭയ്ക്കുള്ളത്. ഒഴിഞ്ഞു കിടക്കുന്ന ഈ സ്ഥലത്ത് ഏതാനും മാസം മുൻപ് വരെ തട്ടുകടകൾ നിറഞ്ഞിരുന്നു.

കൗൺസിൽ തീരുമാന പ്രകാരം ഇവരെ ഒഴിപ്പിച്ചു. ഇവിടം പാർക്കിങ് ഗ്രൗണ്ടാക്കി ഉപയോഗപ്പെടുത്താനായിരുന്നു തീരുമാനം. അതിനിടെയാണ് ആരുടെയും അനുമതിയില്ലാതെ രാത്രി തൊഴിലാളികളെ ഉപയോഗിച്ചു മരം മുറിച്ചത്. മരം അപകടാവസ്ഥയിലാണെങ്കിൽ മാത്രമാണ് പല തലങ്ങളിലുള്ള പരിശോധനയ്ക്കു ശേഷം മുറിച്ചു മാറ്റാൻ അനുമതി നൽകുക. എന്നാൽ ഈ മരങ്ങൾ വേരുറച്ച് ഇവിടെ വർഷങ്ങളായി പടർന്നു പന്തലിച്ചു നിന്നിരുന്നവയാണെന്നും ഒരു തരത്തിലും അപകടാവസ്ഥയിലായിരുന്നില്ലെന്നും കൗൺസിലർ ഉൾപ്പടെയുള്ളവർ ചൂണ്ടിക്കാട്ടുന്നു. നഗരസമധ്യത്തിൽ തന്നെ ഇത്തരം ഒരു അതിക്രമം നടക്കണമെങ്കിൽ അതിന് കാര്യമായ ചില പിന്തുണകൾ ഉണ്ടാവുമെന്നു കൗൺസിലർ സുധ ദിലീപ് കുമാർ പറഞ്ഞു.

പൊലീസിന്റെ നിഷ്‌ക്രിയത്വം ഇതിന് ഉദാഹരണമാണെന്നും അവർ പറഞ്ഞു. ഇന്നലെ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തപ്പോൾ അവിടെയുണ്ടായിരുന്ന പൊലീസുകാരൻ ചോദിച്ചത് മെട്രോ റയിലിനു വേണ്ടി മരം മുറിച്ചില്ലേ അതു പോലെ തന്നെയല്ലേ ഇതും എന്നാണ്. പരാതി സ്വീകരിച്ചതിന്റെ രസീതു പോലും തരാൻ തയാറായില്ല. പിന്നീട് വൈകിട്ട് എസ്ഐക്കു നേരിട്ട് വീണ്ടും പരാതി നൽകുകയായിരുന്നെന്നും അവർ പറഞ്ഞു. ഈ ഭാഗത്ത് വ്യാപാര സ്ഥാപനങ്ങളിലുൾപ്പെടെ ക്യാമറകൾ ഉള്ളതിനാൽ മരം മുറിച്ചവരെയും അതിനു പിന്നിലുള്ളവരെയും കണ്ടെത്താൻ ഒരു പ്രയാസവുമില്ലെങ്കിലും പൊലീസ് ഇതുവരെ കാര്യമായ അന്വേഷണം പോലും നടത്താൻ തയാറായിട്ടില്ല.

ഈ സ്ഥലം മതിൽകെട്ടി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മേയർക്കും സെക്രട്ടറിക്കും ഇന്നു കത്ത് നൽകുമെന്നും കൗൺസിലർ അറിയിച്ചു. കഴിഞ്ഞ കൗൺസിലിന്റെ കാലത്തും ഇതേ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല. നാളെ നഗരസഭ സെക്രട്ടറി പരാതി നൽകും. നഗരസഭയെ നോക്കുകുത്തിയാക്കി നടന്ന ഈ സാമൂഹിക വിരുദ്ധ വിളയാട്ടം ഗൗരവമായി തന്നെ കൈകാര്യം ചെയ്യും എന്നും അവർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP